ഏകാധിപത്യവും സ്വേച്ഛാധിപത്യവും
ഏകാധിപത്യം എന്നു കേട്ടാൽ പൊതുവെ വ്യക്തികളുടെ പേരുകളോ ചിത്രങ്ങളോ
ആണ് മനസ്സിലെത്തുക. കാരണം ഏകാധിപതിയായ വ്യക്തി ഭരണകൂടത്തെയും സമൂഹത്തെയും തന്റെ
ഉരുക്കുമുഷ്ടിക്കു കീഴിൽ ഭരിക്കുന്ന ഭരണസംവിധാനത്തെയാണ് ഏകാധിപത്യമായി
രാഷ്ട്രമീമാംസയ്ക്കു കീഴിൽ പഠിക്കപ്പെടുന്നത്. ഫറവോ ഏകാധിപതിയായിരുന്നു,
നെപ്പോളിയൻ ഏകാധിപതിയായിരുന്നു, സ്റ്റാലിൻ ഏകാധിപതിയായിരുന്നു, ഹിറ്റ്ലർ
ഏകാധിപതിയായിരുന്നു, മുഅമ്മർ ഗദ്ദാഫി ഏകാധിപതിയായിരുന്നു. അങ്ങനെ ചരിത്രത്തിന്റെ
ഏടുകളിൽ ഏകാധിപതികളായി കഴിഞ്ഞു പോയവർ ഒട്ടനവധി. നെപ്പോളിയൻ ഏകാധിപതിയാണെന്നു
പറയുമ്പോൾ തന്നെയും നെപ്പോളിയൻ എന്ന ഏകാധിപതി ഫ്രാൻസിലും അദ്ദേഹം കീഴടക്കിയ പല
യൂറോപ്യൻ മേഖലകളിലും സമൂലമായ ജനസൌഹൃദ പരിഷ്ക്കാരങ്ങൾ നടത്തിയിരുന്നു. അന്നും
ഇന്നും നെപ്പോളിയനെയും അദ്ദേഹത്തിന്റെ ഭരണത്തെയും ഭരണപരിഷ്ക്കാരങ്ങളെയും ശ്ലാഘിക്കുന്നവരുണ്ട്.
സ്റ്റാലിന്റെ കാര്യത്തിലും അങ്ങനെ തന്നെ. ഗദ്ദാഫിയെ ഏകാധിപതിയെന്നു
വിശേഷിപ്പിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ ഭരണത്തകർച്ചയ്ക്കു ശേഷം ലിബിയയിൽ എന്തു
സംഭവിച്ചുവെന്നുള്ളതും അദ്ദേഹത്തെ ആര് അട്ടിമറിച്ചു എന്നുള്ളതും അട്ടിമറിക്കു
പിന്നിലെ അജണ്ടയെന്തായിരുന്നു എന്നുള്ളതും പിന്നീട് ഗദ്ദാഫിയുടെ ഭരണത്തെ
അനുകൂലിച്ചുകൊണ്ടുള്ള വലിയ ചർച്ചകൾക്കു ഇന്നും കാരണമാകുന്നു. ലോകത്തിനു മുഴുവൻ
അനുയോജ്യമായി, സകലതും തികഞ്ഞൊരു ഭരണക്രമം ഇല്ലെന്നതു പോലെ ഏകാധിപത്യമോ ജനാധിപത്യമോ
രാജാധിപത്യമോ പൂർണ്ണമായും തെറ്റ് അല്ലെങ്കിൽ ശരി എന്ന നിർദിഷ്ഠ പ്രസ്താവനകളിലേക്ക്
എത്താൻ സാധിക്കില്ലെന്നതാണ് ഇതിന്റെ ഒരു വശം. തെറ്റെന്നു പറഞ്ഞതും കരുതിയതും
അട്ടിമറിക്കപ്പെട്ടതും പലപ്പോഴും ശരിയായിരുന്നുവെന്നും അവ അട്ടിമറിക്കപ്പെട്ടപ്പോൾ
ഒരേകാധിപതിക്ക് പകരം ആയിരം ഏകാധിപതിമാർ ഉയർന്നുവന്ന സാഹചര്യങ്ങൾ ഉണ്ടായതായും
ചരിത്രം തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
മനുഷ്യനുൾക്കൊള്ളുന്ന സാമൂഹിക വ്യവഹാരത്തിന്റെ രാഷ്ട്രീയരൂപങ്ങളെ
ആഴത്തിൽ മനസ്സിലാക്കാനും ഭാവി രാഷ്ട്രീയപദ്ധതികളെ ആവിഷ്ക്കരിക്കാനും സഹായിക്കുന്ന
സാമൂഹ്യശാസ്ത്ര ശാഖയാണ് രാഷ്ട്രമീമാംസ. ഇതിൽ ഭരണധാകാരിയേക്കാളും
ഭരണസംവിധാനത്തെക്കാളും പ്രാമുഖ്യം മനുഷ്യനും അവരെയുൾക്കൊള്ളുന്ന സമൂഹത്തിനുമാണ്. രാഷ്ട്രമീമാംസയുടെ
മൌലികാടിസ്ഥാനമായി വർത്തിക്കുന്നതാവട്ടെ രാഷ്ട്രദർശനങ്ങളും രാഷ്ട്രീയ
സിദ്ധാന്തങ്ങളുമാണ്. ഈ പഠനശാഖയെ സംബന്ധിച്ച് ഏതൊരു ഭരണസിദ്ധാന്തവും രാഷ്ട്രദർശനവും
ജനങ്ങൾക്ക് അഥവാ സമൂഹത്തിനു വേണ്ടിയാണ്. ജനാധിപത്യമോ ഏകാധിപത്യമോ ആയിക്കൊള്ളട്ടെ
സമൂഹത്തിൽ ഇവ എങ്ങനെ പ്രവർത്തിക്കുന്നു, ജനജീവിതത്തെ എങ്ങനെ ബാധിക്കുന്നു
എന്നതുമാത്രമാണ് രാഷ്ട്രമീമാംസയുടെ വിഷയം. പറഞ്ഞുവരുന്നത്, ഏകാധിപത്യമോ
ജനാധിപത്യമോ ആയെന്നതു കൊണ്ടുമാത്രം ഒരു ഭരണക്രമത്തെ അപ്പാടെ തള്ളുന്നതോ
കൊള്ളുന്നതോ അല്ല രാഷ്ടീയദർശനങ്ങളുടെ രീതി എന്നു സാരം.
ഏകാധിപത്യം അഥവാ ഓട്ടോക്രസി എന്നു വിളിക്കുന്ന ഭരണക്രമത്തിനു
നിന്ദ്യമായൊരു പരിവേഷം ലഭിക്കാൻ കാരണം ചരിത്രത്തിലെ പല ദുർഭരണങ്ങളും
ഏകാധിപത്യമായിരുന്നു എന്നുള്ളതു കൊണ്ടാണ്. ഭരണം ഒരു വ്യക്തിയിൽ മാത്രം
കേന്ദ്രീകരിക്കുന്നതിനെ അടിസ്ഥാനമാക്കി അതിനെയെല്ലാം ഏകാധിപത്യമെന്നു
വിശേഷിപ്പിക്കാൻ തുടങ്ങിയാൽ പലപ്പോഴും രാഷ്ട്രീയവും ചരിത്രപരവുമായ പാളിച്ചകൾ
സംഭവിക്കും. ജനാധിപത്യമോ രാജാധിപത്യമോ മതാധിപത്യമോ തുടങ്ങി ഏതു
ഭരണക്രമത്തിലാണെങ്കിലും അധികാരം ഒരു വ്യക്തിയിലേക്ക് കേന്ദ്രീകരിക്കുന്നതിനെ
രാഷ്ട്രീയമായി പ്രശ്നവൽക്കരിക്കുന്നതിനു പകരം ഇതെങ്ങനെ സമൂഹത്തെ, ജനങ്ങളെ, ആഗോള
രാഷ്ട്രീയത്തെ സ്വാധീനിക്കുന്നു എന്നുള്ളതാണ് പരിശോധിക്കപ്പെടേണ്ടത്. അഥവാ, ഭരണവും
നിയന്ത്രണവും ആരുടെ കയ്യിലാണെന്നതിനും അപ്പുറം ഇതു സമൂഹത്തിൽ ഉണ്ടാക്കുന്നത്
ഏതുവിധത്തിലുള്ള ചലനമാണെന്നുള്ളതായിരിക്കണം അന്വേഷണത്തിന്റെ കാതൽ. അധികാരത്തെയും
ഭരണത്തെയും ഒരാളിലോ സംഘത്തിലോ മാത്രം കേന്ദ്രീകരിച്ച്, മറ്റു വ്യക്തികളിലേക്കോ
ഘടകങ്ങളിലേക്കോ അധികാരം പങ്കുവെക്കാതെ, എല്ലാ തീരുമാനങ്ങളും സ്വേച്ഛാപരമായി
നടപ്പിലാക്കുന്നതിനെയാണ് ഏകാധിപത്യം എന്നു വിളിക്കുന്നത്. ജനങ്ങൾക്കും സമൂഹത്തിനും
പരിമിതമായ തെരഞ്ഞെടുപ്പുകളും പ്രാതിനിധ്യവുമേ ലഭിക്കൂ എന്നതു മാത്രമല്ല, കഠിനമായ
അടിച്ചമർത്തലുകളും പീഡനങ്ങളുമാണ് പലപ്പോഴും ഇത്തരത്തിലുള്ള ഭരണങ്ങൾക്കു കീഴിൽ
നടക്കുന്നത്. ഇനി ഇത്തരം കാര്യങ്ങൾ സമൂഹത്തിൽ നടക്കുന്നത് ഏകാധിപത്യത്തിന്റെ കീഴിൽ
തന്നെയാവണമെന്നില്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള പേരുകേട്ട ജനാധിപത്യ
സംവിധാനങ്ങളിലെല്ലാം ഇതു നടക്കുന്നുണ്ട്. ഇതിൽ നിന്നു വ്യക്തമാവുന്നത്, ഭരണക്രമമോ
ഭരണസംവിധാനമോ ഏതെന്നോ ആരു ഭരിക്കുന്നോ എന്നുള്ളതല്ല പ്രശ്നം പകരം ഭരിക്കുന്ന
വ്യക്തിയിലും സംവിധാനത്തിലും അന്തർലീനമായിരിക്കുന്ന രാഷ്ട്രീയദർശനം എന്താണ്
എന്നുള്ളതാണ് ആ ഭരണം സമൂഹത്തിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്നുള്ളതിനെ
നിശ്ചയിക്കുന്നത്.
ഇന്നു ലോകത്തു നിലനിൽക്കുന്ന എല്ലാ ഭരണസംവിധാനങ്ങൾക്കും ഗുണങ്ങളും
ദോഷങ്ങളുമുണ്ട്. എന്നാൽ, ഭരണക്രമങ്ങൾ അത്യന്തം ഭീഷണമായി വളരുന്നത് അത്
സ്വേച്ഛാധികാരപരമായി മാറുമ്പോഴാണ്. സ്വേച്ഛാധികാര ഭരണക്രമം ഉണ്ടാവാൻ ഏകാധിപത്യം
തന്നെ വേണമെന്നുമില്ല, ജനാധിപത്യത്തിലും രാജാധിപത്യത്തിലും മതാധിപത്യത്തിലുമെല്ലാം
സ്വേച്ഛാധികാരത്തിനു കടന്നുകയറാൻ പറ്റും. എന്താണ് സ്വേച്ഛാധികാരം അല്ലെങ്കിൽ
സ്വേച്ഛാധിപത്യം? ഒരു വ്യക്തിയുടെയോ സംഘത്തിന്റെയോ
ഇഷ്ടങ്ങൾ, താത്പര്യങ്ങൾ, ദർശനങ്ങൾ, സംസ്ക്കാരം, രീതികൾ എന്നിവ അത്യന്തം
ബഹുസ്വരമായൊരു സമൂഹത്തിൽ അടിച്ചേൽപ്പിക്കുന്നതാണ് സ്വേച്ഛാധികാരം. ഏതൊരു
രാഷ്ട്രസമൂഹത്തിലും വൈവിധ്യമാർന്ന നിലനിൽപ്പുകളുണ്ടെന്ന യാഥാർത്ഥ്യത്തിനു നേരെ
കണ്ണടച്ചുകൊണ്ട് എല്ലാറ്റിനെയും ഒരൊറ്റ അച്ചിൽ വാർത്തെടുക്കാനുള്ള ശ്രമമാണിത്.
ഇതിനായി ഭരണകൂടത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും സംസ്ക്കാരത്തിന്റെയും വിവിധ
ഘടകങ്ങളെ ഇത്തരത്തിലുള്ള സ്വേച്ഛാധികാര ഭരണകൂടങ്ങൾ ഉപയോഗപ്പെടുത്തുന്നു.
ജർമ്മനിയിൽ ഹിറ്റ്ലറും ഇറ്റലിയിൽ മുസ്സോളിനിയും സോവിയറ്റ് യൂണിയനിൽ സ്റ്റാലിനും ഇസ്രയേലിലിന്ന്
നെതന്യാഹുവും ചെയ്യുന്നത് ഇതു തന്നെയാണ്. ഇവരുടെ രാഷ്ട്രീയദർശനങ്ങളിൽ നിന്ന്
വ്യത്യസ്തമായതിനെയെല്ലാം ഉന്മൂലനം ചെയ്യുകയോ നാടുകടത്തുകയോ ചെയ്യുന്നു. തങ്ങളുടെ
ദർശനങ്ങളോട് തികച്ചും അനുരൂപമായ ഒരു ആഗോള ബൃഹദ് സമൂഹത്തെ സൃഷ്ടിക്കാനാണ് ഇവർ
ശ്രമിക്കുന്നത്. ഇതിനു ഉപകരണമായി സാഹിത്യവും കലയും ആയുധങ്ങളും പ്രയോഗിച്ചു. എന്നാൽ ബഹുസ്വരതയെ തകർക്കുക എന്നത്
മനുഷ്യന്റെ വളരെ നൈസർഗ്ഗികമായ സത്തയെ പോലും വെല്ലുവിളിക്കുന്നതാണെന്നതിനാൽ
സാമൂഹികവും സാംസ്ക്കാരികവും രാഷ്ട്രീയവുമായ മുന്നേറ്റങ്ങൾ ഇത്തരം നിക്ഷിപ്ത ഇച്ഛകൾ
അടിസ്ഥാനമാക്കിയുള്ള ഭരണക്രമങ്ങളെ തകർത്തു.
രണ്ട് ലോകയുദ്ധങ്ങൾ വരെയുള്ള കാലഘട്ടത്തിൽ സ്വേച്ഛാധികാരം
ഭരണത്തിലൂടെ സംവേദിപ്പിച്ചു കൊണ്ട് സമൂഹത്തെ നിയന്ത്രിക്കാനും വലിയൊരു
വാർപ്പുമാതൃക സൃഷ്ടിക്കാനുമാണ് സ്വേച്ഛാധികാര ശക്തികൾ ശ്രമിച്ചിരുന്നതെങ്കിൽ,
ഉത്തരാധുനികതയിലും സത്യാനന്തര കാലഘട്ടത്തിലും സ്വേച്ഛാധികാരത്തെ വലിയൊരു
സ്രോതസ്സിൽ നിന്ന് സമൂഹത്തിലേക്കു പ്രേഷണം ചെയ്യുന്നതിനു പകരം സമൂഹത്തിന്റെ
ഏറ്റവും ചെറിയ ഘടകങ്ങളിൽ നിന്ന് ഉരുവം കൊള്ളിച്ച് സമൂഹത്തിലേക്കും
രാഷ്ട്രീയത്തിലേക്കും അതിനെ പ്രേഷണം ചെയ്യിച്ച് വലിയൊരു രാഷ്ട്രീയ മാതൃകയായും
ഭരണക്രമമായും മാറ്റുന്നതാണ് ഇന്നത്തെ രീതി. സ്വന്തം ഇച്ഛ, അഥവാ അവനവന്റെ ഇഷ്ടം,
താത്പര്യം എന്നിവ എന്തെന്ന് വ്യക്തിക്ക് മനസ്സിലാകുന്നതിനു മുമ്പേ തന്നെ
വ്യക്തിക്ക് അവന്റെ ചുറ്റിലുമുള്ള നിർമ്മിത സാംസ്ക്കാരികഘടകങ്ങളിലൂടെ
നിക്ഷിപ്തങ്ങളായ ഇഷ്ടങ്ങളും താത്പര്യങ്ങളും സ്വന്തം ഇച്ഛയെന്ന വ്യാജേന അവരിലേക്ക്
കടത്തിവിടുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള വ്യാജ സാംസ്ക്കാരികഘടകങ്ങളിലൂടെ
ആർജ്ജിക്കുന്ന സ്വന്തം ഇച്ഛയെ സംരക്ഷിക്കാനായി സാമൂഹികവും സാംസ്ക്കാരികവുമായ ഇടപെടലുകൾ
വ്യക്തിയുടെ ഭാഗത്തുനിന്നുണ്ടാവുമ്പോൾ അവരുടെ ഇച്ഛകളെ ആരാണോ തീരുമാനിച്ചത്,
അവർക്ക് അനുകൂലമായൊരു രാഷ്ട്രീയം സൃഷ്ടിക്കപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാൽ,
ഒരുകാലത്ത് സ്വേച്ഛാധിപത്യത്തെ തിരിച്ചറിയാനും പ്രതിരോധിക്കാനും സമൂഹത്തിനു
സാധിച്ചിരുന്നെങ്കിൽ ഇന്നതേ സമൂഹത്തെ ഉപയോഗിച്ചു കൊണ്ട് സ്വേച്ഛാധികാരത്തെ
ഉറപ്പിക്കുന്ന രാഷ്ട്രീയസാഹചര്യമാണുള്ളതെന്നു സാരം.
നമ്മുടെ സമൂഹത്തെ കാർന്നുതിന്നുന്ന സ്വേച്ഛാധികാരത്തെ
മനസ്സിലാക്കണമെങ്കിൽ ഇന്നു നാം നോക്കേണ്ടത് സിറിയയിലേക്കോ ഉത്തര കൊറിയയിലേക്കോ
അല്ല, പകരം സ്വേച്ഛാധികാരത്തെ അധികാരത്തിന്റെ വിശുദ്ധസ്ഥാനത്ത് ഇരുത്താനുള്ള പണികൾ
ആരംഭിക്കുന്ന സമൂഹത്തിന്റെ ഏറ്റവും ചെറിയ ഘടകങ്ങളായ വ്യക്തികളിലേക്കാണ്. ഹിറ്റ്ലർ
അധികാരത്തിലേറിയത് ജനപിന്തുണയില്ലാതെയല്ല, സ്റ്റാലിൻ ഭരിച്ചതും
ജനപിന്തുണയില്ലാതെയല്ല. അപകടകാരികളായ വ്യക്തികൾക്കു വേണ്ടി ആഗോളരാഷ്ട്രീയത്തിൽ
തിരയുകയും, പണ്ടത്തെ ആ ഏകാധിപതിയിട്ട കോട്ട് നമ്മുടെ ഈ പ്രധാനമന്ത്രി ഇട്ടെന്നു
പറഞ്ഞ് വ്യക്തിയിൽ മാത്രം സ്വേച്ഛാധിപത്യത്തെ തിരയുമ്പോൾ നാം പലപ്പോഴും കാണാതെ
പോകുന്നത് ഇവർക്കു ശേഷം വരാനിരിക്കുന്ന ആയിരം സ്വേച്ഛാധിപതികളെയായിരിക്കും
എന്നുള്ളതാണ് ദൌർഭാഗ്യകരമായ സത്യം.
ആയിശാ ഹനീഫ്