Dr Munawar Hanih T T

ICSSR Post Doctoral Fellow at Aligarh Muslim University

__

Munawar Hanih

Building on his extensive scholarly and research experience, Dr. Munawar Hanih T.T. navigates a unique academic path as an ICSSR Post-Doctoral Fellow at Aligarh Muslim University (AMU). He previously served as an Assistant Professor of Malayalam at Sir Syed College in Taliparamba until 2024 in a contractual post. His work is dedicated to exploring the rich intersection of Islamic mysticism, particularly Sufi poetry, and the Bhakti traditions within cultural literature.


A native of Valanchery Munnakkal, Kerala, Dr. Hanih's intellectual foundation began with his Bachelor's degree completed at WMO College, Muttil, Wayanad. He then pursued his M.A. and Ph.D. in Malayalam Literature at AMU. His M.A. research on the folklore of the Kadalundipuzha river banks received the M.P. Paul Memorial Award.
Dr. Hanih has published two books with Book Plus in 2023: Malayalam Sufi Poetry (മലയാള സൂഫി കവിത) and Sufism in Modern Discourses (സൂഫിസം ആധുനിക വ്യവഹാരങ്ങളിൽ).

 

His doctoral thesis, a focused study on the "Poetic identity of Malayalam Sufi poetry," is a significant contribution that has helped establish this literary form as a distinct genre. This research trajectory led to his prestigious ICSSR fellowship, which is funding his current inquiry into "The Role of Bhakti Poetry and Sufi Poetry in the Social Reformation of Kerala," further examining the transformative power of these literary and spiritual traditions.


His book Malayala Sufi Kavitha earned the 2023 Mahakavi Moinkutty Vaidyar Mappila Kala Akademi Literary Award.

 

His areas of expertise encompass Mysticism, the intricate relationship between Sufism and politics, Islamic eschatology, folklore, and anti-imperialism. His analyses and perspectives reach a broad audience through his academic papers in journals, as well as through articles and essays.

 Dr. Munawar Hanih T T

 സത്യാനന്തര സമൂഹവും നീതിയും
സത്യാനന്തര കാലത്തിന്റെ അതിഭീകരമായ ഒരു ദശാസന്ധിയിലൂടെയാണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഓരോ സ്ക്രോളിലും വിരലുകൾക്കിടയിലൂടെ നീങ്ങുന്ന അനേകായിരം വിവരങ്ങളെല്ലാം സത്യമാണെന്നുള്ള മിഥ്യാധാരണയിൽ ജീവിക്കുമ്പോൾ പലപ്പോഴും ഈ നുണകളാണ് നമ്മുടെ യാഥാർത്ഥ്യങ്ങളെ കെട്ടിപ്പടുക്കുന്നതെന്നു പോലും തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ എത്തിനിൽക്കുന്നു നാം നേരിടുന്ന അപകടത്തിന്റെ തീവ്രത.  നാം കാണുന്ന, പങ്കിടുന്ന വിവരങ്ങളിൽ ഏതെല്ലാമാണ് സത്യമെന്ന് കണ്ടെത്താനോ, ഉറപ്പിക്കാനോ ഇന്നാരും തയ്യാറല്ല, വിവരങ്ങൾ നമ്മിലേക്ക് എത്തുന്നത്ര എളുപ്പത്തിൽ അവ പരിശോധിച്ചുറപ്പിക്കാൻ സാധിക്കുന്നില്ലെന്നതും മറ്റൊരു വസ്തുത. ഒരുപക്ഷേ, അതു തന്നെയാണല്ലോ സത്യാനന്തര സമൂഹത്തിന്റെ പ്രധാന ലക്ഷണവും. തികച്ചും വൈയക്തികമായ വൈകാരികതകളുടെയും ബോധ്യങ്ങളുടെയും മാത്രം അടിസ്ഥാനത്തിൽ വിവരങ്ങളെ വസ്തുതകളായി അവതരിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെ വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള സത്യം പലപ്പോഴും അട്ടിമറിക്കപ്പെടുകയും അടിച്ചമർത്തപ്പെടുകയും ചെയ്യുന്ന സവിശേഷമായ സാമൂഹിക ഭാവുകത്വമോ പ്രവണതയോ ആണ് സത്യാനന്തരം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ കാലഘട്ടത്തിൽ വസ്തുതകൾക്കോ സത്യത്തിനോ അല്ല പ്രാധാന്യം, പകരം വളരെ പെട്ടെന്ന് ഏറ്റവും പ്രകടമായി നമ്മുടെ വൈകാരികതകളെയും അഭിപ്രായങ്ങളെയും സ്വരൂപിക്കാൻ പര്യാപ്തമായി എന്താണോ നമുക്ക് മുമ്പിലെത്തുന്നത്, അതാണ് പലപ്പോഴും ഇന്ന് സത്യമായി അവതരിപ്പിക്കപ്പെടുന്നതും അത്തരം സത്യങ്ങൾക്ക് മേലാണ് ഇന്നത്തെ നമ്മുടെ ജീവിതത്തെ കെട്ടിപ്പടുത്തിരിക്കുന്നതും. സത്യാനന്തര സമൂഹത്തെ യാഥാർത്ഥ്യമാക്കുന്നതിലും അനുദിനം തീവ്രമായി പരിപോഷിപ്പിക്കുന്നതിലും സമൂഹമാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്. കാരണം, സമകാലിക സമൂഹത്തിൽ സത്യത്തിന്റെയും നുണയുടെയും അതിർവരമ്പുകളെ നേർപ്പിക്കുന്നതിൽ, സാധാരണ മനുഷ്യനു മുമ്പിൽ അവന്റെ വൈകാരികതയെയും അഭിപ്രായത്തെയും സത്യമേത് നുണയേതെന്ന് തിരിച്ചറിയാൻ പറ്റാത്ത വിധം ആശങ്കപ്പെടുത്തുന്നതിലെല്ലാം പങ്കു വഹിക്കുന്നത് സമൂഹമാധ്യമങ്ങൾ തന്നെയാണ്. 
വ്യാപകവും അതിവേഗത്തിലുമുള്ള ആശയവിനിമയ സംവിധാനങ്ങളും അതിലൂടെ സംവഹിക്കുന്ന വിവരങ്ങളുമാണ് നമ്മെയും നമ്മുടെ ദൈനംദിന വ്യവഹാരങ്ങളെയും അതുവഴി ഈ സമൂഹത്തെയും കെട്ടിപ്പടുത്തിരിക്കുന്നത് എന്നതിൽ സംശയമില്ലല്ലോ. അഥവാ, നമ്മുടെ സമൂഹം സത്യാനന്തര ഭാവുകത്വത്തിലേക്ക് ഏറെ മുമ്പു തന്നെ മാറ്റിച്ചവിട്ടിയിരിക്കുന്നുവെന്നു സാരം. അതിനർത്ഥം, വ്യക്തികൾ മാത്രമല്ല, നമ്മുടെ രാഷ്ട്രീയവും സംസ്ക്കാരവും നൈതിക ധാർമ്മികതകൾ പോലും ഇതേ സത്യാനന്തര സ്വഭാവത്തിലേക്കു പരിണമിച്ചിരിക്കുന്നുവെന്നു വ്യക്തം. നുണ സത്യമായി വിൽക്കപ്പെടുകയും പ്രചരിക്കപ്പെടുകയും ചെയ്യുന്നൊരു സമൂഹത്തിൽ ഇതിന്റെ അനന്തരഫലം പേറേണ്ടി വരുന്നവർ ആരായിരിക്കുമെന്ന് ചോദ്യമുയർന്നാൽ, അതിന്റെ ഉത്തരങ്ങളാണ് വില്ലേജ് ഓഫീസർ നവീൻ ബാബുവിന്റെ മുതൽ ഗോവിന്ദപുരത്തെ ദീപക്കിന്റെ വരെയുള്ള ആത്മഹത്യകൾ. 
സത്യാനന്തര സമൂഹത്തിൽ വസ്തുതയായിരിക്കേണ്ട സത്യം നുണക്ക് വഴിമാറുമ്പോൾ നീതിയുടെ കൊടുക്കൽ വാങ്ങലിലും പ്രശ്നങ്ങളുയരുകയാണ്. ഔപചാരിക നീതിനിയമസംവിധാനങ്ങൾ താരതമ്യേന സമയമെടുത്തു കൊണ്ടാണ് നീതിയിലേക്കും ന്യായത്തിലേക്കും എത്തുന്നതെങ്കിലും തീർത്തും വൈകാരികതയുടെയോ അഭിപ്രായ സ്വരൂപണത്തിന്റെയോ പേരിലായിരിക്കില്ല സത്യവും  അതുവഴി നീതിയും നിർണ്ണയിക്കപ്പെടുന്നത്,കാരണം ഭരണഘടനയുടെ സംരക്ഷണം നിലനിൽക്കുന്നുണ്ട്. എന്നാൽ, യാതൊരു തീർച്ചപ്പെടുത്തലുകളുമില്ലാതെ, തികച്ചും വൈയക്തികവും വൈകാരികവുമായ കാരണങ്ങളുടെ അടിസ്ഥാനത്തിൽ, ഒരൊറ്റ വീക്ഷണം മാത്രം വസ്തുതയെന്ന നിലയ്ക്ക് ആഖ്യാനമായി പ്രചരിക്കുമ്പോൾ ഭരണഘടനാ നീതിക്കു പകരം നടപ്പിലാവുന്നത് സത്യാനന്തര നീതിയാണ്. വസ്തുതകളെയും തെളിവുകളെയും അടിസ്ഥാനമാക്കി സമയബന്ധിതമായ പ്രക്രിയകളിലൂടെയാണ് വ്യവസ്ഥാപിതമായ നീതിയിലേക്കെത്തുന്നതെങ്കിൽ സത്യാനന്തര നീതിയിൽ തെളിവുകൾക്ക് പകരം വൈകാരികതയും സമയബന്ധിത പ്രക്രിയകൾക്ക് പകരം ദ്രുതഗതിയിലുള്ള പ്രതികരണങ്ങളുമാണ് പകരം വരുന്നത്. വ്യവസ്ഥാപിത നിയമസംവിധാനത്തിൽ ആരോപണ വിധേയനായൊരു വ്യക്തിയെ നിരപരാധിയെന്ന് കണക്കാക്കി കൊണ്ടാണ് കുറ്റക്കാരനെന്ന് തെളിയിക്കപ്പെടുന്നതു വരെ മുന്നോട്ടു പോകുന്നതെങ്കിൽ, സത്യാനന്തര നീതിയിൽ ആരോപണ വിധേയൻ കുറ്റക്കാരനെന്ന് മുദ്രകുത്തപ്പെടുകയും അയാളുടെ നിരപരാധിത്വം തെളിയിക്കേണ്ടതു സമൂഹമാധ്യമങ്ങളിലാണെന്ന സാഹചര്യത്തിലേക്കു വ്യക്തികൾ എത്തിപ്പെടുകയും ചെയ്യുന്നു. 
ഇവിടെയാണ് സങ്കീർണവും പ്രശ്നകരവുമായ സമൂഹമാധ്യമ അൽഗരിതങ്ങളും സമൂഹത്തിൽ നിലനിൽക്കുന്ന പരിഭ്രാന്തികളും ഒന്നിച്ചു ചേർന്ന് സത്യാനന്തര സമൂഹത്തിൽ നുണയുടെ വിജയം ഉറപ്പാക്കുന്നത്. ഏറ്റവും കൂടുതൽ ദൃശ്യപരതയുള്ള, പങ്കുവെക്കപ്പെടുന്ന, പ്രകടനാത്മകമായ കണ്ടന്റുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കപ്പെടുക. കാരണം, എത്രത്തോളം കൃത്യവും വാസ്തവുമാണെന്ന് പരിശോധിക്കുന്ന വിധത്തിലല്ല, പകരം എത്രത്തോളം ആളുകൾ ഇടപെടുന്നു എന്നതിനനുസരിച്ചാണ് അൽഗരിതങ്ങളുടെ പ്രവർത്തനം. അങ്ങനെ വരുമ്പോൾ, ഒരാളെ കുറ്റക്കാരനാക്കി ചിത്രീകരിക്കുന്ന കണ്ടന്റുകൾക്കായിരിക്കും ഒരാളുടെ നിരപരാധിത്തം വ്യക്തമാക്കുന്ന കണ്ടന്റുകളേക്കാൾ കാഴ്ച്ചക്കാരും പ്രചാരവും ഉണ്ടാവുക എന്നു സാരം. അങ്ങനെ വരുമ്പോൾ സത്യാനന്തര നീതിയിൽ വാസ്തവത്തിനും കൃത്യതക്കുമായിരിക്കില്ല പ്രാധാന്യമെന്നുള്ളത് വ്യക്തമാണല്ലോ.
സമൂഹത്തിൽ പെണ്ണ് നിരന്തരമായി വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും പെണ്ണിനു ആണധികാര നിയമസംവിധാനത്തിൽ നീതി ലഭിക്കില്ലെന്നുമുള്ള ധാരണയോടൊപ്പം തന്നെ ആൺ വർഗ്ഗത്തെ സംബന്ധിച്ചുള്ള പരിഭ്രാന്തി കേരളത്തിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ ഈ ലിംഗാധിഷ്ഠിത പരിഭ്രാന്തി (Gendered Panic) എത്രത്തോളം വാസ്തവമാണെന്നും ഇത് സമൂഹയാഥാർത്ഥ്യത്തെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്നുമുള്ളത് കൂടുതൽ ആഴത്തിൽ മനസ്സിലാക്കേണ്ട വസ്തുതയാണ്. എന്നിരിക്കിലും സമൂഹമാധ്യമങ്ങളിൽ ഇത്തരത്തിലുള്ള പരിഭ്രാന്തികൾക്ക് കൂടുതൽ ദൃശ്യത ലഭിക്കുന്നുണ്ടെന്ന വസ്തുത തള്ളാനാവില്ല. അഥവാ, പുരുഷന്മാരെ മാത്രം വേട്ടക്കാരും സാമൂഹികോപദ്രവങ്ങളുമായി ചിത്രീകരിക്കുന്ന കണ്ടന്റുകൾക്ക് കൂടുതൽ ദൃശ്യതയുണ്ടെന്നർത്ഥം. അതേസമയം, കേരളത്തിലെ കേസുകളെടുത്തു നോക്കിയാൽ അങ്ങനെയൊരു ലിംഗാധിഷ്ഠിത പരിഭ്രാന്തി പുരുഷനു മാത്രമായി സംവരണം ചെയ്യുന്നതിൽ എന്തെങ്കിലും ക്രമാതീതമായ വസ്തുതകളോ കേസുകളോ ഉണ്ടെന്ന് കരുതാനാവില്ല. ബാലപീഡനം മുതൽ കൊലപാതകങ്ങളിൽ വരെ സമത്വസുന്ദരമായൊരു കുറ്റകൃത്യ പ്രവണതയാണ് കേരളത്തിലെ സ്ത്രീപുരുഷ സമൂഹം പ്രായഭേദമെന്യേ പ്രകടിപ്പിച്ചു പോരുന്നത്. അങ്ങനെ വരുമ്പോൾ കേരളത്തിലിന്നു പുരുഷനെ മാത്രം ചുറ്റി നിലനിൽക്കുന്ന ലിംഗാധിഷ്ഠിത പരിഭ്രാന്തി, മിഥ്യാ പരിഭ്രാന്തിയാണെന്നു പറയേണ്ടി വരും. അതിനർത്ഥം ആണിനെയും പെണ്ണിനെയും പേടിക്കണമെന്നോ പേടിക്കേണ്ടെന്നോ അല്ല, പകരം ആരോടായാലും കൃത്യമായ മുൻകരുതലുകളോടു കൂടിയ നീതിന്യായ യുക്തമായ ഇടപെടലുകളാണ് ഉണ്ടാവേണ്ടതെന്നു സാരം. അല്ലാത്ത പക്ഷം, ഇവിടെ നിലനിൽക്കുന്ന ലിംഗാധിഷ്ഠിത പരിഭ്രാന്തിയും അൽഗരിതങ്ങളുടെ കൂടിക്കുഴയലും ചേർന്ന് സത്യവും വാസ്തവവുമെല്ലാം സ്ഥാപിക്കപ്പെടുന്നതിനു മുമ്പു തന്നെ ആത്മഹത്യകളും കൊലപാതകങ്ങളും നടന്നു കഴിഞ്ഞിട്ടുണ്ടാവും. 
കേരളത്തിലിന്നു നടക്കുന്ന മിക്ക കുറ്റകൃത്യങ്ങളിലും സമൂഹമാധ്യമങ്ങളുടെ വലിയ പങ്കുണ്ട്. സമൂഹമാധ്യമങ്ങളെ ഔചിത്യപൂർവ്വം ഉപയോഗിക്കാനറിയുക എന്നത് സമൂഹത്തിലിടപെടേണ്ട മര്യാദകൾക്കു സമാനമാണ്. ഒരുപക്ഷേ, സമൂഹത്തിൽ ഇടപെടുന്നതിനേക്കാൾ ജാഗ്രത സമൂഹമാധ്യമങ്ങളിൽ കാണിക്കേണ്ടതായും വരും. കാരണം, അതിന്റെ വ്യാപ്തിയും വ്യാപനവും അത്രത്തോളമുണ്ട്. കൂടാതെ, സമൂഹത്തിൽ നടക്കുന്ന അനീതികൾക്കും അന്യായങ്ങൾക്കും വിർച്വൽ ലോകത്തിലൂടെ നീതിയും ന്യായവും നേടിയെടുക്കാൻ ശ്രമിക്കുന്നത് ആത്യന്തികമായ ദോഷത്തിലേക്കേ വഴിവെക്കൂ. അതാണ് ഈയടുത്ത കാലത്തുണ്ടായ സംഭവങ്ങളെല്ലാം വ്യക്തമാക്കുന്നത്. സമൂഹമാധ്യമങ്ങൾ എന്ന ഇരുതലമൂർച്ചയുള്ള ആയുധം അപ്രതീക്ഷിതമായ ആഘാതങ്ങളേൽപ്പിക്കുമെന്നു മാത്രമല്ല, പലപ്പോഴും സ്വാഭാവികമായ പ്രതികരണങ്ങളെയും സ്വാഭാവികമായ നീതിയേയും ന്യായത്തേയും ഇനിയങ്ങോട്ട് ക്രൂരമായി പരിക്കേൽപ്പിക്കാനും കാരണമായേക്കും.

 

 .

  


 

 

 

 

 

 

 

 മൗലാനാ റൂമി: മതേതര ആത്മീയതയുടെ ഇര


ഒരുപക്ഷേ ലോകത്ത് ഏറ്റവും പ്രശസ്തരും ചിരപരിചിതരുമായ സൂഫികൾ ആരെല്ലാമായിരിക്കും? ഒന്നുകിൽ, മൌലാനാ ജലാലുദ്ദീൻ റൂമി, അല്ലെങ്കിൽ മൻസൂർ ഹല്ലാജ്. മഹാനായ സൂഫി ഗൌസുൽ അഅ്ളം മുഹ്‍യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി പോലും ഇവരെ കഴിഞ്ഞേ ആഗോള മനുഷ്യരുടെ ചിരപരിചിത ലോകത്തുണ്ടാവൂ. പക്ഷേ, ഇത്രമേൽ പരിചിതരായ, ഹല്ലാജ് മൻസൂറിന്റെയും എല്ലാറ്റിലുമുപരി മൌലാനാ റൂമിയുടേയും പ്രശസ്തിയെ പറ്റി ആലോചിക്കുമ്പോൾ എത്തിപ്പെടുന്ന അഗാധമായൊരു ധർമ്മസങ്കടമുണ്ട്. ഒരുവശത്ത്, മൌലാനാ റൂമിയെ ഈർഷ്യ തിങ്ങിയ പുച്ഛത്തോടെ ‘പ്രണയകാമുകൻ’ എന്നും മസ്നവി എന്ന ഗ്രന്ഥത്തെ ‘അശ്ലീല സാഹിത്യ’മെന്നും വിളിക്കുന്ന മൌലികവാദ ഉത്പതിഷ്ണുക്കൾ. മതത്തിനെയും ദൈവത്തിനെയും അതിവർത്തിക്കുന്ന പ്രണയമതത്തിന്റെ അനുരാഗവൃന്ദം മറ്റൊരു വശത്ത്. ഇതൊന്നും കൂടാതെ, സിനിമയിലും റാപ്പിലും എയറോബിക്സിലും ലഹരിയിലും കല്യാണ പരിപാടിയിലും കോർപ്പറേറ്റ് ഇവന്റിലും തുടങ്ങി സകലമാന മേഖലകളിലും നിറഞ്ഞു നിൽക്കുന്ന റൂമി. മഡോണയും ദീപക് ചോപ്രയും ക്രിസ് മാർട്ടിനും ഫിലിപ് ഗ്ലാസും ഒരുപോലെ ആഘോഷിക്കുന്ന റൂമി. 1925ൽ അത്താതുർക്കെന്ന തുർക്കി ഭരണാധികാരി നിയമവിരുദ്ധമാക്കിയ സമ എന്ന ദർവീശ് വർത്തുള്ള ‘നൃത്തം’ മറ്റൊരു തുർക്കി ഭരണാധികാരിക്ക് കീഴിൽ നാടൻ കലാരൂപമായും യുനെസ്കോ അംഗീകാരത്തിനായും സ്വീകരിക്കപ്പെടുമ്പോൾ ഉയർന്നു കേൾക്കുന്ന റൂമി. ലോകം തള്ളുകയും കൊള്ളുകയും ചെയ്യുന്ന റൂമി. ഇറാനിലും ബോയ്നിയയിലും അമേരിക്കയിലും ഇന്ത്യയിലും ഈ കൊച്ചു കേരളത്തിലും പല വിധത്തിൽ, പല അർത്ഥത്തിൽ ആഘോഷിക്കപ്പെടുന്ന റൂമി. ഒരുപക്ഷേ, റൂമി കേവലം സാഹിത്യകാരനോ കലാകാരനോ മാത്രമായിരുന്നെങ്കിൽ എത്രമാത്രം കൃതാർത്ഥത അനുഭവിച്ചേനെ! പക്ഷേ, മൌലാനാ റൂമി സാഹിത്യകാരൻ മാത്രമായിരുന്നില്ല എന്നതും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും ജീവിതത്തെയും നിർണ്ണയിക്കുന്ന ആത്മീയതയും പാണ്ഡിത്യവും സാഹിത്യത്തെയും കവിഞ്ഞ് നിലനിന്നിരുന്നു എന്നുള്ളതുമാണ് റൂമിയെ ചൊല്ലിയുള്ള രാഗദ്വേഷങ്ങളിൽ പലപ്പോഴും കൃത്യമായി അടയാളപ്പെടുത്താതെ പോവുന്നത്. 

ആരായിരുന്നു റൂമി?

ഇസ്‍ലാമിലെ ഏറ്റവും പ്രശസ്തരായ ആത്മീയ ഗുരുക്കന്മാരിലൊരാളാണ് മൌലാനാ ജലാലുദ്ദീൻ റൂമി. ഒരുപക്ഷേ, പാശ്ചാത്യ ലോകത്ത് ഏറ്റവും കൂടുതൽ അക്കാദമിക പഠനങ്ങൾ നടക്കപ്പെട്ടത് ഇമാം ഗസ്സാലിയെ കുറിച്ചും മൌലാനാ റൂമിയെക്കുറിച്ചുമാണെന്നാണ് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്. 1207 സെപ്തംബർ മുപ്പതിന് ഖുറാസാനിലെ ബൽഖി (ഇന്നത്തെ അഫ്ഗാനിസ്ഥാൻ)ലാണ് ജലാലുദ്ദീൻ റൂമിയുടെ ജനനം. ബഹാവുദ്ദീൻ വലദ് എന്ന പണ്ഡിതശ്രേഷ്ഠനും സൂഫീ വര്യനുമായിരുന്നു റൂമിയുടെ പിതാവ്. മംഗോളിയൻ അധിനിവേശത്തെ തുടർന്ന് തന്റെ കുടുംബത്തെയും കൂട്ടി ബൽഖുപേക്ഷിച്ച ബഹാവുദ്ദീൻ വലദ്, തുർക്കിയിലെ കൊനിയയിൽ സ്ഥിരതാമസമാക്കി. കൊനിയയിൽ തന്റെ പാണ്ഡിത്യ മികവു കൊണ്ട് ‘സുൽത്താനുൽ ഉലമ’ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. ചെറുപ്പത്തിൽ തന്നെ പിതാവിന്റെ ശിക്ഷണത്തിൽ വളർന്ന മൌലാനാ റൂമി, അദ്ദേഹത്തിന്റെ വിയോഗാനന്തരം 1231ൽ പിതാവിന്റെ ചുമതലകൾ ഏറ്റെടുത്ത് നിർവ്വഹിച്ചു പോരാനാരംഭിച്ചു. പിതാവിന്റെ പാണ്ഡിത്യത്തെ മാത്രമല്ല, തസവ്വുഫും തന്റെ വഴിയായി സ്വീകരിച്ച മൌലാനാ റൂമിക്ക് അനവധി സൂഫീ ഗുരുക്കന്മാരുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആത്മീയജീവിതത്തിലും പണ്ഡിതജീവിതത്തിലും വലിയൊരു വഴിത്തിരിവുണ്ടാവുന്നത് മുപ്പത്തിയേഴാം വയസ്സിൽ സൂഫിയായ ശംസുദ്ദീൻ തബ്‍രീസിയെ കണ്ടുമുട്ടുന്നതോടെയാണ്. പണ്ഡിതനായിരുന്ന റൂമി കവിയാവുന്നതു ഇവിടം മുതലാണെന്നാണ് റൂമിയുടെ പുത്രനായ സുൽത്താൻ വലദ് കുറിച്ചിട്ടുള്ളത്. അക്കാലമത്രയും പാണ്ഡിത്യത്തിന്റെ വഴിയിലായിരുന്ന റൂമി, ആത്മീയജ്ഞാനത്തിന്റെയും ദൈവികാനുരാഗത്തിന്റെയും പാതയിലേക്ക് നീങ്ങുകയും, 1273 ഡിസംബർ പതിനേഴിനു തന്റെ വിയോഗം വരെയുള്ള കാലയളവിലായി അനവധി ശിഷ്യന്മാർക്ക് വഴിക്കാട്ടിയാവുകയും ചെയ്തു. ഇവിടെ നിന്നാണ് മൌലവിയ്യ എന്ന സൂഫീ തരീഖത്തിന്റെ ആരംഭം. 
റൂമിയുടെ എഴുത്തിൻ ശകലങ്ങൾ പലവിധത്തിൽ പ്രചരിക്കുന്നുണ്ടെങ്കിലും അവ പലതും അദ്ദേഹത്തിന്റെ മസ്നവിയിൽ നിന്നോ ദിവാനേ ശംസ് തബ്‍രിസിൽ നിന്നോ ഉള്ളവയാണ്. ഒരുപക്ഷേ ഏറ്റവും പ്രശസ്തമായത് 25,700 ഓളം ഈരടികളുള്ള മസ്നവി തന്നെയായിരിക്കും. കഥകളും ഉപകഥകളുമായി പുരോഗമിക്കുന്ന മസ്നവി ആത്മീയജീവിതത്തിന്റെ പ്രാധാന്യത്തെ കുറിച്ചാണ് സംസാരിക്കുന്നത്. സൂഫീ സാഹിത്യങ്ങളുടെയെല്ലാം തന്നെ മൌലിക സ്വഭാവമായ ആലങ്കാരികവും പ്രതീകാത്മകവും ഗൂഢാർത്ഥപ്രധാനവുമായ ഭാഷയും ഉപമകളും തന്നെയാണ് മസ്നവിയിലും ഉടനീളം കാണാനാവുക. സാധാരണ വായനക്കാർക്ക് വരികൾ തമ്മിലും ഭാഗങ്ങൾ തമ്മിലും ബന്ധം കണ്ടെത്തൽ ദുഷ്ക്കരമാണെന്നു മാത്രമല്ല, മസ്നവി പൂർണ്ണമായി മനസ്സിലാക്കുന്നതിനു സൂക്ഷ്മമായ മതപാണ്ഡിത്യവും ആത്മീയജ്ഞാനവും അത്യാവശ്യമാണെന്നർത്ഥം. തസവ്വുഫിന്റെ വിവിധ ഘട്ടങ്ങളെ കുറിച്ചും ദൈവികാനുരാഗ പാതയിലുണ്ടാവുന്ന വിവിധങ്ങളായ അവസ്ഥകളെ കുറിച്ചും കാവ്യാത്മകമായി വിശദീകരിക്കുന്ന ഗ്രന്ഥമാണ് നാൽപ്പതിനായിരത്തോളം ഈരടികളുള്ള ദിവാനേ ശംസി തബ്‍രീസ്. റൂമിയുടെ ചില സംഭാഷണങ്ങളും പ്രഭാഷണങ്ങളും സമാഹരിച്ചതാണ് ഫീഹി മാ ഫീഹി ഈ ഗ്രന്ഥങ്ങളാണ് മൌലാനാ റൂമിയുടേതായി ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത്. 

തെറ്റിദ്ധരിക്കപ്പെടുന്ന റൂമി

ഇസ്‍ലാമിലെ പ്രശസ്തങ്ങളായ മഹത് സൂഫീഗ്രന്ഥങ്ങളെല്ലാം തന്നെ ആധുനിക ലോകത്തിനും പാശ്ചാത്യ ലോകത്തിനും സുപരിചിതമാകുന്നത് ഫ്രഞ്ച് ഓറിയന്റലിസ്റ്റുകളുടെയും ജർമ്മൻ ഓറിയന്റലിസ്റ്റുകളുടെയും വിവർത്തന ഉദ്യമങ്ങളിലൂടെയാണ്. കശ്ഫൽ മഹ്ജൂബ്, മസ്നവി, രിസാലത്തുൽ ഖുശൈരിയ്യ, അവാരിഫുൽ മആരിഫ് തുടങ്ങിയ സൂഫീ ഗ്രന്ഥങ്ങളെല്ലാം തന്നെ പാശ്ചാത്യ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതോ അല്ലെങ്കിൽ പുനരാഖ്യാനം ചെയ്യപ്പെട്ടതോ ഓറിയന്റലിസത്തിന്റെ ഭാഗമായാണ്. ഇക്കാരണത്താൽ തന്നെ പലപ്പോഴും അറബിയിലും പേർഷ്യൻ ഭാഷയിലുമുള്ള ആത്മീയ ഗ്രന്ഥങ്ങളുടെ വിവർത്തനം ഭാഷാപരമായി വിജയമായിരുന്നെങ്കിൽ പോലും ഈ ഗ്രന്ഥങ്ങളുടെ അന്തഃസാരമായിരുന്ന ആത്മീയത, ഇസ്‍ലാമിക നൈതിക- ധാർമ്മിക തലങ്ങൾ, അതിഭൌതികത എന്നിവയെ ഉൾക്കൊള്ളാൻ സാധിക്കാത്ത പരിഭാഷകളായിരുന്നു അവ പലപ്പോഴും. കൊളോണിയൽ ബോധത്തോടൊപ്പം ഇസ്‍ലാമിനെ ജൂത- ക്രൈസ്തവ മതശാസ്ത്രത്തിന്റെ വീക്ഷണത്തിലൂടെ നോക്കിക്കണ്ടതും വിശകലനം ചെയ്തതും കൂടി ഇത്തരം പരിഭാഷകരുടേയും പരിഭാഷകളുടേയും ഭാഗമായതോടെ പല ഇസ്‍ലാമിക ആത്മീയഗ്രന്ഥങ്ങളും തർജ്ജമ കഴിഞ്ഞു വന്നപ്പോൾ നീരൂറ്റിയെടുത്ത കരിമ്പിൻ ചണ്ടിയായി മാറി. ഇതു തന്നെയാണ് റൂമിയുടെ എഴുത്തുകളുടെയും ഉമർഖയ്യാമിന്റെ കവിതകളുടെയും വിവർത്തനത്തിലും സംഭവിച്ചത്. ആഴത്തിലുള്ള മതപാണ്ഡിത്യവും ആത്മീയജ്ഞാനവുമുള്ള റൂമിയെ പോലുള്ള സൂഫീപണ്ഡിതരുടെ രചനകളും മറ്റും അവ വായിക്കേണ്ട ജ്ഞാനിമ പശ്ചാത്തലത്തിൽ നിന്ന് വേർപ്പെടുത്തി പരിഭാഷപ്പെടുത്തിയതും അവതരിപ്പിക്കപ്പെട്ടതും വായിക്കപ്പെട്ടതും തന്നെയാണ് പല വികലവാദങ്ങൾക്കും കാരണമായത്. 


മാത്രമല്ല, സുഘടിതവും വ്യവസ്ഥാപിതവുമായ മതഘടനകളെ വെല്ലുവിളിക്കുന്നതോ അതിവർത്തിക്കുന്നതോ ആയ എഴുത്തുകളും പണ്ഡിതരെയും മതത്തിനകത്തു നിന്നു തന്നെ കണ്ടെത്തി, സമാന്തരമായൊരു ‘മതം’ സ്ഥാപിക്കാനുള്ള സ്വതന്ത്ര- ഉദാര ചിന്തകളുടെ അക്കാദമികമായ ഇടപെടലുകളും ഇതിനു വളം വെച്ചു. റൂമിയുടെ തന്നെ പല വരികളും ഇസ്‍ലാമിനെ വിമർശിക്കുന്ന വിധത്തിലും ചപല വികാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലും ഉദ്ധരിച്ചു കാണാറുണ്ട്. ഗൂഢാർത്ഥ പ്രധാനമായ, ആത്മീയ ജ്ഞാനത്തെ പരിശീലിക്കുകയും പരിശീലിപ്പിക്കുകയും അതിനെ അടിസ്ഥാനമാക്കി എഴുതുകയും ചെയ്തവരുടെ രചനകൾ സാധാരണവും പ്രത്യക്ഷവുമായ അർത്ഥത്തിൽ വായിച്ചപ്പോഴാണ് റൂമിയും ഹല്ലാജുമൊക്കെ മതത്തിനെ തള്ളിയവരും അതിവർത്തിക്കുന്നവരുമായി മാറിയത്. ഇവരുടെ രചനകളിൽ നിരന്തരമായി പ്രത്യക്ഷപ്പെടുന്ന അലങ്കാരങ്ങളും ഉപമകളും ചമത്ക്കാരങ്ങളും ലഹരിയായും പ്രേമമായും ലൈംഗികതയായും മറ്റും വായിക്കപ്പെടുന്നതിനു പകരം അവ ആത്മീയജ്ഞാന പദ്ധതിയിൽ, അഥവാ തസവ്വുഫിൽ എങ്ങനെയാണ് അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളതെന്ന് കണ്ടെത്തുകയും അതിനനുസരിച്ച് ഈ രചനകൾ വായിക്കപ്പെട്ടാലും മാത്രമേ ഈ രചനകളുടെയും ഈ സൂഫികളുടെ അന്തഃസാരത്തെയും അവർ പറയാൻ ശ്രമിക്കുന്ന ആത്മീയജ്ഞാനത്തെയും മനസ്സിലാക്കാൻ സാധിക്കയുള്ളൂ.



റൂമി എന്ന ഇസ്‍ലാമിക- സൂഫീ പണ്ഡിതനെ ഉന്നതമായ ആത്മീയാർത്ഥ തലങ്ങളിൽ നിന്ന് വേർപ്പെടുത്തി തുലോം ഭൌതിക വികാരങ്ങളുടെയടിസ്ഥാനത്തിൽ വായിക്കുമ്പോഴും ആഘോഷിക്കുമ്പോഴും കൊളോണിയൽ ബോധത്തിന്റെയും കമ്പോള താത്പര്യങ്ങളുടെയും വഴിക്കാണ് നമ്മുടെ ബുദ്ധിപരവും ആത്മീയവുമായ വ്യവഹാരങ്ങൾ പോലും നിയന്ത്രിക്കപ്പെടുന്നതെന്ന് മനസ്സിലാക്കണം. ഇസ്‍ലാമിനെ സംബന്ധിച്ചും, പൌരസ്ത്യമായ വിശ്വാസധാരകളെ സംബന്ധിച്ചുമുള്ള പാശ്ചാത്യ ലോകത്തിന്റെ അധോമുഖവും പദാർത്ഥാധിഷ്ഠിതവുമായ വായനകളാണ് നമ്മുടെ പോലും ബോധത്തെ നയിക്കുന്നത് എന്നതിൽ സങ്കടകരമായ വൈരുദ്ധ്യമുണ്ട്. ഇനി അക്കാദമികമായ രീതിശാസ്ത്രത്തെ അടിസ്ഥാനമാക്കി വായിക്കുകയാണെങ്കിൽ തന്നെ, ഒരു രചനയെ ആ രചനയെന്ന ഒരൊറ്റ ഘടകമായി കണ്ടല്ല, എഴുത്തുകാരൻ, എഴുത്തുകാരന്റെ ജീവിതം, ഇടപെടലുകൾ, അന്നത്തെ സാമൂഹിക- സാംസ്ക്കാരിക സാഹചര്യം എന്നിവയെയെല്ലാം ചേർത്തുവെച്ചു കൊണ്ടുള്ള വിശകലനാത്മകമായ വായനക്കായിരിക്കും ഒരു രചനയുടെ അന്തഃസത്തയെ വ്യക്തമാക്കാൻ സാധിക്കുന്നത്. റൂമിയെ ഇത്തരത്തിൽ വായിക്കുമ്പോൾ ഇസ്‍ലാമിക ശാസ്ത്രവും തസവ്വുഫ് അഥവാ സൂഫിസം എന്ന ആത്മീയമാനവും ഈ വിശകലനത്തിന്റെ ഏറ്റവും പ്രധാന ഘടകമായി മാറും. ഇതിനെയൊന്നും കാണാതെ, റൂമിയെന്ന സൂഫീ പണ്ഡിതനെ പ്രണയകാമുകനാക്കുന്ന മതമൌലികവാദങ്ങളും മതേതരവാദങ്ങളും മതവിരുദ്ധവാദങ്ങളും റൂമിയെന്ന പണ്ഡിതനോടും ആത്മീയജ്ഞാനിയോടും സാഹിത്യകാരനോടും ചെയ്യുന്ന കനത്ത അപരാധങ്ങളാണ്. 

റൂമി മാത്രമോ

ഇത്തരത്തിൽ തെറ്റായി വായിക്കപ്പെട്ടതും അവതരിപ്പിക്കപ്പെട്ടതും റൂമി മാത്രമാണോ? അല്ലെന്നുള്ളതാണ് വാസ്തവം. ഉമർ ഖയ്യാമും അത്താറും ശംസ് തബ്‍രിസിയും ഹല്ലാജുമൊക്കെ ഇത്തരത്തിൽ ചപലവും വികലവുമായി വായിക്കപ്പെട്ടവരാണ്. വിവിധ സൂഫീ പാതകളിലുള്ള ആരാധനകളും അനുഷ്ഠാനങ്ങളുമടക്കം ഇത്തരത്തിൽ ലൌകികവത്ക്കരിക്കപ്പെടുകയോ കമ്പോളവത്ക്കരിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. മൌലവിയ്യ തരീഖത്തിന്റെ വർത്തുള നൃത്തം, സമ എന്ന സംഗീതാധിഷ്ഠിതമായ ആരാധന ഇവയെല്ലാം അതാതു സൂഫീ തരീഖത്തുകളിലെ ആത്മീയാരാധനകളാണ്. അവയ്ക്ക് സംഗീതവും അംഗവിക്ഷേപങ്ങളും താളവും കൂടിച്ചേരുന്ന കലാസാംസ്ക്കാരിക വശമുണ്ടെന്നതിനെ നിഷേധിക്കാതെ തന്നെ അവയെ സത്യസന്ധമായി പഠിക്കേണ്ടതുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സമ, ഖവ്വാലി എന്നിവയെ കുറിച്ച് റെഗുല ഖുറേഷിയുടെ പഠനം ഇത്തരത്തിൽ തസവ്വുഫിന്റെ അടിത്തറയിൽ സമയെയും ഖവ്വാലിയെയും പ്രതിഷ്ഠിച്ചു കൊണ്ടുള്ള, തസവ്വുഫിനോടും ഇസ്‍ലാമിനോടും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കലാസാംസ്ക്കാരിക സാമൂഹികതകളോടും നീതി പുലർത്തുന്ന മാതൃകാപരമായ അക്കാദമിക പഠനമാണ്. ഇനി, സൂഫിസം അഥവാ തസവ്വുഫ് എന്ന ആത്മീയജ്ഞാനപദ്ധതി പോലും ഇത്തരത്തിൽ തെറ്റായി എഴുതപ്പെടുകയും വായിക്കപ്പെടുകയും പ്രയോഗിക്കപ്പെടുകയും ലോകത്ത് അതിന്റെ ഭാഗമായി ഉത്പാദിപ്പിക്കപ്പെട്ട രചനകൾ ഇങ്ങനെ അവതരിപ്പിക്കപ്പെടുന്നതിൽ അത്ഭുതപ്പെടാനില്ല.


കേരളത്തിലെ തന്നെ പല സൂഫി കവിതകളും അവതരിപ്പിക്കപ്പെടുന്ന വേദികളും ഇടങ്ങളും കണ്ടാൽ മാറിയിരുന്ന് ആ പാപത്തിന്റെ കറപറ്റാതിരിക്കാൻ പ്രാർത്ഥിക്കുകയേ വഴിയുള്ളൂ. റൂമിയെ മാത്രമല്ല, സുഘടിതമായ ആത്മീയജ്ഞാനത്തിന്റെ, മതവിശ്വാസത്തിന്റെ അടയാളങ്ങളെ വ്യക്തിഗത ലാഭങ്ങൾക്കായും കമ്പോള പ്രദർശനങ്ങൾക്കായും പാശ്ചാത്യവും പ്രത്യക്ഷവുമായ അർത്ഥങ്ങളിൽ ആരോപിച്ചു കൊണ്ടുള്ള വായനകളും ആത്യന്തികമായി ദ്രവിപ്പിക്കുന്നത് വിശ്വാസ സമൂഹത്തെയാണ്. കാരണം, ഇത്തരം കവിതകളും ആരാധനാ രൂപങ്ങളും മനുഷ്യരെ ആത്മീയവഴിയിലേക്ക് അടുപ്പിക്കാനുള്ളതാണെന്നിരിക്കേ, അവയെ ആത്മീയതയിൽ നിന്ന് അകറ്റുന്നതിനു വേണ്ടി വകമാറ്റപ്പെടുമ്പോൾ, പാരമാർത്ഥികമായ സത്യത്തെ പുണരാനുള്ള വിശ്വാസി സമൂഹത്തിന്റെ വഴികളാണ് കയ്യേറ്റം ചെയ്യപ്പെടുന്നത്. അതിൽ നമ്മളും അറിയാതെയെങ്കിലും ഭാഗമായി പോവുന്നുമുണ്ട്. 


ഡോ. മുനവ്വർ ഹാനിഹ്

.

 

 


 

 

 

 . 

അകങ്ങളിലെ പെൺകർതൃത്വത്തെ ഭയക്കുന്നതാരാണ്

അകങ്ങളിലെ പെൺകർതൃത്വത്തെ ഭയക്കുന്നതാരാണ്

 .



.

അകങ്ങളിലെ പെൺകർതൃത്വത്തെ ഭയക്കുന്നതാരാണ്


കേരളത്തിന്റെ മുസ്.ലിം സംസ്കാരത്തെ വളരെ സൂക്ഷ്മവും നിരന്തരവുമായ കൊടുക്കൽവാങ്ങലുകളിലൂടെ സമ്പന്നമാക്കിയവരും സജീവമായി നിലനിർത്തുകയും ചെയ്തവരാണ് മുസ് ലിം പെണ്ണുങ്ങൾ. പെണ്ണ് എന്ന നിലയിൽ അവൾക്ക് ലഭിച്ചിട്ടുള്ള സ്വത്വപരവും ജൈവികവുമായ കഴിവുകളെ അവൾ അവളുടെ ഇഷ്ടത്തിനും സൗകര്യത്തിനും അനുസരിച്ചുപയോഗിച്ച് തനിക്ക് ലഭ്യമായ ഇടങ്ങളിലൊക്കെ തന്റെ കർതൃത്വത്തെ (Agency) അടയാളപ്പെടുത്തുകയായിരുന്നു ചെയ്തുപോന്നിരുന്നത്; വഹാബിസത്തിന്റെ/സലഫിസത്തിന്റെ അതുമല്ലെങ്കിൽ മുജാഹിദ് ചിന്താധാരകളുടെ കടന്നുവരവു വരെ. അതിനെ പ്രത്യക്ഷമായോ പരോക്ഷമായോ വെള്ളവും വളവും നൽകി പ്രോത്സാഹിപ്പിക്കുന്ന വളക്കൂറുള്ള ഇസ് ലാമികാന്തരീക്ഷമായിരുന്നു പരമ്പരാഗത സുന്നി മുസ് ലിം സമൂഹം കേരളത്തിൽ നിലനിർത്തിപ്പോന്നത്. ആ അന്തരീക്ഷത്തെ ഇല്ലാതാക്കുകയും അതിൽനിന്ന് പെൺപ്രാതിനിധ്യങ്ങളെ വലിച്ചു പുറത്തിടുകയോ അല്ലെങ്കിൽ വിലക്കുകയോ ആണ് കേരളത്തിലെ മുജാഹിദ് ആശയങ്ങളും പ്രവർത്തനങ്ങളും ചെയ്തത്.

 

 വീട്ടകങ്ങളിൽ മറവിൽ ഇരിക്കുന്ന, മുഖപടം ധരിച്ച് പുറത്തിറങ്ങുന്ന മുസ് ലിം സ്ത്രീകളെക്കുറിച്ചു നിലനിന്നിരുന്ന കൊളോണിയൽ വീക്ഷണത്തെക്കുറിച്ചും അവരെ ചുറ്റി നിലനിന്ന ഭയത്തെക്കുറിച്ചും ഡികൊളോണിയൽ ചിന്തകർ എഴുതിയിട്ടുണ്ട്. വീടിന്റെ അകത്ത്, തിരശ്ശീലകൾക്ക് അപ്പുറത്തുനിന്ന് സംസാരിക്കുന്ന, ഇടപെടുന്ന മുസ് ലിം സ്ത്രീ, മുഖപടം ധരിച്ച് ചന്തയിലേക്കും മറ്റും പുറത്തിറങ്ങുന്ന മുസ് ലിം സ്ത്രീ കൊളോണിയൽ പുരുഷബോധത്തിനുമേൽ സൃഷ്ടിച്ച ഭയം അപാരമായിരുന്നു. മറയ്ക്കപ്പുറത്തുള്ള സ്ത്രീ എന്താണെന്നറിയാത്ത, മറഞ്ഞിരുന്നവർ എന്തുചെയ്യുന്നുവെന്നു എത്തിനോക്കാനും കാണാനും സാധിക്കാത്ത, അവളുടെ അകം ഇടങ്ങളിലേക്ക് പുരുഷനോട്ടത്തിനു ഇറങ്ങിച്ചെല്ലാൻ വിലക്കേർപ്പെടുത്തിയിരുന്ന മറവുകൾ കൊളോണിയൽ പുരുഷബോധത്തെ ആശങ്കപ്പെടുത്തി. അവളുടെ മറവുകളുടെ പ്രതിരോധം കൊളോണിയൽ പുരുഷബോധത്തെയും അധികാരതെയും വെല്ലുവിളിച്ചത് ഈ അധികാര ഘടനയെ ചൊടിപ്പിച്ചു. ഈ ഭയത്തെ മറികടക്കുന്നതിനായാണ് മൂടുപടത്തിൽനിന്നും വീട്ടകങ്ങളിൽനിന്നും മുസ് ലിം സ്ത്രീയെ വിമോചിപ്പിക്കുക എന്ന പുരോഗമനാശയവുമായി രംഗത്തുവരാൻ ഇവരെ പ്രേരിപ്പിച്ചത്. അഥവാ മറഞ്ഞിരിക്കുന്ന ഒന്നിനോടുള്ള, ദുരൂഹവും രഹസ്യവുമായ ഒന്നിനോടുള്ള ഭയത്തെ മറികടക്കുന്നതിനായാണ് മൂടുപടവും വീട്ടകവുമെല്ലാം പ്രാകൃതമാണെന്ന വ്യാജവാദത്തിലൂടെ മുസ് ലിം സ്ത്രീയെ ഇതിൽ നിന്നെല്ലാം വേർപ്പെടുത്തുന്ന ആശയങ്ങളും പരിഷ്കാരവുമായി ഇവർ രംഗം കീഴടക്കുന്നത്. മുസ് ലിം സ്ത്രീയെ ഇതിൽ നിന്നെല്ലാം പുറത്തുകൊണ്ടുവന്നതൊരു വ്യാജ കൊളോണിയൽ തന്ത്രമായിരുന്നുവെങ്കിൽ തന്റെ മറവുകളെ/ ഇടങ്ങളെ തദ്ദേശീയമായ സാംസ്കാരിക വ്യവഹാരങ്ങളിലൂടെ തിരിച്ചുപിടിക്കുന്നത് അപകോളനീകരണത്തിന്റെ ഭാഗമായും മനസിലാക്കാവുന്നതാണ്. അങ്ങനെയെങ്കിൽ, സാംസ്കാരികമായി ഇത്തരത്തിലുള്ള മറവുകളെയും അകങ്ങളെയും തങ്ങളുടേതാക്കി നിരന്തരമായ സാംസ്കാരിക പ്രതിരോധം നടത്തിയിരുന്നവരായിരുന്നു കേരളത്തിലെ മുസ് ലിം സ്ത്രീകൾ. ഈ ഇടങ്ങളിൽ സാമൂഹികതയും സാംസ്കാരികതയും ആത്മീയതയും സമ്മേളിച്ചിരുന്നു.

 

വസ്തുതകളിലേക്ക് വരാം. ആധുനികതയുടെ വരവോടെയാണ് അകം/പുറം എന്നീ ദ്വന്ദ്വത്തെ പരസ്പര പൂരകങ്ങളായ ഇടങ്ങൾ എന്നതിനു പകരം വിരുദ്ധാത്മകമായ ധ്രുവങ്ങളാക്കി ചിത്രീകരിക്കുന്ന രീതി നടപ്പാവുന്നത്. അകം എന്നുള്ളത് അസ്വാതന്ത്ര്യവും അടിച്ചമർത്തലുമാണെന്നും പുറം എന്നത് സ്വാതന്ത്ര്യവും വിമോചനവുമാണെന്നുമുള്ള ബോധം രൂഢമൂലമാക്കാൻ ആധുനികതയുടെ വിവിധങ്ങളായ ക്രയവിക്രയങ്ങൾക്കു സാധിച്ചിട്ടുണ്ട്. ഇതോടെ, സ്ത്രീ അടിച്ചമർത്തപ്പെട്ടവളും പുരുഷൻ സ്വതന്ത്രമാക്കപ്പെട്ടവനും എന്ന ധാരണ ശക്തമായി. മാത്രമല്ല, സ്ത്രീ രക്ഷിക്കപ്പെടേണ്ടവളോ വിമോചിപ്പിക്കപ്പെടേണ്ടവളോ ആണെന്ന കൊളോണിയൽ ആധുനിക ധാരണയും വ്യാപകമായി. ഇതിന്റെ ഭാഗമായി അകവുമായി ബന്ധപ്പെട്ടിരിക്കുന്ന പെണ്ണ് പുറത്തേക്ക് വിമോചിപ്പിക്കപ്പെടേണ്ടവളാണെന്ന അവകാശ വിമോചനബോധം ശക്തമായെന്നു മാത്രമല്ല, പെണ്ണിനു സർവാധികാരവും സ്വൈരവിഹാരവുമുണ്ടായിരുന്ന അവളുടെ ഇടത്തിൽനിന്ന് അവളെ പറിച്ചെടുത്ത് പുറത്തെറിയുന്ന നടപടിയിലേക്ക് കൂടി ഇതു വഴിവെച്ചു. കൊളോണിയൽ ആധുനികതയുടെ വാലായി ഇസ് ലാമിനകത്തു സംഭവിച്ച വഹാബിസ്റ്റ് ആശയങ്ങൾക്കും ഇതേ ജ്വരം ബാധിച്ചതിൽ അത്ഭുതപ്പെടാനില്ല. മാത്രമല്ല, കേരളത്തിലെ മുസ് ലിം പെണ്ണുങ്ങളെ വല്ല വിധേനയും അവരുടെ സ്വൈരവിഹാര കേന്ദ്രങ്ങളിൽനിന്ന് അഥവാ വീട്ടകങ്ങളിൽനിന്ന് മോചിപ്പിച്ചെടുക്കേണ്ട ഉത്തരവാദിത്വം ഈ പുത്തനാശയക്കാർ ഏറ്റെടുത്തു.

 

പള്ളി, ഓത്തുപള്ളി, മദ്റസ എന്നിങ്ങനെ വിവിധങ്ങളായ ആത്മീയവും സാമൂഹികവുമായ സ്ഥാപനങ്ങൾക്കു മുമ്പുതന്നെ നിലനിൽക്കുന്നതും സമൂഹത്തിലെ ഓരോ വ്യക്തിയും ലിംഗപ്രായഭേദമെന്യേ ഗണനീയമായൊരു സമയം ചെലവിടുന്നതുമായ ഇടമാണ് വീട്ടകങ്ങൾ അല്ലെങ്കിൽ ഡൊമസ്റ്റിക് സ്പേസ്. ആ ഡൊമസ്റ്റിക് സ്പേസിൽ വെച്ചായിരുന്നു സുപ്രധാനമായ പല ആഘോഷങ്ങളും ആചാരാനുഷ്ഠാനങ്ങളും തീരുമാനങ്ങളും നടന്നുപോന്നിരുന്നത്. മൗലൂദുകൾ, റാത്തീബുകൾ, മാർക്ക കല്ല്യാണം, വിവാഹം, മരണം എന്നിവയുമായി ബന്ധപ്പെട്ട ചടങ്ങുകൾ തുടങ്ങി ഇസ് ലാമികവും സാംസ്കാരികവുമായ ഘടകങ്ങൾ വേർതിരിച്ചെടുക്കാനാവാത്ത വിധം ലയിച്ചിരുന്നിരുന്ന വിശേഷാവസരങ്ങളിൽ ആരാധനകളും ആഘോഷങ്ങളും ഒരുപോലെ ഉള്ളടങ്ങിയിരുന്നു. വീട്ടകങ്ങളുടെ നിയന്ത്രണവും നടത്തിപ്പും കൈകാര്യവും പരമ്പരാഗതമായി സ്ത്രീകളിലായിരുന്നു എന്നതിനാൽ തന്നെ ഇത്തരം സാമൂഹികവും സാംസ്കാരികവുമായ വേളകളെ ഒരുക്കുന്നതിലും നിർണയിക്കുന്നതിലും നിശ്ചയിക്കുന്നതിലും മുസ് ലിം പെണ്ണിനു നിർണായകമായ പങ്കുണ്ടായിരുന്നു. പങ്ക് എന്നതിലപ്പുറം അവളുടെ തീരുമാനങ്ങളായിരുന്നു അവിടെ പ്രാവർത്തികമായത്. എന്നാൽ, മുജാഹിദാശയങ്ങളുടെ വരവോടെ വീട്ടകങ്ങളെ കേന്ദ്രമാക്കി നിലനിന്നിരുന്ന സാമൂഹിക, സാംസ്കാരിക, ആത്മീയഘടകങ്ങൾ സമ്മേളിച്ചിരുന്ന വേളകൾ പ്രാകൃതനടപടികളായും മതവിരുദ്ധമായും ചാപ്പകുത്തപ്പെട്ടു.

 

ഓരോ വിശേഷാവസരത്തിലും ഓരോ വീട്ടകങ്ങളുടെയും ആത്മീയതയെ കൂടുതൽ തെളിച്ചമാക്കിയിരുന്ന മൗലൂദ് സദസുകൾപോലുള്ള ആത്മീയഘടകങ്ങളെ കുറാഫാത്തെന്ന് അവമതിച്ച്, പിന്തിരിപ്പൻ നടപടികളെന്നു നാടുനീളെ പ്രസംഗിച്ച് ഇവയെയെല്ലാം ഇല്ലാതാക്കുന്നതിൽ വളരെ ‘പ്രശംസാവഹമായ’ ഇടപെടലാണ് ഇസ് ലാമിലെ പുത്തൻ പ്രസ്ഥാനങ്ങൾ നടത്തിയത്. കേരളത്തിലെ ഇസ് ലാമിന്റെ തനിമയിൽ ഉള്ളടങ്ങിയിരുന്ന സാംസ്കാരികതകളെയും ആത്മീയതകളെയും വേരറുത്തുകളഞ്ഞ് ഊഷരമായ അനുഷ്ഠാനങ്ങളാക്കി അവയെ പരിണമിപ്പിച്ചപ്പോൾ വീട്ടകമെന്ന സ്ത്രീ അധികാരത്തിന്റെയും കർതൃത്വത്തിന്റെയും ഇടം പെണ്ണിനു വെച്ചുണ്ടാക്കാനും രാത്രി ഉറങ്ങാനുമുള്ള വെറും കെട്ടിടമായി ചുരുക്കപ്പെട്ടു. ഇവിടെ, നഷ്ടമായത് ബഹുസാംസ്കാരികവും ജൈവികവുമായ തനി ഇസ് ലാമിക സാംസ്കാരികത്തിന്റെ ഘടകങ്ങൾ മാത്രമല്ല, ഈ ഇടങ്ങളെയെല്ലാം പരോക്ഷമായി നിർമിച്ചിരുന്ന മുസ് ലിം സ്ത്രീയുടെ ജൈവികമായ പ്രതിനിധാനവും കർതൃത്വവും കൂടിയാണ്.

 

ഉറൂസുകളും നേർച്ചകളും നടക്കുന്ന ഇടങ്ങളിൽ സ്ത്രീകൾ തങ്ങളുടെ വീട്ടിലുണ്ടാക്കിയ ഭക്ഷണം കൊണ്ടുവന്നു വിതരണം ചെയ്യുന്നതും സ്ത്രീകൾക്കായൊരുക്കിയ ഭാഗങ്ങളിൽ വന്ന് പലവിധ പ്രാർഥനകളിലും ഒാത്തുകളിലും ചൊല്ലലുകളിലും മറ്റ് ഏർപ്പെട്ടിരിക്കുന്നതും വിപുലമായി കാണാമായിരുന്നു. എന്നാൽ ഇവയെല്ലാം ശിർക്കും ബിദ്അത്തുമാണെന്നു പറഞ്ഞ് ഇതിനെതിരേ ഒരു വിഭാഗത്തെ തിരിച്ചതോടെ ഇതിലെല്ലാം വിശ്വാസവും ആശ്വാസവും കണ്ടെത്തിയിരുന്ന സ്ത്രീകൾക്കും പ്രതിസന്ധി സൃഷ്ടിക്കന്ന നടപടിയാണ് ഇത്തരം പ്രസ്ഥാനങ്ങളിൽ നിന്നുണ്ടായിട്ടുള്ളത്

 അനന്തരം മുസ്.ലിം പെണ്ണിനു നിർണായകമായ പ്രതിനിധാനമോ കർതൃത്വമോ ഇല്ലാത്ത പള്ളിയിലേക്കും സ്റ്റഡി ക്ലാസുകളിലേക്കും സമ്മേളന നഗരികളിലേക്കും പുരുഷ മേൽനോട്ടത്തിന്റെ കീഴിലേക്ക് അവരെ തെളിച്ചു. ഇത്, ഇസ് ലാമിനോടു ചേർന്നുനിൽക്കുന്നതാണെന്നു കരുതാനാവില്ല.

 

‘നിങ്ങളുടെ വീട്ടകങ്ങളാണ് നിങ്ങൾക്കേറ്റവും ഉത്തമമെ’ന്നത് സ്ത്രീയെ അവളുടെ സ്വൈരവിഹാരത്തിനനുവദിക്കുന്ന ഒരു മതത്തിന്റെ പ്രഖ്യാപനമാണ്. തന്റെ സഹജമായ വാസനകളോടും ശേഷികളോടും ചേർന്നുനിന്ന് അതിനെ ആരാധനയിലും ആഘോഷത്തിലും എല്ലാം പ്രയോഗവത്കരിക്കാനുള്ള പ്രേരണയാണത്. ആ സ്വൈരവിഹാരത്തിൽ നിന്നാണ് അവളെ പുറത്തു കൊണ്ടുവന്ന് ‘നിന്റെ ഏറ്റവും വൈയക്തികമായ ആരാധനപോലും പുരുഷന്റെ മേൽനോട്ടത്തിലേ ആകാവൂ’ അല്ലെങ്കിൽ അതാണ് ഇസ് ലാമിനോട് ചേർന്നുനിൽക്കുന്നതെന്നു പറയുമ്പോൾ സ്ത്രീയുടെ ആരാധനപോലും പുരുഷ നേതൃത്വത്തിലാവണമെന്ന യുക്തിയാണ് പ്രവർത്തിക്കുന്നത്. അതുമല്ലെങ്കിൽ, സ്ത്രീയുടെ അധികാര ഇടത്തിൽനിന്ന് അവളെ പുറത്താക്കി അകത്തിന്റെയും പുറത്തിന്റെയും അധികാരവും നിയന്ത്രണവും ഒരേസമയം തങ്ങളുടെ വരുതിയിലാക്കാനുള്ള പുരുഷാധിപത്യപ്രവണതയെ ഇസ് ലാമിന്റെ പേരു പറഞ്ഞ് സാധൂകരിക്കാനുള്ള ശ്രമം. ഇതു രണ്ടുമല്ലാതെ മറ്റൊരു ന്യായം ഇത്തരം വാദങ്ങളിൽ കാണാൻ സാധിക്കുന്നില്ല. അഥവാ, ഇസ്ലാമിൻ്റെ മേൽവിലാസത്തിൽ പരിഷ്കൃത ആശയങ്ങൾ ഇവിടെ നടപ്പാക്കുന്ന നടപടികൾക്ക് മതപരമായ പ്രത്യാഘാതങ്ങൾ മാത്രമല്ല ഉള്ളത് വളരെ ആഴത്തിലുള്ള സ്ത്രീവിരുദ്ധതയും ഉള്ളടങ്ങിയിട്ടുണ്ടെന്നു സാരം.

 

മുസ് ലിം പെണ്ണിനെ വീട്ടകങ്ങളിൽനിന്ന് പുറത്തുകൊണ്ടുവരാനുള്ള മുജാഹിദ് പ്രസ്ഥാനങ്ങളുടെ ശുഷ്കാന്തി യഥാർഥത്തിൽ നേരത്തെ സൂചിപ്പിച്ച കൊളോണിയൽ പുരുഷഭയത്തിന്റെ മറ്റൊരു വകഭേദം മാത്രമാണ്. ഇസ് ലാമിനെ ഊഷരമായി വായിച്ചതിന്റെ ഭാഗമായി സ്ത്രീയെ പുരുഷമേൽനോട്ടത്തിലും നിരീക്ഷണത്തിലും നിരന്തരം കെട്ടിയിടാനും അവളുടെ പരമാധികാര ഇടമായ വീട്ടകങ്ങളിൽനിന്ന് അവളെ വേർപ്പെടുത്താനുമുള്ള കൊളോണിയൽ പുരുഷബോധത്തിന്റെ അജൻഡ മാത്രമാണിതും. പക്ഷേ, ഈ അജൻഡ ഇസ് ലാമിനോടു ചേർന്നു നിൽക്കുന്നതാണെന്നു വാദിക്കുമ്പോൾ വ്യക്തമാവുന്നത് കൊളോണിയലിസത്തിന്റെ വ്യാജ പരിഷ്കൃത ലക്ഷ്യങ്ങളുമായാണ് ഇവർ കേരളത്തിന്റെ മുസ് ലിം ഇടങ്ങളിൽ വിഹരിക്കുന്നതെന്നതാണ്. 

ആയിശ ഹനീഫ്

 



ബഹുസ്വരതയുടെ വേരുകള്‍

ബഹുസ്വരതയുടെ വേരുകള്‍

 .

ബഹുസ്വരതയുടെ വേരുകള്‍

ഗോത്രീയവിഭാഗീയതകളും സംഘര്‍ഷ ങ്ങളും ആളിക്കത്തിച്ച വരണ്ട ഭൂപ്രദേശമായിരുന്നു ഏഴാം നൂറ്റാണ്ടിലെ അറേബ്യന്‍ ഉപദ്വീപ്. ഈ സ്ഥലിയിലേക്കാണ് സഹവര്‍ത്തിത്വത്തിന്റെ വിപ്ലവകരമായ പാത പ്രബോധനം ചെയ്തുകൊണ്ട് മുഹമ്മദ് നബി (സ) കടന്നുവരുന്നത്. മക്കയിലെ തെരുവുകളില്‍നിന്ന് മദീനയിലെ മരുപ്പച്ചകളിലേക്ക് ഇസ്്‌ലാം വളര്‍ന്നത് ആധിപത്യ ശക്തിയായിട്ടല്ല, ബഹുസ്വരതയുടെ പ്രകാശഗോപുരമായിട്ടായിരുന്നു. 'മതത്തില്‍ നിര്‍ബന്ധമില്ല' (2:256) എന്ന ഖുര്‍ആനിക ആഹ്വാനത്തില്‍ വേരൂന്നിയ പ്രവാചകജീവിതം, സഹിഷ്ണുതയുടെയും വിവിധ മത-സാംസ്‌കാരിക വിഭാഗങ്ങളെ ഒരുമിപ്പിച്ചുനിര്‍ത്തുന്നതിന്റെയും ഉദാത്ത മാതൃകയായി വര്‍ത്തിച്ചു. കേവലമായ രാഷ്ട്രീയതന്ത്രമെന്നതില്‍ കവിഞ്ഞ്, വൈവിധ്യത്തില്‍ അധിഷ്ഠിതമായ ദൈവികപദ്ധതിയായി വേണം ഇതിനെ മനസിലാക്കാന്‍. സമകാലിക ലോകത്തില്‍ ആഗോളമായി സംഘര്‍ഷങ്ങള്‍ പുകയുമ്പോള്‍, ആ കാലഘട്ടത്തിലേക്ക് തിരിഞ്ഞുനോക്കുന്നത് ഐക്യത്തിന്റെ കാലാതീതമായ പാഠങ്ങള്‍ നമുക്കു നല്‍കുന്നു.

ക്രിസ്തുവര്‍ഷം 610ല്‍ മക്ക, പ്രാദേശിക ഗോത്രനേതാക്കളുടെ  കീഴില്‍ അധാർമ്മിക രീതികൾ നിറഞ്ഞ ഒരിടമായിരുന്നു. ഹിറാഗുഹയില്‍ വച്ച് മുഹമ്മദ് നബിക്ക് (സ) ആദ്യമായി ദിവ്യബോധനം ലഭിച്ചപ്പോള്‍, വിഹ്വലതയാല്‍ അവിടുന്ന് പത്‌നി ഖദീജ (റ)യുടെ അടുത്തേക്ക് ഓടിച്ചെന്നു. ഇതുസംബന്ധിച്ച് ഖദീജ (റ) ഉപദേശം തേടിയത് അവരുടെ ബന്ധുവും ഹീബ്രു ഗ്രന്ഥങ്ങളില്‍ പണ്ഡിതനുമായ വറഖ ഇബ്‌നു നൗഫല്‍ എന്ന ക്രിസ്ത്യന്‍ പുരോഹിതനോടായിരുന്നു. മൂസ നബിക്കു ലഭിച്ചതിനു സമാനമായ ദൈവിക വെളിപാടാണിതെന്നു തിരിച്ചറിഞ്ഞ വറഖ, പ്രവാചകത്വത്തെ ശരിവയ്ക്കുകയും മുന്നറിയിപ്പു നല്‍കുകയും ചെയ്തു: 'ഇത് അല്ലാഹു മൂസാക്ക് (അ) അയച്ച അതേ മാലാഖയാണ്. താങ്കളുടെ ജനത താങ്കളെ പുറത്താക്കുമ്പോള്‍ ഞാനൊരു ചെറുപ്പക്കാരനായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു.' ഉദയം ചെയ്യുന്ന ഇസ്്‌ലാമിക വെളിപാടിനെ ഒരു ക്രിസ്ത്യന്‍ പണ്ഡിതന്‍ അംഗീകരിക്കുന്നത് അബ്രഹാമിക പാരമ്പര്യങ്ങളെ മായ്ച്ചുകളയാതെ പരസ്പരം ബന്ധിപ്പിക്കുന്ന ബഹുസ്വരതയുടെ ആദ്യ വേരുകളെയാണ് അടയാളപ്പെടുത്തുന്നത്.

മക്കയിലെ പീഡനകാലത്ത്, ഏകദേശം ഇരുന്നൂറു പേര്‍ മാത്രമുണ്ടായിരുന്ന മുസ്്‌ലിംകള്‍ ഒരു രഹസ്യ ന്യൂനപക്ഷമായി തുടര്‍ന്നു. പ്രവാചകര്‍ (സ) ഏകദൈവ വിശ്വാസം സൗമ്യമായി പ്രബോധനം ചെയ്യുകയും മറ്റുള്ളവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കുകയും ചെയ്തു. മക്കക്കാര്‍ അവിടുത്തെ തിരസ്‌കരിച്ചപ്പോള്‍ പ്രതികാരത്തിനല്ല, മറിച്ച് അവരുടെ മാര്‍ഗദര്‍ശനത്തിനായാണ് അവിടുന്ന് പ്രാര്‍ഥിച്ചത്. ത്വാഇഫില്‍ കല്ലേറിനിരയായപ്പോഴും പ്രാര്‍ഥിച്ചത് ഇങ്ങനെയായിരുന്നു: 'അല്ലാഹുവേ, എന്റെ ജനതക്കു നീ വഴികാണിക്കേണമേ, അവര്‍ അറിവില്ലാത്തവരാണ്.' ക്രിസ്തുവര്‍ഷം 615ല്‍, അനുയായികളെ ക്രിസ്ത്യന്‍ രാജ്യമായ അബ്്‌സീനിയയിലേക്ക് അയച്ചു. അവിടുത്തെ നജ്ജാശി രാജാവ് അവര്‍ക്ക് അഭയം നല്‍കി, അവരുടെ വിശ്വാസം തന്റേതുമായി ചേര്‍ന്നുനില്‍ക്കുന്നുവെന്നു പ്രഖ്യാപിച്ചു. മതങ്ങള്‍ക്കതീതമായ ഈ രാഷ്ട്രീയ അഭയാര്‍ഥിത്വം, അഥവാ ക്രിസ്ത്യാനികളാല്‍ സംരക്ഷിക്കപ്പെട്ട മുസ്്‌ലിംകള്‍ എന്നത് ലോക രാഷ്ട്രീയചരിത്രത്തില്‍ തന്നെ മതസഹിഷ്ണുതയുടെയും അഭയാര്‍ഥി കുടിയേറ്റത്തിന്റെയും മാനത്തില്‍ പ്രതിഷ്ഠിച്ച് പഠനവിധേയമാക്കാനുതകുന്ന ചരിത്രസംഭവങ്ങളാണ്.

ഖുര്‍ആന്‍ ഈ നിലപാടിന് അടിവരയിട്ടു: 'നിങ്ങള്‍ക്കു നിങ്ങളുടെ മതം, എനിക്ക് എന്റെ മതം' (109:6), 'വേദക്കാരോട് ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ സംവാദം നടത്തരുത്' (29:46). പ്രതിസന്ധികള്‍ക്കിടയിലും മക്കയില്‍ പുലര്‍ത്തിയ ഈ ബഹുസ്വരത, മദീനയിലെ ധീരമായ സാമൂഹിക പരീക്ഷണങ്ങള്‍ക്കു കളമൊരുക്കി. ക്രിസ്തുവര്‍ഷം 622ലെ ഹിജ്‌റ (പലായനം) മദീനയെ ഒരു ബഹുസ്വര സങ്കേതമാക്കി മാറ്റി. അക്കാലത്ത് മദീനയിലെ ഏറ്റവും വലിയ സമൂഹം യഹൂദന്മാരായിരുന്നു, അറബ് ഗോത്രങ്ങളും അവിടെ ഗണ്യമായുണ്ടായിരുന്നു, മുസ്്‌ലിംകള്‍ ഒരു ചെറിയ ന്യൂനപക്ഷവുമായിരുന്നു. അവിടെയെത്തിയ പ്രവാചര്‍ (സ) തയാറാക്കിയ 'മദീന ഭരണഘടന' (Charter of Medina), എല്ലാ വിഭാഗങ്ങളെയും ഒരൊറ്റ 'ഉമ്മത്ത്' (സമൂഹം) ആയി പ്രഖ്യാപിക്കുന്ന വിപ്ലവകരമായ രേഖയായിരുന്നു. ഇത് മതസ്വാതന്ത്ര്യം, പരസ്പര പ്രതിരോധം, തുല്യത എന്നിവ ഉറപ്പുനല്‍കി. അതിലെ പ്രധാന വ്യവസ്ഥ ഇങ്ങനെയായിരുന്നു: 'ജൂതന്മാര്‍ വിശ്വാസികളോടൊപ്പം ഒരു സമൂഹമാണ്... അവര്‍ക്ക് അവരുടെ മതം, മുസ്്‌ലിംകള്‍ക്ക് അവരുടേതും.'

ചരിത്രത്തിലെ ആദ്യത്തെ ഈ ലിഖിത ഭരണഘടന, ബഹുസ്വരതയെ പ്രവര്‍ത്തനത്തിലൂടെ യാഥാര്‍ഥ്യമാക്കി. ജൂതന്മാര്‍ക്ക് അവരുടെ ആഭ്യന്തരകാര്യങ്ങളില്‍ പൂര്‍ണ സ്വയംഭരണാവകാശം നല്‍കി. നിര്‍ബന്ധിത മതപരിവര്‍ത്തനം ഉണ്ടായില്ല, പകരം സഖ്യങ്ങള്‍ തഴച്ചുവളര്‍ന്നു. ഇതിന്റെ ഉജ്ജ്വലമായ ഉദാഹരണമാണ് മുഖൈരിഖ് എന്ന ജൂതപുരോഹിതന്‍. ക്രിസ്തുവര്‍ഷം 625ലെ ഉഹ്്ദ് യുദ്ധത്തില്‍, തന്റെ സമുദായത്തിന്റെ സാബത്ത് നിയമം ലംഘിച്ച് അദ്ദേഹം പ്രവാചകനോടൊപ്പം പോരാടി. മാരകമായി മുറിവേറ്റ അദ്ദേഹം, തന്റെ തോട്ടങ്ങളും സമ്പത്തും മുഹമ്മദ് നബിക്ക് (സ) നല്‍കാന്‍ വസ്വിയ്യത്ത് ചെയ്തു. ഇസ്‌ലാമിലെ ആദ്യത്തെ 'വഖ്ഫ്' (പൊതുസ്വത്ത്) ആയി മാറിയ ആ സ്വത്ത്, പാവപ്പെട്ടവര്‍ക്കായി വിനിയോഗിച്ചു. 'ജൂതന്മാരില്‍ ഏറ്റവും ഉത്തമന്‍' എന്നു പ്രവാചകര്‍ (സ) വിശേഷിപ്പിച്ച മുഖൈരിഖിന്റെ ത്യാഗം, ഒരു ജൂതന്റെ സമര്‍പ്പണം മുസ്്‌ലിം സമൂഹത്തിനു താങ്ങായതിന്റെ മതാതീത ഐക്യദാര്‍ഢ്യത്തിന്റെ ചരിത്രമാണ്.

ക്രിസ്തുവര്‍ഷം 628ല്‍ സീനായ് പര്‍വതത്തിലെ ക്രിസ്ത്യന്‍ സന്യാസിമാര്‍ക്കു നല്‍കിയ 'അഷ്ടിനാമെ' (AShtiname) എന്ന ഉടമ്പടി, ക്രിസ്ത്യാനികള്‍ക്കു സംരക്ഷണം ഉറപ്പുനല്‍കി. പ്രവാചകന്റെ കൈപ്പത്തി പതിഞ്ഞ ഈ രേഖയില്‍ ഇങ്ങനെ പറയുന്നു: 'അവരുടെ മേല്‍ ഒരു നിര്‍ബന്ധവും പാടില്ല. അവരുടെ പള്ളികള്‍ ബഹുമാനിക്കപ്പെടണം.'ക്രിസ്ത്യന്‍ പുരോഹിതരെ ഉപദ്രവിക്കുന്നത് വിലക്കുകയും അവരെ നികുതിയില്‍നിന്ന് ഒഴിവാക്കുകയും ആരാധനാലയങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ മുസ്്ലിംകള്‍ സഹായിക്കണമെന്നും കല്‍പ്പിച്ചു. ഇതു ലംഘിക്കുന്നവര്‍ ദൈവികകോപത്തിന് ഇരയാകുമെന്നും മുന്നറിയിപ്പു നല്‍കി. സെന്റ്്കാതറിന്‍ ആശ്രമത്തില്‍ ഇന്നും സൂക്ഷിച്ചിട്ടുള്ള ഈ ഉടമ്പടി, ദൂരദേശത്തുള്ള ക്രിസ്ത്യാനികളുടെ പോലും വിശ്വാസസ്വാതന്ത്ര്യം ഉറപ്പാക്കിയ സജീവമായ ബഹുസ്വരതയുടെ പ്രതീകമാണ്.

ഉടമ്പടികള്‍ പിന്നെയും തുടര്‍ന്നു: 624ല്‍ നജ്‌റാനിലെ ക്രിസ്ത്യാനികളുമായി ഉണ്ടാക്കിയ കരാറും പ്രവാചകപള്ളിയില്‍ അവര്‍ക്ക് ആരാധന നടത്താനും ദൈവശാസ്ത്ര സംവാദങ്ങളില്‍ ഏര്‍പ്പെടാനുള്ള അനുവാദവും നല്‍കി. 630ലെ മക്കാവിജയത്തില്‍ എല്ലാവര്‍ക്കും പൊതുമാപ്പു നല്‍കി, വിഗ്രഹങ്ങള്‍ സമാധാനപരമായി നീക്കംചെയ്തു. 632ലെ വിടവാങ്ങല്‍ പ്രസംഗത്തില്‍, 'അറബിക്ക് അനറബിയെക്കാളോ വെള്ളക്കാരന് കറുത്തവനെക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല. എല്ലാ മനുഷ്യരും ആദമില്‍നിന്നും ഹവ്വയില്‍നിന്നുമാണ്' എന്നു പ്രഖ്യാപിച്ച് മനുഷ്യസമത്വം ഊട്ടിയുറപ്പിച്ചു. ഖുര്‍ആന്‍ വചനങ്ങള്‍ ഈ സാമൂഹികഘടനയെ ബലപ്പെടുത്തി: 'മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്യാത്തവരോട് നന്മ ചെയ്യുന്നതും നീതി കാണിക്കുന്നതും അല്ലാഹു വിലക്കുന്നില്ല' (60:8), 'സന്യാസിമഠങ്ങള്‍, പള്ളികള്‍, സിനഗോഗുകള്‍ എന്നിവയുടെ സംരക്ഷണം' (22:40). 'ആരൊരുവന്‍ ഒരു അമുസ്്‌ലിമിനെ ഉപദ്രവിക്കുന്നുവോ, ഞാന്‍ അവനെതിരേ വാദിക്കുന്നവനായിരിക്കും' എന്ന പ്രവാചകവചനം ഇതിന് അടിവരയിടുന്നു.

ഏഴാം നൂറ്റാണ്ടില്‍ മക്കയിലും മദീനയിലും പരിസരപ്രദേശങ്ങളിലും ഇവ്വിധം പ്രചരിച്ചുകൊണ്ടിരിക്കുന്ന കാലത്തുതന്നെ ഇസ്്‌ലാം കേരളക്കരയിലും എത്തി എന്നത് ചരിത്രവസ്തുതകളാല്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്. ഏഴാം നൂറ്റാണ്ടിനു മുമ്പേ വാണിജ്യ ബന്ധമുള്ള ജൂത, ക്രിസ്ത്യന്‍ മതങ്ങള്‍ പ്രചരിച്ച കേരളീയ ഭൂമിയിലേക്ക് അക്കാലത്തുതന്നെ ഇസ്്‌ലാം പ്രചരിച്ചു എന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. ചരിത്രഗ്രന്ഥങ്ങളിലും ഐതിഹ്യങ്ങളിലും പതിഞ്ഞുകിടക്കുന്ന ചേരമാന്‍ പെരുമാളിന്റെ ഇസ്്‌ലാമിക ആശ്ലേഷത്തോടെയോ മാലിക് ദീനാറിന്റെയും സംഘത്തിന്റെയും കടന്നുവരവോടെയോ ഇസ്്‌ലാമിന്റെ വ്യാപനം കേരളത്തില്‍ ശക്തിപ്പെട്ടിരിക്കാം. പ്രവാചകര്‍ (സ)യുടെ ജീവിതകാലത്തുതന്നെ സ്വഹാബാക്കളിലൂടെ ഇസ്്‌ലാം കേരളത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട് എന്നത് ചരിത്രഗ്രന്ഥങ്ങളുടെ അത്രകണ്ട് പിന്‍ബലമില്ലാത്ത അഭിപ്രായവും തള്ളിക്കളയേണ്ടതായിട്ടില്ല. മറിച്ച് ഏറെ വാണിജ്യ സാംസ്‌കാരിക കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടായിരുന്ന രണ്ടുപ്രദേശങ്ങള്‍ തമ്മിലുള്ള പാരസ്പര്യത്തിന്റെ അനിവാര്യതയെന്നോണം അതങ്ങനെ സംഭവിച്ചിരിക്കാം എന്നുവേണം അനുമാനിക്കാന്‍. പ്രവാചകരുടെ(സ) കാലത്തുതന്നെ മലയാളമണ്ണില്‍ അന്നത്തെ കേരള രാജാക്കന്മാര്‍ ഇസ്്‌ലാം മതത്തെ സ്വീകരിക്കുകയും പ്രതിഷ്ഠിക്കുകയുമാണുണ്ടായിരുന്നത് എന്ന് ചരിത്രവായനയില്‍നിന്ന് മനസിലാക്കിയെടുക്കാം.

പള്ളികള്‍ പണിയാന്‍ ആവശ്യമായ സ്ഥലം, അതിനാവശ്യമായ തോട്ടങ്ങള്‍, കുടുംബജീവിതം നയിക്കാന്‍ അറബികള്‍ക്ക് കേരളീയ വനിതകളെ വിവാഹം കഴിക്കാനുള്ള അനുവാദം, ഇവിടെ ജീവിതം പലര്‍ത്താനുള്ള അനുവാദം തുടങ്ങിയവ കേരള രാജാക്കന്മാര്‍ ഒരുക്കി. അങ്ങനെ കേരളത്തില്‍ വേരോട്ടം ലഭിച്ച ഇസ്്‌ലാംമതം മക്കയും മദീനയും ഏതു രൂപത്തിലാണോ നിലകൊണ്ടത് സമാന സകല സാംസ്‌കാരിക ഔന്നിത്യങ്ങളും ഇവിടെ പുലര്‍ത്തി. അതിനാലാണ് ഈ സ്വീകാര്യത ലഭ്യമായതും ഈ മണ്ണില്‍ തഴച്ചുവളരാനുമായത്. സമീപ നൂറ്റാണ്ടിലെ തുഹ്ഫതുല്‍ മുജാഹിദീനും ഫത്്ഹുല്‍ മുഈനുമെല്ലാം കേരളത്തിലെ ഹൈന്ദവ രാജാക്കന്‍മാരും ഇസ്്‌ലാമികസമൂഹവും തമ്മിലുള്ള പാരസ്പര്യത്തെ പ്രഖ്യാപിക്കുന്നതായ ലിഖിതരേഖകളാണ്. യഥാര്‍ഥത്തില്‍ മക്കയിലും മദീനയിലും മുളപൊട്ടിയ ഇസ്്‌ലാം നൂറ്റാണ്ടുകളിത്രയുമായി കേരളീയ ഭൂമികയില്‍ വളര്‍ന്നു പന്തലിച്ചു.

കോളനിവല്‍കൃത സ്വാതന്ത്ര്യ സമരഭൂമികയിലെ കേരളം ആധുനികതയിലേക്ക് നടന്നടുക്കാനിരിക്കുന്ന ഘട്ടത്തില്‍ യഥാര്‍ഥ ഇസ്്‌ലാമിന്റെ പിന്‍മുറ എന്നോണമാണ് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ 1926ല്‍ രൂപീകരിക്കപ്പെട്ടത്. കൊളോണിയല്‍ ആധുനികതയില്‍ രൂപപ്പെട്ട പുതിയ ലോകക്രമത്തില്‍ ജനാധിപത്യത്തിലേക്ക് കാല്‍വയ്്ക്കാനിരിക്കുന്ന രാജ്യത്തെ പുതിയ മൂല്യക്രമത്തില്‍ അനുസൃതമായി ഇസ്്‌ലാമിനെ സംരക്ഷിക്കാന്‍ പുതിയ വഴി തുറക്കുകയായിരുന്നു അന്ന് സമസ്ത. ഏഴാം നൂറ്റാണ്ടു മുതല്‍ പത്തൊമ്പതാം നൂറ്റാണ്ടുവരെ ഈ മണ്ണില്‍ അറേബ്യയില്‍നിന്ന് നേരിട്ട് പ്രചരിച്ച ഇസ്്‌ലാമിന് ഒരു സംഘടനാരൂപം, ഇതാകട്ടെ 1926നു മുമ്പ് ഉടലെടുത്ത മറ്റു ചില ഇസ്്‌ലാമിക സംഘടനാ രൂപങ്ങളെ, കൊളോണിയല്‍ കൂട്ടുകെട്ടില്‍ പിറന്ന നവീന ഇസ്്‌ലാമിക രാഷ്ട്രീയ രൂപത്തെ- ചെറുക്കാന്‍ കൂടിയായിരുന്നു എന്നതാണു വസ്തുത. യഥാര്‍ഥ ഇസ്്‌ലാമിന്റെ സംരക്ഷണത്തിനുള്ള പ്രതിരോധം എന്ന നിര്‍ബന്ധിതാവശ്യത്തില്‍നിന്ന് ഉയിര്‍കൊണ്ട സംഘടനാ കൂട്ടായ്മയായിരുന്നു സമസ്ത കേരള ജംഇയ്യതുല്‍ ഉലമ.

1926ൽ ഉദയം ചെയ്ത സമസ്ത യഥാർഥ ഇസ്്ലാമിനെ എല്ലാ പ്രതിസന്ധികളിലും മുറുകെപ്പിടിച്ചു. പരസ്പര ബഹുമാനത്തിലും സഹിഷ്ണുതയിലും വിട്ടുവീഴ്ചയിലും നീതിയിലും കെട്ടിപ്പടുത്ത ഇസ്‌ലാമിക സംഘടനാ രൂപമായി സമസ്ത നിലകൊള്ളുമ്പോൾ സമസ്ത ചെറുത്തത് അസഹിഷ്ണുതവും ഏകശിലാത്മകവുമായ നജ്ദ് കേന്ദ്രീകൃത സാമ്രാജ്യത്വ ഇംഗിതത്തിന് പ്രവർത്തിക്കുന്ന നവീന ഇസ്‌ലാമിനെയാണ്. ഇത് ഇസ്‌ലാമിക വിശ്വാസികൾ മാത്രമല്ല പൊതുജനവും ആശ്വാസമായി കാണേണ്ട ഒന്നാണ്. സമസ്ത അറുപതാം വാര്‍ഷിക സമ്മേളനത്തില്‍ ശംസുല്‍ ഉലമ പ്രഖ്യാപിച്ചത്, 'വാവരുവലിയുള്ളയും അയ്യപ്പസ്വാമിയും തമ്മിലുള്ള സൗഹാര്‍ദനില എക്കാലത്തും മലയാളമണ്ണില്‍ നിലനില്‍ക്കണം' എന്നാണ്. ഇതാകട്ടെ യഥാര്‍ഥ ഇസ്്‌ലാമായ, സമസ്ത വിഭാവനം ചെയ്യുന്ന പാരമ്പര്യ സുന്നി സൂഫി ഇസ്്‌ലാം ഈ മണ്ണില്‍ നിലനിന്നാല്‍ മാത്രം സാധ്യമാകുന്ന ഒന്നുമാണ്.

.


 

 

 

 

ഉദാരതയുടെ വിഷബാധ

ഉദാരതയുടെ വിഷബാധ

 .

ഉദാരതയുടെ വിഷബാധ

ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തെക്കുറിച്ചുള്ള സംവാദങ്ങൾ പതിവായി ചില പരിചിത വഴികളിലൂടെ മാത്രമാണ് സഞ്ചരിക്കുന്നത്. അധിനിവേശം, കുടിയേറ്റം, അന്താരാഷ്ട്ര നിയമലംഘനങ്ങൾ, മനുഷ്യാവകാശങ്ങൾ, രാഷ്ട്രങ്ങളുടെ അതിരുകൾ എന്നിങ്ങനെയുള്ള ഭൗതികവും നിയമപരവുമായ തലങ്ങളിൽ മാത്രമാണ് ഈ ചർച്ചകൾ ഒതുങ്ങിനിൽക്കുന്നത്. പോസ്റ്റ്കൊളോണിയൽ ചിന്തകരും സൊഹ്റാൻ മാംദാനിയെ പോലുള്ള  രാഷ്ട്രീയക്കാരും ഈ ആശയങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നവരാണ്. ഈ വിമർശകർ ആഗോള സംഘർഷങ്ങളെയും അധിനിവേശങ്ങളെയും ഭൂമിയുടെയും പരമാധികാരത്തിന്റെയും പ്രശ്നമായി ചുരുക്കുമ്പോൾ ഇവ അധിനിവേശത്തിന്റെ ഘടനാപരമായ യാഥാർത്ഥ്യങ്ങളെ വരച്ചുകാട്ടുന്നുണ്ടെങ്കിലും, അവ രോഗലക്ഷണങ്ങളെ മാത്രമാണ് ചികിത്സിക്കുന്നത്; രോഗത്തിന്റെ മൂലകാരണത്തെ സ്പർശിക്കാൻ അവർക്ക് കഴിയുന്നില്ല. ഈ വിമർശനങ്ങളുടെ അടിസ്ഥാനപരമായ പരിമിതി അവ വിമർശിക്കുന്ന അതേ പാശ്ചാത്യ ഉദാരവാദത്തിന്റെ പുരോഗമനാശയങ്ങൾ പേറുന്നവരാണ് വിമർശകരും എന്നുള്ളതു തന്നെയാണ്. ഉദാരവാദ അവകാശങ്ങളുടെയും സാർവത്രിക നിയമങ്ങളുടെയും ഭാഷയിൽ സംസാരിക്കുന്നതിലൂടെ, അവർ തങ്ങൾ എതിർക്കുന്നു എന്ന് അവകാശപ്പെടുന്ന അതേ ആശയങ്ങളുടെ പ്രത്യയശാസ്ത്രപരമായ സാമ്രാജ്യത്വത്തിന്റെ പ്രചാരകരായി മാറുകയാണ്.

ഇവിടെ വിസ്മൃതമാകുന്നതാവട്ടെ, യഥാർത്ഥ ദുരന്തം ഭൂമിയുടെ വിഭജനത്തിലോ രാഷ്ട്രീയ അധികാരത്തിന്റെ അസന്തുലിതാവസ്ഥയിലോ ഒതുങ്ങുന്നില്ല എന്നതുമാണ്. ഇവയേക്കാൾ ആഴമേറിയതും അദൃശ്യവുമായ ഒരു പ്രതിസന്ധിയാണ് യഥാർത്ഥത്തിൽ ലോകം നേരിടുന്നത്. മാംദാനിയെ പോലുള്ളവർ കാണുന്നത് ഭൂമിയ്ക്ക് മേലുള്ള അധിനിവേശം മാത്രമാണ്; അവർ കണ്ടില്ലെന്നുവെക്കുന്നതോ സംസ്കാരത്തിന്റെ, ആത്മാവിന്റെ മേലുള്ള അധിനിവേശവുമാണ്. സാമ്രാജ്യത്വ അധിനിവേശങ്ങൾ ലോകത്തെവിടെ നടന്നാലും അത് രണ്ട് ജനതകളോ രണ്ട് രാഷ്ട്രീയഘടനകളോ എന്നതിലേക്ക് മാത്രമായൊതുങ്ങാതെ പ്രത്യയശാസ്ത്ര ചെറുത്തുനിൽപ്പിന്റെ മാനത്തിൽ പ്രതിഷ്ഠിച്ചു മനസ്സിലാക്കേണ്ടതുണ്ട്. ഇങ്ങനെ നോക്കുമ്പോൾ ഫലസ്തീനിലെ യഥാർത്ഥ പോരാട്ടം നടക്കുന്നത് രണ്ട് ജനതകൾ തമ്മിലല്ല, മറിച്ച്, എല്ലാ ജനതകളെയും ഒരുപോലെ കാർന്നുതിന്നുന്ന ആഗോള പ്രത്യയശാസ്ത്രത്തിനെതിരെയാണ്. പാശ്ചാത്യ ഉദാരവാദം എന്ന ഈ പ്രത്യയശാസ്ത്രം, അതിന്റെ വ്യക്തിവാദം, ഭൗതികവാദം, പാരമ്പര്യനിഷേധം എന്നിവയിലൂടെ, ആയിരക്കണക്കിന് വർഷങ്ങളായുള്ള ചരിത്രവും ആത്മീയ പാരമ്പര്യവുമുള്ള ഒരു ദേശത്തിന്റെ ആത്മാവിനെത്തന്നെ ശൂന്യമാക്കിക്കൊണ്ടിരിക്കുകയാണ്. ഈ സംഘർഷം, യഥാർത്ഥത്തിൽ, ഒരു ആഗോള നാഗരിക പോരാട്ടത്തിന്റെ ഏറ്റവും സ്പഷ്ടമായ പ്രതിഫലനമാണ്.

 

അധിനിവേശത്തെക്കുറിച്ചുള്ള നിയമപരവും രാഷ്ട്രീയവുമായ വിമർശനങ്ങൾ പ്രധാനപ്പെട്ട ധർമ്മം നിർവഹിക്കുന്നുണ്ട് എന്നതു ശരിതന്നെ. മാംദാനിയുടെ വിമർശനവും ഇതേ ധർമ്മത്തിലാണ് എന്നതിനാൽ ഏറെ ശ്രദ്ധേയവും പ്രാമാണ്യമർഹിക്കുന്നതുമാണ്. അവ അനീതിയെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നു. എന്നാൽ ഈ വിമർശനങ്ങൾ പാശ്ചാത്യ ഉദാരവാദത്തിന്റെ ബൗദ്ധിക ചട്ടക്കൂടിനുള്ളിലാണ് പ്രവർത്തിക്കുന്നത് എന്നു വരുമ്പോൾ പ്രത്യയശാസ്ത്രപരമായൊരു വഴികേട് അതിലില്ലേ എന്നും ന്യായമായി സംശയിക്കാവുന്നതാണ്. "മനുഷ്യാവകാശം" എന്ന ആശയം തന്നെ, അതിന്റെ സാർവത്രിക അവകാശവാദങ്ങളോടെ, പാശ്ചാത്യ ജ്ഞാനോദയത്തിന്റെ ഉൽപ്പന്നമാണ് എന്നത് അംഗീകൃത വസ്തുതയാണ്. അത് വ്യക്തിയെ സമൂഹത്തിൽ നിന്നും പാരമ്പര്യത്തിൽ നിന്നും മതത്തിൽ നിന്നും വേർപെടുത്തുന്ന ആധുനിക രാഷ്ട്രീയഘടനയുടെ സാങ്കേതികതയാണ്. കൊളോണിയലിസവും സാമ്രാജ്യത്വവും ഇതേ ആധുനികതയുടെ ഉൽപ്പന്നമാണെന്നതും ഈ ഘട്ടത്തിൽ ഓർക്കണം. അങ്ങനെയെങ്കിൽ, ആധുനികതയുടെ വ്യവഹാരത്തിലൂടെ ഒരു ജനതയുടെ അധിനിവേശത്തെ എതിർക്കുമ്പോൾ, നാമറിയാതെ തന്നെ ആ ജനതയുടെ സാംസ്കാരികവും ആത്മീയവുമായ ഘടനയെ തകർക്കുന്ന, അതേ പ്രത്യയശാസ്ത്രത്തെ ഏറെ വൈകാതെ സാധൂകരിക്കേണ്ടി വരുന്ന വളരെ സങ്കീർണമായൊരു അവസ്ഥയിലേക്ക് എത്തിച്ചേർന്നെന്നു വരാം .

 

വിമർശകർ സൈനിക സാമ്രാജ്യത്വത്തെ എതിർക്കുന്നു, എന്നാൽ പ്രത്യയശാസ്ത്രപരമായ സാമ്രാജ്യത്വത്തെ തിരിച്ചറിയുന്നില്ല. മാംദാനി ടാങ്കുകളും അധിനിവേശങ്ങളും കാണുന്നു; പക്ഷേ, പാശ്ചാത്യ ലിബറൽ വിദ്യാഭ്യാസത്തെയും ആശയങ്ങളെയും ഇറക്കുമതി ചെയ്യുന്ന വമ്പൻ അക്കാദമിക അജണ്ടകളും എൻ ജി ഓ പ്രവർത്തനങ്ങളും അവയുടെ ലിബറൽ പ്രചാരണത്തിനായുള്ള ഫണ്ടിങ്ങുകളും കാണാതെ പോവുന്നു. ഒരു ഭാഗത്ത് ഘടനാപരമായ സാമ്രാജ്യത്വത്തെയും അധിനിവേശത്തെയും എതിർക്കുന്നവർക്ക് വൈജ്ഞാനികാധിനിവേശത്തെ കൃത്യമായി കാണാൻ സാധിക്കുന്നില്ലെന്നു മാത്രമല്ല, പലപ്പോഴും അതിന്റെ കയ്യിലെ ഉപകരണങ്ങളോ പ്രചാരണങ്ങളോ ആയും മാറുന്നതാണ് കാണാനാവുന്നത്. അത്യന്തം സൂക്ഷ്മമായി നിരീക്ഷിക്കേണ്ടുന്നതും പ്രതിരോധപരമായി തന്നെ ഇടപെടേണ്ടതുമായ തലമാണിതും.

കാരണം, പാശ്ചാത്യലിബറൽ മൂല്യങ്ങൾഒരു പരമ്പരാഗത സമൂഹത്തിന്റെ കുടുംബഘടനയെയും ധാർമ്മിക ബോധത്തെയും എങ്ങനെയാണ് സാവധാനം ഇല്ലാതാക്കുന്നതെന്ന് കാണാൻ സൂക്ഷ്മമായ ഉൾക്കാഴ്ച ആവശ്യമാണ്. അന്താരാഷ്ട്ര നിയമത്തിന്റെ പേരിൽ വാദിക്കുന്നവർ, ആ നിയമങ്ങൾ രൂപപ്പെടുത്തിയ പാശ്ചാത്യ ശക്തികളുടെ ലോകവീക്ഷണത്തെയാണ് പരോക്ഷമായി അംഗീകരിക്കുന്നത്.

പാശ്ചാത്യ ഉദാരവാദം, കേവലം ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ഒരു രാഷ്ട്രീയ സംവിധാനമല്ല. അതൊരു സമഗ്രമായ ലോകവീക്ഷണമാണ്. അതിന്റെ കാതൽ, പരിധിയില്ലാത്ത വ്യക്തിവാദമാണ്. മംദാനിയുടെ ലൈംഗികരാഷ്ട്രീയ പിന്തുണയുടെ കാതൽ പാശ്ചാത്യ ലോകത്തിന്റെ വ്യക്തിസ്വാതന്ത്ര്യംഎന്ന ഉദാരവാദ സങ്കല്പമാണ്. എന്നാലിത്, നിലവിലുള്ള സമൂഹങ്ങളുടെ തനതായ സാംസ്കാരിക പരിസരങ്ങളിൽ വലിയൊരു സംസ്കാരികമാറ്റം (cultural transformation) സൃഷ്ടിക്കുന്നുണ്ട്. സമൂഹം, കുടുംബം, മതം, രാഷ്ട്രം തുടങ്ങിയ എല്ലാ സാമൂഹിക സ്വത്വങ്ങളെയും അത് സംശയത്തോടെ വീക്ഷിക്കുകയും വ്യക്തിയുടെ സുഖത്തിനും അഭിലാഷങ്ങൾക്കും വേണ്ടി തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. പാരമ്പര്യത്തെ അതൊരു ഭാരമായും, ആത്മീയതയെ ഒരുതരം അന്ധവിശ്വാസമായും, ചരിത്രത്തെ മറികടക്കേണ്ട ഒന്നായും അത് കാണുന്നു. ഈ പ്രത്യയശാസ്ത്രം മുന്നോട്ടുവെക്കുന്നതാകട്ടെ, യഥാർത്ഥത്തിൽ മനുഷ്യന്റെ ആത്മീയവും സാംസ്കാരികവുമായ വൈവിധ്യങ്ങളുടെ അന്ത്യമാണ്. എല്ലാ സംസ്കാരങ്ങളെയും ഒരേപോലെയുള്ള- ഉപഭോഗത്തിലും ഭൗതികതയിലും അധിഷ്ഠിതമായ- ആഗോള കമ്പോളത്തിന്റെ ഉപഭോക്താക്കളാക്കി മാറ്റുക എന്നതാണ് അതിന്റെ ലക്ഷ്യം.

 

ഈ ഉദാരവാദം ഒരു വൈറസ് പോലെ- സാമ്പത്തിക സഹായം, വിദ്യാഭ്യാസം, മാധ്യമങ്ങൾ, മനുഷ്യാവകാശ സംഘടനകൾ എന്നിവയിലൂടെ ലോകമെമ്പാടും പടരുന്നു. അത് പരമ്പരാഗത സമൂഹങ്ങളിലെത്തി, അവരുടെ വിശ്വാസങ്ങളെയും മൂല്യങ്ങളെയും ദുർബലപ്പെടുത്തുന്നു. കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു, ലിംഗഭേദങ്ങളെക്കുറിച്ചുള്ള പരമ്പരാഗത കാഴ്ചപ്പാടുകളെ തകർക്കുന്നു, മതത്തെ പൊതുജീവിതത്തിൽ നിന്ന് സ്വകാര്യതയിലേക്ക് ഒതുക്കുന്നു. ഇതിന്റെ ഫലം ആത്മീയമായി ശൂന്യമായ, തങ്ങളുടെ വേരുകളിൽ നിന്ന് അടർന്നുപോയ, ലക്ഷ്യമില്ലാതെ അലയുന്ന വ്യക്തികളുടെ ഒരു സമൂഹമാണ്.

 

ഒരു വശത്ത്, അമേരിക്കൻ നേതൃത്വത്തിലുള്ള ഏകധ്രുവ ലോകത്തിന്റെ പശ്ചിമേഷ്യയിലെ ഏറ്റവും വിശ്വസ്തനായ സൈനിക സഖ്യകക്ഷിയാണ് ഇസ്രായേൽ. അത് പാശ്ചാത്യ ഉദാരവാദത്തിന്റെ മൂല്യങ്ങളെ, പ്രത്യേകിച്ച് അതിന്റെ സൈനികവും സാങ്കേതികവുമായ മേധാവിത്വത്തെ, പ്രതിനിധീകരിക്കുന്നു. ടെൽ അവീവിലെ ജീവിതവും. തങ്ങളുടെ "ഉദാര" മൂല്യങ്ങൾ, പ്രത്യേകിച്ച് LGBTQ+ അവകാശങ്ങൾ പോലുള്ളവ, പ്രദർശിപ്പിക്കുന്നതിലൂടെ മേഖലയിലെ മറ്റ് സമൂഹങ്ങളിൽ നിന്ന് തങ്ങൾ വ്യത്യസ്തരാണെന്ന് സ്ഥാപിക്കാൻ ഇസ്രായേൽ ശ്രമിക്കുന്നു. ഈ അർത്ഥത്തിൽ, ഇസ്രായേൽ പാശ്ചാത്യ ഉദാരവാദത്തിന്റെ സാംസ്കാരികവും രാഷ്ട്രീയവുമായ അധിനിവേശത്തിന്റെ ഒരു ഏജന്റായി പ്രവർത്തിക്കുന്നു.

 

എന്നാൽ, മറുവശത്ത്, ഇസ്രായേൽ ജനത തന്നെ ഈ ഉദാരവാദത്തിന്റെ ഇരയാണ്. ആയിരക്കണക്കിന് വർഷങ്ങളുടെ യഹൂദ പാരമ്പര്യത്തിലും മതപരമായ സ്വത്വത്തിലും അധിഷ്ഠിതമായി സ്ഥാപിക്കപ്പെടേണ്ടിയിരുന്ന ഒരു രാഷ്ട്രം, ഇന്ന് അതിന്റെ ആന്തരിക സ്വത്വത്തെത്തന്നെ ശോഷിപ്പിക്കുന്ന പ്രത്യയശാസ്ത്രങ്ങളാൽ ബാധിതമായി, മതേതരത്വവും വ്യക്തിവാദവും ഭൗതികവാദവും പോലുള്ള "ലിബറൽ മൂല്യങ്ങൾ" പ്രോത്സാഹിപ്പിക്കുന്ന കേവലം ഒരു ആധുനിക ലിബറൽ രാഷ്ട്രമായി നിലകൊള്ളുന്നു. അത് യഹൂദരുടെ യഥാർത്ഥ, ആത്മീയ സ്വത്വത്തെ ഇല്ലാതാക്കുന്ന ഒരു ആന്തരിക രോഗം കൂടിയാണ്. യഹൂദ പാരമ്പര്യത്തിന്റെ ആഴത്തിലുള്ള ആത്മീയതയ്ക്ക് പകരം, ഉപരിപ്ലവമായ ഉപഭോഗ സംസ്കാരവും വ്യക്തിഗത സുഖങ്ങളും സ്ഥാനം പിടിക്കുന്നു. ഇതാണ് വിശുദ്ധഭൂമിയിലെ യഥാർത്ഥ ദുരന്തം. ഒരേ ശത്രുവിനാൽ, ഒരേ പ്രത്യയശാസ്ത്രപരമായ വിഷബാധയാൽ ആക്രമിക്കപ്പെടുന്ന രണ്ട് ജനതകൾ. അവർ ഭൂമിയുടെ കഷണങ്ങൾക്കായി യുദ്ധം ചെയ്യുമ്പോൾ, അവരുടെ കാൽക്കീഴിലെ ആത്മീയ അടിത്തറ ഒന്നാകെ ഒലിച്ചുപോകുന്നത് അവർ കാണുന്നില്ല. മാംദാനി അടക്കമുള്ളവർ കാണാതെ പോകുന്നതു ഇസ്രായേലും ഫലസ്തീനും എന്തിനു തങ്ങൾ തന്നെയും ലിബറലിസത്തിന്റെ  വിഷബാധയാൽ രോഗികളായവരാണെന്നതാണ്.

 

ജനതകൾ തങ്ങളുടെ പോരാട്ടം പുനർനിർവചിക്കേണ്ടതുണ്ട്. അത് കേവലം ഇസ്രായേലും ഫലസ്തീനും തമ്മിലുള്ളതല്ല, മറിച്ച് പാരമ്പര്യവും ആധുനികതയും തമ്മിലുള്ളതാണ്; ആത്മീയതയും ഭൗതികവാദവും തമ്മിലുള്ളതാണ്; ബഹുധ്രുവ ലോകത്തിന്റെ ആത്മാവും ഏകധ്രുവ സാമ്രാജ്യത്വത്തിന്റെ അടിച്ചേൽപ്പിക്കലും തമ്മിലുള്ളതാണ്. പരസ്പരം ശത്രുക്കളായി കാണുന്നതിന് പകരം, തങ്ങളുടെ സംസ്കാരങ്ങളെയും വിശ്വാസങ്ങളെയും ഒരുപോലെ നശിപ്പിക്കുന്ന പാശ്ചാത്യ ഉദാരവാദം എന്ന പൊതു ശത്രുവിനെതിരെ ഒന്നിച്ചുനിൽക്കുകയാണ് വേണ്ടത്.

 

വിശുദ്ധഭൂമിയിലെ സംഘർഷത്തെ അധിനിവേശത്തിന്റെ നിയമപരമായ ചട്ടക്കൂടിൽ മാത്രം ഒതുക്കി കാണുന്നത് ഉപരിപ്ലവമായ വായനയാണ്. അത് ഒരു ആഴത്തിലുള്ള ആത്മീയവും നാഗരികവുമായ പ്രതിസന്ധിയുടെ ബാഹ്യ പ്രകടനം മാത്രമാണ്. പാശ്ചാത്യ ഉദാരവാദം എന്ന പ്രത്യയശാസ്ത്രം അതിന്റെ വ്യക്തിവാദത്തിലൂടെയും ഭൗതികവാദത്തിലൂടെയും ഇരു ജനതയുടെയും പരമ്പരാഗത സ്വത്വങ്ങളെയും സാമൂഹിക ഘടനയെയും കാർന്നുതിന്നുകൊണ്ടിരിക്കുന്നു. ഇസ്രായേൽ ഈ പ്രത്യയശാസ്ത്രത്തിന്റെ ആയുധമായും ഇരയായും ഒരേ സമയം വർത്തിക്കുമ്പോൾ, ഫലസ്തീൻ പ്രതിരോധം അതിന്റെ കെണികളിൽ അകപ്പെട്ടുകൊണ്ടിരിക്കുന്നു.

 

യഥാർത്ഥ വിമോചനം എന്നത് രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമല്ല, പ്രത്യയശാസ്ത്രപരമായ അടിമത്തത്തിൽ നിന്നുള്ള മോചനം കൂടിയാണ്. വിശുദ്ധഭൂമിക്ക് സമാധാനം ലഭിക്കണമെങ്കിൽ, അവിടുത്തെ ജനതകൾ പാശ്ചാത്യ ഉദാരവാദത്തിന്റെ അദൃശ്യമായ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ്, തങ്ങളുടെ ആഴമേറിയതും പവിത്രവുമായ പാരമ്പര്യങ്ങളിലേക്ക് മടങ്ങണം. അപ്പോൾ മാത്രമേ ഭൂമിക്കുവേണ്ടിയുള്ള ഈ ഭ്രാന്തമായ പോരാട്ടം അവസാനിപ്പിച്ച്, തങ്ങളുടെ പൊതുവായ മാനുഷികവും ആത്മീയവുമായ പൈതൃകത്തെ അവർക്ക് തിരിച്ചറിയാൻ കഴിയൂ. അതുവരെ, വിശുദ്ധഭൂമി ഭൗതികമായ അധിനിവേശത്തിനും ആത്മീയമായ ശൂന്യതയ്ക്കും ഇടയിൽ രക്തം വാർന്ന് കിടക്കുക തന്നെ ചെയ്യും.

 

മാംദാനിയുടെ നഗര-രാഷ്ട്രീയ അധികാരം പരിമിതമായതിനാൽ, അദ്ദേഹത്തിന്റെ വിമർശനം പലപ്പോഴും പ്രതീകാത്മകമായി ചുരുങ്ങുന്നു. ദേശീയ വിദേശകാര്യ നയങ്ങളെ സ്വാധീനിക്കാനുള്ള ശേഷിയില്ലാത്തതിനാൽ, അദ്ദേഹത്തിന്റെ പലസ്തീൻ വിഷയത്തിലെ ശ്രദ്ധയെ ഒരു തന്ത്രപരമായ നിലപാടായി മാത്രമേ വിലയിരുത്താനാകൂ. പക്ഷേ കേരളത്തിൽ ഒരു മുസ്.ലിം നാമധാരി ആയതിനാലാകണം ഇത്രകണ്ട് വാർത്താപ്രാധാന്യം കൈവന്നത്. മാംദാനിയെപ്പോലുള്ള ചിന്തകർ തങ്ങളുടെ വിശകലനങ്ങളിൽ ഒരു അടിസ്ഥാനപരമായ വൈരുദ്ധ്യം പേറുന്നു. അധിനിവേശത്തിന്റെ ഘടനാപരമായ യാഥാർത്ഥ്യങ്ങളെ കൃത്യമായി വരച്ചുകാട്ടുന്നുണ്ടെങ്കിലും, ഈ വിശകലനങ്ങൾ ഉദാരവാദത്തിന്റെ അതേ ഭാഷയും ചട്ടക്കൂടും ഉപയോഗിക്കുന്നു. ഇത് ബാഹ്യമായ പ്രകടനങ്ങളെ മാത്രം ചികിത്സിക്കുകയും, ആന്തരികമായ, ദാർശനികമായ മൂലകാരണത്തെ സ്പർശിക്കാതിരിക്കുകയും ചെയ്യുന്നു. അവർ ഭൗതികമായ അധിനിവേശത്തെ തിരിച്ചറിയുന്നു, എന്നാൽ അതിനേക്കാൾ മാരകമായ, സാംസ്കാരികമായ അധിനിവേശത്തെ വക്താക്കളാകുന്നു എന്ന്കൂടി ഈ ആരവത്തിനിടയിൽ ഓർത്തെടുക്കുക.








.

.

Contact