അലിഗഢിലെ റമദാൻ
അലിഗഢിന്റെ
റമദാൻ വേനലിനു മാത്രമായി ഉഴിഞ്ഞുവെച്ചതായിട്ടു പോലും ഓർമ്മവെച്ചതിലിങ്ങോട്ടുള്ള
റമദാനുകളിലേതിനേക്കാൾ ആർദ്രതയുള്ള നോമ്പുകാലമാണ് അലിഗഢിലേത്. റമദാൻ എന്നാൽ
ശാന്തിയാണെന്നു പഠിപ്പിച്ചതും അലിഗഢാണ്. കഴിഞ്ഞ എട്ടു വർഷത്തെ അലിഗഢ് ജീവിതത്തിൽ
അവിടെ ചെലവഴിച്ച റമദാനുകൾക്ക് എന്തോ ചില പ്രത്യേകതകളുണ്ട് എന്നു
തോന്നിത്തുടങ്ങിയത് എപ്പോഴാണ്? കേരളം ഒരുക്കിവെച്ചിരിക്കുന്ന എല്ലാ സുരക്ഷിതത്വങ്ങളെയും
മാറ്റിനിർത്തി ഓരോ റമദാനും അലിഗഢിൽ കരുപ്പിടിപ്പിക്കാൻ പിടഞ്ഞോടുന്നത് എന്തിനാണ്? ലോക്ഡൌൺ കാലത്തെ
ഏറ്റവും മനോഹരമായി ഉപയോഗപ്പെടുത്തിയതും അലിഗഢിൽ ചെലവഴിച്ച റമദാൻ കാലത്തു
തന്നെയാണ്. സർ സയ്യിദ് ഉപ്പാപ്പയുടെ മണ്ണിന് ഒരിക്കലും പറഞ്ഞു ഫലിപ്പിക്കാനാവാത്ത
ചില പ്രത്യേകതകളുണ്ട്.
റമദാൻ
വരുന്നതിനു മുമ്പു തന്നെ റമദാനു വേണ്ടി വിശ്വാസികൾ ഒരുങ്ങുന്നത് ഓരോ
സംസ്ക്കാരത്തിലും വ്യത്യസ്ത രീതികളിൽ കാണാം. ശാരീരികമായും മാനസികമായും ആത്മീയമായും
ഒരുങ്ങുന്നതിനോടൊപ്പം വീടും പരിസരവും അടിച്ചുകഴുകി വൃത്തിയാക്കുക, വീട്ടിലുള്ള പഴയ
സാധനങ്ങൾ ഒഴിവാക്കി വിശ്വാസിയുടെ മനസ്സിനെയെന്ന പോലെ അയാളുടെ ചുറ്റുപാടുകളെയും
വിശുദ്ധ റമദാനെ സ്വീകരിക്കാൻ സജ്ജമാക്കുന്നത് റമദാനു മുമ്പുള്ള ശഅബാനിലെ പ്രധാന
പ്രവൃത്തികളാണ്. കേരളത്തിൽ വിശിഷ്യാ, മലബാറിൽ നനച്ചുകുളി എന്ന പേരിലറിയപ്പെടുന്ന
ആചാരം അലിഗഢിൽ മറ്റൊരു വിധത്തിലാണ് നടത്തിപ്പോരുന്നത്. റജബ് കഴിഞ്ഞാൽ ശഅബാൻ ആരംഭം
മുതൽ റമദാനു തൊട്ടുമുമ്പു വരെ വളരെ സന്തോഷകരമായ കാലഘട്ടമായാണ് ഇവിടെ കരുതിപ്പോരുന്നത്.
വിളക്കുകൾ തെളിയിക്കുക, പടക്കം പൊട്ടിക്കുക തുടങ്ങിയ സന്തോഷപ്രകടനങ്ങൾ ഈ സമയത്ത്
പരക്കേ കാണാം. ഒരു കാലത്ത് കേരളീയ മുസ്ലീങ്ങൾക്കിടയിൽ ഒരു വീട്ടിലെ
സ്ത്രീജനങ്ങളൊരുമിച്ചു ചേർന്ന് അത്യുത്സാഹത്തോടെ കൊണ്ടാടിയിരുന്ന നനച്ചുകുളി എന്ന ശുദ്ധികലശം
എത്രകണ്ട് കുറഞ്ഞുവോ, അത്തരം നാഗരികവും പരിഷ്കാരപ്രധാനവുമായ മാറ്റങ്ങളെല്ലാം അലിഗഢിന്റെ
പൂർവ്വറമദാൻ ഒരുക്കങ്ങളിലും വന്നു ചേർന്നിട്ടുണ്ട്. റമദാൻ എന്നാൽ റമദാൻ
മാത്രമല്ലെന്നും റമദാനായുള്ള ഒരുക്കങ്ങൾ അങ്ങ് റജബിലും ശഅബാനിലും തുടങ്ങി ഘട്ടം
ഘട്ടമായി റമദാനിലേക്കെത്തുന്ന ആന്തരിക-ബാഹ്യ ശുദ്ധീകരണങ്ങളും
ആത്മീയശുദ്ധീകരണവുമെല്ലാം വരും കാലങ്ങളിൽ കുറഞ്ഞുപോവുമെന്നതിന്റെ ലക്ഷണമായിരിക്കണം
ഈ മാറ്റങ്ങൾ. എങ്കിലും ഈ ശഅബാനിലും അങ്ങിങ്ങു നിന്നായി ആരൊക്കെയോ വിളക്കുകൾ
തെളിയിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു. അപ്പോളൊരു ഉത്തരേന്ത്യൻ
സുഹൃത്ത് നേരിയൊരു പുച്ഛത്തോടെ പറഞ്ഞതിങ്ങനെ; “വോ
ബറേൽവി ഹേ...!”
റമദാനാരംഭത്തിനു
തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ അലിഗഢിലെ ചന്തകളിലുള്ള തിരക്ക് പറഞ്ഞറിയിക്കാൻ
കഴിയില്ല. ഒരു മാസക്കാലത്തേക്കുള്ള സാധനങ്ങളെല്ലാം മുൻകൂട്ടി വാങ്ങാൻ
കണക്കാക്കിയെത്തുന്ന സ്ത്രീകൾ. മിക്കവാറും പലചരക്ക് കടകളുടെ മുൻവശം പന്തലിട്ട്
ഇറക്കികെട്ടിയിട്ടുണ്ടാകും. പല നിറങ്ങളിലും ആകൃതിയിലുമുള്ള കാരപ്പൊരികൾ
ചാക്കുചാക്കായി നിരത്തിവെച്ചിരിക്കും. ഓരോന്നും കിലോക്കണക്കിനാണ് സ്ത്രീകൾ
വാങ്ങിക്കൊണ്ടുപ്പോകുന്നത്. സമൂസ, പഴംപൊരി, തുടങ്ങി പലമാതിരി എണ്ണപ്പലഹാരങ്ങൾ
കഴിച്ചുശീലിച്ച നമുക്ക് ഇവരീ വാങ്ങിക്കൂട്ടുന്ന കാരപ്പൊരികൾ വലിയ
അത്ഭുതമായിരുന്നു. എങ്ങനെ നോമ്പു തുറക്കുന്ന സമയം ഇത് കഴിക്കുമെന്നതായിരുന്നു
പ്രധാന ആശങ്ക. റമദാൻ കാലത്തു കടകൾക്കു മുമ്പിൽ കൂനകളായി പ്രത്യക്ഷപ്പെടുന്ന
മറ്റൊരു ചരക്കാണ് സേമിയ. സേമിയ ഉപയോഗിച്ചുള്ള ഖീർ (പായസം), പുലാവ് എന്നിവ അലിഗഢ്
റമദാന്റെ മുഖ്യവിഭവങ്ങളിലൊന്നാണ്. കേരളത്തിൽ പ്രചാരത്തിലുള്ള തരം സേമിയയെക്കാൾ
അലിഗഢിനു പ്രിയം വളരെ നേർത്ത സേമിയയോടാണ്. പാകം ചെയ്തു കഴിഞ്ഞാൽ അപ്പൂപ്പൻതാടി
കണക്കേ അലിഞ്ഞുപോകുന്ന ഇത്തരം സേമിയ പലരത്തിലുണ്ട്. വറുത്തതും വറുക്കാത്തതും
വൃത്താകൃതിയിൽ ചുറ്റിയെടുത്തതും നീളത്തിലുള്ളതുമായി വിവിധ തരം. ഇവയുടെ ഏറ്റവും
വലിയ പ്രത്യേകത ഇവ പാക്ക് ചെയ്തു വരുന്നവയല്ലെന്നാണ്. അലിഗഢിന്റെ തന്നെ ഏതെങ്കിലും
ഭാഗങ്ങളിലെ കുടിൽവ്യവസായത്തിന്റെ ഉത്പ്പന്നമാണിവ. ഒരു കാലത്ത് കേരളത്തിലേറെ
വിവാദത്തിലകപ്പെട്ട മക്രോണിയും അലീഗഢിലെ നോമ്പുതുറ വിഭവങ്ങളിലെ പ്രധാന താരമാണ്.
പലച്ചരക്കു കടകൾക്കു മുമ്പിൽ മക്രോണിയുടെ തന്നെ വിവിധ രൂപവകഭേദങ്ങൾ
വിൽക്കപ്പെടുന്നുണ്ട്. മൈദ കൊണ്ടുണ്ടാക്കുന്ന മക്രോണിയുണ്ടെങ്കിലും ഇവിടെ പ്രചാരം
റവ ഉപയോഗിച്ചുണ്ടാക്കുന്ന മക്രോണിക്കാണ്.
കേരളത്തിൽ നോമ്പുകാലഭക്ഷണം ഏറെക്കുറെ
മാംസാഹാരത്തിലേക്കൊതുങ്ങുമ്പോൾ അലിഗഢിൽ നേരെമറിച്ചാണ്. അലിഗഢിൽ പൊതുവേ മാംസാഹാരം
നിത്യജീവിതത്തിന്റെ ഭാഗമാണെങ്കിലും നോമ്പുകാലത്ത് ഇവിടെ പ്രധാനമായും കറിക്കടല,
കടലപ്പരിപ്പ് എന്നിവയാണ് ഇവരുടെ പ്രധാനഭക്ഷണം. കടല പുഴുങ്ങി മസാലയിടുന്നതാണ്
നോമ്പുതുറ വിഭവങ്ങളിൽ പ്രധാനപ്പെട്ടത്. വിദ്യാർത്ഥികൾക്കായുള്ള ഹോസ്റ്റലുകളിൽ ഇതു
നൽകിപ്പോരുന്നുണ്ട്. പലഹാരങ്ങൾ വീട്ടിൽ തന്നെയുണ്ടാക്കുന്ന രീതിക്ക് കേരളത്തിൽ
ക്രമാതീതമായ കുറവ് നേരിട്ടതിനു സമാനമായി അലിഗഢിലെ മീഠാഷോപ്പുകൾക്ക് മുമ്പിലും
നോമ്പുതുറ സമയത്തിനടുപ്പിച്ച് വലിയ തിരക്കാണ്. പാലക് പകോഡ (ചീര കൊണ്ടുളള പൊക്കുവട),
പ്യാസ് പകോഡ(ഉള്ളി പൊക്കുവട), ദഹിവട (തൈരു വട), മിർച്ച് പകോഡ (മുളകു ബജി) തുടങ്ങി
കടലപ്പൊടിയിൽ വറുത്തുകോരിയ പലഹാരങ്ങൾക്കാണിവിടെ പ്രചാരം.
വേനലിലായാലും
അല്ലെങ്കിലും നോമ്പുകാലത്ത് സമൃദ്ധമായി വിറ്റഴിഞ്ഞു പോകുന്ന മറ്റൊരു ഉത്പ്പന്നമാണ്
റൂഹ്അഫ്സ എന്ന സ്ക്വാഷ്. കസ്കകസും പാലും റൂഹ് അഫ്സയും ചേർത്തുണ്ടാക്കുന്ന
മധുരപാനീയം നോമ്പുതുറ സമയത്തെ ദാഹശമനി എന്നതിനപ്പുറം അനേകം ഔഷധ ഗുണമുണ്ടിവക്ക്.
യൂനാനി വൈദ്യവിധി പ്രകാരം പല തരത്തിലുള്ള ഔഷധങ്ങൾ ചേർത്താണ് കടും ചുവപ്പു നിറത്തിലുള്ള
ഈ മധുര സിറപ്പ് പാകം ചെയ്തെടുക്കുന്നത്. കേരളത്തിലെ നന്നാറി സർബത്തിന്റെ അലിഗഢ്
ബദലായി റൂഹ്അഫ്സയെ പരിഗണിക്കാവുന്നതാണ്. യൂനാനി മരുന്നുകളിലെ വൻകിടക്കാരായ
ഹംദർദുകാരുടെ റൂഹ്അഫ്സക്കാണ് പൊതുവെ കൂടുതൽ പ്രചാരമുള്ളതെങ്കിലും അലിഗഢ് മുസ്ലിം
സർവ്വകലാശാലക്കു കീഴിലുള്ള യൂനാനി മെഡിക്കൽ കോളജായ അജ്മൽഖാൻ തിബ്ബിയ കോളജും അവരുടെ
ലേബലിൽ റൂഹ്അഫ്സ പുറത്തിറക്കുന്നുണ്ട്.
അത്താഴത്തിനു
നൽകുന്ന ഭക്ഷണത്തിൽ അത്ഭുതം തോന്നിയിട്ടുള്ളത്. വെള്ളത്തിൽ കുതിർത്തെടുത്ത
കടലപ്പരിപ്പ് സലാഡാണ്. പച്ചപ്പരിപ്പ് ഉള്ളിയും തക്കാളിയുമിട്ട് സലാഡാക്കി
തിന്നുന്ന ഭക്ഷണസൌന്ദര്യശാസ്ത്രം കേരളീയ രുചിസംസ്ക്കാരത്തിന് ദഹിക്കാൻ
പ്രയാസമാണെങ്കിലും അലിഗഢിന്റെ കടുത്തവേനലിൽ ഈ ഭക്ഷണം തരുന്ന ഊർജ്ജം മറ്റൊന്നു
തന്നെയാണ്. എന്നു കരുതി കേരളത്തിൽ ഇതു പരീക്ഷിക്കുന്നത് വിജയകരമായിരിക്കില്ല. ഓരോ
ഭക്ഷണവും അതു നിലനിൽക്കുന്ന ഭൂപ്രകൃതിക്കും സംസ്ക്കാരത്തിനും അനുയോജ്യമായി
ഉരുത്തിരിഞ്ഞതായിരിക്കുമല്ലോ. അത്താഴത്തിന്റെ ഏറ്റവും അവസാനം തിളപ്പിച്ചാറ്റിയ പാൽ
കുടിക്കുന്നതും അലിഗഢിൽ പതിവുള്ളതാണ്.
അലിഗഢിലെ
നോമ്പുതുറയുടെ മറ്റൊരു പ്രത്യേകത മഗ്.രിബ് സമയം അറിയിക്കാനുള്ള സൈറണാണ്.
ക്യാംപസിന്റെ എല്ലാ ഭാഗത്തേക്കും പള്ളിയിൽ നിന്നുള്ള ബാങ്കുവിളി ശബ്ദം
എത്താത്തതിനാലാവണം ഇത്തരമൊരു സൈറൺ. ബാങ്ക് സമയത്തോടടുപ്പിച്ച് ഒരു ചെറിയ സൈറൺ,
ബാങ്കുസമയത്തെ ദീർഘസൈറണുമാണ് ഉണ്ടാവുക. കൂടാതെ, അത്താഴത്തിനു സുബ്ഹി ബാങ്ക്
കൊടുക്കുന്നതിനു ഇരുപത് മിനിറ്റു മുമ്പും ഒരു സൈറണുണ്ടായിരിക്കും. ഏതാലായും സൈറൺ
ഉള്ളതുകാരണം, നാട്ടിലായിരിക്കുമ്പോൾ കാരക്ക കയ്യിൽപ്പിടിച്ച് സ്വന്തം ഗ്രൂപ്പിന്റെ
പള്ളിയിലെ ഉസ്താദിന്റെ ബാങ്ക് ശബ്ദം കേൾക്കുന്ന വരെ കാത്തിരിക്കേണ്ട ആശയക്കുഴപ്പം
അലിഗഢിലില്ല. അലിഗഢിലെ തഹ്സീബും പാരമ്പര്യവും പലപ്പോഴും പല ആശയപ്രതിസന്ധികളിൽ നിന്നും
മോചിപ്പിക്കാറുണ്ട് എന്നതിനൊരു ഉദാഹരണമാണിത്. താരതമ്യേന മുസ്.ലിം ഭൂരിപക്ഷ
പ്രദേശമാണ് അലിഗഢ്. എന്നാലും യൂണിവേഴ്സിറ്റിയിലേക്കെത്തുന്ന മറ്റുമതസ്ഥരുടെ
ആവശ്യങ്ങളെ ഉൾക്കൊണ്ടെന്ന പോലെ അലിഗഢിലെ മിക്കവാറും ചായക്കടകളും ധാബകളും
തുറക്കാറുണ്ട്. അമുസ്ലീങ്ങളുടെ കടകൾ പോലും നോമ്പുകാരോടുള്ള ബഹുമാനാർഥം ഒതു തുണി
കൊണ്ട് കെട്ടിമറക്കും.
റമദാൻ
കാലമായാൽ യൂണിവേഴ്സിറ്റിയിലെ ഓഫീസുകളിലെയും ലൈബ്രറിയിലെയും എന്തിന്
ഡിപാർട്മെന്റുകളിലെ പോലും സമയം മാറും. നോമ്പുകാർക്കുണ്ടാവുന്ന എല്ലാ
അസൌകര്യങ്ങളെയും മറികടക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിലുള്ള സമയക്രമീകരണം. ഈ
സമയത്ത് പ്രധാന അക്കാദമിക് പ്രവർത്തനങ്ങൾ നടത്തരുതെന്നത് ഒരു കീഴ്വഴക്കമായിവിടെ
തുടർന്നു പോരുന്നുണ്ട്. എന്നാൽ, ആരെങ്കിലും നടത്തിയാൽ തന്നെയും ആർക്കും പരാതികളുമില്ല.
ഇങ്ങ് അലിഗഢിലായാലും അങ്ങ് കേരളത്തിലായാലും ഇനി ലോകത്തിന്റെ ഏതു കോണിലാണെങ്കിലും
ഓരോ വിശ്വാസിക്കും തന്നിലടങ്ങിയിരിക്കുന്ന വിശുദ്ധിയെ ശരീരത്തിന്റെയും
മനസ്സിന്റെയും കറകളെ നീക്കി പുനരുജ്ജീവിപ്പിക്കാനുള്ള അവസരമാണ് ഓരോ റമദാനും.
അത്തരം വിശുദ്ധ വ്രതങ്ങളുടെ നൈർമ്മല്യം ഓരോ മനുഷ്യമനസ്സിനുമുണ്ടാവട്ടെയെന്നും ഈ
പരിശുദ്ധ റമദാൻ അത്തരമൊന്നാവട്ടെയെന്നും പ്രാർത്ഥിക്കാം.
ഡോ. മുനവ്വർ ഹാനിഹ് ടി.ടി
.



..........


ചിത്രങ്ങൾ: ത്വാഹ