വിശ്രമമറിയാത്ത പണ്ഡിതമാതൃക: വെള്ളായണി അർജുനൻ


ചിലർ തങ്ങളുടെ പ്രതിഭ ലോകത്തിനു മുമ്പിൽ തെളിയിച്ചതിനു ശേഷം വിശ്രമജീവിതത്തിലേക്കു തിരിയും. എന്നാൽ മറ്റു ചിലരാവട്ടെ തന്റെ പ്രതിഭക്കപ്പുറമുള്ള ജ്ഞാനലോകത്തെ നശ്വരജീവിതത്തിന്റെ സമയക്കുരുക്കിട്ട് ആവുന്നത്ര എത്തിപ്പിടിക്കാൻ ശ്രമിക്കും. പത്മശ്രീ ഡോ. വെള്ളായണി അർജുനൻ അത്തരത്തിലുള്ളൊരു പ്രതിഭാധനനായിരുന്നു. തൊണ്ണൂറാം വയസ്സിൽ വിടപറയുമ്പോഴും തന്റെ ജീവിതത്തിന്റെ വലിയ ഭാഗവും അദ്ദേഹം വിനിയോഗിച്ചിരിക്കുക അറിവ് വർധിപ്പിക്കാനും അതുവഴി ഭാഷാമേഖലയുടെ വളർച്ചക്കുമായിരിക്കണം. മലയാള ഭാഷക്ക് കനപ്പെട്ട സംഭാവനകൾ നൽകിയ ഭാഷാശാസ്ത്രജ്ഞൻ, സാഹിത്യകാരൻ, കവി, നിരൂപകൻ, സാമൂഹിക-സാംസ്ക്കാരിക പ്രവർത്തകൻ എന്നു തുടങ്ങി വിവിധ മേഖലകളിൽ അദ്ദേഹം മലയാളികൾക്ക് പ്രിയപ്പെട്ടവനായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ വിയോഗം ഉത്തരേന്ത്യയിലും വാർത്തയായിരുന്നു. അതെ, കേരളത്തിനു പുറത്തും മലയാളഭാഷയുടെ വളർച്ചക്കു വേണ്ടി നിതാന്ത പരിശ്രമം നടത്തിയ വ്യക്തിയായിരുന്നു വെള്ളായണി അർജുനൻ. കേരളത്തിനു പുറത്തുള്ള സർവ്വകലാശാലകളിൽ, പ്രത്യേകിച്ചും കേന്ദ്രസർവ്വകലാശാലകളിൽ ഭാഷാപഠനത്തിനു പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി അലിഗഢ് മുസ്ലിം സർവ്വകലാശാലയിലും മലയാള പഠനത്തിനായൊരു ഡിപാർട്മെന്റ് ആരംഭിച്ചപ്പോൾ അവിടെ ആദ്യ അധ്യാപകനായി നിയമിതനായത് വെള്ളായണി അർജുനനായിരുന്നു. അക്കാലഘട്ടത്തിൽ അലിഗഢ് പോലുള്ളൊരു സർവ്വകവലാശാലയിൽ മലയാളത്തിലെ ആദ്യത്തെ അധ്യാപകനായി നിയമിതനാകുമ്പോഴും ഏറ്റെടുക്കേണ്ട വെല്ലുവിളികളുടെ ഭാരം കനപ്പെട്ടതു തന്നെയായിരുന്നു. ഹിന്ദി ഡിപാർട്മെന്റിനോടു ചേർന്ന് ആരംഭിച്ച മലയാളം പിന്നീട് ആധുനിക ഭാരതീയ ഭാഷാവിഭാഗമായും അതിൽ തന്നെ, എം.എ, ഗവേഷണ പഠന സൌകര്യങ്ങളുള്ള ഡിപാർട്മെന്റുമാക്കി വളർത്തിയതിൽ വെള്ളായണി അർജുനന്റെ ക്രാന്തദർശിത്വം ഉണ്ടെന്നത് വിസ്മരിക്കാനാവില്ല. അലിഗഢിലെ തന്റെ ഭാഷാപ്രവർത്തനത്തെ കുറിച്ച് വെള്ളായണി അർജുനൻ പ്രൊഫ. ടി. എൻ. സതീശൻ എഡിറ്റു ചെയ്ത അലീഗഢ് മലയാളം എന്ന ഗ്രന്ഥത്തിൽ സവിസ്തരം ഓർമ്മിക്കുന്നുണ്ട്.

കോവിഡ് നാളുകളിൽ അലിഗഢിലെ മലയാള വിഭാഗം ഒരു കേരളപ്പിറവി ഓൺലൈനായി ആഘോഷിച്ചപ്പോൾ അതിൽ പങ്കെടുത്ത വെള്ളായണി അർജുനൻ ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കാവുന്ന തരത്തിലേക്ക് അലീഗഢിലെ മലയാളം വളർന്നതിൽ അഭിമാനം പ്രകടിപ്പിച്ചു. എന്നാൽ, അദ്ദേഹം മലയാളാധ്യാപകനായിരിക്കുന്ന കാലഘട്ടത്തിൽ തന്നെ മലയാളത്തിലെ പല പ്രമുഖ എഴുത്തുകാരേയും രാഷ്ട്രീയക്കാരേയും മലയാള വിഭാഗത്തെ പ്രതിനിധീകരിച്ചു കൊണ്ട് ക്ഷണിക്കുകയും പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. സി.എച്ച് മുഹമ്മദ് കോയ, എസ്. കെ പൊറ്റക്കാട്, ജി ശങ്കരക്കുറുപ്പ്, തകഴി, എം.ടി വാസുദേവൻ നായർ, എം. മുകുന്ദൻ, സി.എൻ ശ്രീകണ്ഠൻ നായർ എന്നിവരെയൊക്കെ അലീഗഢിലെത്തിച്ച് ഭാഷാ-സാഹിത്യ സംബന്ധിയായ ചർച്ചകളും പരിപാടികളും സംഘടിപ്പിക്കുന്നതിൽ അർജുനൻ മാഷ് പ്രത്യേക താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഒരു പക്ഷേ, അലീഗഢിലെ പൂർവ്വ മലയാളം വിദ്യാർത്ഥി എന്ന നിലക്ക് എനിക്കിവക്കായിരിക്കാം പ്രാധാന്യം.

എന്നാൽ, ഇങ്ങ് കേരളത്തിൽ, മലയാള ഭാഷക്കും അതിന്റെ വളർച്ചക്കും അദ്ദേഹം നൽകിയ സംഭാവനകളെന്തെല്ലാമായിരുന്നു എന്ന അന്വേഷണം ചെന്നെത്തിക്കുക അദ്ദേഹത്തിന്റേതായുള്ള അൻപതോളം പുസ്തകങ്ങൾ, നാന്നൂറോളം ഗവേഷണ പ്രബന്ധങ്ങൾ എന്നിവയുടെ ആഴപ്പരപ്പിലേക്കാണ്. നാലു ബിരുദാന്തര ബിരുദങ്ങൾ, ഡോക്ടറേറ്റ്, മൂന്ന് ഡീ.ലിറ്റുകൾ തുടങ്ങി അദ്ദേഹത്തിന്റെ ഭാഷാരംഗത്തെ സംഭാവന മലയാളത്തിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. ആഗ്ര സർവ്വകലാശാലയിൽ നിന്നും ജബൽപൂർ സർവ്വകലാശാലയിൽ നിന്നും ലഭിച്ച ഡി.ലിറ്റുകൾ ഹിന്ദി-മലയാളം ഭാഷാതാരതമ്യ ഗവേഷണത്തിനായിരുന്നു. മലയാള കവിതയിൽ ശ്രീനാരായണ ഗുരുവിനുള്ള സ്വാധീനം എന്ന വിഷയത്തിനാണ് അലിഗഢ് മുസ്ലിം സർവ്വകലാശാല ഡി.ലിറ്റ് നൽകി ആദരിച്ചത്. കേരളാ ഗവൺമെന്റിന്റെ എൻസൈക്ലോപീഡിയ ചീഫ് എഡിറ്ററും ഡയറക്ടറും ആയി നിയമിച്ചതോടെ അലീഗഢിനോട് വിടപറഞ്ഞ വെള്ളായണി അർജുനൻ മലയാളത്തിലെ സർവ്വവിജ്ഞാനകോശത്തെ ജനകീയമാക്കുന്നതിൽ ഏറെ പ്രവർത്തിച്ചു. അക്കാലത്ത് വലിയ തുകക്കായിരുന്നു സർവ്വവിജ്ഞാനകോശം വിറ്റിരുന്നത്. എന്നാൽ തവണകളായി പണമടച്ചു കൊണ്ട് സർവ്വവിജ്ഞാനകോശം ഏവർക്കും സ്വന്തമാക്കാനുള്ള സാഹചര്യം അദ്ദേഹമുണ്ടാക്കി. എഡ്വേർഡ് ആൽബിയുടെ ഹൂ ഈസ് എഫ്രൈഡ് ഓഫ് വിർജീനിയ വൂൾഫ് എന്നതിനെ പ്രശസ്ത സാഹിത്യകാരൻ വി.കെ.എൻ മൊഴിമാറ്റിയത് വെള്ളായണി അർജുനനെ ആർക്കാണ് പേടി എന്നായിരുന്നു. പരോക്ഷമായാണെങ്കിലും വെള്ളായണി അർജുനൻ എന്ന പണ്ഡിതനുള്ള വി.കെ.എന്റെ അംഗീകാരം തന്നെയായിരുന്നു ആ തർജമ എന്നു വിശ്വസിക്കാം.

തിരുവിതാംകൂറിലെ ഒരു സാധാരണ കർഷകകുടുംബത്തിലെ ഏക സന്താനമായിരുന്നു വെള്ളായണി അർജുനൻ. പതിനായിരത്തിനലധികം വരുന്ന പുസ്തകശേഖരമുള്ള ഇദ്ദേഹത്തിന്റെ ലൈബ്രറിയിലെ പുസ്തകങ്ങൾ മുഴുക്കെയും ഇദ്ദേഹം വായിച്ചിട്ടുണ്ടെന്ന് മാത്രമല്ല, പുസ്തകങ്ങളിൽ മാത്രം മയങ്ങിക്കിടക്കുന്ന ഒരു ജീവിതമായിരുന്നില്ല അദ്ദേഹത്തിന്റേത്. പല പ്രതികൂല സാഹചര്യങ്ങളെയും നേരിട്ടുകൊണ്ട് കഠിനാധ്വാനത്തിലൂടെ വിദ്യാഭ്യാസം നേടി ഉയരങ്ങളിലെത്തിയ വെള്ളായണി അർജുനൻ സാധാരണക്കാർക്കിടയിൽ ആധുനിക വിദ്യാഭ്യാസവും ഇംഗ്ലീഷ് വിദ്യാഭ്യാസവും പ്രചരിപ്പിക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഇദ്ദേഹം സാഹിതീയവും സാമൂഹികവുമായ മേഖലകളിൽ നിരന്തരമായി പ്രവർത്തിച്ചിരുന്നു. ഒരു വിധത്തിൽ അദ്ദേഹത്തെ തേടിയെത്തിയ സന്തോഷങ്ങളും ദുഃഖങ്ങളുമെല്ലാം അറിവിന്റെ പാതയിൽ തിരിച്ചുവിട്ടു എന്നു പറയുന്നതായിരിക്കും ശരി. പഠിക്കാനും പഠിച്ചുകൊണ്ടെയിരിക്കാനും നിരന്തരം പ്രേരിപ്പിക്കുകയായിരുന്നു അദ്ദേഹം തന്റെ ജീവിതത്തിലൂടെ. ഒഴുക്കിനെതിരെ എന്ന പേരിൽ പുറത്തിറക്കിയ അദ്ദേഹത്തിന്റെ ആത്മകഥ അറിവിനോടുള്ള വെള്ളായണി അർജുനന്റെ അടങ്ങാത്ത ആഗ്രഹത്തെ അടിവരയിടുന്നതാണ്. എന്തിന്, അദ്ദേഹത്തിന്റെ നവതി ആഘോഷം പോലും അഞ്ച് പുസ്തകങ്ങൾ പ്രകാശനം ചെയ്തുകൊണ്ടായിരുന്നു.

ജരാനരകളെ കാര്യമാക്കാതെ അറിവു നേടാനുള്ള നിരന്തര ശ്രമത്തിൽ കഴിഞ്ഞുപോയ തലമുറക്കും ഇന്നത്തെ തലമുറക്കുമുള്ള പണ്ഡിത മാതൃകയാണ് വെള്ളായണി അർജുനൻ. അദ്ദേഹത്തിന്റെ സ്മരണകൾക്കു മുമ്പിൽ ഒരു അലിഗറിയന്റെ പ്രണാമം...!

ഡോ. മുനവ്വർ ഹാനിഹ് ടി.ടി

 


 

 

 

 

 

 

 

 

.