ദേശാതിവർത്തിയാകുന്ന മീലാദ്

മൂഹത്തിന്റെയും സംസ്ക്കാരത്തിന്റെയും അവിഭാജ്യവും വ്യതിരിക്തവുമായ ഏതൊരു ആചാരാനുഷ്ഠാനത്തിനും നൈസർഗ്ഗികമായ ജൈവിക പരിസരമുണ്ടായിരിക്കും. അത്തരം ജൈവികതയിലൂന്നിനിന്നുകൊണ്ടുള്ള ആചാരാനുഷ്ഠാനങ്ങൾക്കു മാത്രമേ ജനസഞ്ചയത്തിനകത്ത് കൃത്യമായ സ്വാധീനം സ്വരൂപിക്കാനും നിലനിന്നുപോരാനും സാധിക്കയുള്ളൂ. വ്യത്യസ്തമായ സാംസ്ക്കാരിക ഭൂമികയിലെ സ്ഥലകാലബോധത്തിലുള്ള ചരിത്രത്തിനു വിദൂരദേശത്തെ ജനസമൂഹത്തിനിടയിൽ കാലങ്ങൾക്കിപ്പുറവും വിപുലമായ സാംസ്ക്കാരിക പ്രാധാന്യം ലഭിച്ചു പോരുന്നുണ്ടെങ്കിൽ അതിനർത്ഥം അതിനു നിദാനമായ സംഭവകഥ ഇന്ന് ഇത് ആചരിക്കുന്ന ജനസമൂഹങ്ങൾ വൈകാരികമായി ഉൾക്കൊണ്ടിട്ടുണ്ടെന്നും അവരുടെ സാമൂഹിക സംസ്ക്കാരത്തിലേക്ക് അതിനെ പറിച്ചു നട്ടിട്ടുണ്ടെന്നുമാണ്. പിന്നീടത് വളർന്ന് വ്യാപിച്ച്, പ്രബലമാകുന്നത് അത് നിലനിൽക്കുന്ന സംസ്ക്കാരത്തിൽ നിന്നുള്ള വെള്ളവും വളവും കൊണ്ടാണ്. വീണ്ടുമൊരു നബിദിനം ആസന്നമാകുമ്പോൾ മക്കയിൽ ഭൂജാതനായ തിരുദൂതരുടെ ജന്മദിനം ഇന്ത്യൻ ഭൂമികയിൽ, കേരളത്തിൽ, ഏതെല്ലാം വിധത്തിലുള്ള സാംസ്ക്കാരിക വിനിമയങ്ങൾക്ക് കാരണമായിട്ടുണ്ടെന്നാണ് പരിശോധിക്കുന്നത്. ഈ ആചാരാനുഷ്ഠാനം മുസ്ലിം വിശ്വാസിസമൂഹത്തിന്റെ സാംസ്ക്കാരികതയെ എങ്ങനെ നിർവ്വചിക്കുന്നു എന്നതിലേക്കുള്ള എത്തിനോട്ടം കൂടിയാണ്.

ലോകത്തിന്റെ ഏതൊക്കെ ഭാഗങ്ങളിൽ മുസ്ലിം വിശ്വാസി സമൂഹമുണ്ടോ അവിടെയെല്ലാം ആ സംസ്ക്കാരത്തിന്റെ ഭാഗമായി തന്നെ മീലാദുന്നബി അഥവാ നബിദിനം ആഘോഷിച്ചു പോരുന്നുണ്ട്. അതിനപ്പുറം വിപുലമായി അവിടുത്തെ വ്യവസ്ഥാപിത ഭരണത്തിന്റെ അംഗീകാരത്തോടുകൂടി ആഘോഷിച്ചുപോരുന്നുണ്ട് എന്നു വേണം പറയാൻ. നല്ലൊരു ശതമാനം രാജ്യങ്ങളിൽ റബീഅൽ അവ്വലിലെ മീലാദ് ദിനത്തിനു ലഭിക്കുന്ന പൊതുഅവധി ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ബഹുസാംസ്ക്കാരികരാജ്യങ്ങളിൽ(Multicultural countries) മതസാംസ്ക്കാരിക സമൂഹങ്ങളുടെ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ഭരണകൂട ബോധ്യത്തോടെ പൊതുഅവധി ലഭിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം ആ ആചാരം അല്ലെങ്കിൽ അനുഷ്ഠാനം പ്രത്യേകമായ മതസാംസ്ക്കാരിക സമൂഹത്തിന്റെ ആ രാഷ്ട്രത്തിലെ അസ്തിത്വ പദവിയെ നിർണ്ണയിക്കുന്നതാണെന്നാണ്. ഏത് മതസാംസ്ക്കാരിക സമൂഹത്തിന്റെയും വിശ്വാസവൈകാരികതകളെ ഏകോപിപ്പിക്കുന്ന ആചാരാനുഷ്ഠാനങ്ങളെ ഭരണകൂടങ്ങൾ പ്രോത്സാഹിപ്പിച്ചും ഇതിന്റെ ഭാഗമായുള്ള ആഘോഷങ്ങൾക്ക് സൌകര്യങ്ങളൊരുക്കിയും ബഹുസാംസ്ക്കാരിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനു പിന്നിൽ വൈവിധ്യത്തെ ഫലപ്രദമായി ഉദ്ഗ്രഥിക്കുക എന്ന ലക്ഷ്യമുണ്ട്. ഓരോ രാജ്യത്തിന്റെയും സംസ്ക്കാരത്തിലും ഈ ആചാരാനുഷ്ഠാനത്തിന് ആഴത്തിലുള്ള ആദാനപ്രദാനത്തിന്റെ വേരുകളുണ്ട് എന്ന തിരിച്ചറിവു കൂടി ഇതിനു പിന്നിലുണ്ട്. ഗാന്ധിജയന്തിക്ക് ഓരോ ഇന്ത്യൻ പൌരനും പൊതുഅവധി ഭരണകൂടം അനുവദിക്കുന്നതിനു സമാനമായി നബിദിനത്തിനും പൊതുഅവധി ലഭിക്കുന്നുണ്ട് എന്നതിനർത്ഥം സാമൂഹികവും സാംസ്ക്കാരികവുമായി ഈ ഭൂമികയെ പ്രവാചകനും പ്രവാചകനെ മാതൃകയാക്കിയ വിശ്വാസിസമൂഹവും സമ്പന്നമാക്കിയിട്ടുണ്ട് എന്നാണ്.

വിശ്വാസി സമൂഹത്തെ സംബന്ധിച്ചിടത്തോളം മീലാദുന്നബി എന്നാൽ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉൾച്ചേർന്നിരിക്കുന്ന ആഘോഷമാണ്. പ്രത്യേക തരം വാക്കുകളും പ്രവൃത്തികളും ശീലമാക്കുക, പ്രത്യേക കൃതികൾ ആലപിക്കുക, ഇതിന്റെ ഭാഗമായുള്ള സംഗീതമോ കവിതയോ ജാഥയോ നടത്തുക, പ്രത്യേക തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക, സാംസ്ക്കാരിക പ്രാധാന്യമുള്ള വസ്തുക്കൾ ഉണ്ടാക്കി പ്രദർശിപ്പിക്കുക, വിശേഷമായ ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുക, ഇതെല്ലാം ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ആഘോഷപൂർവ്വം നടന്നുപോരാറുണ്ട്. ആ അർത്ഥത്തിൽ നബിദിനം ഇസ്.ലാമിക സംസ്കാരത്തെ മറ്റുസംസ്കൃതികളുമായി ഇഴുകിച്ചേർക്കുന്ന എത്രത്തോളം അവിഭാജ്യമായൊരു ഘടകമാണെന്ന് ബോധ്യപ്പെടുത്തും. നബിദിനത്തിന്റെ ഭാഗമായി അനേകം പ്രവാചക പ്രകീർത്തന സാഹിത്യങ്ങൾ വിശ്വാസികൾ സമ്മേളിക്കുന്ന വിവിധ വേദികളിൽ, കൂട്ടങ്ങളിൽ അനുഭവിക്കാനാവും. അത്തരം പ്രവാചക() പ്രകീർത്തന സദസ്സുകൾക്ക് പിന്നിൽ വിശ്വാസമുണ്ട്, അനുരാഗമുണ്ട്, സാഹിത്യവും സംസ്ക്കാരവുമുണ്ട്. പ്രവാചക() ജന്മദിനം അത് ആഘോഷിക്കപ്പെടുന്ന എല്ലാ സംസ്ക്കാരങ്ങളിലെയും ഭാഷകളിൽ സാഹിതീയമായി അനേകം സംഭാവനകൾ നൽകിയിട്ടുണ്ട്. ഓരോ ഭാഷകളിലെയും സാഹിത്യസംഭാവനകളെ സൂചിപ്പിക്കാൻ കഴിയാത്തവിധം ബഹുലമാണത്. ഈ സാഹിത്യസംഭാവനകളുടെ എല്ലാം ഉള്ളടക്കം അല്ലെങ്കിൽ പ്രമേയം തിരുദൂതരുടെ() ജനന, ജീവിത സമയത്ത് ഈ പ്രപഞ്ചത്തിലാകമാനം സംഭവിച്ച ഗോചരവും അഗോചരവുമായ പ്രതിഭാസങ്ങളും വൈകാരിക മുഹൂർത്തങ്ങളുമാണ്. ഈ പ്രമേയത്തെ സ്വീകരിച്ചുകൊണ്ട് അനേകം കാവ്യങ്ങൾ ഓരോ ഭാഷയിലും കണ്ടെത്താൻ സാധിക്കും. പ്രവാചക() പ്രകീർത്തനങ്ങളിലെ അതീന്ദ്രിയവും അതിഭൌതികവുമായ വിവരണങ്ങളെ കാവ്യാത്മകമായും മറിച്ച് അക്ഷരംപ്രതിയും മനസ്സിലാക്കാം. നബി()പ്രകീർത്തന കാവ്യങ്ങളിലെ ഇത്തരം വിവരണങ്ങളെ കേവലയുക്തിയുടെ അടിസ്ഥാനത്തിൽ സമർത്ഥിച്ചുകൊണ്ട് മാത്രമല്ല പരിശോധിക്കപ്പെടേണ്ടത്. അതിനെ സാഹിത്യത്തിന്റെ തലത്തിൽ മനസ്സിലാക്കുന്നതോടൊപ്പം സാംസ്ക്കാരികമായിക്കൂടി മനസ്സിലാക്കുമ്പോൾ കുറേക്കൂടി തെളിച്ചം ലഭിക്കും. പതിനേഴാം നൂറ്റാണ്ടിൽ ഗൂജറാത്തിൽ ജീവിച്ചിരുന്ന കവി പ്രവാചക() ജനനത്തെ കുറിച്ചെഴുതിയ കാവ്യത്തിൽ പ്രവാചക()രുടെ ജനനസമയത്ത് ഒരു ബ്രാഹ്മണൻ അവിടെ സന്നിഹിതനായിരുന്നുവെന്നും അദ്ദേഹം തന്റെ വിശുദ്ധമായ പൂണൂൽ നവജാതശിശുവിനു അണിയിച്ചുമെന്നുമുള്ള സംഭവം ആൻമേരി ഷിമ്മൽ, മുഹമ്മദ്: അവന്റെ പ്രചാവചകൻ’ () എന്ന പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. ഈകാവ്യത്തെ അക്ഷരാർത്ഥത്തിൽ പരിശോധിക്കുമ്പോൾ അവിടെ ബ്രാഹ്മണനെയോ പ്രവാചകരെ() പൂണൂൽ അണിയിച്ചതോ തെളിയിക്കാൻ സാധിച്ചെന്നു വരില്ല. പകരം, കവി അത്തരം അതിശയോക്തിപരമായ വർണ്ണനയും വൈകാരികസന്ദർഭവും സൃഷ്ടിക്കുന്നത് തുലോം കാവ്യഭംഗിക്കു വേണ്ടിയല്ല. അതിനപ്പുറം ഇവിടെ നടക്കുന്നത് സാംസ്ക്കാരികമായ സംവേദനമാണ്. പ്രവാചകരെ() കുറിച്ച് മലയാളത്തിലുണ്ടായ അനേകം പ്രകീർത്തന ശീലുകളിലും അതിശയോക്തി കലർന്ന വർണ്ണനകളും വൈകാരിക മുഹൂർത്തങ്ങളും കണ്ടെന്നു വരാം. അതിനു കാരണം, മാനവകുലത്തിനാകെയായി സർവ്വശക്തൻ നിയോഗിച്ച പ്രവാചകരുടെ() ജനനത്തെ സകലസാംസ്ക്കാരിക ഭൂമികകളിലും അവിടുത്തെ ജൈവികതകളിൽ അടയാളപ്പെടുത്താൻ പ്രവാചക() അനുരാഗികളായ വിശ്വാസികൾ ശ്രമിക്കുന്നതിനാലാണ്. ഇത്തരം ശീലുകൾ അപ്രധാനമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിൽ അതിനു കാരണം, കേവലയുക്തിയിൽ അധിഷ്ഠിതമായ, ഊഷരമായൊരു ഏകശിലാത്മക ഇസ്.ലാമിക സംസ്ക്കാരത്തെ വിഭാവനം ചെയ്യുന്നതു കൊണ്ടാണ്.

ഇവ്വിധം ഊഷരമായ, ഏകശിലാത്മക വിശ്വാസ സംസ്ക്കാരമല്ല, ഇസ്.ലാമിനുള്ളതും അതിലെ യഥാർത്ഥ വിശ്വാസി സമൂഹങ്ങൾക്കുള്ളതും. രണ്ടാം ലോകമഹായുദ്ധത്തോടെ ലോക നേതൃത്വം നഷ്ടപ്പെട്ട ഇസ്.ലാമിക സമൂഹത്തിന് ഇന്നും ഈ ആഘോഷം സാർവ്വദേശീയമായി നിലനിർത്താനാവുന്നു എന്നത് വ്യത്യസ്ത സംസ്കൃതികളിൽ എത്ര ആഴത്തിലുള്ള വേരൂന്നലാണ് ഇവ നടത്തിയത് എന്ന് വിളിച്ചുപറയുന്നുണ്ട്. പാശ്ചാത്യ രാഷ്ട്രീയചേരിയിൽ നിലകൊള്ളുന്ന പ്രബലമുസ്.ലിം രാഷ്ട്രനേതൃത്വങ്ങൾ ഉയർത്തുന്ന വെല്ലുവിളികളെ മറികടന്നാണ് പലയിടങ്ങളിലും മീലാദ് ആഘോഷിക്കപ്പെടുന്നത് എന്നത് വസ്തുതയാണ്. ആധുനികതയിൽ ഈ ആഘോഷം പാരമ്പര്യ വിശ്വാസി സമൂഹം മതമൌലിക പ്രത്യയശാസ്ത്രത്തിനെതിരെ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയപ്രതിരോധം കൂടിയായിമാറുന്നുണ്ട്. മറ്റൊരു അർത്ഥത്തിൽ വ്യത്യസ്ത സംസ്കാരങ്ങളോട് ഇഴുകിചേരാനുള്ള ഇസ്.ലാമിന്റെ ശേഷിയെ സ്വരൂപിച്ചുവെക്കുന്നുണ്ട് ഈ ആഘോഷം ഓരോ തവണയും.

പ്രവാചകരുടെ() നിയോഗം മാനവകുലത്തിനൊന്നാകെ ആയിട്ടായിരുന്നുവെങ്കിൽ അവിടുത്തോടുള്ള() അനുരാഗത്തിന്റെ വെളിച്ചം ഏത് വിദൂരസംസ്ക്കാരത്തിന്റെയും ഊർജ്ജത്തിൽ പ്രകാശിക്കും. മീലാദിന്റെ ഭാഗമായി പല സംസ്ക്കാരങ്ങളിലും വെളിച്ചം തെളിയിക്കുക പ്രധാനപ്പെട്ടൊരു ഘടകമായിരുന്നു. വെളിച്ചം ഏതൊരു സംസ്ക്കാരത്തിലും സർവ്വസമ്മതമായി സന്തോഷത്തിന്റെയും സമൃദ്ധിയുടെയും അടയാളമായി സ്വീകരിക്കപ്പെട്ടിരുന്നു. പള്ളികളും മദ്രസകളും വീടുകളും പല വർണ്ണങ്ങളിലുള്ള വിളക്കുകളാൽ പ്രകാശമാനമാക്കിയിരുന്നു. മധ്യകാലഘട്ടത്തിൽ ഈജിപ്തിലും തുർക്കിയിലും വർണ്ണമെഴുകുതിരികളുമായി, പ്രവാചക() പ്രകീർത്തനങ്ങൾ ആലപിച്ചുകൊണ്ടുള്ള ജാഥകൾ നടത്തുമായിരുന്നു. പ്രവാചകരുടെ() ജനനത്തെ കുറിച്ചുള്ള കാവ്യങ്ങളിലെല്ലാം തന്നെ പ്രകാശത്തിനു വലിയൊരു പ്രാധാന്യം നൽകിയുള്ള വർണ്ണനകളും വിവരണങ്ങളും കാണാവുന്നതുമാണ്. ലോകത്തിനു തന്നെ വെളിച്ചമായി അയച്ച തിരുദൂതരുടെ() ജന്മദിനത്തിൽ സന്തോഷസൂചകമായി വിളക്കുകളാൽ അലങ്കരിക്കാതിരുന്നാൽ പ്രകാശത്തിന് പിന്നെയെന്നാണ് തന്റെ സകല രശ്മികളാലും പ്രകാശിക്കാനാവുക?! കേരളത്തിൽ പാനൂസു വിളക്കുകൾ കൊണ്ട് റമദാനിൽ വീടുകളും മറ്റും അലങ്കരിക്കുന്നത് ഇന്നും ചിലയിടങ്ങളിൽ പ്രചാരത്തിലുണ്ടെങ്കിലും നബിദിനത്തോടനുബന്ധിച്ചു വീടുകളിലുള്ള വെളിച്ചാലങ്കാരങ്ങളെല്ലാം പൂർണ്ണമായും അവസാനിച്ചുവെന്നു തന്നെ പറയാം. മലബാർ പ്രദേശത്ത് കുട്ടികൾ വർണ്ണക്കടലാസു കൊണ്ട് പാനൂസു വിളക്കുകളുണ്ടാക്കി അവരുടെ മദ്രസ്സകളിലും വീടുകളിലും നിരനിരയായി അലങ്കരിച്ചിരുന്നത് ഓർത്തെടുക്കുന്നവർ ഇന്നുമുണ്ട്. ഏതൊരു സംസ്ക്കാരത്തിലും വെളിച്ചത്തിനു അനന്യമായ പ്രാധാന്യമുണ്ടായിരിക്കേ അത്തരം വിശ്വാസത്തിന്റെ സാംസ്ക്കാരിക പ്രകടനങ്ങളെ ഇനിയും നിലനിർത്തേണ്ടതുണ്ട്.

ഓരോ മതവും വിശ്വാസവും സാർവ്വദേശീയമാകുന്നത് അത് നിലനിൽക്കുന്ന സാംസ്ക്കാരികഭൂമികയിൽ ജൈവികമായ അടയാളങ്ങളുണ്ടാക്കുമ്പോഴാണ്. നബിദിന റാലിയിൽ കുരുന്നുകൾ വർണ്ണ വസ്ത്രങ്ങളുമായി പ്രവാചകനെ പ്രകീർത്തിക്കുമ്പോൾ അത് ആസ്വദിക്കാനും ആ റാലിയിലുള്ളവർക്ക് മധുരം വിതരണം ചെയ്യുന്നതും ഏതെങ്കിലും ഒരു മതവിഭാഗമല്ല. പകരം, അത് ആസ്വദിക്കുന്നതും മധുരം വിതരണം ചെയ്യുന്നതും അത് രുചിക്കുന്നതും വിവിധ സംസ്ക്കാരങ്ങളെ നെഞ്ചേറ്റിയ ഒരു രാഷ്ട്രത്തിലെ സമൂഹമാണ്. അതിൽ വിവിധ മതജാതിവർഗ്ഗവർണ്ണഭേദങ്ങളുണ്ടായിരിക്കും. അവർക്കെല്ലാം അത് ആസ്വാദ്യകരമാകുന്നത്, ചിരപരിചിതവും തങ്ങളുടെ മണ്ണിലെ സംസ്ക്കാരത്തിന്റെ ഘടകങ്ങൾ അതിലുള്ളതുകൊണ്ടുമാണ്. ഈ പ്രപഞ്ചത്തിനാകെയും അനുഗ്രഹമായ പുണ്യപ്രവാചകരോടുള്ള വിശ്വാസത്തെ, അനുരാഗത്തെ ഓരോമണ്ണിലും നട്ട് വളർത്തി തണലാക്കുകയാണ് വേണ്ടത്.

ഡോ. മുനവ്വർ ഹാനിഹ് ടി.ടി

 


.








.