എണ്ണയുടെ രാഷ്ട്രീയം; ഒരു എസ്കറ്റോളജിക്കൽ വായന

എണ്ണയുടെ രാഷ്ട്രീയം; ഒരു എസ്കറ്റോളജിക്കൽ വായന


 
 
 
എണ്ണയുടെ രാഷ്ട്രീയം; ഒരു എസ്കറ്റോളജിക്കൽ വായന
 
 

     അന്ത്യപ്രവാചകരായ മുഹമ്മദ് (സ) മുൻകാലങ്ങളിൽ കഴിഞ്ഞുപോയ കാര്യങ്ങളെ തന്റെ ജീവിത കാല യാഥാർത്ഥ്യത്തോട് ചേർത്തുവെച്ചുകൊണ്ടു വരും തലമുറകൾക്ക് പാഠമുൾക്കൊണ്ട് ജീവിക്കാനുതകും വിധം തങ്ങളുടെ ജീവിതത്തെ തന്നെ മാതൃകയാക്കിയിരുന്നു. എന്നാൽ പ്രവാചകർ (സ) ഇത്തരമൊരു ജീവിതം ബക്കായിലോ യഥ്രിബിലോ നയിച്ച കാലത്ത് പ്രവർത്തിച്ചു കാണിക്കുകയോ, അക്കാലത്തെ സാധാരണ ജനങ്ങൾക്ക് മുമ്പാകെ നേർദൃഷ്ടാന്തങ്ങളിലൂടെ ബോധ്യപ്പെടുത്താൻ ആവാത്തതോ ആയ ഒട്ടേറെ കാര്യങ്ങൾ അവശേഷിപ്പിച്ചിട്ടുമുണ്ട്. അവയെല്ലാം ഒരേസമയം മുൻ തലമുറകളോട് ബന്ധപ്പെട്ടതും, ഇന്നത്തെ തലമുറക്ക് വെളിച്ചം നൽകുന്നവയും, ഭാവി തലമുറകൾ മനസ്സിലാക്കി എടുക്കാനുമുള്ളവയാണ്.

    ഖുർആൻ, തിരുസുന്നത്ത് എന്നീ ഘടകങ്ങളിൽ അധിഷ്ഠിതമായാണ് ഇസ്‌ലാമിന്റെ ജീവിതപദ്ധതിയായ 'ശരീഅത്ത്' ക്രമപ്പെടുത്തിയിരിക്കുന്നത്. വ്യക്തി, കുടുംബ, സാമൂഹിക, സാംസ്കാരിക - ജീവിതത്തിന് ആവശ്യമായ കാര്യങ്ങളെ മനസ്സിലാക്കിയെടുക്കും വിധം ഖുർആൻ സൂക്തങ്ങളെയും അവയുടെ നേർ സാക്ഷ്യമായി പ്രവാചകർ (സ) തങ്ങളുടെ ജീവിതത്തിൽ പുലർത്തിയ സന്ദർഭങ്ങളെയും മനസ്സിലാക്കി ഗവേഷണത്തിലേർപ്പെട്ടാൽ ശരീഅത്തിനെ പ്രബലമാക്കുന്നതിനും വളർത്തുന്നതിനുമുതകുന്ന പഠനഗവേഷണങ്ങളിലേർപ്പെടാനാകും. മനുഷ്യൻ ഏതൊരുകാലത്തിൽ ജീവിച്ചാലും  ശരീഅത്തിന്റെ അടിസ്ഥാന ഘടകങ്ങൾ മാറ്റമില്ലാതെ തുടരുന്നവയാണ്. അതിനാൽ തന്നെ പുതിയകാലത്ത് ഉയർന്നുവരുന്ന ബാഹ്യമായ പല വിഷയങ്ങളിലും മേൽപ്പറഞ്ഞ അടിസ്ഥാന തത്ത്വങ്ങളെ അവലംബിച്ചുകൊണ്ടുള്ള ഗവേഷണപ്രവർത്തനങ്ങളിലേർപ്പെടുക  എന്നതായിരിയ്ക്കും പിൻകാലക്കാർക്ക് (പ്രവാചകർ(സ)യുടെ ദേഹവിയോഗത്തിനുശേഷം വരുന്ന തലമുറകൾ) ഈ മേഖലയിൽ  നിർമ്മാണാത്മാകമായി ചെയ്യാനുണ്ടാവുക.

     ചര്യകളിലൂടെ പരിചയിച്ച് പകർത്തുവാനല്ലാതെ റസൂൽ(സ) അവിടുന്ന് വാക്കാൽ തന്നിട്ടുള്ള സന്ദേശങ്ങൾ ഒട്ടേറെയാണ്. അവയിൽ പിൻകാലക്കാർക്ക് വേണ്ടിയുള്ള സന്ദേശങ്ങളും മുന്നറിയിപ്പുകളും പ്രവചനങ്ങളും  ഉണ്ട്. അവ പരമ്പരാഗത പഠനസമ്പ്രദായത്തിൽ ഉൾക്കൊള്ളിച്ചുകൊണ്ട്  ഗവേഷണങ്ങൾ നടത്തുന്നതിനു ചില പരിമിതികളുണ്ട്. കാരണം പല സാഹചര്യങ്ങളിലും ഇത്തരം സന്ദേശങ്ങളും പ്രവചനങ്ങളും അവ യാഥാർത്ഥ്യമാകുന്ന കാലത്തിൽ നിന്നുകൊണ്ട് മാത്രം മനസ്സിലാക്കിയെടുക്കാൻ സാധിക്കുന്നവയാണ്. അപ്പോൾ പ്രവാചകർ(സ) നൽകിയിട്ടുള്ള ഇത്തരം സന്ദേശങ്ങളെ പഠനവിധേയമാക്കുന്നതിനു  നിലവിലെ അക്കാദമിക പഠനങ്ങളുടെ  വിതാനങ്ങൾക്കുമപ്പുറം കടക്കേണ്ടതുണ്ട്. പ്രത്യേകിച്ചും പ്രവാചകരിൽ(സ) നിന്ന് സഹസ്രാബ്ദങ്ങൾക്കിപ്പുറം ജീവിക്കുന്ന ശിഷ്യവൃന്ദങ്ങളെ സംബന്ധിച്ചിടത്തോളം ഇത്തരം വിഷയങ്ങളെ പഠനവിധേയമാക്കുന്നതിനു പുതിയ വഴി അന്വേഷിക്കുക എന്നത് നിർബന്ധമോ നിശ്ചയമായും ചെയ്യേണ്ടുന്നതോ ആയ കർമ്മമായി  മാറുന്നു. അതിനാൽ പുതിയ ജ്ഞാനപദ്ധതികൾ ഈ മേഖലയിൽ ആവിഷ്കരിക്കുക അനിവാര്യം തന്നെ.

 അഹമ്മദരായ അന്ത്യപ്രവാചകർ(സ)യെ കൂടാതെ ഇസ്ലാമിന്റെ ചരിത്രത്തിൽ മുൻകഴിഞ്ഞുപോയ പ്രവാചകന്മാരും മറ്റു സംസ്കൃതികളിൽ നിയോഗിക്കപ്പെട്ട പുണ്യ പുരുഷന്മാരും ഇവ്വിധം വരുംകാലത്തോട് സംവദിക്കുന്ന പ്രവചനങ്ങൾ/സന്ദേശങ്ങൾ നൽകിയിട്ടുണ്ടാകും. അവയെല്ലാം തന്നെ സമാന രീതിയിൽ വൈജ്ഞാനികവും മതകീയവുമായ പഠനങ്ങൾക്ക് വിധേയമാക്കേണ്ടതുണ്ട്. ആധുനികതയിൽ ഇത്തരം കാര്യങ്ങൾ പഠിക്കുന്നതും നിലവിൽ വലിയ പ്രചാരമെത്താത്തതുമായ പഠനശാഖയാണ് എസ്കറ്റോളജി(Eschatology). ചരിത്രാവസാനകാല പഠനമെന്നോ ലോകാവസാനകാല പഠനമെന്നോ ഇതിനെ വിളിക്കാം. ലോകത്തെ പ്രമുഖമതഗ്രന്ഥങ്ങളിൽ പരാമർശമുള്ള ലോകാവസാന കാലത്തു നടക്കാനിരിക്കുന്ന കാര്യങ്ങളെ ഗവേഷണം ചെയ്തുകൊണ്ട് ഈ കാലത്തെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ യാഥാർത്ഥ്യങ്ങളുമായി തുലനം ചെയ്ത് പഠിക്കുക എന്നതാണ് ഈ ശാഖയുടെ പ്രത്യേകത. ഇസ്ലാം, ക്രിസ്തു, ജൂത, ഹൈന്ദവ മതങ്ങളുടെ ഗ്രന്ഥങ്ങളാണ് ഇത്തരത്തിൽ പ്രധാനമായും പഠനവിധേയമാക്കുന്നത്. മുൻ തലമുറയ്ക്ക് അവർ ജീവിച്ച സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ഗതിവിഗതികളിൽ നിന്ന് മനസ്സിലാക്കാൻ കഴിയാതെ പോയ ഒട്ടേറെ കാര്യങ്ങൾ വർത്തമാനത്തിൽ നിന്ന് കണ്ടെടുക്കാൻ ഈ പഠന മേഖല സഹായിക്കുന്നു. ഇങ്ങനെ പഠനവിധേയമാക്കപ്പെടുന്ന വിഷയങ്ങളും അതിൽ നിന്നുള്ള കണ്ടെത്തലുകളും ആഗോള വർത്തമാന വ്യവഹാരത്തിന്റെ വിവിധ മേഖലകളിൽ മതസാംസ്ക്കാരിക വീക്ഷണത്തോടു കൂടിയുള്ള സമൂലമായ മാറ്റങ്ങൾ കൊണ്ടുവരാനും പദ്ധതികൾ ആവിഷ്കരിക്കാനും പ്രയോജനപ്രദമാകുന്നവയാണ്. ലോകരാഷ്ട്രീയത്തിന്റെ സാമ്പത്തിക പരിസ്ഥിതിയെ പോലും നിയന്ത്രിക്കാൻ ഉതകുന്ന ഇത്തരം അറിവുകളെ കണ്ടെടുക്കുന്ന, ഇത്തരമൊരു പഠനശാഖ പരിപോഷിക്കേണ്ടത് മതവൈജ്ഞാനിക മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കർത്തവ്യമാണ്. അല്ലെങ്കിൽ മതനിരാസത്തിന്റെ ലിബറൽ രാഷ്ട്രീയ ശക്തികൾ ഈ മേഖലയിലൂടെ നേടുന്ന അറിവുകൾ മതങ്ങൾക്കും മാനവരാശിക്കും തന്നെ എതിരായി ഉപയോഗിക്കും. അക്കാരണത്താൽ ഇത്തരം അറിവുകൾ യഥാവിധി ഗവേഷണം ചെയ്തു കണ്ടെത്തുകയും അത് വിശ്വാസികൾക്ക് മുന്നറിയിപ്പായി, ഉചിതമായ രീതിയിൽ അവതരിപ്പിച്ചു കൊടുക്കുകയും ചെയ്യേണ്ടുന്നത്  ഈ കാലഘട്ടത്തിലെ മതപ്രവർത്തനത്തിന്റെയും മതപ്രബോധനത്തിന്റെയും ഭാഗം തന്നെയാണെന്നും മനസ്സിലാക്കേണ്ടതുണ്ട്.

    ‘അന്ത്യനാൾ അടുക്കുമ്പോൾ യൂഫ്രട്ടീസിൽ സ്വർണമല മറനീക്കി പുറത്തുവരും. യൂഫ്രട്ടീസ് വറ്റും. അന്നു ജീവിച്ചിരിക്കുന്ന ആരും അതിൽ നിന്നു ഒന്നും എടുക്കരുത്. അതിന്റെ പേരിൽ മനുഷ്യർ പരസ്പരം യുദ്ധം ചെയ്യും. ഞാൻ രക്ഷപ്പെടുമെന്നു ഓരോരുത്തരും വിചാരിക്കുമെങ്കിലും (ആ സ്വർണമല കാരണം) നൂറിൽ തൊണ്ണൂറ്റൊമ്പതും കൊലചെയ്യപ്പെടും.’ (ബുഖാരി, മുസ്ലിം.) (രിയാളുസ്സ്വാലിഹീൻ- 1822, ഭാഗം-18, ഹദീസ് 15) എന്ന ഹദീസിനെ വർത്തമാനകാല സാമൂഹികസാമ്പത്തിക രാഷ്ട്രീയ പരിതസ്ഥിതിയിൽ നിന്നുകൊണ്ട് വായിക്കാനുള്ള ശ്രമമാണ് ഉസ്താദ് റഹ്മതുള്ളാഹ് ഖാസിമി തന്റെ ‘യൂഫ്രട്ടീസിലെ സ്വർണമലകൾ’ എന്ന ഗ്രന്ഥത്തിൽ നടത്തിയിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രാഷ്ട്രീയ മാറ്റങ്ങളെ കണ്ടുംകേട്ടും അനുഭവിച്ചും അറിയാത്തൊരു മനുഷ്യനു  തുലോം അന്വേഷണത്തിലൂടെ ഈ ഹദീസിന്റെ പൊരുൾ ചികഞ്ഞെടുക്കാൻ സാധിക്കില്ല. കാരണം, ഈ ഹദീസിൽ പറയുന്ന കാര്യങ്ങൾ വ്യക്തമായും ലോകത്ത് ദൃശ്യമാകുന്നത് വർത്തമാനകാല സമൂഹത്തിലാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ പുലർന്നുതുടങ്ങുന്ന ഹദീസിൽ സൂചിതമായ ഈ സംഭവം, ഹദീസിൽ പറയുംപ്രകാരംതന്നെ എന്നുറപ്പിക്കണമെങ്കിൽ  ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോളം കാത്തിരിക്കേണ്ടിവരും. അവിടെവരെ എത്തി നിൽക്കുന്ന രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കിയാലേ ലോകത്ത് ഈ പ്രവചനം പുലർന്നോ ഇല്ലയോ എന്നു പോലും  സാക്ഷ്യപ്പെടുത്താനാവൂ. 1900കളിൽ ആരംഭിച്ച ഇരുപതാം നൂറ്റാണ്ട് അവസാനിച്ചു, 24 വർഷം പിന്നിട്ടിട്ടു പോലും  ഈ ഹദീസിൽ സൂചിതമായ കാര്യം നടന്നുകഴിഞ്ഞു എന്ന് തിരിച്ചറിയാതിരിക്കുന്ന സാമാന്യജനങ്ങൾ ഈ വിഷയം മുഹമ്മദ് (സ) മുന്നറിയിപ്പ് നൽകിയതിൻ പ്രകാരം നടന്നുവെന്നു തിരിച്ചറിയേണ്ടതായിട്ടില്ലെ?. അത്തരമൊരു തിരിച്ചറിവിലേക്കുള്ള അക്കാദമികവും പ്രബോധനാത്മകവുമായ പ്രവർത്തനമാണ് ഈ പുസ്തകം. യൂഫ്രട്ടീസ് എന്ന നദിയെ ആ നദി ഒഴുകിയിരുന്ന പ്രദേശമായി ഉൾക്കൊണ്ടുകൊണ്ട്, ആ ഭൂമികയിൽ നിന്ന് ആകാശത്തിലേക്ക് ഉയർന്നുപൊങ്ങിയ സ്വർണ്ണ മലയുടെ ചരിത്രത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ഗ്രന്ഥകാരൻ ആരംഭിക്കുന്നു. സ്വർണ്ണം എന്നതിൽ സൂചിതമായ ആ സമ്പദ്ശേഖരം, ഖര രൂപത്തിലുള്ള ലോഹമല്ലെന്നും മറിച്ച് ദ്രാവക രൂപത്തിൽ കുതിച്ചു ചീറ്റി പുറത്തുവന്ന ക്രൂഡോയിൽ ആണെന്നും തെളിവുകളോടെ ഗ്രന്ഥകാരൻ സമർത്ഥിക്കുന്നു.

    ക്രയവിക്രയ ഉപാധിയായി ഖുർആൻ നാണയം എന്ന നിലയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത് സ്വർണ്ണ കാശിനെയും  വെള്ളിക്കാശിനെയുമാണ്. സൂചിതമായ ആയത്തുകൾ ആലുഇംറാൻ(75), യൂസഫ്(20) എന്നീ അദ്ധ്യായങ്ങളിൽ നമുക്ക് കാണാം. ഖുർആനിൽ സൂചിതമായ സ്വർണ്ണ ലോഹം പരിമിതമായെ ഭൗതിക ലോകത്തിൽ ഉണ്ടാവുകയുള്ളൂ എന്ന് ദൈവ ഗ്രന്ഥത്തിൽ ചൂണ്ടികാണിയ്ക്കപ്പെട്ടു എന്നതിനാൽത്തന്നെ ഉറപ്പിയ്ക്കാവുന്നതാണ്. കാരണം ഒരു സ്വർണ്ണ മല തന്നെ ഉയർന്നു വന്നാൽ പിന്നെ ലോകത്തെ എക്കാലത്തേക്കുമായുള്ള ഒരു നാണയവ്യവസ്ഥയായി തുടരാനാവാത്ത ഒരു വിനിമയ ഉപാധിയായി സ്വർണ്ണം മാറും.  അതിനാൽ തന്നെ അങ്ങിനെയൊന്ന് ക്രയവിക്രയത്തിനായി ഖുർആൻ എടുത്തുപറയാൻ തരമില്ല. എന്നാൽ ഇപ്രകാരമുള്ളൊരു മതകീയ ന്യായോക്തി വിശദീകരണത്തിലേക്ക് ഒതുങ്ങാതെ ഭൗതിക ലോകത്തിൽ എല്ലാവരാലും അംഗീകരിക്കപ്പെടാവുന്ന അക്കാദമികമായ തെളിവുകൾ നിരത്തുകയാണ് ഗ്രന്ഥകാരൻ ചെയ്തിരിക്കുന്നത്. 

    ഇന്ന് ലോകത്തെ എല്ലാ ക്രയവിക്രയങ്ങളെയും നിയന്ത്രിക്കുന്ന ചരക്കായി ക്രൂഡോയിൽ മാറി എന്നു ഭൗതിക സാഹചര്യത്തിലെ തെളിവുകൾ നിരത്തിക്കൊണ്ട് സമർത്ഥിക്കുന്നുണ്ട് ഗ്രന്ഥകാരൻ. നാണ്യകേന്ദ്രമായി വികസിച്ചുവന്ന ലോകകമ്പോളം ആധുനിക വ്യവസായ വിപ്ലവത്തോടെ ഊർജ്ജകേന്ദ്രിതമായി എന്നും ചൂണ്ടിക്കാണിക്കുന്നു ഗ്രന്ഥത്തിൽ. ക്രൂഡ്ഓയിലിന്റെ യൂഫ്രട്ടീസ് മേഖലയിൽനിന്നുള്ള കണ്ടെടുപ്പും പിന്നിലെ ആഗോളരാഷ്ട്രീയ ചരടുവലികളും ഗ്രന്ഥകാരൻ മറനീക്കി പുറത്തുകൊണ്ടുവരുന്നു. ലോകത്തിന്റെ നിയന്ത്രണം തന്നെ ഈ ഊർജ്ജ സ്രോതസ്സ് കൈയ്യടക്കി വച്ച് നിയന്ത്രിക്കുന്നവുടെ കൈകളിലേക്കായി ഒതുങ്ങുന്നു. യൂഫ്രട്ടീസ് തീരങ്ങളിൽ നിന്നും ലഭ്യമായ ഊർജ്ജസ്രോതസ്സുകൾകൊണ്ട് ഒന്നാം ലോക രാജ്യങ്ങൾ ലോകത്തിന്റെ നെറുകയിലേക്ക് വളരുമ്പോൾ അവിടുത്തെ ജനത കടുത്ത വരൾച്ചയിലേക്കും അരക്ഷിതത്വത്തിലേക്കും നീങ്ങുകയാണുണ്ടായത്.

 ലോകത്ത് മൊട്ടുസൂചി മുതൽ ഭീമാകാരമായ വിമാനങ്ങൾ വരെ നീണ്ടുനില്ക്കുന്ന ക്രൂഡ്ഓയിൽ ഉൽപന്നനിര വിപണി കീഴടക്കുമ്പോൾ യൂഫ്രട്ടീസ് തീരത്തെ തുടർച്ചയായ യുദ്ധങ്ങളിലേക്ക് തള്ളിവിടുകയാണു ചെയ്തത്, അവിടെയും തിരുദൂതരുടെ പ്രവചനം പുലർകയാണുണ്ടായത് എന്നും ഗ്രന്ഥകാരൻ ചൂണ്ടിക്കാണിക്കുന്നു. ഈ യുദ്ധങ്ങളുടെ വ്യാപ്തി മനസ്സിലാക്കുവാനായി ഗ്രന്ഥകാരൻ നിരത്തുന്ന തെളിവുകളും കണക്കുകളും നമ്മെ ഞെട്ടിപ്പിക്കുന്നവയാണ്. ഇതിനെല്ലാം പുറമേ ക്രൂഡ് ഓയിലും അതിൽ നിന്നുള്ള ഉൽപ്പന്നങ്ങളും മൂലം ലോകത്ത് സംജാതമായ മലിനീകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവ അവതരിപ്പിക്കുന്നതിലൂടെ ഇത് നിഷിദ്ധമായൊരു സ്വർണമല തന്നെ എന്ന് ഏതൊരു വായനക്കാരനെയും വിശ്വസിപ്പിക്കാൻ ഗ്രന്ഥകാരനാവുന്നുണ്ട്.

    സാധാരണ ലേഖകരെ പോലെ പ്രശ്നങ്ങൾ അവതരിപ്പിച്ചു കടന്നുപോവുകയല്ല ഗ്രന്ഥകാരൻ. സ്വർണമല വരുത്തിവെച്ച ദുരിതങ്ങളിൽ നിന്ന് മാനവരാശിക്ക് കരകയറേണ്ടതുണ്ടെന്ന് ഓർമ്മിപ്പിക്കുകയും ഈ സ്വർണമല മൂലം ഉണ്ടായ പ്രകൃതിയാഘാതങ്ങളാൽ ലോകജനത പൊറുതിമുട്ടുമ്പോൾ അതിനൊരു പരിഹാരം എന്ന നിലയ്ക്ക് ഭൂമിയിൽ വിത്ത് വിതറുന്ന കർഷകനായി സ്വയം തന്നെ മാറുന്ന ചിത്രം വായനക്കാർക്കു മുമ്പിൽ പങ്കു വെച്ചു കൊണ്ടുമാണ് ഗ്രന്ഥകാരൻ പിരിയുന്നത്. ഭൂമിയും പ്രകൃതിവിഭവങ്ങളും അതിൻറെ സന്തുലിതാവസ്ഥയും മതപണ്ഡിതന്മാർ ഏറെ ചർച്ച ചെയ്യാത്ത വിഷയമാണ്. എന്നാൽ സമകാലികാവസ്ഥ എന്താണെന്ന് പറഞ്ഞു ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് അദ്ദേഹം വിരൽച്ചൂണ്ടുന്നു. അവിടെ ഭൂമിയെ വീണ്ടെടുക്കണമെന്നും മാനവരാശിക്ക് പ്രതീക്ഷയുണ്ട് എന്നുള്ള പങ്കുവെക്കൽ നടക്കുന്നു. ഗ്രന്ഥകാരൻ മുന്നോട്ടുവെക്കുന്ന ആശയത്തെ ഒരു ഉട്ടോപ്യ ആയൊന്നും കണ്ടുകൂടാ. പ്രവാചകർ(സ) ഈ സ്വർണ്ണ മലയിൽ നിന്ന് ആരും എടുക്കരുതെന്നു താക്കീത് നൽകിയിട്ടുണ്ടെങ്കിൽ അതിനായി ജിഹാദിലേർപ്പടാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നോർക്കണം. ലോകം ഇത്രയും മുന്നോട്ടു പോയതും ജീവിതത്തിന്റെ സമസ്തമേഖലയിലും ഇതെല്ലാം ചൂഴ്ന്നു നിൽക്കുന്നതുമായൊരു സാഹചര്യത്തിൽ ഇനിയത് സാധ്യമാണോ, എന്ന ചോദ്യം എല്ലാവരിലും ഉണ്ടായിരിക്കാം. ഒരു ഉദാഹരണം എന്ന സ്ഥിതിക്ക് സൂചിപ്പിക്കട്ടെ, കാലങ്ങൾക്ക് മുമ്പേ വ്യാവസായിക വിപ്ലവവും ആധുനികനഗരവൽക്കരണവും നടന്ന സൗകര്യങ്ങളുടെ പറുദീസയായ അമേരിക്കയിൽ പോലും ആധുനികത കൊണ്ടുവന്ന യാതൊരു സൗകര്യങ്ങളും ഉപയോഗപ്പെടുത്താതെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പരമ്പരാഗതമായ ഗോത്രീയരീതിയിൽ ജീവിക്കുന്ന മനുഷ്യരുണ്ട്. ക്രൈസ്തവ മതത്തിൽ പെട്ട -ആമിഷ് അമേരിക്കൻസ്. അതുകൊണ്ട് ഒരു തിരിച്ചുനടത്തം സാധ്യമല്ല എന്നുള്ള വാദം തികച്ചും തെറ്റാണെന്ന് അവരെ കുറിച്ച് പഠിച്ചാൽ മനസ്സിലാക്കാവുന്നതുമാണ്.

 

 An Amish farmer in the field,

    പണ്ഡിതനും പാമരനും ഒരുപോലെ  ബോധ്യപ്പെടുംവിധം വിഷയം  അവതരിപ്പിക്കാൻ ഗ്രന്ഥത്തിനായിട്ടുണ്ട്.  മാറ്റത്തിന് ഒരു ഇടം ഉണ്ട് എന്നുള്ള ചിത്രം അവസാനത്തിൽ പങ്കുവച്ചു എന്നുള്ളതും ഭൂമിക്കായും മാനവകുലത്തിനായും ത്യാഗം സഹിക്കേണ്ടതുണ്ട്, എന്ന സന്ദേശം പകർന്നു എന്നതുമാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ മേന്മയായി ബോധ്യപ്പെടുന്നത്. മതകീയമായ കാര്യങ്ങൾ അവതരിപ്പിച്ചു നിർത്താതെ ഇത്തരം സന്ദേശം നൽകാൻ ഉസ്താദ് റഹ്മത്തുള്ളാഹ് ഖാസിമിക്കായി എന്നത് പുസ്തകത്തിനുമപ്പുറം അദ്ദേഹത്തിലെ പരിവർത്തകനെ കണ്ടെത്താൻ  നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. ഈ വിഷയത്തിൽ മുൻപ് വായിച്ചിട്ടുള്ള, അറിഞ്ഞിട്ടുള്ള ഒരിടത്തും ഇത്തരമൊരു ത്യാഗസമ്പൂർണ്ണ തിരുത്തിനെക്കുറിച്ച് സംസാരിച്ചു കണ്ടിട്ടില്ല, അത് കേരളീയ ഭൂമികയിൽ നിന്ന് ഉണ്ടായികണ്ടത് ശുഭപ്രതീക്ഷാർഹവുമാണ്. 

  -ഡോ മുനവ്വർ ഹാനിഹ് ടി ടി