ചേലെഴുമോരോ നിയതിനിയമങ്ങൾ...

ചേലെഴുമോരോ നിയതിനിയമങ്ങൾ...









    സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന വിപ്ലവ മുദ്രാവാക്യം 1789ൽ ഫ്രാൻസിൽ മുഴങ്ങിക്കേട്ടു. പൌരോഹിത്യത്തിനും പ്രഭുവർഗ്ഗത്തിനുമെതിരെയുള്ള സാധാരണക്കാരന്റെ അവകാശ കാഹളമായി ഇന്നും പാഠപുസ്തകങ്ങളിൽ പഠിപ്പിക്കപ്പെടുന്നത് ഇവമാത്രം. ആദ്യത്തെ എഴുതപ്പെട്ട ഭരണഘടനയായി 1787ലെ അമേരിക്കൻ ഭരണഘടന പ്രഘോഷിക്കപ്പെടുമ്പോഴും 1789ൽ മനുഷ്യാവകാശത്തിന്റെയും പൌരാവകാശത്തിന്റെയും പ്രഖ്യാപന പത്രിക ഫ്രാൻസിൽ ആവിഷ്ക്കരിക്കപ്പെടുമ്പോഴും ഇവയിലൊന്നും ഇഴചേരാത്ത ബഹുസാംസ്ക്കാരികത (Multiculturalism)ഇരുപതാം നൂറ്റാണ്ടിൽ മാത്രമാണ് ആധുനിക ലോകത്തിന്റെ ബോധമണ്ഡലത്തിലേക്കെത്തുന്നത്. എന്നാൽ മനുഷ്യന്റെ സ്വത്വരൂപീകരണത്തിലും അവന്റെ വ്യവഹാരങ്ങളിലും മതത്തിനും സംസ്ക്കാരത്തിനും ആചാരാനുഷ്ഠാനങ്ങൾക്കുമുള്ള പങ്ക് നിരക്ഷരരായ തിരുദൂതർ മുഹമ്മദ് (സ) മനസ്സിലാക്കിയിരുന്നു. അതുകൊണ്ടു തന്നെയാവണം മാനവകുലത്തിനാകെയുള്ള പ്രവാചകരായി തങ്ങളറിയപ്പെട്ടത്. അവകാശവും സംരക്ഷണവും തന്റെ പാത പിന്തുടരുന്നവർക്കു മാത്രമല്ലെന്ന വിശാലമായ സഹിഷ്ണുതാ ബോധമായിരുന്നു പ്രവാചകർ(സ) യുടെ രാഷ്ട്രീയവും സംസ്ക്കാരവും.


ചേലെഴുമോരോ നിയതിനിയമങ്ങൾ

പോലെ മുഹമ്മദിന്നാദർശങ്ങൾ,

തന്നാൽപ്രകാശിത ദൈവത്തിൻ

കാരുണ്യത്താൽമന്നുള്ള കാലം

വിളങ്ങുമെന്നും.”


    എന്നാണ് പ്രശസ്ത പണ്ഡിതനായ പന്മന രാമചന്ദ്രൻനായർ റസൂൽ(സ)യെ കുറിച്ചെഴുതിയത്.എന്നാൽ ഇസ്ലാമിക രാഷ്ട്രീയം, മുസ്ലിം രാഷ്ട്രീയം, മുഹമ്മദീയ ആദർശം എന്നൊക്കെ പൊതുമണ്ഡലത്തിൽ ഉച്ചരിക്കാൻ പോലും രണ്ടാമതൊരുവട്ടം ആലോചിക്കേണ്ടി വരുന്നത് പ്രവാചകരുടെ സഹിഷ്ണുതാ ബോധമുള്ള ഈ രാഷ്ട്രീയത്തെ മുസ്ലീങ്ങൾ പോലും നേരാംവിധം മനസ്സിലാക്കാത്തതിനാലോ അല്ലെങ്കിൽ തെറ്റിദ്ധാരണകൾ വന്നുപെട്ടതിനാലോ ആണ്. പ്രവാചക രാഷ്ട്രീയവും രാഷ്ട്രീയ സംസ്ക്കാരവും നുബ്ബുവത്തിനു മുമ്പും ശേഷവുമുള്ള സാംസ്ക്കാരിക സാമൂഹിക വിനിമയത്തിന്റെയും യാത്രകളുടേയും കൂടെ സ്വാധീനത്താൽ രൂപംകൊണ്ടതായി അനുമാനിക്കാവുന്നതാണ്.


    പ്രവാചകത്വത്തിനു മുമ്പു തന്നെ 'അൽ അമീൻഅഥവാ വിശ്വസ്തൻ എന്ന പേരിൽ അറേബ്യയിലൊന്നാകെ പ്രശസ്തനായിരുന്ന മുഹമ്മദ് നബി (സ) സാർത്ഥവാഹക സംഘങ്ങളോടൊപ്പം വിദൂരസ്ഥലങ്ങളിലേക്കു പോലും യാത്ര ചെയ്തിരുന്നു. പൌരാണിക രേഖകൾ പ്രകാരം മധ്യപൂർവ്വേഷ്യക്കുമപ്പുറമുള്ള സ്ഥലങ്ങളിലേക്കു പോലും പ്രവാചകർ(സ) അക്കാലത്ത് യാത്ര ചെയ്തിരുന്നത്രെ. യമൻ, സിനാഇ, ഈജിപ്ത്, പാലസ്തീൻ, ഇറാഖ്, സിറിയ, പേർഷ്യയും പിന്നിട് അബ്സീനിയയിലേക്കും അർമേനിയയിലേക്കും വരെ കച്ചവട സംഘത്തോടൊപ്പം പ്രവാചകർ(സ) യാത്ര ചെയ്തിരിക്കാമെന്ന് പല പൌരാണിക ചരിത്ര രേഖകളും സൂചനകൾ നൽകുന്നുണ്ട്. ഒരിക്കൽ ഇത്തരമൊരു യാത്രയ്ക്കിടെ യുവാവായിരുന്ന പ്രവാചകർ മുഹമ്മദ് (സ) സിനാഇയിലെ സെന്റ് കാതറിൻ മഠത്തിനു മുമ്പിൽ വിശ്രമിക്കുകയായിരുന്നു. അവിടേക്കു പറന്നെത്തിയ ഒരു പരുന്ത് പുറത്തിരിക്കുന്ന പ്രവാചകരെ വലം വെച്ചു പറക്കാൻ തുടങ്ങി. ഇതു കണ്ട മഠാധിപതിക്ക് അത്ഭുതം തോന്നി. കാരണം, ഗബ്രിയേൽ മാലാഖക്ക് പരുന്തിന്റെ രൂപം സ്വീകരിക്കാൻ സാധിക്കുമെന്ന് ആ ക്രിസ്തീയപുരോഹിതനു അറിയാമായിരുന്നു. അതിനാൽ തന്നെ ഇതു ദൈവം തനിക്കു നൽകിയ അടയാളമായി മനസ്സിലാക്കിയ മഠാധിപതി അത്യന്തം സ്നേഹവാത്സല്യങ്ങളോടെ പ്രവാചകരെ മഠത്തിനകത്തേക്കു ക്ഷണിച്ചിരുത്തി. അനന്തരം തനിക്കൊരു സംരക്ഷണ കരാർ നൽകണമെന്നു പ്രവാചകരോട് ആവശ്യപ്പെട്ടു. എന്നാൽ അന്ന് നുബ്ബുവത്ത് ലഭിക്കാതിരുന്ന പ്രവാചകർക്ക് ഇതിന്റെ പൊരുൾ മനസ്സിലായതുമില്ല. ദരിദ്രനായ ഈ അനാഥനു അങ്ങയുടെ മഠത്തെ എങ്ങനെ സംരക്ഷിക്കാനാവുമെന്ന് പ്രവാചകൻ നിസ്സഹായതയോടെ ചോദിച്ചു. താങ്കളൊരു ശക്തനായ നേതാവാകുമെന്നായിരുന്നു മഠാധിപതിയുടെ മറുപടി. എഴുതാനറിയാത്ത ഞാനെങ്ങനെ സംരക്ഷണ കരാർ എഴുതി നൽകുമെന്നു ചോദിച്ചപ്പോൾ മഠാധിപതി പറഞ്ഞത് അങ്ങയുടെ വാക്കു മാത്രം മതി ഞങ്ങൾക്കെന്നായിരുന്നു. മഠാധിപതി നൽകിയ മഷിപാത്രത്തിൽ മുക്കി കടലാസിൽ കൈ പതിപ്പിച്ച് മുഹമ്മദ് (സ) അദ്ദേഹത്തോടു പറഞ്ഞത്, എന്റെ വാക്കാണ് എന്റെ കരാർ എന്നായിരുന്നു. 


    കാലങ്ങൾക്കു ശേഷം മുഹമ്മദ് (സ) നുബ്ബുവത്ത് ലഭിക്കുകയും മഠാധിപതി പ്രവചിച്ച പ്രകാരം ശക്തനായ നേതാവായി അദ്ദേഹം മാറുകയും ചെയ്തു. അന്ന് മഠാധിപതിയുടെ നേതൃത്വത്തിലൊരു പ്രതിനിധി സംഘം മദീനയിലേക്കു തിരിച്ചു. പ്രവാചകനെ കണ്ട സംഘം പ്രവാചകൻ കാലങ്ങൾക്കു മുമ്പു, പ്രവാചകത്വത്തിനും മുമ്പു നൽകിയ പ്രതിജ്ഞയെ കുറിച്ചോർമ്മിപ്പിച്ചു. എന്റെ പ്രതിജ്ഞ ഞാനോർക്കുന്നു. അതു ഞാൻ നിറവേറ്റുക തന്നെ ചെയ്യും എന്നായിരുന്നു റസൂൽ()യുടെ മറുപടി. അങ്ങനെ അലി (റ)വിനോടു പറഞ്ഞ് ഇവരുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പുവരുത്തുന്ന ഒരു കരാർ പത്രിക തയ്യാറാക്കിക്കുകയും തന്റെ അതിഥികൾക്കതു നൽകി അവരെ സന്തോഷത്തോടെ യാത്രയാക്കുകയും ചെയ്തു. സി ഇ 1517 വരെ ഈ മഠത്തിൽ തന്നെ സൂക്ഷിച്ചിരുന്ന ഈ അവകാശ പത്രിക പിന്നീട് ഇസ്താംബൂൾ ഖജനാവിലേക്ക് മാറ്റി സൂക്ഷിച്ചു. ഇതിന്റെ ഒരു പകർപ്പ് മഠത്തിനു നൽകുകയും ചെയ്തു. ഒട്ടോമൻ രേഖകൾക്കിടയിൽ ഈ രേഖ ഇന്നും ഭദ്രമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ആഷ്റ്റിനാമ എന്നറിയപ്പെടുന്ന ഈ രേഖ മാത്രമല്ല പ്രവാചകരിൽ നിന്നുള്ള അവകാശ പത്രിക. മദീനയിലെ എല്ലാ വിഭാഗക്കാർക്കും അവരുടെ സ്വാതന്ത്ര്യവും അവകാശങ്ങളും ഉറപ്പുവരുത്തുന്ന മദീനയുടെ ഭരണഘടനയായിരുന്നു ഈ വിധത്തിലുള്ള ആദ്യത്തെ രേഖ എന്നാണ് ഗവേഷകർ കണ്ടെത്തുന്നത്. ഇതുപ്രകാരം മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും ജൂതന്മാർക്കും ബഹുദൈവാരാധകർക്കും അവരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും പ്രവാചകർ ഉറപ്പാക്കിയിരുന്നു. ബഹുദൈവാരാധകരെ പ്രവാചകർ സംരക്ഷിച്ചിരുന്നു എന്നുള്ളത് ചിലർക്കെങ്കിലും പുതിയ വിവരമായിരിക്കും.  മുസ്ലീങ്ങളോട്  സഖ്യമുണ്ടാക്കിയ ബഹുദൈവാരാധകർക്കും ഈ ഭരണഘടനയുടെ അടിസ്ഥാനത്തിൽ പ്രവാചകർ സംരക്ഷണം ഉറപ്പാക്കിയിരുന്നു എന്നുള്ളതാണ് സത്യം.


    പ്രവാചകൻ മദീനയിലേക്കെത്തുമ്പോൾ മുസ്ലീങ്ങൾ വളരെ കുറവായിരുന്നു. വലിയൊരു ശതമാനം ബഹുദൈവാരാധകരും ജൂതന്മാരുമായിരുന്നു അവിടെയുണ്ടായിരുന്നത്. എന്നാൽ എല്ലാവർക്കും സർവ്വസമ്മതനായ വ്യക്തിയായി പ്രവാചകൻ മാറി. അന്നവിടെ ആരംഭിച്ച ഇസ്ലാമിക ഉമ്മത്ത് ആരംഭഘട്ടത്തിൽ തന്നെ ഇതിന്റെ ബഹുസാംസ്ക്കാരിക സ്വഭാവവും മതസാംസ്ക്കാരിക സഹിഷ്ണുതയും പ്രകടമാക്കിയിരുന്നു. മുസ്ലീങ്ങൾക്കു സമാനമായ സാംസ്ക്കാരിക- രാഷ്ട്രീയ അവകാശങ്ങളായിരുന്നു മദീനയിലെ ഭരണഘടനയിൽ മറ്റു മതസ്ഥർക്കുമുണ്ടായിരുന്നത്. മദീനയിലെ ക്രിസ്തീയർക്കും ജൂതർക്കും മാത്രമല്ല, നജ്റാനിലെ ക്രിസ്ത്യാനികൾക്കും അയ്ലയിലെയും മഖ്നയിലെയും ജൂതന്മാർക്കും അസ്സീറിയൻ ക്രിസ്ത്യാനികൾക്കും അർമീനിയൻ ക്രിസ്ത്യാനികൾക്കും പേർഷ്യയിലെ ക്രിസ്ത്യാനികൾക്കും ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾക്കും ഇത്തരത്തിൽ പ്രവാചകർ (സ)യുടെ സംരക്ഷണ കരാർ ലഭിച്ചു. മധ്യപൂർവ്വേഷ്യയിലെയും യൂറോപ്പിലെയും പൌരാണിക ക്രിസ്തീയ ദേവലായങ്ങൾ, മഠങ്ങൾ, പള്ളികളിൽ നിന്നുമെല്ലാം ഇത്തരത്തിലുള്ള സംരക്ഷണ കരാറുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ഉള്ളടക്കവും ശൈലിയും ഭാഷയും ഇതിലെ സാക്ഷികളും എല്ലാം സമാനരീതിയിലുള്ളതായതിനാൽ ഇതെല്ലാം പ്രവാചകരിൽ നിന്നും തന്നെയുള്ളതാണെന്ന് ഏറെക്കുറെ ഉറപ്പാക്കാവുന്നതുമാണ്. മത സ്വാതന്ത്ര്യങ്ങളും ആചാരാനുഷ്ഠാന സ്വാതന്ത്ര്യങ്ങളും അനുവദിക്കുന്ന ഈ അവകാശ പത്രികകൾ പ്രകാരം പള്ളികളും മഠങ്ങളും സിനഗോഗുകളുമെല്ലാം പ്രത്യേക സംരക്ഷണമർഹിക്കുന്നവയാണ്. അഥവാ, ഈ മതസ്ഥരുടെ ആരാധനാലയങ്ങൾ സംരക്ഷിക്കാൻ മുസ്ലീങ്ങൾ തയ്യാറാകണമെന്നു മാത്രമല്ല അതിനായി ഈ മതസ്ഥരെ സഹായിക്കുകയും വേണമെന്നു സാരം. ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത് വാളുകൊണ്ടല്ല വാക്കു കൊണ്ടാണ് ഇസ്ലാം പ്രചരിച്ചതെന്നാണ്. പൌരസ്ത്യ ക്രിസ്ത്യാനികളെ അന്ത്യനാളോളം സംരക്ഷിക്കണമെന്ന് പ്രവാചകരുടെ അവകാശ സംരക്ഷണ പത്രികകൾ വ്യക്തമാക്കുന്നുണ്ട്. ഇസ്ലാമിന്റെ ഉദയകാലം മുതൽ, പ്രവാചകരുടെ സുഹൃത്തുക്കളും അയൽവാസികളുമായിരുന്ന വിഭാഗത്തെ സംരക്ഷിക്കുമെന്ന് പ്രവാചകർ നൽകിയ ഉറപ്പാണത്. അധിനിവേശകരോ സാമ്രാജ്യത്വ തത്പരരോ ആയവരെ കുറിച്ചല്ല ഈ പരാമർശം എന്നും ഓർക്കണം.  പ്രവാചകരുടെ ഈ അവകാശ സംരക്ഷണ പത്രിക വരുന്നത് ഏതെങ്കിലും ആധുനിക കാല വിപ്ലവാനന്തരമല്ല. പകരം, വംശീയതയും സാമൂഹികാധീശത്തവും ലിംഗാസമത്വങ്ങളും നിലനിന്നിരുന്നിടത്തേക്കാണ് ഇത്തരമൊരു അവകാശ സംരക്ഷണ പത്രികയും ഭരണഘടനയും പ്രവാചകർ രൂപീകരിക്കുന്നത്. ഇതു സൃഷ്ടിച്ചതാവട്ടെ ബഹുസ്വരവും സാംസ്ക്കാരിക വൈവിധ്യവുമുള്ളൊരു സമൂഹത്തെയും. പ്രവാചകർ രൂപംകൊടുത്ത പുതിയ സാമൂഹിക സംവിധാനത്തെ കുറിച്ച് കേട്ടറിഞ്ഞ പല സമൂഹങ്ങളും സമുദായങ്ങളും രക്ഷക്കായി തങ്ങൾക്കടുത്തേക്കെത്തി. ബൈസാന്റിയൻ, പേർഷ്യൻ സാമ്രാജ്യങ്ങളുടെ അധീശത്വഭരണത്താൽ കഷ്ടപ്പെടുന്നവരായിരുന്നു ഇതിൽ മിക്കവരും. ബൈസാന്റിയൻ സാമ്രാജ്യം മതവിരുദ്ധരായി മുദ്രകുത്തിയ പല ക്രിസ്ത്യൻ വിഭാഗങ്ങൾക്കും പാർസി മതക്കാർക്കും പ്രവാചകർ (സ) സംരക്ഷണമൊരുക്കി. അടിച്ചമർത്തലിൽ നിന്നും മതപീഡനങ്ങളിൽ നിന്നും പ്രവാചകൻ അവരെ മോചിപ്പിച്ചത് മതസ്വാതന്ത്ര്യത്തിന്റെയും ബഹുസാംസ്ക്കാരികതയുടെയും പങ്കാളിത്ത ജനാധിപത്യത്തിന്റേയും രാഷ്ട്രീയ വിതാനത്തിലേക്കായിരുന്നു. പ്രവാചക ജീവിതത്തിന്റെ അവസാന നാലു വർഷങ്ങളിൽ വിവിധ സംസ്ക്കാരങ്ങളുമായും മതങ്ങളുമായുമുള്ള സാംസ്ക്കാരിക രാഷ്ട്രീയ വിനിമയങ്ങൾ ഗണ്യമായി വർദ്ധിപ്പിച്ച തിരുദൂതർ കിരാത സാമ്രാജ്യങ്ങളായ ബൈസന്റൈനിലേക്കും പേർഷ്യയിലേക്കും സമാധാന- സഖ്യ കരാറുകൾക്ക് നേതൃത്വം നൽകി. എന്നാൽ ഇവരിതിനെ നിരാകരിച്ചെന്നു മാത്രമല്ല മുസ്ലീങ്ങൾക്കെതിരെ സൈനിക വിന്യാസം നടത്തുകയാണിവർ ചെയ്തത്. ഒരു പക്ഷേ അന്ന് ആ കരാറുകൾ രൂപം കൊണ്ടിരുന്നുവെങ്കിൽ കുരിശുയുദ്ധങ്ങളുണ്ടാകുമായിരുന്നില്ല, കോളനിവത്ക്കരണമോ സാമ്രാജ്യത്വമോ ഉണ്ടാകുമായിരുന്നില്ല. ഇന്നത്തെ ലോകം പോലും മറ്റൊന്നായേനെ.

   അവകാശ സംരക്ഷണത്തിന്റെ വിഷയത്തിലും ബഹുസാംസ്ക്കാരികതയുടെ വിഷയത്തിലും യാഥാസ്ഥിതിക മതമെന്നും മതവിശ്വാസികളെന്നും ഇന്ന് ഇസ്ലാമും മുസ്ലീങ്ങളും പഴി കേൾക്കേണ്ടി വന്നത് പ്രവാചകൻ കാണിച്ചു തന്ന ബഹുസാംസ്ക്കാരികതയിലൂന്നിയ രാഷ്ട്രീയ സംസ്ക്കാരത്തെ നാം പിന്തുടരാതിരുന്നതു കൊണ്ടു മാത്രമാണ്. തിരുദൂതരുടെ ബഹുസാംസ്ക്കാരിക നയങ്ങളും നിലപാടുകളും വ്യക്തമാക്കുന്ന പ്രവാചക രേഖകൾ സിനാഇയിലെ സെന്റ് കാതറിൻ മഠം, സിറിയയിലെ സെന്റ് ജോർജ്ജ് മഠം, ഗ്രീസിലെ സിമനോപെട്ര മഠം, ഫ്രാൻസിലെ റോയൽ ആർകൈവുകൾ, ജർമനിയിലെ ദേശീയ ആർകൈവ്സ്, തുർക്കിയിലെ വിവിധ പ്രദേശങ്ങൾ, ഇസ്ഫഹാൻ, ഇന്ത്യയിലെ സൂറത്ത് എന്നിവിടങ്ങളിൽ നിന്നു വരെ കണ്ടെത്താമെന്നിരിക്കെ ബഹുസാംസ്ക്കാരികതയിലൂന്നിയ പ്രവാചക സംസ്ക്കാരത്തെ പിന്തുടരാൻ ഈ സമുദായം വിമുഖത കാണിക്കുന്നത് എന്തിനാണ്സമൂല പരിഷ്കരണ സ്വഭാവവും വിപ്ലവാത്മകവുമായ ഈ അവകാശ പത്രികകൾ മത സ്വാതന്ത്ര്യവും പള്ളികളുടേയും ദേവാലയങ്ങളുടേയും അമ്പലങ്ങളുടേയും സിനഗോഗുകളുടേയും മഠങ്ങളുടേയും സംരക്ഷണത്തിനു മുൻഗണന നൽകുന്നവയാണ്. സമ്മർദ്ദം ചെലുത്തിയുള്ള മതപരിവർത്തനം എതിർക്കുകയും ജൂത, ക്രൈസ്തവ വിഭാഗക്കാരായ പങ്കാളികളുള്ള മുസ്ലീങ്ങളോട് അവരെയും അവരുടെ മതാചാരങ്ങളേയും ബഹുമാനത്തോടെ കൈകാര്യം ചെയ്യാൻ ആഹ്വാനം ചെയ്യുന്ന ഈ അവകാശ പത്രികകൾ മാത്രം എന്തുകൊണ്ട് മുഹമ്മദീയ രാഷ്ട്രീയ സംസ്ക്കാരത്തിന്റെ പ്രതിഫലനമായി അംഗീകരിക്കപ്പെടുന്നില്ല എന്നത് സമുദായവും പഠിതാക്കളും ഗൌരവത്തോടെ വിചിന്തനം നടത്തേണ്ട വിഷയങ്ങളാണ്. പ്രതിലോമകരമായ വർഗ്ഗീയ ബോധങ്ങളാൽ കലുഷിതമായൊരു ലോകത്തേക്ക് പുണ്യ റബീഅ് കടന്നുവരുമ്പോൾ പ്രവാചകന്റെ ഈ മാതൃക ഓരോ അനുരാഗിയുടേയും വ്യക്തിരാഷ്ട്രീയത്തിലും കക്ഷിരാഷ്ട്രീയത്തിലും നയപരമായി പുലർത്താനായാൽ വലിയൊരു മാറ്റം തന്നെയാവും സമൂഹത്തിലുണ്ടാക്കിയെടുക്കാനാവുക. 

 -

 -ഡോ മുനവ്വർ ഹാനിഹ് ടി ടി

 

വിവരങ്ങൾക്ക് കടപ്പാട്: സിക്സ് കോവനന്റ്സ് ഓഫ് പ്രോഫറ്റ് മുഹമ്മദ് വിത് ദ ക്രിസ്ത്യൻസ് ഓഫ് ഹിസ് ടൈം- ജോൺ ആൻഡ്രൂ മറോ