ഫത്ഹുള്ളാഹ് ഗുലൻ

ഫത്ഹുള്ളാഹ് ഗുലൻ

 

 

 

 

 

 

 (CC)

 

 

 

 

 

 

ഫത്ഹുള്ളാഹ് ഗുലൻ: ആധുനികതയിലെ മുസ്.ലിം


“എല്ലാറ്റിനെയും വിമർശിക്കുന്നതും എതിർക്കുന്നതും നശീകരണ ശ്രമമാണ്. നിങ്ങൾക്ക് എന്തെങ്കിലും ഇഷ്ടമല്ലെങ്കിൽ, അതിനേക്കാൾ മികച്ചത് ഉണ്ടാക്കാൻ ശ്രമിക്കുക. ഈ ദോഷൈകദൃഷ്ടി നാശത്തിന് കാരണമാകുന്നു, എന്നാൽ നിർമ്മാണാത്മക പ്രവർത്തനങ്ങൾ അഭിവൃദ്ധി നൽകുന്നു.” 

    ആരായിരുന്നു ഫതഹുള്ളാഹ് ഗുലൻ എന്നു ചോദിച്ചാൽ മനുഷ്യനിലും ആത്മീയതയിലും അടങ്ങാത്ത വിശ്വാസമുണ്ടായിരുന്നൊരാൾ എന്നു പറയാം. തുർക്കിക്കാരനായ, തുർക്കി പോലും തീവ്രവാദിയെന്നാരോപിച്ച് നാടുകത്തുകയും പിന്നീട് അമേരിക്ക അഭയം കൊടുക്കുകയും ചെയ്ത രണ്ട് ദിവസങ്ങൾക്കു മുമ്പ് അമേരിക്കയിൽ തന്നെ നിര്യാതനായ ഗുലന് ഇന്ത്യൻ സാഹചര്യത്തിൽ ചെറുതല്ലാത്ത പ്രാധാന്യമുണ്ട്. ഇന്ത്യ ജനാധിപത്യ രാജ്യമായിരിക്കെ ഈ ജനാധിപത്യത്തിലെ പ്രബല ന്യൂനപക്ഷമായി മുസ്.ലിം സമുദായം തുടരുമ്പോൾ ഇന്ത്യൻ മുസ്.ലിം രാഷ്ട്രീയ വിതാനത്തിൽ ഫതഹുള്ളാഹ് ഗുലനെ അറിഞ്ഞിരിക്കേണ്ടതും വായിച്ചിരിക്കേണ്ടതും അത്യാവശ്യമാണ്. ഒരു മുസ്ലിമിനൊരിക്കലും തീവ്രവാദിയാകാൻ സാധിക്കില്ലെന്ന പോലെ ഒരു തീവ്രവാദിക്കൊരിക്കലും മുസ്.ലിമാവാനും സാധിക്കില്ലെന്ന വീക്ഷണത്തിൽ തന്നെയുണ്ട് ഈ രാഷ്ട്രീയ കാലഘട്ടത്തിലെ ഗുലന്റെ പ്രസക്തി. 


    പാരമ്പര്യ വിശ്വാസങ്ങളെ മുറുകെപ്പിടിച്ചു കൊണ്ട് ആധുനിക ലോകവ്യവസ്ഥിതിയിൽ എങ്ങനെ ഇടപെടാമെന്നതു പലപ്പോഴും മുസ്.ലിമിനെ സംബന്ധിച്ചിടത്തോളം സ്വത്വപ്രതിസന്ധി സൃഷ്ടിക്കുന്ന വിഷയമാണ്. സമകാലിക ലോകവ്യവസ്ഥ ആധുനികവും ഉദാരവത്കൃതവുമാണെന്നു മനസ്സിലാക്കി കൊണ്ടു ഇസ്.ലാമിക വിശ്വാസങ്ങളെ മുറുകെപ്പിടിച്ചു കൊണ്ട് ഈ ലോകത്ത് ഇടപെടാമെന്നതായിരുന്നു ഗുലന്റെ വീക്ഷണം. ഒരു പക്ഷേ ഗുലന്റെ അധ്യാപനങ്ങളുടെയും പ്രവർത്തനങ്ങളുടെയും അടിസ്ഥാനവും അതു തന്നെയായിരുന്നു എന്നു പറയാം. മോഡേണിസ്റ്റാവാതെ ആധുനികലോകവുമായും ശാസ്ത്രവുമായും ഇടപെടാമെന്നും ലിബറലാവാതെ തന്നെ മറ്റു മതങ്ങളുമായും സംസ്ക്കാരങ്ങളുമായും മുസ്.ലിമിനു ഇടപെടാമെന്നതുമായിരുന്നു ഗുലന്റെ അടിസ്ഥാന വീക്ഷണം. ചുരുക്കിപ്പറഞ്ഞാൽ, സമകാലിക ലോകക്രമത്തോട് മല്ലിടാതെ സ്വന്തം വിശ്വാസാധിഷ്ഠിത സ്വത്വത്തെ മുറുകെപ്പിടിക്കുക എന്ന ധർമ്മത്തിലൂന്നിയായിരുന്നു ഗുലൻ പ്രവർത്തിച്ചിരുന്നത്. മോഡേണിസത്തിന്റെയും ലിബറലിസത്തിന്റെയും അതിപ്രസരത്തെ സൈദ്ധാന്തികമായി തന്നെ എതിർക്കുന്ന ഇസ്.ലാമിനകത്ത് ആ സ്വത്വത്തെ മുറുകെപ്പിടിച്ചു കൊണ്ട് ലിബറലിസത്തിന്റെ രാഷ്ട്രീയക്രമത്തിൽ ഇടപെടുക എന്നത് ഒരേസമയം കനത്ത വെല്ലുവിളിയും അതോടൊപ്പം ഏറെ ഉത്തരവാദിത്തങ്ങൾ നിറഞ്ഞതുമായിരുന്നു. കാരണം, ലോകത്തിന്റെ നാനാഭാഗത്തുമുള്ള ആധുനിക രാഷ്ട്രീയ സംവിധാനങ്ങൾക്കകത്തെല്ലാം എങ്ങനെ ഒരു മുസ്.ലിമിനു തന്റെ മതപരവും സാംസ്ക്കാരികവുമായ അസ്തിത്വത്തെ മുറുകെപ്പിടിച്ചു കൊണ്ട് ഇടപെടാനാവുമെന്നതിനോടൊപ്പം ഇതൊരിക്കലും പരിധികളില്ലാത്ത സ്വത്വവാദമായി പരിണമിച്ച് തീവ്രവാദത്തിന്റെ രൂപത്തിലേക്കാവരുതെന്നും സംബന്ധിച്ച് വ്യക്തമായ വീക്ഷണങ്ങൾ ഗുലനുണ്ടായിരുന്നു. അവിടെയാണ് ഒരു മുസ്.ലിമിനൊരിക്കലും തീവ്രവാദിയാവാനും ഒരു തീവ്രവാദിക്കൊരിക്കലും മുസ്.ലിമാവാനും സാധിക്കില്ലെന്ന വീക്ഷണം പ്രസക്തമാവുന്നത്. ഇത്തരം വെറുമൊരു വീക്ഷണം പ്രഖ്യാപിച്ചു കടന്നു പോവുകയല്ല ഗുലൻ ചെയ്തത്. ഇതിനു വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങളും സംഘടനകളും കൂട്ടായ്മകളും ചർച്ചകളും എഴുത്തും നിരന്തരമായി ഗുലൻ നടത്തി.
 

    ആഗോളരാഷ്ട്രീയ തലത്തിൽ തന്നെ ഇസ്ലാമിസ്റ്റ് രാഷ്ട്രീയങ്ങൾ മുസ്.ലിം സമൂഹത്തിനും മുസ്.ലിം രാഷ്ട്രീയത്തിനും വേണ്ടതിലധികം പഴികളും വിമർശനങ്ങളും സമ്പാദിച്ചു തന്നിട്ടുണ്ട്. ഇസ്.ലാമിക വിശ്വാസത്തിനു വൈവിധ്യാടിസ്ഥാനത്തിലുള്ള സമൂഹത്തെ ഉൾക്കൊള്ളാനും ജനാധിപത്യത്തിനകത്തു ഒരിക്കലും പ്രവർത്തിക്കാനും സാധിക്കില്ലെന്നു വാദിക്കുന്ന പഠനങ്ങളും ഇതോടനുബന്ധിച്ച് നിരവധിയുണ്ടായി. ഈ സാഹചര്യത്തിൽ ഇസ്.ലാമിക ആശയങ്ങളിൽ ഊന്നിനിന്നു കൊണ്ട് സമാധാനശ്രമങ്ങൾക്കും മതമൈത്രീ സംഭാഷണങ്ങൾക്കും നേതൃത്വം കൊടുത്തതിൽ ഗുലന്റെ ആശയങ്ങൾക്ക് വലിയ പങ്കുണ്ട്. പ്രത്യേകിച്ച്, പാശ്ചാത്യരാജ്യങ്ങളിൽ ലിബറൽ നയങ്ങളുടെയും ഇസ്.ലാമിക വിശ്വാസത്തിന്റെയും ഇടയിൽ ഏതു തെരഞ്ഞെടുക്കുമെന്നതിൽ പ്രതിസന്ധി നേരിടുന്ന സമൂഹത്തിനു വഴികാട്ടുന്ന തരത്തിലുള്ള പുസ്തകങ്ങൾ, വിദ്യാലയങ്ങൾ, സംഘടനകൾ, രാഷ്ട്രീയ പ്രാതിനിധ്യം എന്നിവ നൽകാൻ ഗുലനും ഇദ്ദേഹത്തിന്റെ ഹിസ്മത്തെന്ന പ്രസ്ഥാനത്തിനും സാധിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയിലെ ബാലാവകാശ കമ്മീഷൻ മദ്രസകൾക്കു നേരെ തിരിഞ്ഞ സാഹചര്യത്തിലും ഗുലന്റെ വീക്ഷണങ്ങൾക്കു പ്രസക്തിയുണ്ട്. മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കൃത്യമായ മതശിക്ഷണത്തിനും പ്രാധാന്യം നൽകിയ ഗുലന്റെ ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഹിസ്മത്ത് പ്രവർത്തിക്കുന്ന സ്ഥലങ്ങളിലുടനീളം നിരവധി വിദ്യാലയങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആധുനിക ശാസ്ത്രത്തെ എതിക്സിനോടും ആത്മീയതയോടും ഉൾച്ചേർത്തുള്ള അദ്ധ്യയനമാണ് ഇത്തരം വിദ്യാലയങ്ങളുടെ സവിശേഷത. നേരിട്ടുള്ള പ്രത്യക്ഷ രാഷ്ട്രീയ പ്രവർത്തനമില്ലെങ്കിലും ഇത്തരത്തിലുള്ള ആത്മീയതയിലൂന്നിയ,നൈതികതയിലൂന്നിയ മതവിദ്യാഭ്യാസം മുസ്.ലിം അസ്തിത്വബോധത്തെ സ്ഫുടം ചെയ്യുമെന്നും സമാധാനാധിഷ്ഠിതവും വൈവിധ്യത്തെ ചേർത്തു നിർത്തുന്നതും സഹിഷ്ണുതാപരവുമായ രാഷ്ട്രീയാവബോധം ഇതു വ്യക്തികളിൽ വളർത്തുമെന്നുമാണ് ഗുലന്റെ തത്വം. 1960കളിലാണ് ഫത്ഹുല്ലാഹ് ഗുലന്റെ വീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നത് പിന്നീട് തൊണ്ണൂറുകളോടെ ഇത് വിവിധ രാജ്യങ്ങളിലേക്ക് വ്യാപിച്ചു. പള്ളികളിലും മദ്രസകളിലും സ്ക്കൂളികളിലും മാത്രം ഒതുങ്ങുന്നതായിരുന്നില്ല ഈ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ. പകരം, ഒരു മനുഷ്യന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലേക്കുപകരിക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളായിരുന്നു ഈ പ്രസ്ഥാനം മുന്നോട്ടു വെച്ചത്. യഥാർത്ഥ വിശ്വാസിക്ക് ഏത് മതേതര സാഹചര്യത്തിലും തന്റെ സ്വത്വത്തെ മുറുകെപ്പിടിച്ചു ജീവിക്കാൻ സാധിക്കുമെന്നു പറഞ്ഞ ഗുലന്റെ ഇസ്.ലാമിക വീക്ഷണങ്ങൾ സമഗ്രവും തികച്ചും മാനവികവുമായിരുന്നു. മുസ്.ലിം സമൂഹത്തിന്റെ മാത്രമല്ല, ലോകമാനവികതയുടെ തന്നെ മുമ്പിലുള്ള മൂന്നു വെല്ലുവിളികളായി ഗുലൻ നിരീക്ഷിച്ചത്, അറിവില്ലായ്മ, ദാരിദ്ര്യം, ഐക്യമില്ലായ്മ എന്നിവയായിരുന്നു. വിദ്യാഭ്യാസത്തിലൂടെ ദാരിദ്ര്യത്തെ മറികടക്കാനും ഇവ രണ്ടിലൂടെയും സാമൂഹിക ഐക്യം സാധ്യമാക്കാനും ആയിരുന്നു ഗുലന്റെ നേതൃത്വത്തിലുള്ള ഹിസ്മത്ത് സംഘടനയുടെ മുൻഗണനാ പ്രവർത്തനങ്ങൾ.
 

    ലോകം അനുദിനം ലിബറൽ രാഷ്ട്രീയക്രമത്തെ പുണർന്നു കൊണ്ടിരിക്കുകയാണെന്നതും ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇതു വ്യാപിച്ചു കൊണ്ടിരിക്കുകയാണെന്നതും ഒരു വാസ്തവം തന്നെയാണ്. എന്നാൽ ജനാധിപത്യ രാജ്യത്തിൽ ജീവിച്ച് ഈയൊരു രാഷ്ട്രീയ സാഹചര്യത്തെ നിരന്തരമായി വിമർശിക്കുകയും ജനാധിപത്യത്തെയും മതേതരത്വത്തെയും അടിമുടി തള്ളിപ്പറയുകയും ചെയ്യുന്ന, വളരെ ദോഷൈകദൃക്കായൊരു രാഷ്ട്രീയാവബോധത്തെക്കാൾ, വ്യക്തിയുടെയും സമൂഹത്തിന്റെയും വളർച്ചയ്ക്കും ക്രിയാത്മകമായ ഇടപെടലിനും നല്ലത് നിരന്തരമായ ചർച്ചകളിലൂടെ സമാധാന ശ്രമങ്ങളിലൂടെ സൌഹാർദ്ദത്തിലൂടെ ഈ രാഷ്ട്രീയത്തിൽ ഇടപെടുന്നതാണ് എന്നതായിരുന്നു ഗുലന്റെ അഭിപ്രായം. സംഭാഷണങ്ങൾക്കും ചർച്ചകൾക്കും വ്യക്തിയിലും സമൂഹത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്ന ഗുലന്റെ അദമ്യമായ വിശ്വാസം തന്നെയാണ് അദ്ദേഹത്തിന്റെ ആശയങ്ങൾക്ക് അതിരുകൾ ഭേദിച്ചൊരു പ്രസ്ഥാനമായി മാറാൻ സാധിച്ചത്.  


ഫത്ഹുല്ലാഹ് ഗുലൻ എന്ന പേരും അദ്ദേഹത്തിന്റെ സംഘടനയും പലരും സംശയത്തോടെ മാത്രം സമീപിക്കുന്ന മേഖലയാണ്. തുർക്കിയിൽ നിന്നുള്ള പലായനം, ഉർദുഗാന് ഗുലനിസ്റ്റ് ആശയങ്ങളോടും പ്രവർത്തനങ്ങളോടുമുള്ള എതിർപ്പ് എന്നിവയെല്ലാം ചേർന്ന് ഈ വ്യക്തിയും അദ്ദേഹത്തിന്റെ ആശയങ്ങളും ഏതോ ദുരൂഹമായ ‘കൾട്ടാ’ണെന്നും തീവ്രവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവരുമാണെന്നുള്ള എന്തിനെന്നറിയാത്തൊരു ഭയം പൊതുവെയുണ്ട്. രാഷ്ട്രീയത്തിന്റെ സങ്കീർണ്ണമായ നൂലാമാലകൾക്കിടയിലും ഫത്ഹുല്ലാഹ് ഗുലൻ പ്രത്യക്ഷത്തിൽ എഴുതിയതും പ്രചരിപ്പിച്ചതും പ്രവർത്തിച്ചതും ഇസ്.ലാമിന്റെ വളരെ സൌന്ദര്യമുള്ള രാഷ്ട്രീയവും സഹവർത്തിത്തവും ആണ്. സമകാലിക ലോകത്തെ മുസ്ലിം രാഷ്ട്രീയ പ്രതിസന്ധികളെ കൈകാര്യം ചെയ്യാൻ സാധിക്കുന്ന ഒരു ഖാഇദെ മില്ലത്ത് ഇസ്മായിൽ സാഹിബോ മൌലാനാ ആസാദോ ഒക്കെ ആയിരുന്നു ആഗോള രാഷ്ട്രീയത്തിനു മുമ്പാകെ ഫത്ഹുല്ലാഹ് ഗുലൻ എന്നു നിരീക്ഷിക്കാം. പാശ്ചാത്യലോകത്തിനു മുമ്പാകെ ഇസ്.ലാമിസ്റ്റ് രാഷ്ട്രീയത്തെ ശക്തമായി തള്ളിപ്പറഞ്ഞുകൊണ്ട് മുസ്.ലിം രാഷ്ട്രീയത്തിന്റെ സമാധാനവും ഐക്യവും ലക്ഷ്യവും ബോധ്യപ്പെടുത്തിയതിൽ ഗുലനുള്ള പങ്ക് തള്ളിക്കളയാവുന്നതല്ല.

 ആയിശാ ഹനീഫ്