ഓർബിറ്റൽ; മനുഷ്യജീവിതത്തിന്റെ ഭ്രമണപഥം

    2013ലെ അക്കാദമി അവാർഡുകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ ഗ്രാവിറ്റിയുടെ അവസാന സീനുകളിലൊന്നിൽ ബഹിരാകാശത്തു നിന്ന് പേടകം തകർന്ന് ഭൂമിയിലേക്ക് വീഴുന്ന സാന്ദ്ര ബുള്ളോക്ക് തന്റെ നഗ്നപാദങ്ങൾ ഭൂമിയിലെ ചളിയിൽ പുതഞ്ഞെഴുന്നേൽക്കുന്നൊരു ദൃശ്യമുണ്ട്. മനുഷ്യനും ഭൂമിയും തമ്മിലെ അഗാധ ബന്ധത്തെ തീവ്രമായി അവതരിപ്പിക്കുന്നഓർബിറ്റൽ ആ ഒരൊറ്റ അവസാനരംഗത്തിലൂടെ സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പെടുന്ന മനോഹരമായൊരു ദാർശനിക ചാരുത കൈവന്നിരുന്നു. മനുഷ്യനു വേണ്ടിയുള്ള ഭൂമിഭൂമിക്കു വേണ്ടിയുള്ള മനുഷ്യൻ എന്ന മനോഹര ദർശനത്തിൽ ഇവ രണ്ടിനുമിടയിലെ ബന്ധവുമുണ്ട്. രണ്ടിന്റെയും നിലനിൽപ്പിനെ അർത്ഥവത്താക്കുന്ന ബന്ധം. ലോകവ്യവഹാരങ്ങൾ സങ്കീർണതയ്ക്കു മേൽ സങ്കീർണ്ണമായി കൊണ്ടിരിക്കുമ്പോൾ ജീവിതത്തിന്റെമനുഷ്യന്റെ നിലനിൽപ്പിനെ ലളിതമാക്കാൻ സഹായിക്കുന്ന ചിന്തയാണ് ഇത്. ആ ഒരു ചിന്ത ഒരു ലഘു നോവലായാൽ എങ്ങനെയിരിക്കും..ഈയൊരു ചിന്തയെ പല മനുഷ്യരിലൂടെആണിലൂടെയും പെണ്ണിലൂടെയുംആസ്തിക്യത്തിലൂടെയും നാസ്തിക്യത്തിലൂടെയുംപല രാഷ്ട്രീയത്തിലൂടെയും ദേശീയതയിലൂടെയും ഭൂമിശാസ്ത്രത്തിലൂടെയും എന്നാൽ ഭൂമിക്കു പുറത്തു നിന്ന് പറയുന്ന ബോധധാരാ നോവലാണ് സാമന്താ ഹാർവിയുടെ ഓർബിറ്റൽ. പതിനാറു തവണ ഭൂമിയെ വലം വെക്കുന്ന ഇന്റർനാണൽ സ്പേസ് സ്റ്റേഷനിലെ ആറു പേരുടെ ഒരു ദിവസത്തെ മാനസിക വ്യാപാരങ്ങളിലൂടെ പുരോഗമിക്കുന്ന നോവലിൽ ഭൂമിക്കു പുറത്തുള്ള ഒരൊറ്റ ദിവസത്തെ ആറു പേരിലൂടെ കാണാൻ ശ്രമിക്കുന്നു. തങ്ങളുടെ ജീവിതത്തെജീവിതമല്ലാതാകുന്ന ഭൂമിക്കു പുറത്തുള്ള നിലനിൽപ്പിനെഭൂമിയിൽ ഉയർന്നു പൊങ്ങുന്ന കൊടുങ്കാറ്റിനെ ആറു പേർ ഭൂമിക്കു ചുറ്റും കറങ്ങിക്കൊണ്ട് വീക്ഷിക്കുന്നു.

     ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനകത്ത് വിവിധ ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുന്ന ആറു പേർറഷ്യക്കാരായ റോമനും ആന്റണും, ജപ്പാൻകാരിയായ ഛൈ, ഇറ്റലിക്കാരനായ പിയെട്രോ, അമേരിക്കക്കാരനായ ഷോണും ബ്രിട്ടീഷുകാരിയായ നെല്ലും. തങ്ങളുടെ പേടകത്തിനകത്ത് വ്യത്യസ്ത ജോലികൾ ചെയ്യുന്ന ഭൂമിക്കു പുറത്തുള്ള ആ മനുഷ്യസമൂഹത്തിൽ വിവിധ ധർമ്മങ്ങൾ ചെയ്ത് പരസ്പരം ആശ്രയിച്ചു ജീവിക്കുന്ന ആറുപേർ. ഭൂമിയുടെ പരിലാളനകൾക്കു പുറത്തുള്ള പ്രതികൂല സാഹചര്യത്തിലും അതിജീവിക്കുന്ന ജീവാണുക്കളെ തിരയുന്ന, പഠിക്കുന്ന പിയെട്രോ, ജീവന്റെ സ്രോതസ്സായ മാംസ്യ പരലുകളെ വളർത്തുന്ന ഛൈ, ഭൂഗുരുത്വത്തിന്റെ വ്യത്യാസം തന്റെ നാഡീപ്രവർത്തനത്തെ എങ്ങനെ ബാധിക്കുന്നുവെന്നും സസൂക്ഷ്മം നിരീക്ഷിക്കുന്നു. ഭൂഗുരുത്വവും സൂര്യപ്രകാശവുമില്ലാതെ ചെടികളുടെ വേരുകൾക്കെന്ത് സംഭവിക്കുന്നുവെന്നാണ് ഷോൺ പഠിക്കുന്നത്. പരീക്ഷണത്തിനായി കൊണ്ടുവന്ന നാൽപ്പത് ചുണ്ടെലികളെ പരിശോധിക്കുന്ന ഛൈയും നെല്ലും പിന്നീട് നെല്ലും ഷോണും ജ്വലനം സംബന്ധിച്ച പരീക്ഷണങ്ങൾ നടത്തുന്നു, റോമനും ആന്റണും ഓക്സിജൻ ജനറേറ്റർ വൃത്തിയാക്കുകയും ഹൃദയ കോശങ്ങളിൽ പരീക്ഷണം നടത്തുകയും ചെയ്യുന്നു, ആന്റൺ തന്റെ കാബേജിനും കുള്ളൻ ഗോതമ്പിനും വെള്ളം പകരുന്നു ഇങ്ങനെ മാറ്റമില്ലാതെ പോകുന്നു ഇവരുടെ ദിവസങ്ങൾ. ദിവസങ്ങൾ മാറ്റമില്ലാതെ പോകന്നുവെന്നു പറയുമ്പോഴും പ്രശ്നമുണ്ട്. ഉദയത്തിനും അസ്തമയത്തിനും ഇടയിലുള്ള സമയമാണ് ദിവസമെങ്കിൽ ദിവസവും പതിനാറ് ഉദയങ്ങളും അസ്തമയങ്ങളും കാണുന്ന ഇവർക്കെത്ര ദിവസങ്ങളുണ്ടായിരിക്കും?

     ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനകത്തിരുന്ന്, കിടന്ന്, അന്തരീക്ഷത്തിൽ തങ്ങി ഇവർ ഭൂമിയെ പതിനാറു തവണ വലം വെക്കുന്നു. ഒരു ജീവിതകാലം കൊണ്ട് കണ്ടുതീർക്കാനാവാത്ത ഭൂമിയുടെ സൌന്ദര്യത്തെ ഒരു ദിവസം കൊണ്ടു കാണുന്നു. മണൽക്കാടുകളും മഞ്ഞുപുതപ്പുകളും പട്ടുപോലുള്ള കടലുകളും ഉയർന്നു പൊങ്ങുന്ന കാറ്റും, എന്നാൽ ആ സൌന്ദര്യം അവർക്ക് അനുഭവിക്കാനാവില്ല താനും. “ചിലപ്പോഴൊക്കെ തണുപ്പ് തിങ്ങിയൊരു കാറ്റുണ്ടായിരുന്നെങ്കിൽ, ഇരമ്പുന്ന മഴയുണ്ടായിരുന്നെങ്കിൽ, ശരത്കാല നിറമുള്ള ഇലകളുണ്ടായിരുന്നെങ്കിൽ, ചുവന്നു തുടുത്ത വിരൽത്തുമ്പുകൾ, ചളി പുതഞ്ഞ കാലുകൾ, സംശയക്കാരനായൊരു നായ, ചകിതനായൊരു മുയൽ, പെട്ടെന്നൊളിഞ്ഞു നോക്കുന്ന മാൻ, ചളി കലങ്ങിയ വെള്ളക്കുഴി, കുതിർന്ന കാൽപാദങ്ങൾ, ഒരു മൊട്ട കുന്ന്, രാവിലെകളിൽ കൂടെ ഓടുന്നൊരാൾ, വെയിലിന്റെ തോണ്ടൽ ഇങ്ങനെ ഭൂമിയിൽ അപ്രധാനമെന്നു തോന്നുന്ന എന്നാൽ ജീവിതത്തെ അർത്ഥവത്താക്കുന്ന എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് അവരാഗ്രഹിക്കാറുണ്ടെന്ന് ഹാർവി എഴുതുന്നു. അഥവാ ഭൂമിയും പ്രകൃതിയും ഒരുക്കുന്ന അതിസൂക്ഷ്മതകളിൽ പോലും ജീവിതസൌന്ദര്യത്തെ കണ്ടെടുക്കകയാണ് ഭൂമിക്ക് പുറത്തിരുന്ന് കൊണ്ടിവർ ആറു പേരും. കാഴ്ച്ച എന്ന അനുഭവം മാത്രമല്ല സത്യമെന്നും സത്യത്തെ സൌന്ദര്യമാക്കുന്നതിൽ അനുഭവത്തിന്റെ വിവിധ തലങ്ങൾ ഉൾച്ചേർന്നിരിക്കുന്നുവെന്നുമുള്ള അനുഭവജന്യവാദത്തിന്റെ അംശങ്ങളും ഇവിടെ കാണാം.

     മനുഷ്യനെയും മനുഷ്യന്റെ വ്യവഹാരങ്ങളെയും യുക്തികൊണ്ടു മാത്രം നിർവ്വചിക്കാനും  നിവർത്തീകരിക്കാനും സാധിക്കില്ലെന്ന് ശാസ്ത്രസാങ്കേതികതയുടെ കാലികതയിൽ, അതിന്റെ ഉത്തുംഗതയ്ക്കും അപ്പുറത്ത് നിൽക്കുന്ന ഈ ആറു പേരും വിളിച്ചു പറയുകയാണ് ഈ നോവലിൽ. ഇതിലെ ആറു കഥാപാത്രങ്ങളും മനുഷ്യന്റെ ശാസ്ത്രസാങ്കേതിക പരിജ്ഞാനത്തിന്റെ നേട്ടങ്ങളുടെ ഭൌമചക്രവാളത്തെയും കടന്ന് ആ ഭൂമിയെ ശാസ്ത്രസാങ്കേതികതയുടെ നൌകയിലിരുന്ന് വീക്ഷിക്കുന്നവരാണ്. “ആ ഭൂമിയില്ലെങ്കിൽ ഒരു നിമിഷം പോലും തങ്ങളില്ലെന്ന് അവരോർത്തു. അതിന്റെ കാരുണ്യത്തിൽ മാത്രമാണ് തങ്ങളുടെ നിലനിൽപ്പെന്നും. ഒരിക്കലും ഊളിയിടാനാവാത്ത കനത്ത കടലിൽ ഒരു കപ്പലിലാണവരെന്നു അവർക്ക് തോന്നി.” പോസിറ്റീവിസമല്ല മനുഷ്യനെയും അവന്റെ സത്തയെയും അർത്ഥവത്താക്കുന്നതെന്നും ഭൂമിയും മനുഷ്യനും അവന്റെ വികാര- വിചാരങ്ങളും ഇടപെടലുകളുമാണെന്ന് ഈ നോവൽ ആവർത്തിച്ചാവർത്തിച്ച് പറയുന്നു. ഏതെങ്കിലും അന്യഗ്രഹ നാഗരികതയിലുള്ളവർ തങ്ങളെ നോക്കി ഇവരെന്താണിവിടെ ചെയ്യുന്നതെന്ന് അത്ഭുതപ്പെടുന്നുണ്ടാകും. എവിടേക്കും പോകാതെ ഇവരെന്തേ ഈ നീല പന്തിനു ചുറ്റും വട്ടമിടുന്നതെന്ന് അവർ ചിന്തിക്കുന്നുണ്ടാവും. എല്ലാ ചോദ്യത്തിനുമുള്ള ഉത്തരം ഭൂമി എന്നു മാത്രമാണ്. സന്തോഷിക്കുന്ന പ്രണയിതാവിന്റെ മുഖമാണ് ഭൂമിക്കുള്ളതെന്ന് അവർക്കു തോന്നി. ഭൂമി ഉറങ്ങുന്നതും ഉണരുന്നതും കൃത്യങ്ങളിൽ മുഴുകുന്നതും അവർ സാകൂതം നോക്കി. അതെ ഞങ്ങളെ, കുഞ്ഞുങ്ങളെ കാത്തിരിക്കുന്ന അമ്മയാണ് ഭൂമിയെന്ന് അവർക്ക് തോന്നി. നിറയെ കഥകളും ആനന്ദവും കാത്തിരിപ്പുമായി തന്റെ മക്കൾ മടങ്ങി വരുന്നതും കാത്തിരിക്കുന്നൊരു അമ്മ. എന്തെങ്കിലും അസുഖമുണ്ടാകുമ്പോൾ ഒറ്റക്കാവുന്നത് താൻ വെറുക്കുന്നുവെന്നും എന്നാൽ എപ്പോഴും തെന്നി നടക്കുന്ന ഒരു കുടുംബം നിനക്കുണ്ടല്ലോ എന്നും നെല്ലിനു സന്ദേശം അയയ്ക്കുന്ന സഹോദരനോട് നെല്ലിനു ഈർഷ്യ തോന്നുന്നുണ്ട്. ചെറുപ്പത്തിൽ താനാഗ്രഹിച്ചതായി തീർന്നെങ്കിലും എല്ലാം നേടിക്കഴിഞ്ഞ് മുകളിലിവിടെ ഭൂമിയുടെ കരവലയത്തിൽ നിന്ന് സ്വതന്ത്രമായി തെന്നിനീങ്ങുമ്പോൾ യാതൊന്നും മനോഹരമല്ലെന്നും താനിവിടെ അകപ്പെട്ടതായി തോന്നുന്നുവെന്നുമെല്ലാം നെൽ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും എന്തിനു തന്റെ സഹോദരനുമായി ഒരു വാഗ്വാദത്തിനു തുനിയുന്നുവെന്ന് ഓർത്ത് അവൾ ‘സ്നേഹത്തോടെ’ എന്ന കുറിപ്പിനോടൊപ്പം ഉദയാസ്തമയങ്ങളുടെ ഫോട്ടോ അവനു തിരിച്ചയക്കുകയാണ് ചെയ്യുന്നത്. മനുഷ്യ ജീവിതത്തിന്റെ നൈമിഷികതയും വ്യർത്ഥതയും മാത്രമല്ല, നെല്ലിന്റെ ബോധധാരയിലൂടെ അനാവൃതമാവുന്നത്. പകരം, ഭൂമിയും അവിടെ മനുഷ്യനും മനുഷ്യനും തുന്നോടു തുന്നായി ചേർന്നിരിക്കുന്നതുമാണ് ജീവിതത്തെ സമ്പൂർണ്ണമാക്കുന്നതെന്നും പറയാൻ ശ്രമിക്കുകയാണ് ഹാർവി. ഭൂമിയിൽ നിന്ന് ഏറെ അകലെയാണെങ്കിലും തങ്ങളുടെ സ്റ്റേഷനെ ഭൂമിക്കു സമാനമായൊരു വൈകാരിക ഇടമാക്കി മാറ്റാനാകുമോ എന്നവർ ആറു പേരും ശ്രമിക്കുന്നുണ്ട്ഈ പേടകത്തിന്റെ ഹൃദയം ആന്റണാണ്. പിയെട്രോ മനസ്സും, റോമൻ കൈകളും ഷോൺ ആത്മാവും ഛൈ മനസ്സാക്ഷിയും നെൽ ശ്വാസവുമാണ്. എന്നാൽ വെറും മണ്ടത്തരമാണീ സാദൃശ്യപ്പെടുത്തലെന്ന് അവർ തന്നെ അടുത്ത നിമിഷത്തിൽ മനസ്സിലാക്കുന്നു. അഥവാ, ഭൂമിയെ വേറൊന്നുമായി സാദൃശ്യപ്പെടുത്താനാവില്ലെന്ന ബോധ്യമാണിവിടെ വ്യക്തമാകുന്നത്.

     നിലവിൽ ശാസ്ത്രസാങ്കേതികയുടെ കയ്യിലെ കളിപ്പാട്ടമാകുന്ന മനുഷ്യൻ തന്റെ വൈകാരികതകളെയും അനുഭവങ്ങളെയും ചിന്തകളെയും എല്ലാം വൈയക്തിക സ്വാതന്ത്ര്യമെന്ന ദർശനത്തിലൂടെ സംസ്ക്കരിച്ച് ഒറ്റത്തുരുത്തായി മാറാൻ ശ്രമിക്കുമ്പോൾ അല്ലെങ്കിൽ മാറിയ സാഹചര്യത്തിൽ ഓർബിറ്റൽ പോലൊരു നോവലിനു വലിയ പ്രാധാന്യമുണ്ട്. കാരണം, ഓരോ മനുഷ്യനും ഈ ഭൂമിയിലെ അവന്റെ ലോകത്തിനു ചുറ്റുമുളള ഭ്രമണപഥത്തിലാണ് ജീവിക്കുന്നത്. ബന്ധങ്ങളും വൈകാരികതകളുമാണ് അതിനെ അർത്ഥവത്താക്കുന്നത്. എന്ന് ആ ‘ഓർബിറ്റിൽ’ നിന്ന് അവൻ പുറത്തു കടക്കുന്നുവോ അതോടെ തന്റെ സത്തയെ, സ്വത്വത്തെ അവൻ സംശയത്തോടെ നോക്കാനാരംഭിക്കുന്നു. ഭൂമിയുടെ, പ്രകൃതിയുടെ, സാമൂഹിക ബന്ധങ്ങളുടെ, വിശ്വാസങ്ങളുടെ, അതിൽ മനുഷ്യന്റെ സ്ഥാനത്തെ ഇവയെല്ലാം തമ്മിലെ പാരസ്പര്യത്തെ സ്വത്വപരമായും സത്താപരമായും പര്യാലോചിക്കാൻ പ്രേരിപ്പിക്കുന്ന ആഖ്യാനമാണ് സാമന്താ ഹാർവി ഈ നോവലിലൂടെ പങ്കുവെക്കുന്നത്. ഒരു ബഹിരാകാശ സഞ്ചാരിയായിരിക്കെ ഷോണിനെങ്ങനെ ദൈവ വിശ്വാസിയായിരിക്കാനും ഇതെല്ലാം ദൈവം സൃഷ്ടിച്ചതാണെന്നും വിശ്വസിക്കാനും സാധിക്കുന്നുവെന്ന് നെൽ അത്ഭുതപ്പെടുന്നുണ്ട്. എന്നാൽ അതിന്റെ ഉത്തരം അവൾ തന്നെ കണ്ടെത്തുന്നുണ്ട്.  പേടകത്തിനു പുറത്തെ ഘോരവും അറ്റമില്ലാത്തതുമായ ഇരുട്ടിൽ ചിതറിക്കിടക്കുന്ന സൌരയൂഥങ്ങളും ഗാലക്സികളും എന്നാൽ ഏറെ ആഴത്തിൽ ബഹുമാനങ്ങളിലായി സ്ഥലകാലങ്ങളെല്ലാം പിരിഞ്ഞിരിക്കുന്ന അവസ്ഥയും എല്ലാം ചൂണ്ടിക്കാട്ടി, ഇതെല്ലാം സൃഷ്ടിച്ചത് മനോഹരമായൊരു ശക്തിയല്ലാതെ മറ്റെന്തായിരിക്കും എന്നായിരിക്കും ഷോൺ ചോദിക്കുക എന്നവൾക്കറിയാം. ഒരിടത്ത് പിയെട്രോ ചിന്തിക്കുന്നതിങ്ങനെതാൻ കഴിക്കുന്നു, ഉറങ്ങുന്നു. എന്നാൽ ഒന്നും ഭൂമിയിലേതു പോലെയല്ല. ഇവിടെ തനിക്ക് തന്റെ ജന്തു ജീവിതത്തോടു പ്രതിബദ്ധത പുലർത്താൻ സാധിക്കുന്നില്ലെന്നു പിയെട്രോക്കു തോന്നി.

     ഇങ്ങനെ വിവിധ ചിന്തകളിലൂടെ, സംഭാഷണങ്ങളിലൂടെ ഭൂമിയിലെ മനുഷ്യ നിലനിൽപ്പിനെയും അതിന്റെ മൂല്യത്തെയും പാരസ്പര്യത്തെയും മനോഹരമായി അവതരിപ്പിക്കുകയാണ് സാമന്താ ഹാർവി. ഇവിടെ അതിർത്തികളോ വിവേചനങ്ങളോ രാഷ്ട്രീയ കൃത്യതകളോ ഇല്ല. പകരം ഭൂമിയെന്നൊരൊറ്റ അമ്മ, ആ അമ്മയില്ലാതെ നിലനിൽപ്പില്ലാത്ത മനുഷ്യവർഗ്ഗം. മറ്റെല്ലാ സങ്കീർണതകളും ക്രയവിക്രയങ്ങളും ചിന്തകളും ഈയൊരു നോവൽ വായിക്കവേ അപ്രസക്തമാവുന്നതായി കാണാം. പകരം മനുഷ്യനു വേണ്ടത് ഈ ഭൂമിയും അവനെ അവനാക്കുന്ന ബന്ധങ്ങളുടെയും മനുഷ്യരുടെയും വിശ്വാസങ്ങളുടെയും ഭ്രമണപഥവും മാത്രമാണ്. എല്ലാ വ്യത്യാസങ്ങളെയും അദൃശ്യമാക്കിക്കൊണ്ട് മനുഷ്യനെയും അവന്റെ നിലനിൽപ്പിനെയും ആഴത്തിൽ ബോധഘടനാത്മകമായി നോക്കിക്കാണാൻ പ്രേരിപ്പിക്കുന്നതിനാൽ തന്നെയാവാം ഈ വർഷത്തെ ബുക്കർ സമ്മാനത്തിനു ഈ കൃതി അർഹമായത് എന്നു കരുതാവുന്നതാണ്

 .

 ആയിശാ ഹനീഫ്

 





.

x