കുട്ടികളിലെ സമൂഹമാധ്യമ ഉപയോഗം; ആസ്ത്രേലിയയിൽ നിന്നുള്ള പാഠങ്ങൾ  

‘എന്നെപ്പോലെ മക്കളുടെ ഭാവിയെയും സുരക്ഷയെയും കുറിച്ച് വേവലാതിപ്പെടുന്ന മാതാപിതാക്കൾക്കൊപ്പം സർക്കാരുണ്ടെന്നു അവർ മനസ്സിലാക്കണം. അവർക്കും മക്കൾക്കും വേണ്ടിയാണ് ഇത്തരമൊരു നിയമം കൊണ്ടുവരാൻ ലോകരാജ്യങ്ങളിൽ നിന്നും ആസ്ത്രേലിയ തന്നെ മുന്നോട്ടു വരുന്നത്.’   

 

പതിനാറു വയസ്സിനു താഴെയുള്ള കുട്ടികളെ സാമൂഹിക മാധ്യമങ്ങളിൽ നിന്നും കർശനമായി നിരോധിക്കാനുള്ള നിയമം ആവിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി ആസ്ത്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസിന്റെ വാക്കുകളാണിവ. രക്ഷിതാക്കളുടെ സമ്മതപ്രകാരമാണ് കുട്ടികൾ സാമൂഹികമാധ്യമത്തിലുള്ളതെങ്കിലും ഇവരെ സാമൂഹിക മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യുമെന്നും നിലവിൽ ഉപയോഗിക്കുന്നവരെയും വിലക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി. കുട്ടികളുടെയും കൌമാരക്കാരുടെയും മാനസിക ശാരീരികാരോഗ്യത്തെ സാമൂഹിക മാധ്യമ ഉപയോഗം വളരെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നു മാനസികാരോഗ്യ വിദഗ്ദ്ധരും  മറ്റു ആരോഗ്യവിദഗ്ദ്ധരും കണ്ടെത്തിയിട്ടുണ്ട്. എങ്കിലും ഭീമൻ ടെക് കമ്പനികളുടെ എതിർപ്പുകളും കുട്ടികളുടെ അവകാശങ്ങൾക്കു വേണ്ടി വാദിക്കുന്ന സംഘടനകളുടെ എതിർപ്പുകളും മൂലം കുട്ടികളുടെ സാമൂഹിക മാധ്യമ ഉപയോഗത്തിനെതിരെ ഫലപ്രദമായി നിയമങ്ങൾ ആവിഷ്ക്കരിക്കാനോ പ്രാബല്യത്തിൽ കൊണ്ടുവരാനോ പല ഭരണകൂടങ്ങൾക്കും സാധിച്ചിട്ടില്ല. ഇത്തരത്തിൽ കുട്ടികളെ സാമൂഹികമാധ്യമങ്ങളിൽ നിന്നും വിലക്കുന്നതിനുള്ള നടപടികളുമായി യൂറോപ്യൻ യൂണിയൻ രംഗത്തു വന്നപ്പോഴും ഇതിനെ വെല്ലുവിളിച്ചു രംഗത്തെത്തിയത് ടെക്നോളജി മേഖലയിലെ ഭീമൻ കമ്പനികളായിരുന്നു. രണ്ടു ലക്ഷത്തിനടുത്ത് ആസ്ത്രേലിയൻ പൌരന്മാർ ഒപ്പിട്ടു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നടപടിയിലേക്കു നിലവിൽ ആസ്ത്രേലിയൻ സർക്കാർ എത്തിയിരിക്കുന്നത്. ഈ ടെക്നോളജി കമ്പനികൾ അതിശക്തരാണെന്നും അവരുടെ ആപ്ലിക്കേഷനുകളുടെ അൽഗരിതങ്ങൾ ആളുകളിൽ പ്രത്യേക തരം പെരുമാറ്റത്തെ രൂപപ്പെടുത്തിയെടുക്കാൻ ശക്തമായതാണെന്നുമാണ് ആൽബനീസ് വ്യക്തമാക്കിയത്. അതേസമയം, കുട്ടികളെ പൂർണ്ണമായി വിലക്കുന്നതിനു പകരം എങ്ങനെ ഓൺലൈൻ ഇടങ്ങളിൽ സുരക്ഷിതരാവാം എന്ന മാർഗ്ഗനിർദ്ദേശവും അവബോധവും നൽകിയാൽ പോരേ എന്ന ചോദ്യത്തോട്, ‘ഞാനുപയോഗിക്കുന്ന ഉപകരണങ്ങളിൽ എനിക്കാവശ്യമില്ലാത്ത പലതുമാണ് പെട്ടെന്നു പ്രത്യക്ഷപ്പെടുന്നത്. അത്തരമൊരു ഇടത്തിലേക്ക് എന്തിനാണ് നിഷ്കളങ്കരായ ഈ കുട്ടികളെ നാം ഇട്ടു കൊടുക്കന്നതെ’ന്നാണ് അദ്ദേഹം ചോദിച്ചത്. ലോകത്തെ മറ്റു പല രാജ്യങ്ങളും ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തുമെന്നും കാര്യങ്ങളുടെ പോക്ക് അത്തരത്തിലാണെന്നും ഈയൊരു നയത്തിനു ആസ്ത്രേലിയ മുന്നിട്ടു നിന്നു മാതൃകയാവുകയാണെന്നും ആൽബനീസ് വ്യക്തമാക്കി. പ്രതിപക്ഷ കക്ഷിയായ ലിബറൽ പാർട്ടിയും ഈ ബില്ലിനെ അനുകൂലിക്കുന്നതായാണ് വിവരങ്ങൾ.  സാമൂഹിക മാധ്യമങ്ങളും സാങ്കേതിക ഉപകരണങ്ങളും മാനസികവും ശാരീരികവും സാമൂഹികവുമായ വെല്ലുവിളികളും പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട് എന്നതിൽ ആർക്കും തർക്കമില്ല. ഇവയുടെ അൽഗരിതങ്ങൾ മാനസികവും ശാരിരീകവും സാമൂഹികവുമായി ഇവയ്ക്ക് അടിമപ്പെടുത്തുന്നതാണെന്നും പ്രത്യേക പെരുമാറ്റ രീതികളെ രൂപീകരിക്കുന്നതാണെന്നും ശാസ്ത്രീയമായി ശാസ്ത്രീയമായും സാമൂഹികമായും സാംസ്ക്കാരികമായും വ്യക്തത വന്നിട്ടുണ്ട്. പക്ഷേ സാമൂഹിക മാധ്യമങ്ങൾ കൂടുതൽ ഗുണമാണോ ദോഷമാണോ ഉണ്ടാക്കുന്നത് എന്നതിനെ സംബന്ധിച്ചതിൽ കൃത്യമായ വ്യക്തതയില്ലാത്തതും പലപ്പോഴും ഉടനടിയുള്ള സൌകര്യങ്ങളെയും ആപേക്ഷികമായ സാഹചര്യങ്ങളെയും കണക്കിലെടുത്തുമാണ് ഇത് അപകടമാണെന്ന് അറിഞ്ഞിട്ടും കുട്ടികളോട് ഏറ്റവും ഉത്തരവാദിത്തവും പ്രതിബദ്ധതയുമുള്ള മാതാപിതാക്കളും അധ്യാപക സമൂഹവും ഈ അറിയാ ബോംബുകളെ തന്നെ ആശ്രയിക്കുന്നത്. ഇതിന്റെ താത്ക്കാലിക സൌകര്യങ്ങളെ കണ്ടിട്ടുതന്നെയാവണം ഇത്തരം കാര്യങ്ങളിൽ ഇടപെടേണ്ട അവകാശ സംഘടനകളും ഭരണകൂടവും കാര്യമാത്രമായ നടപടികളെടുക്കാത്തതും. കേരളാ ക്രൈം റെകോർഡ്സ് ബ്യൂറോ പ്രസിദ്ധീകരിച്ച കണക്കു പ്രകാരം 2020 മുതൽ സൈബർ കുറ്റകൃത്യങ്ങൾ, പോക്സോ കുറ്റകൃത്യങ്ങൾ, കുട്ടികൾക്കെതിരെയുള്ള മറ്റു കുറ്റകൃത്യങ്ങൾ എന്നിവയിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. ഈ വർധനവിൽ സാമൂഹിക മാധ്യമങ്ങൾക്കു വലിയൊരു പങ്കുണ്ടെന്ന വാസ്തവം എത്ര കണ്ണടച്ചാലും മറഞ്ഞിരിക്കില്ല. കേരളത്തിലെ വലിയൊരു ശതമാനം വീടുകളിൽ ഒരു പ്രായപരിധി വരെയുള്ള കുട്ടികൾക്ക് സാമൂഹികമാധ്യമങ്ങളും ഇതിനു വേണ്ടിയുള്ള സാങ്കേതിക ഉപകരണങ്ങളും ലഭിക്കുന്നതിൽ വലിയ തരത്തിലുള്ള നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും ഉണ്ടായിരുന്നു. പലപ്പോഴും സ്വന്തമായി ഇത്തരത്തിലുള്ള ആപ്ലികേഷനുകളും ഉപകരണങ്ങളും ഇല്ലാത്ത കുട്ടികൾ നേരത്തെ സൂചിപ്പിച്ച സൌകര്യങ്ങൾക്കും മറ്റുമായി ഉപയോഗിച്ചിരുന്നത് മാതാപിതാക്കളുടെയോ മറ്റു മുതിർന്നവരുടെയോ അകൌണ്ടുകളും ഉപകരണങ്ങളുമായിരുന്നു. എന്നാൽ, കോവിഡ് ലോക്ഡൌണിന്റെ ഭാഗമായി പഠനം പൂർണ്ണമായി ഓൺലൈനിലേക്കു മാറിയതോടെ അതുവരെ നിയന്ത്രണത്തിന്റെയും നിരീക്ഷണത്തിന്റെയും കീഴിൽ മാത്രം സാമൂഹിക മാധ്യമങ്ങളും സാങ്കേതിക ഉപകരണങ്ങളും ഉപയോഗിക്കാൻ സാധിച്ചിരുന്ന കുട്ടികൾക്ക് ഇത്തരം ഉപകരണങ്ങൾ മാതാപിതാക്കൾ തന്നെ യഥേഷ്ടം കൊടുത്ത് റൂമിൽ മാറിയിരുന്ന് പഠിക്കാൻ നിർബന്ധിക്കുന്ന സാഹചര്യമുണ്ടായി. അത്തരം ഓൺലൈൻ വിദ്യാഭ്യാസം പുറത്തുവിട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നിലവാരം എന്താണെന്നു കേരളത്തിലെ ഔദ്യോഗിക- അനൌദ്യോഗിക മേഖലയിലെ അധ്യാപകർക്കു തികഞ്ഞ ബോധ്യമുണ്ടായിരിക്കുമെന്നതു കൊണ്ട് അതിനെ കുറിച്ചു പ്രത്യേകം എടുത്തു പറയുന്നില്ല. ഇങ്ങനെ സർവ്വ സ്വാതന്ത്ര്യങ്ങളോടും സകല സ്വകാര്യതകളോടും കൂടി ഇത്തരത്തിലുള്ളവ ഉപയോഗിക്കാൻ ആരംഭിച്ചത് നിരവധി മാനസികവും ആരോഗ്യപരവും സാമൂഹികവുമായ പ്രശ്നങ്ങളിലേക്കും നയിച്ചിട്ടുണ്ട്. ഇതിന്റെ വ്യക്തമായ വിവരങ്ങൾ മാനസികാരോഗ്യ വിദഗ്ദ്ധർ, സർക്കാർ മേഖലയിൽ തന്നെ കുട്ടികളുടെ ബോധവത്ക്കരണത്തിലും സംരക്ഷണത്തിനു വേണ്ടി പോലീസ്, ആശുപത്രി, വിദ്യാലയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരിൽ നിന്നും ലഭിക്കും. കുട്ടികൾ പൂർണ്ണമായും ഫോൺ, ടാബ്, കംപ്യൂട്ടർ പോലുള്ള ഉപകരണങ്ങൾക്ക് അടിമപ്പെട്ടെന്നു തിരിച്ചറിഞ്ഞ ചെറിയൊരു ശതമാനം രക്ഷിതാക്കളെങ്കിലും ഉപയോഗത്തിനു പരിധികളും പരിമിതികളും നിശ്ചയിക്കാൻ ആരംഭിച്ചു. എന്നാൽ സ്ക്കൂളുകളിൽ നിന്നും ട്യൂഷൻ സ്ഥാപനങ്ങളിൽ നിന്നും നോട്ടുകൾ, പാഠഭാഗങ്ങൾ, ഓഡിയോ- വീഡിയോ ക്ലാസ്സുകൾ മുതലായവ ഓൺലൈനായി നൽകാൻ ആരംഭിച്ചതോടെ മാതാപിതാക്കളുടെ വിലക്കുകളും പ്രായോഗികമാവാതായി. നിലവിൽ കേരളാ ഹയർസെക്കന്ററി വകുപ്പ് ഇത്തരത്തിലുള്ള പഠനസാമഗ്രികൾ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ടെങ്കിലും ട്യൂഷൻ സ്ഥാപനങ്ങൾ, മാനേജ്മെന്റ് പ്രൈവറ്റ് ഉടമസ്ഥതയ്ക്കു കീഴിലുള്ള വിദ്യാലയങ്ങൾ എന്നിവ ഇപ്പോഴും അനുസ്യൂതം തുടരുന്നുണ്ട്. ഇതു വായിക്കുന്നവരിലോരോരുത്തർക്കും നേരിട്ടോ അല്ലെങ്കിൽ മറ്റൊരാളിലൂടെയോ ഓൺലൈൻ ഗെയിമുകളിലൂടെ കുട്ടികൾ സ്വന്തം മാതാപിതാക്കളുടെ പണം തന്നെ ദുരുപയോഗം ചെയ്ത സംഭവങ്ങളെ കുറിച്ച് അറിവുണ്ടായിരിക്കും. കുട്ടികളുടെ പോണോഗ്രഫി ഉപയോഗത്തെ കുറിച്ച് അറിവുണ്ടായിരിക്കും. കുട്ടികൾക്കിടയിലെ പ്രണയബന്ധങ്ങളിലുണ്ടായ വർധന, പ്രണയബന്ധങ്ങളുടെ സ്വഭാവത്തിൽ വന്നിരിക്കുന്ന മാറ്റം എന്നിവ നേരിട്ടും അല്ലാതെയും പത്രമാധ്യമ വാർത്തകളിലൂടെയായും മറ്റും മനസ്സിലാക്കാനും സാധിച്ചിട്ടുണ്ടായിരിക്കും. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയും ആൺകുട്ടിയുമുൾപ്പെട്ട പോക്സോ കേസുകൾ, പ്രായപൂർത്തിയാവാത്ത പെൺകുട്ടിയും പ്രായപൂർത്തിയായ പുരുഷനും ഉൾപ്പെട്ട പോക്സോ കേസുകൾ, ഇതിൽ തന്നെ കുട്ടികൾ ഗർഭിണികളാകുന്ന കേസുകൾ എന്നിവയെല്ലാം ഇന്നു സർവ്വ സാധാരണമായിട്ടുണ്ട്. കുട്ടികൾ പ്രണയിക്കണോ വേണ്ടയോ എന്നതു വേറെ തന്നെ ചർച്ചാ വിഷയമാണ്. എന്നാൽ ഇത്തരത്തിലുള്ള കേസുകളിലേക്കാണ്  പല സൌഹൃദങ്ങളും എത്തുന്നത് എന്നതിനാൽ തന്നെ ഇവിടെ ഭാവി നശിപ്പിക്കപ്പെടുന്നത് ഇരുകൂട്ടരുടെയുമാണ്. കുട്ടികൾക്കിടയിലെ സാമൂഹിക മാധ്യമ ഉപയോഗം സാധാരണവും നിരീക്ഷണത്തിനു കീഴിലല്ലാതെയും ആയിമാറിയതോടെ ഇതിലൂടെയുള്ള ആൺ പെൺ സൌഹൃദങ്ങളുടെയും പ്രണയബന്ധങ്ങളുടെയും സ്വഭാവം മാറിയിട്ടുണ്ട് എന്നതും അതാണ് ഇത്തരത്തിലേക്കുള്ള അപകടങ്ങളിലേക്കു നയിക്കുന്നതു എന്നതുമാണ് വാസ്തവം. ഇതിനെ കുറിച്ചെല്ലാം കുട്ടികളെ ബോധവത്ക്കരിച്ചാൽ പോരേ വിലക്കേണ്ടതുണ്ടോ എന്നൊരു ചോദ്യം ഉയരും. എല്ലാ കുട്ടികളും ഒരേ ജീവിതസാഹചര്യത്തിൽ നിന്നുള്ളവരോ പക്വതയുള്ളവരോ മാനസിക ശാരീരിക വൈകാരിക ബുദ്ധിയുള്ളവരോ ആവണമെന്നില്ല. അവർ ഇത്തരം മാധ്യമങ്ങളിലൂടെ ചെന്നെത്തപ്പെടുന്നത് മുതിർന്നവരെ പോലും അവരറിയാതെ സ്വാധീനിക്കുന്ന സത്യവും അസത്യവുമായ വിവരങ്ങൾക്കും കെണികൾക്കുമിടയിലേക്കാണ്. എപ്പോഴെങ്കിലുമുള്ള ബോധവത്ക്കരണം കൊണ്ട് സാമൂഹിക മാധ്യമ ഇടത്തിലെ നല്ലതിനേയും ചീത്തയേും എങ്ങനെ വേർതിരിക്കാമെന്നാണ്. പൂർണ്ണമായും കുട്ടികളെ സാമൂഹിക മാധ്യമങ്ങളിൽ നിന്നു വിലക്കുന്ന നടപടികൾ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഇത്തരം ഇടങ്ങളിലൂടെ ലഭ്യമാക്കുന്നതിൽ സർക്കാർ ഇടപെട്ടു കൊണ്ടുള്ള നിയന്ത്രണങ്ങൾ, അധ്യാപക സമൂഹവും രക്ഷിതാക്കളും ഇക്കാര്യത്തിൽ പുലർത്തേണ്ട കനത്ത ജാഗ്രത എന്നിവക്കു ശേഷം മാത്രമേ കുട്ടികളെ ഇക്കാര്യത്തിൽ ബോധവത്ക്കരിക്കുന്നതിൽ കാര്യമുള്ളൂ. എല്ലാ കാര്യത്തിലും പ്രതിരോധത്തിനാണ് മുൻഗണന കൊടുക്കുന്നത് എന്നത് കഴിയുന്നത്ര മുറിവുകളിൽ നിന്ന് രക്ഷപ്പെടുന്നതിനു വേണ്ടിയാണ് എന്ന ബോധം ആദ്യം വേണ്ടത് രക്ഷിതാക്കൾക്കും അധ്യാപകർക്കുമാണ്. തങ്ങളുടെ കുഞ്ഞുങ്ങളെ ഡിജിറ്റൽ ലോകത്തിന്റെ അപകടങ്ങളിൽ നിന്നും മാറ്റിനിർത്തണമെങ്കിൽ ആദ്യം മുതിർന്നവരും തങ്ങളുടെ ഇത്തരം ഉപയോഗങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. സാമൂഹിക മാധ്യമങ്ങൾക്ക് ഉപകാരങ്ങളും ഗുണഫലങ്ങളും ഉണ്ടായേക്കാം എന്നാൽ നൈമിഷികമായ ആ ഗുണഫലങ്ങൾക്കു വേണ്ടി മാത്രമല്ല അവ കുഞ്ഞുങ്ങൾ ഉപയോഗിക്കുന്നത്. അതിനാൽ സ്വന്തം മനസ്സിനേയും ശരീരത്തേയും വികാരങ്ങളെയും പറ്റി കുട്ടിക്ക് ബോധ്യമാവുന്നതു വരെ, സമൂഹത്തിന്റെ അപകടങ്ങളെയും ചതിക്കുഴികളെയും കുറിച്ച് ജാഗ്രത ഉണ്ടാവുന്ന വരെയെങ്കിലും അവരെ ഇതിൽ നിന്നും മാറ്റിനിർത്തേണ്ടതുണ്ട്. മതമൂല്യങ്ങളും സംസ്ക്കാരവും സംരക്ഷിക്കാനാഗ്രഹിക്കുന്ന, ഭാവി തലമുറയെ മാനസിക, ശാരീരിക, സാമൂഹികാരോഗ്യമുള്ളവരായി കാണാൻ ആഗ്രഹിക്കുന്ന മത- സാമുദായിക സംഘടനകളും അവകാശ പ്രവർത്തകരും ഇക്കാര്യത്തെ ഗൌരവതരമായി കാണേണ്ടതുണ്ട്. ഇതു നയരൂപീകർത്താക്കളുടെ ശ്രദ്ധയിൽ പെടുത്തുകയും ഇതിനുള്ള നിയമനിർമ്മാണത്തിനായി  ആസ്ത്രേലിയയിൽ നിന്നുണ്ടായ ജനകീയ ആവശ്യത്തിനു സമാനമായൊന്നു കേരളത്തിൽ നിന്നുമുണ്ടാവേണ്ടതുണ്ട്. കുട്ടികളുടെ സാമൂഹികമാധ്യമ ഉപയോഗം നിയന്ത്രിക്കാനുള്ള യൂറോപ്യൻ യൂണിയന്റെ ശ്രമങ്ങളെ പോലും തടയാൻ മാത്രം പോന്ന മുതലാളിത്ത കച്ചവട ശക്തികളാണ് ടെക് കമ്പനികൾ. വളർന്നു വരുന്ന ലോകതലമുറയെ തന്നെ നിഷ്ക്രിയരാക്കുന്ന രോഗാതുരരാക്കുന്ന ഗൂഢ അജണ്ടകളവർക്കുണ്ട്. ഈ കുട്ടികളിൽ നിന്ന് അവർ പോലും അറിയാതെ കവർന്നെടുക്കുന്ന വിവരങ്ങളിൽ നിന്ന് അവർ വലിയൊരു ധനലാഭം നേടുന്നതിനൊപ്പം തങ്ങളുടെ ഭാവി ലാഭസ്രോതസ്സുകളെ ഇപ്പോഴേ നിർണ്ണയിക്കാനും അവർക്കു സാധിക്കും. ഇതിനെതിരെയുള്ള മുന്നേറ്റം പാശ്ചാത്യരാജ്യങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു എന്നതിന്റെ സൂചനയാണ് ആസ്ത്രേലിയയിലൂടെ വ്യക്തമാകുന്നത്. ഒരു തലമുറയെ നഷ്ടമാകുന്നതിനു മുമ്പേ നമ്മുടെ രാജ്യത്തിനും സംസ്ഥാനത്തിനും സംഘടനകൾക്കും പ്രവർത്തിക്കാൻ ഏറെയുണ്ടെന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. 

-ആയിശ ഹനീഫ്

 

 

 


 

 

 

 

 

.  -