അദൃശ്യവത്ക്കരണത്തിന്റെ അധിനിവേശ ദർശനം
‘ദേശമില്ലാത്ത ജനതയ്ക്ക് ജനതയില്ലാത്ത
ദേശം’ എന്ന സയണിസ്റ്റ് മുദ്രാവാക്യത്തിൽ തന്നെ
പ്രകടമാണ് ഇസ്രയേലിന്റെ അധിനിവേശ ദർശനം. അഥവാ, ഒറ്റപ്പെടുത്തലിന്റെയും
അദൃശ്യവത്ക്കരണത്തിന്റെയും ദർശനം. ജൂത ജനതയെ ദേശമില്ലാത്തവരാക്കി അധിനിവേശത്തിനു
പ്രേരിപ്പിക്കുകയും പാലസ്തീനിലെ അറബ് ജനസംസ്കൃതിയെ അദൃശ്യരും അപ്രത്യക്ഷരുമാക്കി
അധിനിവേശത്തിനു കീഴിലാക്കുകയും ചെയ്യുന്നതാണ് ഈ മുദ്രാവാക്യത്തിൽ
മുഴച്ചുനിൽക്കുന്നത്. ഇസ്രയേൽ പാലസ്തീനിൽ നടത്തിക്കൊണ്ടിരിക്കുന്നത്
സാമ്രാജ്യത്വവും അധിനിവേശവുമാണെന്ന് ആഗോളപ്രശസ്തരായ പല ബുദ്ധിജീവികളും
വ്യക്തമാക്കി കഴിഞ്ഞു. കാലത്തിനനുസരിച്ച് കോലം മാറി വരുന്ന അധിനിവേശത്തിനും
സുവ്യക്തമായൊരു ദർശനമുണ്ട്. രാഷ്ട്രീയമായും സാംസ്ക്കാരികമായും നാമറിയാതെ
നുഴഞ്ഞുകയറുക, സ്വാധീനം ചെലുത്തി കീഴടക്കുക എന്നതാണ് ഇതിന്റെ
രീതിശാസ്ത്രമെങ്കിൽ ചരിത്രത്തെയും രാഷ്ട്രീയത്തെയും തങ്ങൾക്കു പ്രതികൂലമായൊരു
ബൃഹദാഖ്യാനമായി ചിത്രീകരിച്ച് വർത്തമാനത്തിലും ഭാവിയിലും തങ്ങളേറ്റെടുത്തു നടത്താൻ
പോകുന്ന എല്ലാ അനീതികളെയും തിന്മകളെയും ഇതേ ബൃഹദാഖ്യാനം ഉപയോഗിച്ച്
ന്യായീകരിക്കുന്നതാണ് അധിനിവേശത്തിന്റെ സ്വഭാവം.
ഓരോ വ്യക്തിക്കും
വ്യക്തിഗതമായ സ്വാതന്ത്ര്യവും അവകാശങ്ങളും ഉണ്ടെന്നു വാദിക്കുന്ന ലിബറലിസം ഒറ്റനോട്ടത്തിൽ
അധിനിവേശവിരുദ്ധ ദർശനമാണെന്നു തോന്നാമെങ്കിലും ക്ലാസിക്കൽ ലിബറലിസത്തിന്റെ
ചരിത്രത്തിലെ അതികായന്മാരുടെ (ജോൺ ലോക്ക്, ജെ എസ് മിൽ) സിദ്ധാന്തങ്ങൾ തന്നെയാണ് കാലാക്കാലങ്ങളായി
അധിനിവേശത്തെയും സാമ്രാജ്യത്വത്തെയും സാധൂകരിക്കാൻ ഉപയോഗിച്ചു പോന്നിട്ടുള്ളത്.
മുഖ്യധാരാ പൊതുസമൂഹത്തിൽ ലിബറലിസം എന്നത് മനുഷ്യനു സ്വാതന്ത്ര്യവും
മനുഷ്യാവകാശങ്ങളും നേടിക്കൊടുത്ത സിദ്ധാന്തമായി മനസ്സിലാക്കപ്പെടുമ്പോൾ, ഇതേ ലിബറൽ സൈദ്ധാന്തികർ തന്നെയാണ് ആഗോളരാഷ്ട്രീയ തലത്തിൽ അധിനിവേശത്തെ
സൈദ്ധാന്തികമായി അരക്കിട്ടുറപ്പിച്ചതെന്നുള്ള വാസ്തവം സമകാലികതയിലെ മാനവികരും ഉദാര,
സ്വാതന്ത്ര്യ, സമത്വവാദികളും മറന്നുപോകുകയോ
അല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കുകയോ ആണ്. ലിബറലിസം ഓരോ വ്യക്തിക്കും വ്യക്തിയെന്ന
ചുരുങ്ങിയ തലത്തിലെ മിഥ്യാ സ്വാതന്ത്ര്യത്തെ നൽകുമ്പോൾ പലപ്പോഴും നഷ്ടമാകുന്നത്
വിശാലമായ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക സ്വാതന്ത്ര്യമാണ്. ലിബറലിസം
വ്യക്തിസ്വാതന്ത്ര്യമെന്ന ഇരയിൽ കൊളുത്തി പൌരസ്ത്യലോകത്തെ കാലാക്കാലങ്ങളായി
അധിനിവേശത്തിനു കീഴിലാക്കിയതും ഇന്നും തുടരുന്നതും ഇതേ മാർഗ്ഗത്തിലൂടെയാണ്.
വ്യക്തിസ്വാതന്ത്ര്യത്തെ കൈപ്പിടിയിലൊതുക്കിയപ്പോൾ നഷ്ടമായത് സാമൂഹികവും രാഷ്ട്രീയവുമായ
വിശാലമാനങ്ങളുള്ള സ്വാതന്ത്ര്യമാണെന്നതാണ് വാസ്തവം.
ഒരു വ്യക്തി ജനിക്കുമ്പോൾ
തൊട്ട് നിബന്ധനകളേതുമില്ലാതെ സ്വതന്ത്രരാണെന്നും സാമൂഹികവും സാംസ്ക്കാരികവുമായ
യാതൊരു പ്രത്യേകതകളുമില്ലാത്തവരാണെന്നും അതിനാൽ വ്യക്തിയുടെ ഇഷ്ടങ്ങൾ, തീരുമാനങ്ങൾ, രീതികൾ
എല്ലാം സ്വയം നിർണ്ണയിക്കാമെന്നും ഇതിലാർക്കും കടന്നുകയറാനാവില്ലെന്നുമുള്ള
ക്ലാസിക്കൽ ലിബറൽ ദർശനം പാശ്ചാത്യലോകത്തിനും പൌരസ്ത്യ ലോകത്തിനും ഒരുപോലെ
ആകർഷണീയമായിരുന്നു. കെട്ടുപാടുകളില്ലാത്ത, വിധിവിലക്കുകളില്ലാത്ത
എന്തും നേടാവുന്ന സ്വാതന്ത്ര്യത്തിന്റെ സ്വേച്ഛയുടെ ലോകം. വ്യക്തിയെ
നിർണ്ണയിക്കുന്നതിൽ മതത്തിനോ ചരിത്രത്തിനോ സംസ്ക്കാരത്തിനോ യാതൊരു പങ്കുമില്ലെന്ന
പ്രഥമദൃഷ്ട്യാ യുക്തിസഹമായ ദർശനം. യഥാർത്ഥത്തിൽ ഇതു തന്നെയാണ് അധിനിവേശ ദർശനം
പ്രയോഗവത്ക്കരിക്കുന്നതിന്റെ ആദ്യപടിയായി വർത്തിച്ചത്. ഓരോ വ്യക്തിയെയും സാമൂഹിക
ചരിത്രസംസ്കൃതിയിൽ നിന്നും വേർപ്പെടുത്തി യാതൊരു സംസ്ക്കാരത്തിനോടും
കടപ്പെട്ടിരിക്കാത്ത സ്വേച്ഛയുടെ അതിരുകളും പരിധികളുമില്ലാത്ത ലോകത്തിലേക്കു
ലിബറലിസം ഇറക്കിവിട്ടതോടെ സംസ്കൃതിയെ മനുഷ്യർ സംശയത്തോടെ നോക്കുകയും അതിനെ
ഉപേക്ഷിക്കുകയും അതിനെ ലിബറലിസത്തിന്റെ ചട്ടക്കൂടിനൊത്തു പരിഷ്കരിക്കാനും
ശ്രമിച്ചു. അവിടെ സമൂഹം, സംസ്ക്കാരം, ദേശം,
ചരിത്രം, മനുഷ്യൻ എന്നിവയെല്ലാം
സംയുക്തമായിരുന്നെങ്കിൽ, പിന്നീടത് ലിബറലിസത്തിന്റെ
കടന്നുവരവോടെ ഒറ്റപ്പെട്ട തുരുത്തുകളായി. ഇതിലേറ്റവും ഒറ്റപ്പെട്ടത്
മനുഷ്യനായിരുന്നു. എല്ലാം ചുറ്റിലും ഉണ്ടായിരിക്കെ തന്നെ ജീവിതത്തെ
അർത്ഥവത്താക്കുന്നതും താനെവിടെ ഭാഗമായിരിക്കുന്നതെന്നറിയാതെ, എവിടെയും ബന്ധിക്കപ്പെടാതെ വ്യക്തിസ്വത്വത്തെ അലച്ചിലിനു
വിധേയമാക്കുകയുമാണ് ലിബറലിസം ചെയ്തത്.
ഇത്തരത്തിൽ മനുഷ്യന്റെ സ്വത്വത്തെ നിർണ്ണയിക്കുന്ന ദേശം, ചരിത്രം, സംസ്ക്കാരം എന്നിവയിൽ നിന്നെല്ലാം വ്യക്തിയെ അടർത്തിയെടുക്കാൻ സാധിച്ചതോടെ ചില ജനതകൾക്ക് ദേശമില്ലെന്നും സംസ്ക്കാരവും ചരിത്രവുമില്ലെന്നും അവരെയും അവിടങ്ങളെയും യൂറോകേന്ദ്രിതമായ സാംസ്ക്കാരികസാമൂഹിക ദർശനത്തിനും രാഷ്ട്രീയദർശനത്തിനും കീഴിൽ എന്നന്നേക്കുമായി അധീനത്തിലാക്കാമെന്നുള്ളതും സ്ഥാപിതമായി. ആത്യന്തികമായി പറഞ്ഞാൽ, യൂറോകേന്ദ്രിതമല്ലാത്ത, വെള്ളക്കാരന്റേതല്ലാത്ത സമൂഹവും സംസ്ക്കാരവും നാഗരികമല്ലെന്നും അതിനെ ഒന്നുകിൽ കൊളോണിയലിസത്തിലൂടെ, സാമ്രാജ്യത്വത്തിലൂടെ, അല്ലെങ്കിൽ ഉദാരവത്ക്കരണത്തിലൂടെ പരിഷ്കരിക്കുക സമം അധിനിവേശത്തിനു കീഴിലാക്കുക എന്നതു മാത്രമാണ് അധിനിവേശത്തിന്റെ ദർശനം. സ്ഥലകാലങ്ങൾക്ക് വിധേയമായി അധിനിവേശത്തിന്റെ രീതിശാസ്ത്രത്തിൽ മാറ്റം വന്നിരിക്കാം. ഇന്ത്യയിൽ വാണിജ്യ സൌഹൃദത്തിലൂടെ വേരുറപ്പിച്ചതിനു ശേഷമാണ് ‘വെള്ളക്കാരന്റെ ഭാര’മെന്ന നാട്യത്തിലൂടെ ഭാഷയിലൂടെയും സംസ്ക്കാരത്തിലൂടെയും അധിനിവേശം നടത്തിയത്. പിന്നീട് ഇരുന്നൂറു വർഷത്തോളം രാഷ്ട്രീയമായി തുടരുകയും സാംസ്ക്കാരികാധിനിവേശത്തിലൂടെ ആധുനികവും ലിബറലുമായൊരു ഇന്ത്യ ഇവിടെ തുടരുമെന്നും ഉറപ്പിച്ചുകൊണ്ടാണ് പാശ്ചാത്യർ ഇന്ത്യ വിടുന്നത്. പാലസ്തീനിലാവട്ടെ, ഒട്ടോമൻ സാമ്രാജ്യത്തെ ഒന്നാം ലോകയുദ്ധത്തിൽ തകർത്തതോടെ പാലസ്തീനെന്ന ‘അസംസ്കൃത അറബ് സമൂഹ’ത്തെ പാശ്ചാത്യ സംസ്ക്കാരവും രാഷ്ട്രീയവും ഭരിച്ചാലേ സംസ്ക്കരിക്കപ്പെടൂ എന്ന ‘രക്ഷാദൌത്യ’ നാട്യമായിരുന്നു പാലസ്തീൻ അധിനിവേശത്തിന്റെ ആദ്യപടി. ഇക്കാലയളവിൽ വെള്ളക്കാരന്റെ സംസ്ക്കാരത്തിൽ മയങ്ങിയ വരേണ്യ അറബ് ജനതയെ കൂട്ടുപിടിച്ച് പാലസ്തീന്റെ ജനതയെ അതിന്റെ ദേശം, ചരിത്രം, സംസ്ക്കാരം എന്നിവയിൽ നിന്ന് വിഘടിപ്പിക്കാൻ ബ്രിട്ടീഷ് അധീശത്വത്തിനു സാധിച്ചു. പിന്നീട് സയണിയസത്തിന്റെ ‘ദേശമില്ലാത്ത ജനതയ്ക്ക് ജനതയില്ലാത്ത ദേശം’ എന്ന ആഖ്യാനം നിർമ്മിക്കാനും പ്രചരിപ്പിക്കാനും ഒടുവിൽ സയണിസത്തിനു വിട്ടുകൊടുക്കാനും ഇതേ കൊളോണിയൽ ദർശനത്തിനു ഏറെ പാടുപെടേണ്ടി വന്നില്ല.
ബ്രിട്ടനിൽ നിന്ന്
സയണിസത്തിലേക്ക് ഐക്യരാഷ്ട്രസംഘടനയുടെ മധ്യസ്ഥതയിൽ അധിനിവേശത്തിന്റെ കൈമാറ്റം
നടന്നപ്പോഴും പാശ്ചാത്യശക്തികൾ ഉറപ്പുവരുത്തിയത് ഇസ്രയേലിൽ യൂറോകേന്ദ്രിത
സംസ്ക്കാരവും രാഷ്ട്രീയവും തഴച്ചുവളരുമെന്നും തദ്ദേശീയ പാലസ്തീൻ ചരിത്രവും സമൂഹവും
സംസ്ക്കാരവും അശേഷം ഇല്ലാതാക്കുമെന്നുമാണ്. പകരം,
വെള്ളക്കാരന്റെ ഭാരവും രാഷ്ട്രീയ രക്ഷാദൌത്യവും പോലെ ആലംബഹീനരായ
ജൂതജനതയ്ക്ക് ആലംബമായവർ ഞങ്ങളെന്ന ആഖ്യാനത്തെയും ഈ അധിനിവേശ ശക്തികൾ
അക്കാദമികമായും അല്ലാതെയും പ്രചരിപ്പിച്ചു. ഇതുമുന്നിൽ നിർത്തി ഇന്നും ഈ
അധിനിവേശത്തെ ന്യായീകരിക്കുകയും ചെയ്യുന്നു. ഇവിടെയെല്ലാം സ്ഥലകാല ബന്ധിതമായ
ഉപരിപ്ലവമായ മാറ്റങ്ങൾ കാണുന്നുണ്ടെങ്കിലും അന്തർവർത്തിയായിരിക്കുന്നത്
സംസ്കൃതിയെയും സമൂഹത്തെയും അദൃശ്യമാക്കി കൊണ്ട് അധിനിവേശം സാധ്യമാക്കുന്ന
ഉദാരവത്കൃത ദർശനം മാത്രമാണ്.
ലിബറലിസവും കൊളോണിയലിസവും തമ്മിലുള്ള ബന്ധം സൂക്ഷ്മമെങ്കിലും
ദൃഢവും സ്ഥായിയുമാണ്. കൊളോണിയലിസവും അധിനിവേശവും രാഷ്ട്രീയദർശനങ്ങളുടെ ചേരിയിൽ
വലതുപക്ഷത്താണെങ്കിൽ ലിബറലിസം മാനവരാശിക്കു അനുഗുണമായ ഇടതുപക്ഷചേരിയാണെന്നാണ്
പൊതുധാരണ. എന്നാൽ, ഇതേ ലിബറലിസം പാലൂട്ടുന്ന യൂറോകേന്ദ്രിത ചരിത്രസാംസ്ക്കാരിക മേൽക്കോയ്മ
തന്നെയാണ് അധിനിവേശത്തിന്റെ ദർശനവും. തങ്ങളാണ് വലിയവരെന്നും തങ്ങളുടേതു മാത്രമാണ്
ഉത്കൃഷ്ടമെന്നുമുള്ള ദർശനത്തിൽ നിന്നാണ് മറ്റെല്ലാത്തിനേയും പരിഷ്ക്കരിക്കണമെന്നും
നാഗരികമാക്കണമെന്നും അതിനു വേണ്ടി വേണമെങ്കിൽ കീഴ്പ്പെടുത്താമെന്നും
നിയന്ത്രിക്കാമെന്നും ഉപയോഗപ്പെടുത്താം എന്നുമുള്ള ഉദാര സ്വേച്ഛാധിപത്യ (ബെനവലന്റ്
ഡെസ്പോട്ടിസം) ക്ലാസിക്കൽ ലിബറലിസ്റ്റുകൾ വിഭാവനം ചെയ്തത്. ഇനി, ഐക്യരാഷ്ട്രസംഘടനയും അമേരിക്കയും ആവിർഭവിച്ചതോടെ തിരോഭവിച്ച പ്രതിഭാസമല്ല
അധിനിവേശം. അത് ഇന്ത്യയിൽ നിന്നും ആഫ്രോ- ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ഇരുപതാം
നൂറ്റാണ്ടോടെ ഇല്ലാതായ ഒന്നല്ല. ഇന്ന് ഇസ്രയേൽ പാലസ്തീനിൽ ചെയ്യുന്നതു മാത്രവുമല്ല
അധിനിവേശം. ഓരോ സംസ്ക്കാരവും ചരിത്രവും ദേശവും നാഗരികമല്ലെന്നും സംസ്കൃതമല്ലെന്നും
യൂറോപ്പിന്റെ സാംസ്ക്കാരിക സൌന്ദര്യദർശനങ്ങൾക്കനുസരിച്ച് ഇതെല്ലാം
പരിഷ്കരിക്കപ്പെടേണ്ടതുമുണ്ടെന്നും ഇന്നും അബോധമായി നിലനിൽക്കുന്ന ചിന്താഗതി പോലും
അധിനിവേശമാണ്. ഇങ്ങനെ സ്ഥലകാലങ്ങൾക്കതീതമായി ലോകത്തെ വിവിധ ജനതകളിലെ വ്യക്തികളിലും
തന്റെ സംസ്ക്കാരത്തെയും ചരിത്രത്തെയും കുറിക്കുന്ന അപകർഷതാബോധമാണ് അധിനിവേശ
ദർശനത്തിന്റെ ആദ്യത്തെ വിത്തിടീൽ. ചരിത്രത്തെയും സംസ്ക്കാരത്തെയും
പരിഷ്ക്കരിക്കുന്നതു വഴി ‘കുളിപ്പിച്ച് കുട്ടിയെ
ഇല്ലാതാക്കു’ന്ന രീതിയാണ് പിന്നെ അവലംബിക്കുന്നത്. ക്രമേണ,
ചരിത്രവും സംസ്ക്കാരവും അദൃശ്യമാകുന്നു. പിന്നീട് ജനതയില്ലാത്ത,
ചരിത്രവും സംസ്ക്കാരവുമില്ലാത്ത ദേശങ്ങളിൽ മേലാളന്മാരായി ആർക്കും
വാഴാമെന്ന സ്ഥിതി വരുന്നതോടെ അധിനിവേശം സമ്പൂർണ്ണമാകുന്നു. പിന്നീട് സമയവും
സൌകര്യവും അനുസരിച്ച് ചരിത്രത്തെയും സംസ്ക്കാരത്തെയും തങ്ങളുടെ ആഖ്യാനങ്ങൾക്ക്
അനുരൂപമായി പുനർനിർമ്മിക്കുകയും അതിനെ വലിയൊരു ആഖ്യാനമാക്കി മാറ്റുകയും
ചെയ്യുന്നു.
ജൂതനു ദേശമില്ലെന്നും ഈ ജനത കാലങ്ങളായി
മതഭ്രഷ്ടിനിരയാവുന്നുണ്ടെന്ന ചരിത്രത്തെ വലിയൊരു ആഖ്യാനമാക്കി കൊണ്ടാണ്
ഇസ്രയേലിന്റെ പാലസ്തീൻ അധിനിവേശം പലപ്പോഴും ന്യായീകരിക്കപ്പെടുന്നത്. ഇതുകൂടാതെ, ഹിറ്റ്ലറിന്റെ നേതൃത്വത്തിൽ നടന്ന ഹോളോകാസ്റ്റും സയണിസ്റ്റ്
അധിനിവേശത്തെ ന്യായീകരിക്കുന്ന യുക്തിയായി വർത്തിക്കാറുണ്ട്. ഹിന്ദുവും
ഹിന്ദുത്വയും, മുസ്ലീങ്ങളും ഇസ്ലാമിസവും തമ്മിൽ ദാർശനിക ബന്ധമില്ലെന്നു പറയുന്നതു
പോലെ ജൂതമതവും സയണിസവും തമ്മിൽ ബന്ധമില്ലെന്നതാണ് വാസ്തവം. പലപ്പോഴും
സയണിസത്തിന്റെ ലിബറൽ രാഷ്ട്രീയദർശനങ്ങൾ ജൂതമതത്തെയും അതിന്റെ സംസ്ക്കാരത്തെയും
ചരിത്രത്തെയും അപഹരിക്കുകയും അങ്ങനെ സയണിസത്തിനു ജൂതമതത്തോളം പഴക്കമുള്ള ചരിത്രവും
സംസ്ക്കാരവും സൃഷ്ടിച്ചുകൊണ്ട് അധിനിവേശത്തെ ന്യായീകരിക്കുകയും തദ്ദേശീയ സാമൂഹിക
ജനസംസ്കൃതിയെ ഇല്ലാതാക്കുകയും ചെയ്യുകയാണ് എന്നതാണ് വാസ്തവം. ചുരുക്കത്തിൽ, അധിനിവേശത്തിനുള്ള
വിളനിലമാവുന്നത് ചരിത്രം, സംസ്ക്കാരം, സമൂഹം എന്നിവയിലുണ്ടാകുന്ന അശ്രദ്ധയും കൃത്യമായ പ്രതിരോധത്തിന്റെ
അഭാവവുമാണെന്നു സാരം
അധിനിവേശങ്ങൾ ചരിത്രത്തിൽ സുലഭമാണെങ്കിലും യൂറോകേന്ദ്രിതമായ
അധിനിവേശങ്ങൾ ലിബറലിസത്തിന്റെ സാംസ്ക്കാരികദർശനത്തോടെ നുഴഞ്ഞുകയറി വിമോചനം
അസാധ്യമാകുന്ന വിധത്തിൽ നിലനിൽക്കുന്നതാണ് പതിവുകാഴ്ച്ച. അദൃശ്യമായി
വർത്തിച്ചുകൊണ്ട് വിദൂരഭാവിയിലേക്കു പോലും അധിനിവേശപദ്ധതികൾ
സുസ്ഥിരമാക്കുന്നതുമാണ് കഴിഞ്ഞ കാല ചരിത്രങ്ങളിൽ നിന്നും ഇസ്രയേലിന്റെ സമാനമായ
അധിനിവേശ പദ്ധതികളിൽ നിന്നും വ്യക്തമാകുന്നത്. അധിനിവേശത്തെ സമരതന്ത്രമായി
പ്രതിരോധിക്കുക എന്നതിനോടൊപ്പം തന്നെ പ്രധാനമാണ് ദാർശനികമായി എതിരിടുക എന്നതും.
ചുരുക്കിപ്പറഞ്ഞാൽ, സംസ്കൃതികളെ സംരക്ഷിക്കുക, പരിപോഷിപ്പിക്കുക-
വെല്ലുവിളികളെ സമർത്ഥമായി പ്രതിരോധിക്കുക എന്നിങ്ങനെ മാത്രമേ നിലവിലെ
അധിനിവേശത്തിൽ നിന്നും വരാനിരിക്കുന്ന അധിനിവേശങ്ങളിൽ നിന്നും വിമോചനം സാധ്യമാവൂ.