പാലസ്തീനിൽ ശാശ്വത സമാധാനം പുലരണം
പതിനഞ്ചു മാസത്തോളം നീണ്ട ഇസ്റാഈൽ-
ഹമാസ് യുദ്ധത്തിനു ഒടുക്കമുണ്ടാവുമെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ജനുവരി പതിനഞ്ചിലെ വെടിനിർത്തൽ
ധാരണകളുടെ വാർത്തകൾ പുറത്തുവന്നത്. മധ്യപൂർവ്വേഷ്യൻ രാഷ്ട്രീയത്തെയും കവച്ചുകൊണ്ട്
ആഗോള ശക്തികൾ പക്ഷം പിടിക്കുന്നൊരു രാഷ്ട്രീയ സമസ്യയായി ഇക്കാലയളവിൽ പാലസ്തീൻ- ഇസ്രയേൽ
പ്രശ്നം വ്യവഹരിക്കപ്പെട്ടു. ഇസ്രയേലിന്റെ സയണിസ്റ്റ് ലക്ഷ്യങ്ങളും പലലോക വൻശക്തികളും
നേതാക്കളും സയണിസ്റ്റ് അജണ്ടകൾക്ക് വശംവദരാകുന്നതും മൌനികളാകുന്നതും ലോകം കണ്ടു. പാലസ്തീനിനൊപ്പം
നിന്ന് സയണിസത്തിനെതിരെ പ്രതിരോധം തീർത്ത ഇറാൻ, ലെബനോൻ, സിറിയ, യമൻ എന്നിവിടങ്ങളെ ആരെല്ലാം
പിന്താങ്ങിയെന്നും പുറന്തള്ളിയെന്നും ലോകം വ്യക്തമായി കണ്ടു. സയണിസ്റ്റ് അജണ്ട പാലസ്തീനെ
മാത്രമല്ല ലക്ഷ്യം വെക്കുന്നതെന്ന ബോധ്യത്തിൽ നിന്നു കൊണ്ട് മധ്യപൂർവ്വേഷ്യൻ രാഷ്ട്രീയത്തെ
പുനരവലോകനം ചെയ്യുമ്പോൾ ഈ വെടിനിർത്തലിനു എത്രത്തോളം സമാധാനം പുനഃസ്ഥാപിക്കാൻ സാധിക്കുമെന്നും
സയണിസ്റ്റ് വ്യാപനത്തെ പ്രതിരോധിക്കാൻ വെടിനിർത്തൽ മാത്രം പോരെന്നതും പര്യാലോചിക്കേണ്ടതായി
വരും.
ഈ പര്യാലോചനയെ നാം കൂട്ടിവായിക്കേണ്ടത്
നിലവിൽ ജനാധിപത്യാരോഹണം നടന്ന സിറിയൻ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തിയാണ്. ഐക്യരാഷ്ട്ര
സഭാ വേദിയിൽ സയണിസത്തിന്റെ ശാപമെന്നു ഉയർത്തിക്കാണിച്ച സിറിയയും ഇറാഖും ഇറാനും ലെബനാനുമെല്ലാം
ഇസ്രയേലിനെ പ്രതിരോധിക്കുന്നവരാണ്. ശക്തമായ പ്രതിരോധ തീർത്ത സിറിയയിൽ പെട്ടെന്നൊരു
അട്ടിമറി ഉണ്ടാക്കിയെടുത്ത് ജനാധിപത്യത്തിലേക്ക് കെട്ടിയുയർത്തിയത് ഇസ്രയേലിന്റെയും
അമേരിക്കയുടെയും അജണ്ടകൾ തന്നെയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഇസ്രയേൽ പ്രതിരോധത്തിലെ അച്ചുതണ്ടു ശക്തിയായ സിറിയയെ ബശ്ശാർ
അൽ അസദിൽ നിന്ന് മോചിപ്പിച്ച് തീവ്രവാദ പരിശീലനം ലഭിച്ച ജുലാനിക്ക് നൽകുന്നതിൽ ഇസ്രയേലിന്റെയും
അമേരിക്കയുടെയും സമരതന്ത്രവും നയതന്ത്രവും അടങ്ങിയിട്ടുണ്ട്. ഇനി സിറിയയെ അകറ്റി
നിർത്തേണ്ടതില്ലെന്നും പരസ്പരം നയതന്ത്ര ബന്ധം സ്ഥാപിക്കുമെന്നും ഇസ്രയേൽ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.
മധ്യപൂർവ്വേഷ്യയിൽ തങ്ങൾക്ക് അത്യന്തം ഭീഷണമായ സിറിയയിൽ തങ്ങളുടെ പിന്തുണയോടെ അധികാരത്തിലേറിയ
ഭരണകൂടം ഉണ്ടായിരിക്കെ സയണിസ്റ്റ് അജണ്ടകൾക്ക് കാര്യങ്ങൾ താരതമ്യേന എളുപ്പമായതായി തന്നെ
മനസ്സിലാക്കണം. അഥവാ, നെതന്യാഹു ഉയർത്തിക്കാട്ടിയ ശാപത്തിന്റെ ഭൂപടത്തിൽ നിന്ന് സിറിയ
ഇനി അനുഗ്രഹത്തിന്റെ ഭൂപടത്തിലേക്കു മാറുമെന്നു സാരം.
സയണിസത്തിന്റെ രാഷ്ട്രീയ ഭൂപടം
വിപുലീകരിക്കുന്ന ലക്ഷ്യത്തിൽ മർമ്മ പ്രധാനമായ ഭാഗമാണ് സിറിയയും ലെബനോനും. ഇതിൽ സിറിയയെ
തങ്ങളുടെ ആജ്ഞാനുവർത്തികളാക്കുന്നതോടെ പാലസ്തീനെ പൂർണ്ണമായും അശക്തമാക്കാനും ക്രമേണ
തങ്ങളുടെ സയണിസ്റ്റ് ലക്ഷ്യം സ്ഥാപിച്ചെടുക്കുന്നതും ഇസ്രയേലിനെ സംബന്ധിച്ച് എളുപ്പമായി
തീരും. തങ്ങൾ ആക്രമിച്ച് കയറിയിടത്തൊക്കെ തങ്ങളുടെ അധിനിവേശ പതാക സ്ഥാപിക്കുന്നതും
ക്രമേണ ആ മേഖലയെ തന്നെ തങ്ങളുടെ ഭൂപടത്തോടു ചേർത്തൊട്ടിക്കുന്നതും ഗാസയുടെ വിഷയത്തിലും
ലെബനാന്റെ വിഷയത്തിലും ഇസ്രയേൽ ആവർത്തിക്കുന്നതു നാം കണ്ടതാണ്. ഇതു തന്നെയാണ് സിറിയയിലും
സംഭവിക്കാൻ പോകുന്നത്. ദക്ഷിണ സിറിയയിൽ ഇസ്രയേൽ അധിനിവേശ പതാക ഉയർത്തുന്ന ഇസ്രയേൽ സൈനികരുടെ
ചിത്രങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിടുന്നുണ്ട്. മാത്രമല്ല, ഇത്തരത്തിൽ മറ്റൊരു
രാജ്യത്തിന്റെ മേഖലയിൽ പതാക നാട്ടുന്നത് ഉചിതമല്ലെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്മെന്റ്
വക്താവ് മാത്യൂ മില്ലർ അഭിപ്രായപ്പെടുകയുമുണ്ടായി. ചുരുക്കത്തിൽ മറ്റൊരു ഗാസയായി സിറിയയും
മാറുമോയെന്നു ശക്തമായി സംശയിക്കേണ്ടിയിരിക്കുന്നെന്നു സാരം. പറഞ്ഞുവരുന്നത്, നിലവിലെ
വെടിനിർത്തൽ താൽക്കാലികമായെങ്കിലും രക്തച്ചൊരിച്ചിൽ ഒഴിവാക്കുമെങ്കിലും സയണിസത്തിന്റെ
സാമ്രാജ്യത്വ വ്യാപന ലക്ഷ്യങ്ങൾക്ക് യാതൊരു വിധത്തിലുമുള്ള പ്രതിബന്ധങ്ങളും സൃഷ്ടിക്കുന്നില്ലെന്നതു
കൂടിയാണ്.
ഇനി, നയതന്ത്രപരമായ മറ്റൊരു വിഷയത്തിലേക്കു കൂടി
ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. വലിയൊരു പക്ഷം മാധ്യമങ്ങൾ അപ്രധാനമായി തഴയുന്നതോ തെറ്റായി
മറ്റു പല ശക്തികൾക്കു മേലും ചുമത്തുന്നതോ ആണ് വെടിനിർത്തൽ കരാറിലേക്കെത്താനുള്ള തന്ത്രപ്രധാനമായ
നീക്കങ്ങൾ ആരുടെ ഭാഗത്തു നിന്നാണെന്നുള്ളത്. ബൈഡന്റെ നേതൃത്വത്തിലുള്ള അമേരിക്കയും
മറ്റു അറബ് രാജ്യങ്ങളും ഇക്കഴിഞ്ഞ പതിനഞ്ചു മാസം ശ്രമിച്ചിട്ടും സാധ്യമാവാത്ത വെടിനിർത്തൽ
കരാർ നിലവിൽ സാധ്യമായിട്ടുണ്ടെങ്കിൽ അതിൽ ചെറുതല്ലാത്ത സ്വാധീനം ചെലുത്താൻ നിലവിലെ
അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനു സാധിച്ചിട്ടുണ്ടെന്നതു നിഷേധിക്കാനാവാത്ത യാഥാർത്ഥ്യമാണ്.
ഇസ്രയേലിലെ പ്രമുഖ വാർത്താമാധ്യമങ്ങളും ഹമാസ് വക്താക്കൾ തന്നെയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
അഥവാ ജൂതനല്ലെങ്കിലും സയണിസ്റ്റാണെന്നു അഭിമാനിക്കുന്ന ബൈഡനും ഇസ്രയേലിലെ സയണിസ്റ്റ്
ഭരണകൂടത്തിനു വംശഹത്യക്കു വേണ്ട സർവ്വ സന്നാഹങ്ങളും ഒരുക്കിനൽകുന്ന അമേരിക്കൻ ഭരണവൃന്ദങ്ങളും
ഇക്കഴിഞ്ഞ കാലം ഗാസയ്ക്കു വേണ്ടി പ്രവർത്തിച്ചതിനേക്കാൾ മികച്ച രീതിയിൽ പ്രവർത്തിക്കാൻ
ട്രംപിന്റെ കുറഞ്ഞ മണിക്കൂറുകൾക്കു സാധിച്ചിട്ടുണ്ടെന്നാണ് അതാണ് നിലവിലെ വെടിനിർത്തലിൽ
പുലർന്നിരിക്കുന്നതെന്നും മനസ്സിലാക്കേണ്ടതുണ്ട്.
അതിനാൽ
തന്നെ നിലവിലെ വെടിനിർത്തലും കടന്ന് ശാശ്വതമായൊരു പാലസ്തീൻ പരിഹാരത്തിലേക്കു ഇസ്രയേലിനെയും
പാലസ്തീനെയും അടുപ്പിക്കാനുള്ള നയതന്ത്രജ്ഞത ഡൊണാൾഡ് ട്രംപിനുണ്ടെന്നു കരുതേണ്ടിയിരിക്കുന്നു.
കാരണം, നിലവിലെ വെടിനിർത്തൽ കൊണ്ടു മാത്രം ഗാസയിലെയോ പാലസ്തീനിലെയോ പ്രശ്നം പരിഹാരിക്കാനാവില്ല.
ശാശ്വതമായ പ്രശ്ന പരിഹാരത്തിനു മധ്യപൂർവ്വേഷ്യയുടെ മുഴുവൻ സഹകരണം ആവശ്യമുണ്ട്. കൂടാതെ
ഇസ്രയേൽ തങ്ങളുടെ അധീശത്തപരമായ രാഷ്ട്രീയലക്ഷ്യങ്ങൾ ഉപേക്ഷിക്കേണ്ടതും അത്യന്താപേക്ഷിതം
തന്നയാണ്.
നിലവിലെ വെടിനിർത്തൽ
താൽക്കാലികമായെങ്കിലും രക്തച്ചൊരിച്ചിൽ ഒഴിവാക്കുമെങ്കിലും സയണിസത്തിന്റെ സാമ്രാജ്യത്വ
വ്യാപന ലക്ഷ്യങ്ങൾക്ക് യാതൊരു വിധത്തിലുമുള്ള പ്രതിബന്ധങ്ങളും സൃഷ്ടിക്കുന്നില്ലെന്നതു
കൂടിയാണ്. മാത്രമല്ല, വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നതോടെ തങ്ങളുടെ അനുഗ്രഹമായി ഇസ്രയേൽ
കണക്കാക്കുന്ന അറബ് രാജ്യങ്ങളുമായി യഥേഷ്ടം വ്യാപാരബന്ധം തുടരാനും വളരാനും അടുത്തൊരു
ഉന്മൂലനത്തിനാവശ്യമായ ആയുധ സാമ്പത്തിക സഹായങ്ങൾ സമാഹരിക്കാൻ ഇസ്രയേലിനു സ്രോതസ്സുകൾ
നൽകുകയും ചെയ്യും. ഈ വെടിനിർത്തൽ സാധ്യമാവുന്നതോടെ ഇസ്രയേൽ ഉടനടി ഏർപ്പെടുക സൌദി അറേബ്യയുമായുള്ള
ബന്ധത്തെ സാധാരണവൽക്കരിക്കുകയാണെന്ന് അറ്റ്ലാന്റിക് കൌൺസിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അഥവാ, നിലവിലെ വെടിനിർത്തലിനു പിന്നിൽ സയണിസത്തിന്റെ അനുഗ്രഹ രാജ്യങ്ങൾക്കും ഇസ്രയേലിനും
സാമ്പത്തികമായി വളരാനുള്ള കമ്പോള അജണ്ട ഒളിഞ്ഞിരിക്കുന്നുണ്ടെന്നു സാരം.
ഇതിനർത്ഥം വെടിനിർത്തൽ കരാർ അപ്രധാനമാണെന്നോ
അംഗീകരിക്കാവതല്ലെന്നോ അല്ല. പകരം, ഇസ്രയേലും സയണിസവും അവരുടെ രാഷ്ട്രീയ ലക്ഷ്യം എന്താണോ
അത് ഉപേക്ഷിച്ചിട്ടില്ല. പകരം, നിലവിലൊരു വെടിനിർത്തൽ ധാരണയ്ക്ക് ഇസ്രയേൽ തയ്യാറായതു
പോലും സിറിയ എന്ന തന്ത്രപ്രധാനമായ പ്രദേശത്തെ സയണിസ്റ്റ് വിരുദ്ധ ചേരിയിൽ നിന്ന് മാറ്റി
തങ്ങൾക്കനുകൂലമായി പ്രതിഷ്ഠിച്ചതിനു ശേഷമാണ്. സയണിസത്തിന്റെ
രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് പലപ്പോഴും കുഴലൂത്തു നടത്തുന്നത് ഇസ്രയേൽ തന്നെ തങ്ങളുടെ
അനുഗ്രഹമായി വിശേഷിപ്പിക്കുന്ന മധ്യപൂർവ്വേഷ്യൻ രാജ്യങ്ങളാണ്. നിലവിലെ ഭൌതികരാഷ്ട്രീയ
സാഹചര്യമനുസരിച്ച് ഇസ്രയേലിനെ പ്രതിരോധിക്കുന്ന ശക്തികളായി നിലനിൽക്കുന്നത് ശിയാ രാജ്യങ്ങൾ
മാത്രമാണ്. ലോകരാഷ്ട്രീയത്തിലെ സുന്നി ശക്തികൾ എന്നറിയപ്പെടുന്ന രാജ്യങ്ങൾ ഇസ്രയേലുമായുള്ള
ബന്ധത്തെ സാധാരണവൽക്കരിക്കുകയോ അല്ലെങ്കിൽ രണ്ടു പക്ഷത്തും ചാഞ്ഞുനിൽക്കുന്ന നിലപാടോ
ആണ് നിലവിൽ സ്വീകരിച്ചിരിക്കുന്നത്. പറഞ്ഞുവരുന്നത്, വെടിനിർത്തൽ ധാരണ ഇരുകൂട്ടരും
നിബന്ധനകൾ പാലിച്ച് പൂർത്തിയാക്കിയാൽ നിശ്ചിതസമയത്തേക്കെങ്കിലും ദുരന്തങ്ങളെ നീട്ടിവെക്കാൻ
സാധിക്കും. അതേസമയം, ഗാസ, പാലസ്തീൻ വിഷയത്തിൽ ശാശ്വതമായ പരിഹാരങ്ങളിലേക്ക് എത്തിച്ചേർന്നാൽ
മാത്രമേ മധ്യപൂർവ്വേഷ്യയെ ഗ്രസിച്ചിരിക്കുന്ന ഈ രാഷ്ട്രീയസമസ്യക്ക് പരിഹാരം കണ്ടെത്താൻ
സാധിക്കൂ.
ഇസ്രയേൽ തങ്ങളുടെ സണിസ്റ്റ് സാമ്രാജ്യത്വ
വിപുലീകരണ ലക്ഷ്യത്തിൽ അയവു വരുത്തണമെന്നു മാത്രമല്ല, പാലസ്തീനോടു പ്രതിബദ്ധതയുള്ള
മധ്യപൂർവ്വേഷ്യൻ രാജ്യങ്ങൾ തങ്ങളുടെ കമ്പോള നേട്ടങ്ങളെയും സയണിസ്റ്റ് ഭീതിയെയും മാറ്റിവെച്ച്
ആത്മാർത്ഥമായി പാലസ്തീന്റെ സുസ്ഥിരതയ്ക്കു വേണ്ടി നിലകൊള്ളേണ്ടതുണ്ട്. കൂടാതെ, ഇസ്രയേലിന്റെ
ആജ്ഞാനുവർത്തിയെന്നോണം പ്രവർത്തിച്ച ബൈഡൻ ഭരണകൂടത്തിൽ
നിന്നു വ്യത്യസ്തമായി ആഗോളതലത്തിലുള്ള സമാധാന ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ട്രംപിനു
സാധിക്കുമെന്നും കരുതേണ്ടിയിരിക്കുന്നു. അങ്ങനെയെങ്കിൽ മാത്രമേ ആഗോള രാഷ്ട്രീയത്തെ
കാലങ്ങളായി പിന്തുടർന്നു കൊണ്ടിരിക്കുന്ന സങ്കീർണമായ ഈ രാഷ്ട്രീയ സമസ്യക്ക് ഉചിതമായൊരു
പരിഹാരം കാണാനാവൂ.
.