അറബിമലയാളം അണയാത്ത പ്രഭ
പലമകളാൽ
നിറഞ്ഞൊരു ആൾക്കൂട്ടത്തെ സമൂഹമാക്കി ഉയർത്തുന്നതിൽ സംസ്ക്കാരത്തിനു വലിയ
പങ്കുണ്ട്. ഒരു പ്രദേശത്തു വസിക്കുന്ന ആൾക്കൂട്ടത്തിന്റെ പലമയെ
മനസ്സിലാക്കുന്നതിലൂടെ മാത്രമേ അവരുടെ സംസ്ക്കാരത്തെ അടയാളപ്പെടുത്താനാവൂ. കാരണം,
ഈ പലമകളെല്ലാം ചേർന്നതാണല്ലോ സംസ്ക്കാരം. ഏതൊരു സംസ്ക്കാരത്തിന്റെയും വ്യതിരിക്തത,
തനിമ നിർണ്ണയിക്കുന്നതിൽ ആ സമൂഹത്തിന്റെ ഭാഷയ്ക്ക് വലിയ പങ്കുണ്ട്. ഭാഷ
സംസ്ക്കാരത്തിന്റെ പ്രധാനഘടകമായിരിക്കെത്തന്നെ സമൂഹത്തെ പരസ്പരം കോർത്തിണക്കി
നിർത്തുന്നതും ഭാഷയാണ്. ഭാഷ എന്ന സാംസ്ക്കാരികഘടകത്തിന് ആശയവിനിമയത്തിനുമപ്പുറം
വിശാലമായ ധർമ്മങ്ങളുണ്ട് എന്നു സാരം. സമൂഹത്തിന്റെ തനിമയെ നിലനിർത്തുന്നതോടൊപ്പം ചരിത്രത്തെയും
സംസ്ക്കാരത്തെയും രേഖപ്പെടുത്തി വെക്കാനും വിദ്യാഭ്യാസമാധ്യമമായി വർത്തിക്കാനും
ഭാഷയ്ക്ക് സാധിക്കുന്നുണ്ട്. ഒരു സംസ്ക്കാരത്തെ സംരക്ഷിക്കാനും മറ്റൊന്നിനെ
പ്രതിരോധിച്ച് നിർത്താനും ഭാഷയ്ക്കു സാധിക്കും എന്ന വസ്തുത ഭാഷ എത്ര
സുപ്രധാനഘടകമാണ് ഒരു ജനതയെ സംബന്ധിച്ച് എന്നത് വ്യക്തമാക്കുന്നു. ഏതൊരു ഭാഷയും
ഇത്തരത്തിലുള്ള സാംസ്ക്കാരികവും സാമൂഹികവുമായ ധർമ്മങ്ങളെ അതിന്റെ ജൈവികധർമ്മമായി
പാലിച്ചുപോരുമ്പോൾ ഒരു ഭാഷ എന്ത് എന്നു
മനസ്സിലാക്കുന്നതിലൂടെ മാത്രം അതു നിലനിൽക്കുന്ന സമൂഹത്തെയും സംസ്ക്കാരത്തെയും
പറ്റി ഒട്ടൊരുപാട് മനസ്സിലാക്കാൻ സാധിക്കുമെന്നത് ഓരോ ഭാഷയുടെയും
സംവഹനശേഷിയെന്തെന്ന് വ്യക്തമാക്കുന്നതാണ്.
കേരളമുസ്.ലീങ്ങളുടെ
ഇടയിൽ നൂറ്റാണ്ടുകളായി പ്രചാരത്തിലുള്ള ഭാഷയാണ് അറബിമലയാളം. ദ്രാവിഡഭാഷയായ മലയാളം
എഴുതുന്നതിനായുള്ള അറബിലിപി എന്ന സമാന്യനിർവ്വചനത്തിനുപ്പുറം അറബിമലയാളത്തെ
മനസ്സിലാക്കേണ്ടതുണ്ട്. മലയാളഭാഷാപദങ്ങളും അറബിപദങ്ങളും മാത്രമായിരുന്നില്ല
അറബിമലയാളത്തിന്റെ പദസഞ്ചയത്തിലുണ്ടായിരുന്നത്. പേർഷ്യൻ, സംസ്കൃതം, തമിഴ്, അറബി
പദങ്ങളും അറബിമലയാളത്തിന്റെ ഭാഗമായിരുന്നു. അറബിമലയാളം എന്ന ഭാഷ മലയാളമണ്ണിൽ
എങ്ങനെ ആവിർഭവിച്ചു, എപ്പോൾ ആവിർഭവിച്ചു എന്നീ ചോദ്യങ്ങൾ നൂറ്റാണ്ടുകളോളം
പഴക്കമുള്ള അറബ്-കേരളാ കച്ചവടബന്ധത്തിലേക്കാണ് വിരൽച്ചൂണ്ടുന്നത്. അറബികളും
കേരളീയരും തമ്മിലുള്ള കച്ചവടം എന്നുമുതല്ക്ക ആരംഭിച്ചു എന്നതിൽ
വ്യത്യസ്താഭിപ്രായങ്ങളാണ് നിലവിലുള്ളത്. എന്നാൽ അറബിമലയാളം കേരളത്തിൽ ആവിർഭവിച്ചത്
ഇസ്ലാമിന്റെ കടന്നുവരവോടെയാണെന്നതിൽ വലിയ അഭിപ്രായവ്യത്യാസങ്ങളില്ല. അതേസമയം,
കേരളത്തിലെ ഇസ്.ലാമിന്റെ ആഗമനത്തെ കുറിച്ച് വ്യത്യസ്താഭിപ്രായങ്ങളാണ്
നിലവിലുള്ളത്. പ്രവാചകൻ മുഹമ്മദ് (സ)യുടെ കാലത്തുതന്നെ ഇസ്.ലാം കേരളത്തിൽ
പ്രചരിച്ചുവെന്നും അതല്ല മാലിക്ബ്നു ദീനാറും സംഘത്തിന്റെയും ആഗമനത്തോടെയാണ്
കേരളത്തിലെ ഇസ്ലാമിന്റെ പ്രചാരമെന്നും രണ്ടു വാദങ്ങളുണ്ട്. എന്നിരിക്കിലും, ഇസ്ലാം മതത്തിന്റെ ആവിർഭാവത്തോടെ തന്നെ
അറബിമലയാളത്തിന്റെ വളർച്ചയും കേരളത്തിൽ ആരംഭിച്ചിരിക്കണം. അറബികൾ ആദ്യകാലത്ത്
കച്ചവടത്തിനായാണ് എത്തിയിരുന്നതെങ്കിലും അറേബ്യയിൽ ഇസ്ലാമിന്റെ ആവിർഭാവത്തോടെ
മതപ്രചാരണാർത്ഥവും അറബികൾ കേരളത്തിലേക്ക് വന്നു. ഈ സാഹചര്യത്തിൽ
കച്ചവടാവശ്യങ്ങൾക്കും മതപ്രചാരണത്തിനുമായി അറബികൾ തന്നെ രൂപപ്പെടുത്തിയതാണ്
അറബിമലയാളം എന്നും അതല്ല, അറബികളും മലയാളികളും തമ്മിലുള്ള സമ്പർക്കത്താൽ അറബിയിൽ
പ്രാവീണ്യം സിദ്ധിച്ച മലയാളികൾ തന്നെ രൂപപ്പെടുത്തിയതാണെന്നുമുള്ള വാദവും
നിലനിൽക്കുന്നുണ്ട്. അറബിമലയാളം രൂപപ്പെടുത്തിയെടുത്തതിന്റെ
പ്രധാനലക്ഷ്യങ്ങളിലൊന്ന് മതപ്രചാരണം തന്നെയായിരിക്കാം. കാരണം, അറബിമലയാളത്തിൽ
കണ്ടുകിട്ടിയ ഭൂരിഭാഗം കൃതികളും മതകീയവിഷയങ്ങളിലുള്ളതാണ്. എന്നാൽ അറബിമലയാള കൃതികൾ
ഇവയിൽ മാത്രം ഒതുങ്ങിനിന്നില്ല. ചരിത്രം, ജ്യോതിഷം, വൈദ്യം, നോവൽ, സഞ്ചാരസാഹിത്യം
എന്നീ മേഖലകളിലും അറബിമലയാള കൃതികളുണ്ടായിട്ടുണ്ട്. പ്രശസ്ത ചരിത്രകാരൻ ശൂരനാട്
കുഞ്ഞൻപിള്ള രേഖപ്പെടുത്തുന്നത് എല്ലാ ശാസ്ത്രങ്ങളിലും മികവ് പുലർത്തുന്ന
പുസ്തകങ്ങളും നിഘണ്ടുക്കളും അറബിമലയാളത്തിൽ എഴുതപ്പെട്ടിട്ടുണ്ട് എന്നാണ്. എന്തിന്
ആദ്യകാല മലയാളം എഴുതുന്നതിനായി ഉപയോഗിച്ചിരുന്ന വട്ടെഴുത്തും കോലെഴുത്തും
മുസ്ലീങ്ങളെ പഠിപ്പിക്കുന്നതിനായി അറബിമലയാളത്തിൽ ഗ്രന്ഥങ്ങളുണ്ടായിട്ടുണ്ട്
എന്നതിനർത്ഥം കേരത്തിലെ മുസ്ലീങ്ങൾക്കിടയിൽ അറബിമലയാളത്തിന് വലിയ
പ്രചാരമുണ്ടായിട്ടുണ്ട് എന്നു തന്നെയാണ്.
അറബിമലയാളവും
അതിലെ കൃതികളും കേരളമെന്ന സ്ഥലത്തെയും അവിടെ ഈ ഭാഷ ഉപയോഗിക്കുന്ന ജനസമൂഹത്തിന്റെ
ജീവിതത്തെയും കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ഏതെങ്കിലും ഒരുതരത്തിലുള്ള
കൃതികളല്ലഅറബിമലയാള സാഹിത്യപാരമ്പര്യത്തിൽ കാണാൻ സാധിക്കുക. പദ്യവും ഗദ്യവും
തർജ്ജമകളുമെല്ലാം ഇതിലുൾപ്പെടുന്നു. അറബിമലയാളത്തിലെ കണ്ടുകിട്ടിയതിൽ ഏറ്റവും
പഴക്കമുള്ള കൃതി ഖാളി മുഹമ്മദിന്റെ മുഹ്.യദ്ദീൻ മാലയാണ്. തത്ത്വജ്ഞാന മേഖലയിൽ
നിന്നടക്കമുള്ള പല വിശ്വവിഖ്യാത കൃതികളും ആദ്യകാലത്ത് അറബിയിലേക്ക് വിവർത്തനം
ചെയ്യപ്പെട്ടിരുന്നുവല്ലോ. അതിനു സമാനമായി പല അറബികൃതികളുടെയും തർജ്ജമ
മലയാളത്തിലേക്ക് അഥവാ അറബിമലയാളത്തിലേക്ക് നിർവ്വഹിക്കുകയുണ്ടായി. ഇവ പദാനുപദ
വിവർത്തനത്തിനപ്പുറം സ്വതന്ത്രമായ എഴുത്തുകളുടെ സ്വഭാവത്തിലുള്ളതായിരുന്നതിനാൽ അറബിമലയാളത്തിലുണ്ടായ
ആദ്യകാല ഗദ്യങ്ങളെല്ലാം ഭൂരിഭാഗവും വിവർത്തനങ്ങളായിരുന്നു. അറബിമലയാളത്തിലെ
ഗദ്യത്തിന്റെ ആവിർഭാവവും അച്ചടിയുടെ വികാസവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നവെന്നും
പറയാം. കാരണം, കേരളാമുസ്.ലീങ്ങൾക്കിടയിലേക്ക് അച്ചടികടന്നു വരുന്നതിനു മുമ്പ്
ഒട്ടുമിക്ക കൃതികളും രചിക്കപ്പെട്ടതും പ്രചരിക്കപ്പെട്ടതും പദ്യരൂപത്തിലായിരുന്നു.
എന്നാൽ 1868ൽ തീപ്പൂത്തിൽ കുഞ്ഞഹമ്മദ് അച്ചടിവിദ്യ അഭ്യസിച്ച് പ്രസ്സ്
സ്ഥാപിച്ചതോടെ കുറഞ്ഞ കാലയളവിനുള്ളിൽ തലശ്ശേരി, പൊന്നാനി, കൊണ്ടോട്ടി, മലപ്പുറം,
കോടൂർ, കായംകുളം എന്നിവിടങ്ങളിലായി പതിനഞ്ചോളം പ്രസ്സുകൾ സ്ഥാപിക്കപ്പെട്ടു. ഇതോടെ
അനവധി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. അറബിമലയാളം അറിയുന്നവർക്കെല്ലാം
വായിക്കാം എന്ന സാഹചര്യം ഇതോടെയുണ്ടായി. അങ്ങനെ പുസ്തകങ്ങൾ ഗദ്യരൂപത്തിലും
പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. ശുജായി മൊയ്തുമുസ്ല്യാരുടെ ചരിത്രഗ്രന്ഥം ഫത്ഹുൽ
ഫത്താഹ് ഇതിൽ പ്രധാനപ്പെട്ടതാണ്. സലാഹുൽ ഇഖ്വാൻ എന്ന പത്രവും ഹിദായത്തുൽ ഇഖ്വാൻ
എന്ന മാസികയും പ്രസിദ്ധീകരിക്കപ്പെട്ടു.
മലയാളത്തിൽ
ആദ്യനോവലായ കുന്ദലതയും ലക്ഷണമൊത്ത നോവലായ ഇന്ദുലേഖയും ഉണ്ടാവുന്നതിനു മുമ്പു തന്നെ
ഛാർ ദർവേശ് എന്ന പേർഷ്യൻ നോവൽ വിവർത്തനം ചെയ്ത് അറബിമലയാളത്തിൽ
പ്രസിദ്ധീകരിച്ചിരുന്നു. ഇതുകൂടാതെ, അലാവുദ്ദീൻ, ഖമർസമാൻ, ശംസുസ്സമാൻ, ഉമറയ്യാർ,
അമീർഹംസ, ഗുൽസനോബർ, സുബൈദ, സൈനബ, ഖിളർ നബിയെക്കണ്ട നബീസ തുടങ്ങിയ നോവലുകളും
അറബിമലയാളത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഇതുകൂടാതെ, ഭാഷാനിഘണ്ടുക്കൾ, ഖുർആൻ
പരിഭാഷകൾ, ഇസ്ലാമിക നിയമഗ്രന്ഥങ്ങളുടെ അറബിമലയാളം പരിഭാഷ, വൈദ്യശാസ്ത്രഗ്രന്ഥങ്ങൾ
എന്നിവയും അറബിമലയാളത്തിൽ തർജ്ജമ ചെയ്യപ്പെടുകയും എഴുതപ്പെടുകയും ചെയ്തു. ഇതെല്ലാം
അറബിമലയാളത്തിന്റെ വിപുലമായ ഗദ്യസാഹിത്യസമ്പത്തിന്റെ ഉദാഹരണങ്ങളാണ്.
അറബിമലയാളത്തിന്റെ
സ്വഭാവത്തിനു സമാനമായ ഭാഷകൾ അറബികൾ എത്തിച്ചേർന്നയിടങ്ങളിലെല്ലാം ഉണ്ടായിട്ടുണ്ട്.
ഏറ്റവും മികച്ച ഉദാഹരണം അറബിത്തമിഴ് തന്നെ. പ്രാദേശികഭാഷയായ മലയാളത്തിന്റെ
ലിപിയേക്കാൾ തങ്ങൾക്ക് പരിചിതമായത് അറബിയുടെ ലിപിയാണ് എന്നതും മലയാളലിപിക്ക്
അക്കാലത്ത് ഐക്യരൂപമില്ലാതെ പോയതും ഈ ഭാഷാഭേദം ഉടലെടുത്ത് നിലനിൽക്കാൻ കാരണമായി.
കൊളോണിയൽ കാലഘട്ടത്തിൽ വൈദേശിക ഭാഷയോടുള്ള പ്രതിരോധം എന്ന നിലയിൽ അറബിമലയാളം
അടയാളപ്പെടുത്തപ്പെട്ടു. സാംസ്ക്കാരികമായ പടിഞ്ഞാറൻ അധിനിവേശത്തെ ചെറുക്കാൻ
പ്രാദേശികമതകീയ സംസ്ക്കാരത്തെ സ്വരൂപിച്ച് പ്രസാരണം ചെയ്യാൻ ഈ ഭാഷയ്ക്കായി. മറ്റു പല ഭാഷകൾ പ്രധാനവ്യവഹാര മാധ്യമമായി
വരുമ്പോൾ സംഭവിക്കുന്ന മൃതാവസ്ഥ അറബിമലയാളത്തിനുണ്ടായിട്ടില്ല എന്നത് ഏറെ ശുഭകരമായ
വസ്തുതയാണ്. ഒരു കാലഘട്ടത്തിലെ വൈജ്ഞാനികതയുടെ ആശയപ്രചാരണത്തിന്റെയും മറ്റു
കച്ചവടവ്യവഹാരങ്ങളുടെയും ആവശ്യമായിരുന്നു അറബിമലയാളമെങ്കിൽ ഇന്നത് കേരളത്തിലെ
മുസ്.ലീങ്ങളുടെ വിദ്യാഭ്യാസമാധ്യമമാണെന്നു പറയാം. ഇവ്വിഷയത്തിൽ
കേരളത്തിലെ പാരമ്പര്യ മതപഠന സ്ഥാപനങ്ങളായ മദ്രസാ സംവിധാനത്തിനുള്ള പങ്ക്
തള്ളിക്കളയാനാവില്ല. 643 സി.ഇയിൽ സ്ഥാപിതമായ ചേരമാൻ പെരുമാൾ പള്ളിയിലെ വിളക്കു തിരിയിൽ
നിന്ന് വെളിച്ചം പകർന്നെടുത്ത് പൊന്നാനിയിലെ മഖ്ദൂം പാരമ്പര്യത്തിലൂടെ
കത്തിജ്വലിച്ചു നിന്ന ദർസീപാരമ്പര്യത്തിലാണ് മദ്രസാ സംവിധാനത്തിന്റെ വേരുകൾ.
ജീവിതത്തിൽ പുലർത്തേണ്ട വിശ്വാസകർമ്മപരവും ആചാരപരവുമായ കാര്യങ്ങൾ ചരിത്രം,
സാഹിത്യം, അറബിഭാഷ എല്ലാം പഠിപ്പിച്ചുവാർത്തെടുക്കുന്നത് മലയാളഭാഷയിലൂടെയാണ്. അറബിമലയാളത്തിന്റെ വളർച്ചയ്ക്കും ഇന്നത്തെ
നിലനിൽപ്പിനും പിന്നിൽ കേരളത്തിലെ സുന്നികൾ നിലനിർത്തിപ്പോരുന്ന മദ്രസാ
സംവിധാനത്തിന്റെ ഭാഗമായ അറബിമലയാള ഭാഷാ അധ്യയനവും പാഠപുസ്തകങ്ങളും വലിയ
പങ്കുവഹിക്കുന്നുണ്ട്. അറബിമലയാളത്തിൽ ശിക്ഷണം നേടുന്ന കുട്ടികൾക്ക് അറബിയിലും
മലയാളത്തിലും ഒരുപോലെ പ്രാവീണ്യം സിദ്ധിക്കുന്നുവെന്നു മാത്രമല്ല,
അറബിമലയാളത്തിലുണ്ടായ വിവധ കൃതികളെ വീണ്ടെടുത്ത് ഗവേഷമണാത്മകമായി പഠിക്കാനും
ഉപയോഗപ്പെടുത്തുന്നത് അറബിമലയാളം എന്ന ഭാഷയെ
കൂടുതൽ സജീവമാക്കുന്നതിന് ഉപയുക്തമാണ്.
പതിനായിരക്കണക്കിനു
മദ്രസകളുള്ള സമസ്ത കേരളാസുന്നി വിദ്യാഭ്യാസബോർഡിനും മറ്റു കീഴ്ഘടകങ്ങളിലുമായി
കേരളത്തിലും മറ്റനവധി സംസ്ഥാനങ്ങളിലും, ലക്ഷദ്വീപ്, മധ്യപൂർവ്വേഷ്യ അടക്കമുള്ള
മറ്റു ഭൂമികയിലും മദ്രസാ വിദ്യാഭ്യാസത്തിന്റെ പഠനഭാഷയായി മലയാളം
നിലനിർത്തപ്പെടുന്നു. കേരളത്തിനു പുറത്തു ജനിച്ചുവളരുന്ന ഒറു തലമുറയിലേക്ക മാതൃഭാഷ
പടർത്തുക എന്ന ദൌത്യം ഇവിടെ നിവർത്തിക്കപ്പെടുന്നു.
സാംസ്ക്കാരികമായ യൂറോപ്യൻ അധിനിവേശത്തെ അതിജീവിക്കാനുള്ള കെൽപ്പ് നമ്മുടെ എല്ലാ പ്രാദേശികഭാഷകൾക്കുമുണ്ട്. എന്നാൽ പടിഞ്ഞാറൻ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ കടന്നുകയറ്റം ഇനിയൊരു ചെറുത്തുനിൽപ്പിന്റെ സാധ്യതയില്ലാത്തവിധം പിടിമുറുക്കിയിരിക്കുന്നു. എങ്കിലും തങ്ങളുടെ പ്രാദേശിക ഭാഷയായ മലയാളത്തെ മതവിദ്യാഭ്യാസത്തിനുതകും വിധം നിലനിർത്തിപ്പോന്നവർ ഒരുതരി വെട്ടം അണയാതെ നിലനിർത്തുന്നുണ്ട്. ഈ മതകീയ വിദ്യാഭ്യാസത്തിലൂടെ കടന്നുപോവുന്ന ഓരോ വ്യക്തിയെയും മൂല്യബോധമുള്ള ചെറുപ്പാക്കാരായി വളർത്തിയെടുക്കാൻ ആവശ്യമായ അറിവുപകരാൻ ഈ സമ്പ്രദായത്തിനു കഴിയുന്നുമുണ്ട്. അത് രാഷ്ട്രത്തിനു തന്നെയും മുതൽക്കൂട്ടാവും എന്ന് രാഷ്ട്രപിതാവിന്റെ വാക്കുകൾ ചേർത്തുവെച്ചു വായിച്ചാൽ വ്യക്തമാകുന്നതാണ്.
.