സംവരണം ചെയ്യപ്പെടുന്ന ഭാഷാപ്രയോഗങ്ങൾ

    ആശയങ്ങളുടെ സംവേദനം ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് സാധ്യമാകുന്നത് ഭാഷയിലൂടെയാണ്. ആ  ഭാഷ ആംഗലേയമോ മലയാളമോ തമിഴോ ആകട്ടെ, എല്ലാ ഭാഷകളിലും അന്തർലീനമായി കാണുന്ന ചില സവിശേഷതകളുണ്ട്. മറ്റുപല ഘടകങ്ങളുടെയും കൃത്യമായ ഉപയോഗത്തിലൂടെ ഭാഷയെ തനിക്കുതകും വിധം വിപുലീകരിക്കാൻ സാധ്യമാണ്. അതുവഴി ഭാഷ സാധ്യമായൊരു അധികാര ഘടന സൃഷ്ടിക്കുന്നുണ്ട്. ഒരാൾ റോഡിലിറങ്ങി ഓട്ടോക്കാരനെ അഭിസംബോധന ചെയ്യുന്നത് ഏയ്.. ഓട്ടോ എന്നാണ് മറിച്ച് അയാൾ തന്റെ സ്ഥാപനത്തിലെ മേലധികാരിയെ വിശേഷിപ്പിക്കുന്നതാവട്ടെ, അങ്ങ്, താങ്കൾ, സാർ തുടങ്ങിയ പ്രത്യയങ്ങൾ ചേർത്തുകൊണ്ടാണ്. ഈ ക്രമത്തിൽ താൻ ഉപയോഗിച്ച കേവല ശബ്ദത്തിലൂടെ   സ്വീകർത്താവും താനുമായുള്ള
ശ്രേണീകൃതഘടന അയാൾ നിശ്ചയിച്ചുകഴിഞ്ഞു.

    ഇത്തരത്തിൽ ലോകക്രമത്തിൽ ഭാഷക്ക് കൃത്യമായ വാർപ്പുമാതൃകകൾ ഉണ്ട്. പ്രത്യേകിച്ച് മാധ്യമ ഭാഷയ്ക്ക്. അവയിലേറെയും കൊളോണിയൽ ആധിപത്യാനന്തരം നിലവിൽ വന്ന ലോകക്രമത്താൽ ചിട്ടപ്പെടുത്തിയതും ആണ്. ഈ ചിട്ടപ്പെടുത്തൽ ആധുനികതയിൽ പുതിയ ആയുധമായി മാറുന്നുണ്ട്. ലോകത്തെ ഒന്നാം തരക്കാരന്റെ ഭാഷയായ ആംഗലേയം ലോക രാഷ്ട്രീയത്തിന്റെ ഭാഷ കൂടിയാണിന്ന്.  ആ രാഷ്ട്രീയക്രമത്തിൻറെ അധികാരഘടന ഭാഷയിലൂടെയും ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഭീകരർ, തീവ്രവാദികൾ എന്ന് വിശേഷിക്കപ്പെടേണ്ടവരായി ഒരു വിഭാഗത്തെ ലോകത്ത് നിശ്ചയിച്ച് ഉറപ്പിച്ചിട്ടുണ്ട്. സെപ്റ്റംബർ പതിനൊന്നോടെയാണ് ലോകത്തിൽ ഇത് സ്ഥാപിതമായിരിക്കുന്നത്.  മധ്യേഷ്യയിലും പശ്ചിമേഷ്യയിലും പതിറ്റാണ്ടുകൾ നീണ്ട, ലക്ഷക്കണക്കിന് മനുഷ്യരെ കുരുതി കൊടുക്കാൻ ഇടയായ യുദ്ധ പരമ്പരകൾക്ക് പിന്നീട് വേണ്ടി വന്നത് ഭീകരർ, തീവ്രവാദികൾ എന്ന ആരോപണശരങ്ങൾ മാത്രമാണ്. സി. ഐ. എ തന്നെ പരിശീലനം നൽകിയവരായിരുന്നു സെപ്റ്റംബർ 11ലെ അക്രമങ്ങൾക്ക് പിന്നിൽ എന്ന പിന്നീട് പുറത്തുവന്ന സത്യം ഭാഷയിലെ ഈ അധികാരഘടനയ്ക്ക് ഒട്ടും മങ്ങലേൽപ്പിച്ചില്ല.

    അങ്ങനെ ലോകത്തെ ഒരു വിഭാഗം വിശ്വാസികൾക്ക് മേൽ ലോക അധികാരഘടന യഥേഷ്ടം ഈ വാക്കുകൾ ചാപ്പകുത്തി പോന്നു. എന്നാൽ ഈ വാക്കുകൾ ഒന്നാം ലോകരാജ്യത്തിലെ ഏതെങ്കിലുമൊരു വെളുത്തവർഗ്ഗക്കാരന്റെ മേൽ പിന്നീടാരോപിതമായില്ല. മൂന്നാം ലോക രാജ്യത്തിലെ, ഇന്ത്യയിലെ മുഖ്യധാരാമാധ്യമങ്ങൾ എന്നും ഇത് ഏറ്റുപിടിച്ചിട്ടേയുള്ളൂ. ഏറെ കൊളോണിയൽ വിരുദ്ധതയും പാശ്ചാത്യ വിരുദ്ധതയും കവലപ്രസംഗങ്ങളിൽ കേട്ടു വളർന്ന കേരളത്തിലെ മാധ്യമങ്ങൾക്കു പോലും ഈ അധികാരഘടനയെ മറികടക്കാനായില്ല. കേരളത്തിലെ കളമശ്ശേരിയിലുണ്ടായ ദൌർഭാഗ്യകരമായ സംഭവത്തിൽ യഥാർത്ഥ കുറ്റവാളിയുടെ നാമം പുറത്തുവരുന്നതുവരെ തീവ്രവാദ പ്രവർത്തനം, ഭീകരവാദ പ്രവർത്തനം എന്ന വിശേഷണം സ്കൂോളുകളിലും മാധ്യമ അവതാരകരുടെ നാവിലും നിറഞ്ഞുനിന്നു. എന്നാൽ ഈ വിശേഷണങ്ങൾ ഉച്ചയോടെ വഴിമാറി. അക്രമിയെന്നോ സാമൂഹികവിരുദ്ധൻ എന്നൊക്കെയോ ആയിമാറി.

    ഭീകരൻ എന്നതിന് ഭയം ഉണ്ടാക്കുന്നവൻ എന്ന അർത്ഥവും തീവ്രവാദി എന്നതിന് കഠിനമായി വാദിക്കുന്നവൻ എന്ന അർത്ഥമേ ഉള്ളൂ എന്ന് അറിയാത്തതിനാലല്ല, മറിച്ച് ലോകക്രമത്തിൽ
ഈ വാക്കുകൾ ഉപയോഗിക്കപ്പെടേണ്ട സന്ദർഭമല്ല ഇപ്പോൾ ഇവിടെ ഉണ്ടായത് എന്ന തിരിച്ചറിഞ്ഞു തന്നെയാണ് മാധ്യമങ്ങളുടെ ഈ മാറ്റം. അങ്ങനെ കൊച്ചുകേരളത്തിലെ മാധ്യമങ്ങളും ലോക വേട്ടക്കാരുടെ ഭാഷ എന്ന ആയുധത്തെ കൃത്യമായി ഉപയോഗപ്പെടുത്തുന്നു. അധികാര ശ്രേണിയിൽ സൂചിതങ്ങളായ പല വാക്കുകളെയും മാറ്റിമറിച്ചത് പോലെ, പുരുഷ കേന്ദ്രീകൃത ഭാഷയെ ശ്രദ്ധാപൂർവ്വം മാറ്റിയത് പോലെ, എന്നാണ് ഭാഷയിലെ പ്രത്യേകവിഭാഗങ്ങളെ ലക്ഷ്യംവച്ചുകൊണ്ടുള്ള ഘടനയെ പുനർനിർമ്മിക്കാൻ ആവുക. അല്ലെങ്കിൽ അതിനുള്ള ഒരു ശ്രമവും അവരിൽ നിന്ന് ഉണ്ടാകാത്തതെന്തേ? ലോകഅധികാര ഘടനയ്ക്കു കീഴിൽ അടിമപ്പെട്ടു അവർ മുന്നോട്ടുവയ്ക്കുന്ന മാറ്റങ്ങൾക്ക് മാത്രമേ തങ്ങൾ വഴങ്ങൂ എന്ന ദുശ്ശാഠ്യം ഇതിലുണ്ട്. കളമശ്ശേരിയിൽ നടന്നത് തീവ്രതയുള്ള പ്രവർത്തനമാണ്,  ഭീകരമായ അന്തരീക്ഷം സൃഷ്ടിച്ച പ്രവർത്തനവുമാണ്. ഈയൊരു തിരിച്ചറിവ് ഉള്ള ആർക്കും ഈ വിശേഷണങ്ങൾ ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്ന ഏതൊരു വ്യക്തിക്കും സംഘടനക്കും മേലും  ഒരുപോലെ പ്രയോഗിക്കാൻ കഴിയേണ്ടതുണ്ട്. അല്ലെങ്കിൽ, മുൻധാരണകളെയും സങ്കൽപ്പങ്ങളെയും ആശ്രയിച്ചു ഉയർന്നുവരുന്ന ഇത്തരം പദപ്രയോഗങ്ങൾ ഒരു സമൂഹവിഭാഗത്തിനു മാത്രമായി സംവരണം ചെയ്യപ്പെടും. അതാവട്ടെ, സ്പഷ്ടമായ വർഗ്ഗവിവേചനത്തിന്റെ പ്രതിഫലനമാവുകയും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന വിവേചനത്തിനെതിരെയുള്ള മൌലികാവകാശത്തെ വെല്ലുവിളിക്കുന്ന സാഹചര്യവും സംജാതമാക്കും.

 

ഡോ. മുനവ്വർ ഹാനിഹ്