ലിബറൽ രാഷ്ട്രീയത്തിന്റെ സമദർശനങ്ങൾ

ജർമ്മനിയിലെ ജൂതസമുദായത്തിന്റെ സമസ്യകളെ കുറിച്ച് കുട്ടികൾ ബോധവാന്മാരാകുന്നതിനു മുമ്പു തന്നെ ജൂതവിരുദ്ധാശയങ്ങൾ വിദ്യാഭ്യാസത്തിലൂടെ കുട്ടികളിൽ കുത്തിവെക്കാനായിരുന്നു നാസികൾ ശ്രമിച്ചിരുന്നത്. അതിലന്നവർ വിജയിക്കുകയും ചെയ്തു. പറഞ്ഞുവരുന്നത്, നാഷണൽ സർവ്വീസ് സ്കീമിന്റെ സപ്തദിന ക്യാമ്പിലെ സമദർശൻ എന്ന പേരിലുള്ള മൊഡ്യൂളിനെ കുറിച്ചാണ്. ഏഴു ദിവസങ്ങളിലായി നീണ്ടു നിൽക്കുന്ന സഹവാസക്യാമ്പിൽ വ്യക്തിവികാസത്തിനുതകുന്ന നിരവധി പരിശീനങ്ങളും പ്രവർത്തനങ്ങളുമുണ്ട്. ബൌദ്ധികവും കായികവുമായ സർഗ്ഗശേഷിയെ വ്യക്തിയുടെയും ദേശത്തിന്റെയും ഉന്നമനത്തിനായി പരിപോഷിപ്പിക്കുക, അതിനുള്ള പദ്ധതിയും പരിശീലനവുമെന്ന നിലയിക്കാണ് പൊതുഫണ്ടുപയോഗിച്ച് ഇത്തരം ക്യാമ്പുകൾ നടത്തുന്നത്. ഈ ക്യാമ്പിലെ അനേകം പ്രവർത്തനങ്ങളിൽ, വിവിധ ക്ലാസ്സുകളിൽ ഒരു പക്ഷേ ഒന്നോ രണ്ടോ മണിക്കൂർ മാത്രം കുട്ടികളേർപ്പെടുന്ന പരിശീലനമോ പ്രവർത്തനമോ ആയിരിക്കും സമദർശൻ എന്ന മൊഡ്യൂളിന്റെ ഭാഗമായി വരുന്നത്. എന്നാൽ, ആ ഒരു മണിക്കൂർ അല്ലെങ്കിൽ രണ്ടു മണിക്കൂർ ഒരു വിദ്യാർത്ഥിയുടെ സാമൂഹ്യബോധത്തെയും വ്യക്തിബോധത്തെയും എങ്ങനെ നിർണ്ണയിക്കും എന്നുള്ളതും പ്രധാനമാണ്.  ഒരു വിഷയത്തെ കുറിച്ച് വ്യക്തമായ ബോധ്യമില്ലാത്ത ഘട്ടത്തിൽ  കുട്ടികളിലേക്കെത്തുന്ന ആശയപ്രചാരണങ്ങൾ പലപ്പോഴും തെറ്റേത് ശരിയേതെന്ന ആശയക്കുഴപ്പം കുട്ടികളിൽ സൃഷ്ടിക്കും. വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം വ്യക്തിവികാസവും അതുവഴി രാഷ്ട്രവികസനവും ആണെന്നിരിക്കേ സ്വത്വപ്രതിസന്ധികളുടെ അതും ലൈംഗിക/ലിംഗപരമായ സ്വത്വപ്രതിസന്ധികളിലേക്ക് അവരെ തള്ളിവിടേണ്ടതുണ്ടോ എന്നതിനെ കുറിച്ച് ആഴത്തിൽ ചിന്തിക്കേണ്ടതുണ്ട്. ഈ ചിന്ത ആരംഭിക്കേണ്ടത് രക്ഷിതാക്കൾക്കിടയിൽ നിന്നും മതസാംസ്ക്കാരിക മൂല്യങ്ങളെ സംരക്ഷിക്കുന്നതിനായി രൂപംകൊണ്ട് നിലനിൽക്കുന്ന സംഘടനകളിൽ നിന്നുമാണ്.

ഇത്തരം ചിന്തകൾ ശാസ്ത്രസത്യമെന്ന വ്യാജേന കുട്ടികളിലേക്കെത്തിക്കുന്നത് നാസികൾ നടത്തിയ ജൂതവിരുദ്ധാശയ പ്രചാരണങ്ങൾക്കു തുല്ല്യമാണെന്നേ പറയാൻ സാധിക്കൂ. മാധ്യമങ്ങളിലൂടെയും സാഹിത്യത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും ജൂതവിരുദ്ധാശയങ്ങൾ പ്രചരിപ്പിക്കുന്നതിലൂടെ നാസികളുടെ മലീമസലക്ഷ്യം ആര്യരാഷ്ട്രം ആയിരുന്നെന്നിരിക്കേ, കേരളത്തിലെ വിദ്യാഭ്യാസമണ്ഡലങ്ങളിൽ ഉദാരലൈംഗിക അജണ്ടകൾ പഠിപ്പിക്കാനും പ്രചരിപ്പിക്കാനും മുൻകയ്യെടുക്കുന്ന കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്താണെന്നു പരിശോധിക്കേണ്ടതുണ്ട്. ആഗോളരാഷ്ട്രീയത്തിലെ വലത്/ഇടത്- കൺസർവേറ്റീവ്/ലിബറൽ ദ്വന്ദ്വങ്ങളിൽ പലപ്പോഴും ഏറെ കോളിളക്കം സൃഷ്ടിക്കുന്ന ചർച്ചകളുയരുന്നത് ലൈംഗികസ്വത്വത്തെ അടിസ്ഥാനമാക്കിയാണ്. അമേരിക്കയുടെ മുൻ പ്രസിഡണ്ടായിരുന്ന ഡൊണാൾഡ് ട്രംപ്, ലൈംഗികാസ്തിത്വത്തിന്റെ ലിബറൽ രാഷ്ട്രീയത്തെ കുറിച്ചും അതിനു പിന്നിലെ കമ്പോള അജണ്ടയെക്കുറിച്ചും തന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും മറ്റു പല വേദികളിലും സംസാരിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിലൂടെയും മറ്റും ഇത്തരം ലിബറൽ ലൈംഗികാശയങ്ങൾ എങ്ങനെയാണ് കുട്ടികളിലേക്കും അതവരുടെ മാനസികശാരീരികാരോഗ്യത്തെയും കുടുംബവ്യവസ്ഥയെയും എങ്ങനെയെല്ലാം ബാധിക്കുന്നു എന്നതിനെ കുറിച്ചം ട്രംപിന്റേതായ രാഷ്ട്രീയശൈലിയിൽ അദ്ദേഹം പറഞ്ഞിട്ടുമുണ്ട്. എന്നാൽ ട്രംപിനുള്ള നെഗറ്റീവ് ഇമേജിന്റെ ഭാഗമായേ അദ്ദേഹത്തിന്റെ ഇത്തരം വീക്ഷണങ്ങൾ മനസ്സിലാക്കപ്പെട്ടിട്ടുള്ളൂ. ലിബറലിസത്തിന്റെ പരിസരത്തിൽ നിന്നുള്ള ലൈംഗികപരിപ്രേക്ഷ്യങ്ങളെ നേരിടുന്ന ആദ്യത്തെ രാഷ്ട്രീയക്കാരനോ ലോകനേതാവോ അല്ല ട്രംപ്. റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിനടക്കമുള്ള ലോകനേതാക്കൾ ഇത്തരം ലിബറൽ ലൈംഗിക പ്രവണതകളെ സ്വാഭാവികവത്ക്കരിക്കുന്ന മുന്നേറ്റങ്ങൾക്കെതിരെ കൃത്യമായ പ്രതിരോധം തീർത്തിട്ടുണ്ട്. ലോകത്തെ വികസിതരാജ്യങ്ങളും ലിബറൽ സംസ്ക്കാരത്തിന്റെ വേരോട്ടം കൃത്യമായുള്ളിടങ്ങളിൽ നിന്നു പോലും ലൈംഗികരാഷ്ട്രീയത്തിന്റെ തുറന്ന ഇടപെടലുകൾ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

ലൈംഗിക രാഷ്ട്രീയത്തിന്റെ ഭാഗമായി ചെറിയക്ലാസ്സുകളിൽ തന്നെ ലൈംഗികവിദ്യാഭ്യാസം വേണമെന്നും വേണ്ടെന്നുമുള്ള ചർച്ചകൾ കൃത്യമായി വലതുപക്ഷ രാഷ്ട്രീയത്തെയും ഇടതുപക്ഷ രാഷ്ട്രീയത്തെയും വിഭജിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള രാജ്യങ്ങളിലെ മതസാംസ്ക്കാരിക സംഘടനകൾ ഉദാരലൈംഗിക രാഷ്ട്രീയത്തിന്റെ ആശയപ്രചാരണങ്ങൾക്ക് വിദ്യാഭ്യാസത്തിൽ ഇടം നൽകുന്നതിനെ ശക്തമായി എതിർത്തിട്ടുണ്ട്. ലൈംഗികഅരാജകത്വം സൃഷ്ടിക്കുമെന്നതു മാത്രമല്ല ഇത്തരം എതിർപ്പുകൾക്കു കാരണം. പകരം, ഇത്തരം ആശയങ്ങൾ ലോകരാഷ്ട്രീയക്രമത്തിലെ തന്നെ ലിബറൽ ചേരിയുടെ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാണ് എന്നതിനാലാണ്. സാമൂഹികസാംസ്ക്കാരിക മൂല്യങ്ങളെ, ധർമ്മങ്ങളെ പൂർണ്ണമായും ഇല്ലായ്മ ചെയ്ത് കമ്പോളനേട്ടങ്ങൾ വെട്ടിപ്പിടിക്കുന്നതിനു ലിബറൽ ചേരി അതിസമർത്ഥമായി അസ്തിത്വത്തിന്റെ വ്യഥകളെ ചേർത്തുപിടിച്ച് ഇത്രമേൽ സങ്കീർണ്ണമാക്കി തീർത്തൊരു വിഷയമാണ് ലൈംഗികസ്വത്വത്തെ സംബന്ധിച്ചുള്ളത്. ലൈംഗികരാഷ്ട്രീയത്തെ ഉദാരവത്കരിച്ച് വിദ്യാഭ്യാസം പോലെ മൂല്യാധിഷ്ഠിത സമ്പ്രദായത്തിന്റെ ഭാഗമാക്കുന്നതോടെ ലിബറൽ രാഷ്ട്രീയത്തിന്റെ വലിയൊരു അജണ്ടയും മൂല്യത്തിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു എന്ന മിഥ്യാധാരണ വളർന്നു വരുന്ന തലമുറയെ ഗ്രസിക്കും. അതുവഴി സമൂഹത്തിന്റെ കെട്ടുറപ്പിനായി പാരമ്പര്യമായി കൈമാറിപ്പോന്നിട്ടുള്ള മതസാംസ്ക്കാരിക മൂല്യങ്ങൾ ചോദ്യം ചെയ്യപ്പെടുകയും തദ് സ്ഥാനത്ത് ലിബറൽ രാഷ്ട്രീയത്തിന്റെ സാംസ്ക്കാരികാധിനിവേശപരമായ അജണ്ടകളും ആശയങ്ങളും സ്ഥാനം പിടിക്കുകയും ചെയ്യും. അതുവഴി വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലുമുണ്ടാകുന്ന അരാജകത്വവും അനീതിയും ഭീമമായിരിക്കും.

ആഗോളരാഷ്ട്രീയത്തിൽ തന്നെ ലൈംഗിക രാഷ്ട്രീയത്തെ കുറിച്ചും ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചും തലനാരിഴ കീറിയുള്ള ചർച്ചകൾ ഇപ്പോഴും നടക്കുമ്പോഴും പൂർണ്ണമായി തള്ളാതെയും കൊള്ളാതെയും പഠനങ്ങളും ചർച്ചകളും വീണ്ടും വീണ്ടുമാവർത്തിക്കുമ്പോഴും നമ്മുടെ സർക്കാരിനെന്തു കൊണ്ടാണിത്ര ധൃതിയെന്ന് അതിശയിച്ചു പോവുകയാണ്. വർഗ്ഗരാഷ്ട്രീയത്തിന്റെ ആശയസംഹിതയിലൂന്നി നിലനിൽക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു രാഷ്ടീയപ്പാർട്ടിയുടെ ഭരണകൂടം നിലനിൽക്കുമ്പോൾ ഈ ലിബറൽ ലൈംഗികരാഷ്ട്രീയത്തെ ഇവർ കയ്യും മെയ്യും മറന്ന് പ്രോത്സാഹിപ്പിക്കുന്നതിനു പിന്നിലെ ലക്ഷ്യമെന്താണ്?. വർഗ്ഗസമത്വപൂർണ്ണതയ്ക്കു വേണ്ടി പാരമ്പര്യ മതസാംസ്ക്കാരികവൈവിധ്യങ്ങളുടെ ധ്വംസനം കമ്യൂണിസ്റ്റ് ആശയത്തിൽ ലയിച്ചു കിടക്കുന്നുണ്ട്. എന്നാൽ, ഇവിടെ പാരമ്പര്യമൂല്യങ്ങളെ ചവിട്ടിയരച്ച് ലൈംഗികരാഷ്ട്രീയത്തിന്റെ ലിബറൽ ആശയപ്രചാരണങ്ങൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിനു പിന്നിലെ ലക്ഷ്യം വർഗ്ഗവിപ്ലവവും സമത്വസുന്ദരമായൊരു ലോകം പോലുമല്ല. പകരം, ഉദാര ലൈംഗികരാഷ്ട്രീയത്തിനു പിന്നിലെ കമ്പോളനേട്ടങ്ങളാണ്. ജൈവികമായി സമൂഹത്തിന്റെ ഭാഗമായ സാംസ്ക്കാരിക ഘടകങ്ങളെ തികഞ്ഞ പ്രത്യയശാസ്ത്ര അജണ്ടയോടെ വിദ്യാഭ്യാസത്തിലൂടെ പറിച്ചു കളയാൻ ശ്രമിക്കുന്നതിനു പിന്നിലെ കമ്യൂണിസ്റ്റ് അജണ്ടയെ മുതലാളിത്തത്തിന്റെ വകഭേദമായല്ലാതെ മറ്റെന്തായാണ് മനസ്സിലാക്കേണ്ടത്? മുതലാളിത്ത പാശ്ചാത്യർ ഒരുക്കുന്ന സംസ്ക്കാരത്തിലേക്ക് മനുഷ്യമനസ്സുകളെ നയിക്കുന്നതിനായി തന്നെയാവണം ഈ തിടുക്കം. വൈവിധ്യമാർന്ന ലോകത്തെ രാഷ്ട്രീയമായി ഏകധ്രുവാധിപത്യത്തിനു കീഴിൽ ശണ്ഡീകരിച്ചു നിലനിർത്തുക എന്ന ഉത്തമമായ പാശ്ചാത്യ സഖ്യസേനയുടെ സ്വപ്നത്തിനു വേണ്ടിയുമാവാം. അതുകൊണ്ടാണ് ഗാസ്സയിലേക്ക് യുദ്ധടാങ്കുകളുമായി ഇസ്രയേൽ ഇരച്ചുകയറുമ്പോൾ അവർ നാട്ടിയ ആറു നിറങ്ങളുള്ള ലൈംഗികരാഷ്ട്രീയത്തിന്റെ കൊടി ഏറ്റു പിടിക്കാൻ കേരളകമ്യൂണിസ്റ്റുകൾക്ക് ഇത്ര ഔത്സുക്യം.

ലൈംഗികസ്വത്വത്തിന്റെ പേരിലുള്ള രാഷ്ട്രീയം സാമൂഹികസാംസ്ക്കാരികതലത്തെ മാത്രമാണ് സ്വാധീനിക്കുന്നതെന്നു കരുതരുത്. ലിംഗമാറ്റ ശസ്ത്രക്രിയയും സൌന്ദര്യവർധക ശസ്ത്രക്രിയകളും ഹോർമോൺ ഇൻഞ്ചക്ഷനുകളും ഉൾപ്പെടുന്ന വലിയൊരു വിപണി ഈ മുന്നേറ്റത്തിനു പുറകിലുണ്ട്. ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ് ആശുപത്രി വ്യവസായവും മേയ്ക്കപ്പിലും വസ്ത്രവിപണിയിലും വ്യാപിച്ചു കിടക്കുന്ന വിപണന തന്ത്രങ്ങളുമെല്ലാം ലൈംഗിക/ലിംഗരാഷ്ട്രീയത്തോടു ചേർത്തു വായിക്കേണ്ടതുണ്ട്. ഇത്തരം അജണ്ടകളെ വിദ്യാഭ്യാസത്തിലൂടെ ഒളിച്ചുകടത്താൻ ശ്രമിക്കുന്ന ഇവിടുത്തെ സർക്കാർ, പ്രബുദ്ധകേരളം നിരന്തരം പഴി പറയുന്ന ഹിന്ദുത്വരാഷ്ട്രീയമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളേക്കാൾ വലിയ ആഘാതമായിരിക്കും സൃഷ്ടിക്കാൻ പോകുന്നത്. ഈ പ്രത്യാഘാതങ്ങളാവട്ടെ രാഷ്ട്രീയമാറ്റമോ ഭരണകൂടമാറ്റം കൊണ്ടോ തിരുത്താൻ പറ്റുന്നതുമായിരിക്കില്ല. തലമുറകളോളം വേരുകളാഴ്ത്തി സ്വന്തം സ്വത്വത്തെ കുറിച്ചും ധർമ്മത്തെ കുറിച്ചും അസന്ദിഗ്ദ്ധരാവുന്ന ഒരു പറ്റം വ്യക്തികളെയായിരിക്കും ഇത്തരത്തിലുള്ള ഒളിയമ്പുകൾ സൃഷ്ടിക്കുന്നത്. അത്തരമൊരു അരാജകസമൂഹത്തെ സൃഷ്ടിക്കുന്നതിലേക്കുള്ള ആശയപ്രചാരണ പ്രവർത്തനങ്ങളിൽ കമ്യൂണിസ്റ്റ് ഭരണകൂടം പങ്കുകൊള്ളുന്നതിനെ നിരന്തരം നിരീക്ഷിക്കാനും അതിനെതിരെ ജനങ്ങളെ ജാഗരൂകരാക്കാനുമുള്ള ബാധ്യത ഇവിടുത്തെ മതസാംസ്ക്കാരിക സംഘടനകളുടേതാണ്. അവരിക്കാര്യത്തിൽ ജാഗ്രത പുലർത്തിയില്ലെങ്കിൽ മതസാംസ്ക്കാരിക സംഘടനകളും മതങ്ങളും സംസ്ക്കാരവും പോലും ഇവിടെ ബാക്കിയുണ്ടാവില്ല. ഇതിനെതിരെയുള്ള മൌനം മാനവരാശിയെ തന്നെ വലിയൊരു അപകടത്തിലേക്ക് തള്ളിവിടുന്നതിനു സമമായിരിക്കും.

എൻ.എസ്.എസ് ക്യാമ്പുകളും സഹവാസക്യാമ്പുകളും വിദ്യാർത്ഥികളുടെ വ്യക്തിത്വ-സാമൂഹിക വികസനത്തിനോ അതുവഴി സാമൂഹ്യ-രാഷ്ട്ര വികസനത്തിനും ഉതകുന്നതാവണം. അല്ലാതെ, അശാസ്ത്രീയമായ വൈകാരികതകളെ ശാസ്ത്രമെന്ന വ്യാജേന കുട്ടികളെ പഠിപ്പിച്ച് അവരിൽ അസ്തിത്വപ്രതിസന്ധി സൃഷ്ടിക്കുന്നതാവരുത് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ. കുട്ടികളെ മാനസിക, ശാരീരിക, വൈകാരിക വികാസത്തെ നന്മയുടെ, നീതിയുടെ  പക്ഷവുമായി ചേർത്തുനിർത്തുന്ന പാഠങ്ങളാവട്ടെ ഇത്തരം ക്യാമ്പുകളുടെ ഭാഗമായുണ്ടാവുന്നത്. 

 









.