ഫലസ്തീൻ: വിഷലിപ്തരാഷ്ട്രീയമാണ് പ്രശ്നം

പശ്ചിമേഷ്യൻ പ്രശ്നം ചർച്ചയാവുന്നത് ലോകരാഷ്ട്രീയ ബലാബലത്തിനപ്പുറം മതകീയ പരിസരത്തിലാണ്. സെമറ്റിക് മതങ്ങളുടെ പല വിശ്വാസങ്ങളും പങ്കിടുന്ന ഭൂമികയാണ് പലസ്തീൻ. ജൂതമതം, ക്രിസ്തുമതം, ഇസ്ലാം ഇവയുടെ പല വിശ്വാസങ്ങളും പലസ്തീനും മസ്ജിദുൽ അഖ്സയും പങ്കിടുന്നു. പരിഹാരമില്ലാത്ത ഒരു ലോക പ്രശ്നമായി ലോക രാഷ്ട്രീയ ക്രമത്തെ നിശ്ചയിക്കുന്ന പ്രശ്നമായി എങ്ങനെ എല്ലാ കാലത്തും ഇത് നിലനിൽക്കുന്നു?. കേവല രാഷ്ട്രീയ സാഹചര്യങ്ങൾ മാത്രമല്ല ഇവിടെ പ്രശ്നം, അതിർത്തി പ്രശ്നമല്ല, ആയുധ ക്രയവിക്രയം പോലുമല്ല.

 ദൈവശാസ്ത്രത്തിനകത്ത് പല മതങ്ങളിലും ചർച്ചക്കെടുക്കുന്ന ചരിത്രാവസാനകാലപഠനം(Eschatology) എന്നതിൻറെ പരിധിയിൽ തുലോം ന്യൂനപക്ഷത്തിന് മാത്രം വ്യക്തമായ ധാരണയുള്ള വിഷയങ്ങളിലേക്ക് ശ്രദ്ധിച്ചാൽ ഇതിൻറെ അടിയൊഴുക്ക് അറിയാനാകും. ചരിത്രാവസാനകാല പഠനശാഖ ലോകത്ത് വരാനിരിക്കുന്ന പല കാര്യങ്ങളെയും മുൻകൂട്ടി നിർണയിക്കാൻ ഉതകുന്ന ഒന്നാണ്, പല അന്താരാഷ്ട്ര രാഷ്ട്രീയ വിദഗ്ധരും ഇതിൽ നിപുണരും രാഷ്ട്രങ്ങളുടെ നയനിലപാടുകൾ കെട്ടിപ്പടുക്കാൻ ഈമേഖലയിൽ ഉത്തരം തേടുന്നവരുമാണ്. ചരിത്രം തുടങ്ങുന്ന കാലം മുതൽ അവസാനിക്കുന്നത് വരെയുള്ള പല കാര്യങ്ങളെക്കുറിച്ചുള്ള സൂചനകൾ വേദഗ്രന്ഥങ്ങൾ ഉൾക്കൊള്ളുന്നു. അവ ശരിയായ അർത്ഥത്തിൽ മനസ്സിലാക്കി ഗവേഷണം ചെയ്തു നിരീക്ഷണങ്ങൾ തിട്ടപ്പെടുത്തുന്ന പഠിതാക്കൾ ഈ മേഖലയിലുണ്ട്. സെമറ്റിക് മതങ്ങളുടെ ബന്ധങ്ങളിൽ പശ്ചിമേഷ്യൻ പ്രശ്നം/പരിഹാരം അല്ലെങ്കിൽ നടന്നത്/നടക്കാനിരിക്കുന്നത് ഇപ്രകാരം മനസ്സിലാക്കിയെടുക്കാനുമാവും. അവ മതകീയ മാനത്തിൽ പണ്ഡിതർ പഠിച്ച് ശിഷ്യന്മാർക്ക് ഉപദേശങ്ങൾ നൽകുന്നു. ആധുനിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഗവേഷകർ പഠനംനടത്തി ആവശ്യമായവ ചികഞ്ഞെടുക്കുന്നു.

യേശുവിൻറെ തിരിച്ചുവരവ് ബന്ധപ്പെട്ട മാനവരാശിയുടെ അവസാനവും സെമറ്റിക് മതങ്ങളിൽ പരാമർശിക്കപ്പെടുന്നു. ഇത്തരം പരാമർശങ്ങളെ മുൻനിർത്തിക്കൊണ്ട് നിരീക്ഷിക്കുമ്പോൾ ദൈവം മുൻനിശ്ചയിച്ചതും പ്രവാചകന്മാർ/പുണ്യവാളന്മാർ ഉണർത്തിയതുമായ കാര്യങ്ങളുടെ തുറവിയാണ് നമുക്ക് കാണാനാവുക. മതങ്ങൾ എന്ന നിലയ്ക്ക് മൂന്നു മതങ്ങളും അക്രമത്തെ സംഘർഷത്തെ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. ഓർത്തഡോക്സ് ചർച്ചിന്റെ ആശീർവാദത്താൽ നിലകൊള്ളുന്ന റഷ്യ പലസ്തീനു പിന്തുണ നൽകുന്നു, കേരളത്തിലെ സിറിയൻ ഓർത്തഡോക്സ് പാതിരി ഐക്യദാർഢ്യം പ്രഖ്യാപിയ്ക്കുന്നു. മാത്രമല്ല ഓർത്തഡോക്സ് ജൂയിഷ് പണ്ഡിതനായ യസ്രേയേൽ ഡോവിഡ് വെസ്സ് റബ്ബി മാസങ്ങൾക്ക് മുമ്പ് പറഞ്ഞത് –“അക്രമികൾ ജൂതന്മാരല്ല അവർ ഇസ്രായേലികളായ സയണിസ്റ്റുകൾ മാത്രമാണ്, മുസ്ലിങ്ങളെ ആക്രമിക്കുന്നത് തോറ  വേദപ്രകാരം ഞങ്ങൾക്ക് ചെയ്യാനാകുന്നതല്ല.  വിശ്വാസികളുടെ ചേരിയിൽ ഐക്യപ്പെടലുണ്ട് എന്നിത് വ്യക്തമാക്കുന്നു.

തീവ്ര ദേശീയതയാൽ രാഷ്ട്രീയവത്കരിക്കപ്പെട്ട ജൂതന്മാർ 150 വർഷം മുമ്പ് മാത്രം സംഘംചേർന്നവരാണ്. സയണിസ്റ്റുകൾ എന്ന ഇവരുടെ കൂട്ടിനെത്തിയ റോമൻപിന്തുടർച്ചക്കാരായ പാശ്ചാത്യ ക്രിസ്ത്യൻ ചേരിയും രണ്ടാം ലോകമഹായുദ്ധത്തോടെ വളച്ചുകെട്ടിയ ഒരു പ്രദേശമാണ് ഇസ്രയേൽ. ഇതിന്ന് രാജ്യമായി നിലനിൽക്കുന്നത് തന്നെ പാശ്ചാത്യ സഖ്യസേനയുടെ പിൻബലത്താൽ മാത്രമാണ്. ഈ സഖ്യസേനയുടെ രാഷ്ട്രീയ തത്വശാസ്ത്രം ഉദാരവൽക്കരണ (Liberalism)മാണ്, ഇത് മതങ്ങളെ തകർത്തെറിയുക എന്ന ലക്ഷ്യത്തിൽ പ്രതിജ്ഞാബദ്ധമാണ്. അപ്പോൾ ഊ സഖ്യസേനയുടെ നിലനില്പും ഇസ്രായേലിന്റെ നിലനിൽപ്പും മതങ്ങൾക്ക് വേണ്ടിയല്ല എന്നത് വ്യക്തമല്ലോ!. ഇസ്രായേലിനു ഭീഷണിയായി ഉണ്ടായിരുന്ന ഒട്ടനേകം രാജ്യങ്ങൾ ഒരു കാരണത്താൽ അല്ലെങ്കിൽ മറ്റൊരു കാരണത്താൽ തകർക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തോടെ വിനാശകരമായ മാറ്റം ലോകത്ത് നടന്നുകഴിഞ്ഞു എന്നാണ് ചരിത്രാവസാനകാലത്തെക്കുറിച്ചു പഠിക്കുന്നവരുടെ പ്രബലമായ അഭിപ്രായം. ഇതോടെ ഗോഗ് ആന്റ് മാഗോഗ് പുറപ്പെട്ടു കഴിഞ്ഞു എന്ന് പല പണ്ഡിതരും കരുതുന്നു. അത്ര വിഷലിപ്തമായ തത്വചിന്തയും ഭരണക്രമവും രാഷ്ട്രീയക്രമവും ലോകത്ത് നടപ്പിൽ വന്നു കഴിഞ്ഞു. ഇതു കൂടി ചേർത്തു വച്ചാൽ ഈ ലോകരാഷ്ട്രീയ തത്വചിന്താക്രമത്തിൻറെ സാരഥ്യം ഇപ്പോൾ അമേരിക്കയുടെ പക്കലാണ്. എന്നാൽ ഇത് വളരെ വൈകാതെ ഇസ്രായേലിലേക്ക് നീങ്ങും അഥവാ പാക്സ് അമേരിക്കാന എന്നത് പാക്സ് ജൂതായിക്ക എന്ന ലോകക്രമത്തിലേക്ക് മാറ്റപ്പെടും(pax Americana to pax judaica). അപ്പോഴാകും പശ്ചിമേഷ്യ ലോകത്തിന്റെ കേന്ദ്രബിന്ദുവാകുക. പരിപൂർണ്ണമായ മൂല്യതകർച്ചയുടെ ഈ കാലത്തായിരിക്കും സെമറ്റിക് മതങ്ങളിൽ പരാമർശിച്ചത് പ്രകാരം ഈസ പ്രവാചകൻ ആഗതനാവുക എന്നാണ് പ്രബല നിരീക്ഷണം.

മതങ്ങളെ സംബന്ധിച്ച് മാത്രമല്ല മതചരിത്രം, ദൈവശാസ്ത്രം, മതാചാരം എന്നിവ ആധുനിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മനസ്സിലാക്കിയിട്ടുള്ളവർക്കും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ മറ്റൊരു വീക്ഷണകോണിലൂടെ മനസ്സിലാക്കാനാകും. അങ്ങനെ മനസ്സിലാക്കിയാൽ മതങ്ങൾ അക്രമത്തേയോ യുദ്ധത്തേയോ പ്രോത്സാഹിപ്പിക്കുന്നില്ല. മതം സമാധാനം മാത്രമാണ്. രാഷ്ട്രങ്ങളുടെ സഖ്യം ചേരലുകളിലേക്ക് മതമൂല്യങ്ങൾ ഇല്ലാത്തവർ കടന്നുകയറി സാരഥ്യമേറ്റെടുത്തു എന്നതിൻറെ ഫലമാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ചുരുക്കത്തിൽ പ്രശ്നം മതങ്ങൾ തമ്മിലല്ല. മൂല്യങ്ങളില്ലാത്ത രാഷ്ട്രീയചേരിക്കെതിരിൽ മനുഷ്യർക്ക് ചെയ്യാനാകുന്ന പ്രതിരോധമാണ് ഇന്നു നാം കാണുന്നത്. ഇതിൽ നീതി പുലരുക തന്നെ ചെയ്യും എന്ന് സർവ്വ മതങ്ങളും പറയുന്നു. സത്യം മനസ്സിലാക്കിയവർ സ്ഥൈര്യം കൈവിടേണ്ടതില്ല.

ഡോ. മുനവ്വർ ഹാനിഹ് 

 




 

 

.