കോഴിക്കോടിന്റെ സൂഫീപാരമ്പര്യം

വിവിധ സംസ്കൃതികളും ഭാവുകത്വങ്ങളും ആശകളും പേറിവന്ന ഒട്ടൊരുപാട് മനുഷ്യരെയും അവരുടെ പക്കലുണ്ടായിരുന്ന വസ്തുവകകളെയും കയ്യുംനീട്ടി സ്വീകരിച്ച നാടാണ് കോഴിക്കോട്. ആതിഥേയത്വത്തിന്റെ വാതിലുകൾ അടച്ചുവെക്കാൻ കോഴിക്കോട് ഇഷ്ടപ്പെട്ടില്ല. എല്ലാറ്റിനേയും സ്വാഗതം ചെയ്യുന്നതിൽ മാത്രമായിരുന്നില്ല ഈ നഗരം ശ്രദ്ധചെലുത്തിയത്. സ്വദേശ-വിദേശ വ്യത്യാസങ്ങളില്ലാതെ വളരാനുള്ള സഹായസഹകരണങ്ങളും കോഴിക്കോടും അതിന്റെ ഭരണാധികാരികളും നൽകിപോന്നു. കേരളത്തിൽ തന്നെ അറബികളുമായി ഏറ്റവും മികച്ച കച്ചവടബന്ധം സൂക്ഷിച്ചിരുന്നത് കോഴിക്കോട്ടെ തുറമുഖമായിരുന്നു എന്നത് അനിഷേധ്യമായ ചരിത്രവസ്തുതയാണ്. ആ അറബികളിലൂടെ ഇസ്.ലാം എന്ന മതം കേരളത്തിലേക്ക് വന്നപ്പോഴും കോഴിക്കോടും ഇവിടുത്തെ നീതിമാനായ ഭരണാധികാരിയും ആ മതത്തിനു വളരാൻ വേണ്ടുന്ന വെള്ളവും വളവും നൽകി. ഇസ്.ലാമിന്റെ ലാവണ്യമേറിയ മുഖമായ സൂഫിസം എന്ന ആത്മീയധാരയും ഇതോടൊപ്പം കോഴിക്കോടിന്റെ മണ്ണിൽ തഴച്ചുവളരുകയും ഇവിടെ നിന്ന് കേരളത്തിന്റെ നാനാതുറകളിലേക്കും ഇവിടം കടന്നു മറ്റു മണ്ണുകളിലേക്കും വളർന്നു. കോഴിക്കോടിന്റെ സൂഫിപാരമ്പര്യം എന്നത് ഏറെ വിശാലമായൊരു പഠനമേഖലയാണ്. ചരിത്രവും സംസ്ക്കാരവും സാഹിത്യവും വ്യക്തികളും സ്മാരകങ്ങളുമെല്ലാം ഇടകലർന്നിരിക്കുന്ന ഏറെ കനപ്പെട്ട പഠനമേഖല. സുദീർഘമായൊരു ഗവേഷണവിഷയമാണെന്നിരിക്കെ തന്നെ കോഴിക്കോടിന്റെ സുപ്രധാനമെന്നു കരുതുന്ന സൂഫീപാരമ്പര്യത്തെയും അതിൽ നിന്നുടലെടുത്ത സൂഫീസാഹിത്യത്തെയും അടയാളപ്പെടുത്താൻ ശ്രമിക്കുകയാണിവിടെ.

കോഴിക്കോടിന്റെ നഗരപ്രാന്തത്തിലുള്ള തെക്കെപ്പുറം പ്രദേശം ചരിത്രത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നൊരിടമാണ്. നിരവധി പുരാതന തറവാടു വീടുകളും ആചാരങ്ങളും വ്യത്യസ്ത സംസ്ക്കാരവുമായി വേറിട്ടുനിൽക്കുന്നൊരു സ്ഥലം. നിരവധി സൂഫികളുടെ കർമമണ്ഡലമായിരുന്നു ഈ പ്രദേശം എന്നു പഴമക്കാർ പറയുന്നു. അതിന്റെ തെളിവുകൾ ഇന്നും ഈ പ്രദേശത്തു അവശേഷിക്കുന്നുണ്ട്. പള്ളിവളപ്പുകളിലും നടവഴികളിലുമെല്ലാം പേരറിയാത്ത പല മഹാന്മാരുടെയും ഖബറുകൾ കാണാം. ജാറങ്ങൾ സന്ദർശിക്കാൻ ആരും വന്നില്ലെങ്കിലും വല്ലപ്പോഴുമൊക്കെ ഒരു കുറ്റി ചന്ദനത്തിരി പുകയുന്നതു കാണാം. പേരോ ഊരോ അറിയാത്ത നൂറ്റാണ്ടുകൾക്കു മുമ്പു ജീവിച്ച ദിവ്യന്മാരുടെ ഖബറുകൾ പൊളിക്കാതെ ഇന്നും ബഹുമാനത്തോടെ സൂക്ഷിച്ചു പോരുന്നുണ്ട് ഇവിടെ. കുറ്റിച്ചിറ കുളത്തിനടുത്ത്, മുച്ചുന്തി പള്ളിയുടെ അടുത്ത്, ഇടിയങ്ങരയിലെ ലീഗ് ഓഫീസിലേക്കു കയറുന്ന വഴിയിൽ അങ്ങനെയങ്ങനെ നിരവധി പേരറിയാത്ത സൂഫികൾ ഈ മണ്ണിലുറങ്ങുന്നു. ഇവർക്കൊപ്പം തന്നെ, ഏറെ പ്രസിദ്ധമായ അപ്പവാണിഭ നേർച്ച നടക്കുന്ന ശൈഖ് പള്ളിയും കോഴിക്കോടിനു തൊട്ടടുത്തുള്ള തെക്കേപ്പുറത്തു തന്നെയാണ്. തെക്കേപ്പുറത്തെ ചില തറവാടുവീടുകൾക്കുമുണ്ട് സൂഫികളുടെ കഥ പറയാൻ. തെക്കേപ്പുറത്തെ സൂപ്പിക്കാവീട് എന്ന തറവാടിന് ആ പേരു വന്നതിനു പിന്നിലാണ് സൂഫി സന്ദർശനങ്ങളുടെ ചരിത്രമുള്ളത്. പണ്ടുകാലത്ത് നിരവധി സൂഫികൾ ഈ പ്രദേശത്തു വരുമ്പോൾ അവർക്കു വേണ്ട ഭക്ഷണതാമസസൌകര്യം ഒരുക്കിയതു കൊണ്ടാണത്രേ ഈ തറവാടിനു ഈ പേരുവന്നത്. സൂഫികൾക്കായി ഇപ്പോഴും സ്ഥലം ആ തറവാട്ടിൽ ഒഴിച്ചിടാറുണ്ടെന്നും ഒരു തെക്കേപ്പുറത്തുകാരൻ സുഹൃത്ത് പറഞ്ഞതോർക്കുന്നു. ഇതു കാലങ്ങൾക്കു മുമ്പു കഴിഞ്ഞതെങ്കിലും സൂപ്പിക്കാവീട് ഇപ്പോഴുമുണ്ട്. മറ്റൊരു സമീപകാല സൂഫിചരിത്രമുള്ളൊരു വീടുണ്ട് കുണ്ടുങ്ങലിലേക്ക് പോകുന്ന വഴിക്കുള്ള പടന്നപള്ളിക്കടുത്ത്. മഹാനായ സി.എം വലിയുല്ലാഹി വന്നു താമസിച്ചിരുന്ന വീട്. ആ വീടിന്റെ മുകൾനിലയിലായിരുന്നു മഹാന്റെ താമസം. അദ്ദേഹത്തെ കാണാൻ ആളുകൾ വരിനിൽക്കുകയും ആ വരി ഇടിയങ്ങരയോളം നീണ്ടുപോകുമായിരുന്നു എന്നും പറയപ്പെടുന്നു. ഈയടുത്ത കാലം വരെയും ആ വീട്ടിൽ സ്ഥിരമായി മൌലിദ് സദസ്സുകളും മറ്റും സംഘടിപ്പിച്ചു പോന്നിരുന്നു. ഇപ്പോഴും അദ്ദേഹത്തിന്റെ മുറിയിൽ നിന്ന് പെരുമാറ്റത്തിന്റെ ശബ്ദങ്ങൾ കേൾക്കാറുണ്ടെന്നും പറയപ്പെടുന്നുണ്ട്. തെക്കേപ്പുറത്തു നിന്ന് മാറി കടൽത്തീരത്തൂടെ വടക്കോട്ടു പോയാലാണ് വരക്കൽ ബീച്ച്. നിരവധി പേർ നിത്യേന പുണ്യദർശനത്തിനായി എത്തുന്ന വരക്കൽ മഖാം കടലിനോടടുത്ത് സ്ഥിതിചെയ്യുന്നു. സമസ്ത കേരളാ ജംഇയത്തുൽ ഉലമയുടെ സ്ഥാപകനും സൂഫിയും മഹാപണ്ഡിതനുമായ വരക്കൽ മുല്ലക്കോയ തങ്ങൾ അന്ത്യവിശ്രമം കൊള്ളുന്നത് ഇവിടെയാണ്. ഇദ്ദേഹത്തിന്റെ ശിഷ്യപരമ്പരയിൽ പെടുന്ന സൂഫിയും പണ്ഡിതനുമായ മഹാനായ ശംസുൽ ഉലമാ ഇ. കെ അബൂബക്കർ മുസ്ലിയാരാണ് പിന്നീട് സമസ്തയുടെ പുനരുദ്ധാരകനായിത്തീർന്നത്. മാനവമൈത്രിയെ കുറിച്ച് ശംസുൽ ഉലമ സംസാരിക്കുന്നത് കോഴിക്കോടിന്റെ ഹൃദയഭാഗത്തുളള മാനാഞ്ചിറയെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ്. അദ്ദേഹം പറയുന്നു: ഈ സ്ഥലത്ത് ശുദ്ധജലമുണ്ടെന്ന് സയ്യിദ് ജിഫ്.രി തങ്ങളവർകൾ പറഞ്ഞു. അതിനു വരുന്ന ചെലവുകൾ ഞാൻ വഹിക്കാമെന്ന് ടിപ്പുസുൽത്താനും ഏറ്റു. അതിനുവേണ്ട സ്ഥലം സാമൂതിരി മാനവിക്രമൻ തമ്പുരാൻ നൽകി. അതിനു നാമകരണം മാനാഞ്ചിറ എന്നു പേരും കൊടുത്തു.ഇതാണ് സൌഹാർദ്ദം എന്നാണ് മഹാപണ്ഡിതൻ ചൂണ്ടിക്കാട്ടിയത്. ഇദ്ദേഹത്തിന്റെ ഖബറും വരക്കൽ മഖാമിൽത്തന്നെയാണുള്ളത്. കോഴിക്കോടിന്റെ ആത്മീയചൈതന്യത്തിനു മാറ്റുകൂട്ടുന്ന രണ്ട് പണ്ഡിതജ്യോതിസ്സുകളാണിവരെന്നത് എടുത്തു പറയേണ്ടതില്ലല്ലോ. ഇത്തരത്തിൽ നിരവധി പ്രശസ്തരും അപ്രശസ്തരുമായ സൂഫികളുടെ മഖ്ബറകൾ കോഴിക്കോടിന്റെ വിവിധ പ്രദേശങ്ങളിലായുണ്ട്. കോഴിക്കോടിന്റെ സൂഫീപാരമ്പര്യത്തിനു ഇതിലും മികച്ച തെളിവന്വേഷിക്കേണ്ടതില്ല എന്നു തന്നെ പറയാം.

സൂഫിസം എന്ന ആത്മീയധാര സാംസ്ക്കാരികതയുടെ അവിഭാജ്യഘടകമായതിനു പിന്നിൽ അതു നൽകിയ സാഹിത്യസംഭാവനകൾ ഏറെ പ്രധാനമാണ്. അറബിയിലും അറബിമലയാളത്തിലുമായി നിരവധി ആത്മീയ, സൂഫീകൃതികൾ കോഴിക്കോടിന്റെ മണ്ണിൽ നിന്നുണ്ടായിട്ടുണ്ട്. സൂഫികളാൽ എഴുതപ്പെട്ടതോ അല്ലെങ്കിൽ സൂഫീവിജ്ഞാനം പരിചയപ്പെടുത്തുന്നതോ ആയ കൃതികളെല്ലാം തന്നെ സൂഫീകൃതികളായി കണക്കാക്കാവുന്നതാണ്. സൂഫീസാഹിത്യം അല്ലെങ്കിൽ അറബിമലയാളത്തിലെ സാഹിത്യത്തെ കുറിച്ചു സംസാരിക്കുമ്പോൾ, ഏറ്റവും ആദ്യം ഓർമ്മവരുന്നത്, അല്ലെങ്കിൽ നമ്മുടെ സാഹിത്യചരിത്രത്തിൽ തന്നെ കണ്ടെടുത്ത ഏറ്റവും പഴക്കം ചെന്ന കൃതിയാണ് മുഹ്.യദ്ദീൻ മാല. മഹാനായ സൂഫി ശൈഖ് മുഹ്.യദ്ദീൻ അബ്ദുൽ ഖാദർ ജീലാനിയുടെ അപദാനമായ മുഹ്.യദ്ദീൻ മാലയുടെ രചയിതാവ് കോഴിക്കോട്ടെ ഖാസി മുഹമ്മദാണ്. മലയാളസാഹിത്യത്തിന്റെ ചരിത്രത്തിൽ പോലും അനേകമായ ചരിത്രാന്വേഷണങ്ങൾക്കും സാംസ്ക്കാരികപഠനങ്ങൾക്കും അടിസ്ഥാനമായ ഈ കൃതി ഒരു സൂഫീകൃതിയാണിത്. മുഹ്.യദ്ദീൻമാലാ പാരായണം ഇന്നു വിരളമായി തീർന്നെങ്കിലും അനേകം തലമുറകളായി കേരളമുസ്ലീങ്ങളുടെ ആത്മീയനിത്യജീവിതത്തിന്റെ ഭാഗമായിരുന്നു ഈ കൃതി. അതും കോഴിക്കോടിന്റെ ആത്മീയ-സാഹിത്യഭൂമികയിൽ നിന്ന് ഉടലെടുത്തതുമാണെന്നത് ഈ നാടിന്റെ മാറ്റുവർധിപ്പിക്കുന്നു. അറബിമലയാളത്തിൽ മുഹ്.യദ്ദീൻ മാലക്കു മുമ്പും ശേഷവും കൃതികളുണ്ടായിരുന്നു. എന്നാൽ നിലവിൽ കണ്ടുകിട്ടിയതിൽ കാലഗണനാപ്രകാരം മുഹ്.യദ്ദീൻ മാലയാണ് ഏറ്റവും പഴക്കം ചെന്നത്. കോഴിക്കോടെ ഖാസിപരമ്പരയിൽ നിന്നുള്ള സാഹിത്യസംഭാവനകൾ മുഹ്.യദ്ദീൻ മാലയോടെ അവസാനിച്ചെന്നു കരുതരുത്. കോഴിക്കോട്ടെ ഖാസി പരമ്പരയ്ക്കു മതപ്രബോധനത്തിനായി കേരളത്തിലെത്തിയ മാലിക്ബ്നുദിനാറും സംഘവുമായി ഇഴയടുപ്പമുള്ളതും കോഴിക്കോടിന്റെ പൌരാണികമായ ആത്മീയചരിത്രത്തിലേക്കു വെളിച്ചം വീശുന്നു. മതപ്രബോധനത്തിനായി കേരളത്തിലെത്തിയ മാലിക്ബ്നുദീനാറും സംഘവും കൊടുങ്ങല്ലൂരിൽ ആദ്യത്തെ പള്ളി സ്ഥാപിച്ചു പ്രബോധനം നടത്തി. പിന്നീട് അവരെത്തിയത് കേരളത്തിലെ തന്നെ പ്രധാന വാണിജ്യകേന്ദ്രമായ കോഴിക്കോടുള്ള ചാലിയത്തേക്കാണ്. മാലിക്ബ്നുദിനാറിന്റെ സഹോദരപുത്രൻ മാലിക്ബ്നു ഹബീബ് ചാലിയത്ത് ഒരു പള്ളി നിർമ്മിക്കുകയും പൌത്രൻ മുഹമ്മദ്ബ്നു മാലികിൽ മദനിയ്യെ ഖാസിയായി നിയമിക്കുകയും ചെയ്തു. ഇദ്ദേഹത്തിൽ നിന്നാണ് കോഴിക്കോട്ടെ ഖാസി പരമ്പരയുടെ ആരംഭം. ചാലിയത്തെ പുഴക്കര പള്ളി പിന്നീട് പോർച്ചുഗീസ് ആക്രമണത്തിൽ നശിപ്പിക്കപ്പെടുകയും ഖാസി പരമ്പരയെ കുറിച്ചുള്ള നിരവധി രേഖകൾ നഷ്ടമാകുകയും ചെയ്തു. പള്ളിയുടെ ഉരുപ്പടികൾ ഉപയോഗിച്ചാണ് ചാലിയം കോട്ട പണിതത് എന്നും പറയപ്പെടുന്നു. പിന്നീട് സാമൂതിരി രാജാവിന്റെ സൈനികരുടെ കൂടെ സൂഫികളായ ഖാസി മുഹമ്മദ്, ശൈഖ് മാമുക്കോയ എന്നിവരും ചേർന്ന് പോർച്ചുഗീസ് കോട്ട ആക്രമിക്കുകയും കോട്ടയുടെ ഉരുപ്പടികൾ ഉപയോഗിച്ച് ചാലിയത്തെ പുഴക്കര പള്ളിയും മിഷ്ക്കാൽ പള്ളിയും പുനരുദ്ധാരണവും നടത്തി. എന്നാലും ഖാസി പരമ്പരയെ കുറിച്ചും അവരിൽ നിന്നുമുണ്ടായിട്ടുള്ള പല സുപ്രധാന രേഖകളും പള്ളിയാക്രമണത്തിൽ നഷ്ടമായി. ഒരുപക്ഷേ, പള്ളിയിലെ രേഖകൾ പലതും നശിപ്പിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ കോഴിക്കോടിന്റെയും കേരളത്തിന്റെ തന്നെയും സൂഫിസാഹിത്യ സഞ്ചയത്തിലേക്ക് ഒട്ടനവധി മഹത്കൃതികൾ ലഭിക്കുമായിരുന്നു. പിന്നീട് ഖാസിമാരുടെ പ്രധാനകേന്ദ്രം കുറ്റിച്ചിറ പള്ളിയായി മാറി. ഖാസി മുഹമ്മദ് അടക്കമുള്ള മഹാന്മാർ അന്ത്യവിശ്രമം കൊള്ളുന്നതും കുറ്റിച്ചിറ വലിയ ജുമുഅത്ത് പള്ളിക്കു സമീപമാണ്.

കോഴിക്കോട്ടെ ഈ ഖാസി പരമ്പരയിൽ നിന്നുമായി അനേകം സാഹിത്യസംഭാവനകളുണ്ടായിട്ടുണ്ട്. ഖാസി മുഹമ്മദു മാത്രം ഇരുപത്തിമൂന്നോളം ഗ്രന്ഥങ്ങൾ രചിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഫത്ഹുൽ മുബീൻ, മഖാസ്വിദുനികാഹ്, ഇലാകം അയ്യുഹൽ ഇഖ്വാൻ, മുദ്ഹില്ലുൽ ജിനാൽ എന്നിവ അതിൽ പ്രധാനപ്പെട്ടവയാണ്. ഇദ്ദേഹത്തിന്റെ ഇലാകം അയ്യുഹൽ ഇഖ്.വാൻ എന്ന കവിത ഖാസി അബൂബക്കർ കുഞ്ഞി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും തടിഉറുദി മാല എന്നതിനു പേരു നൽകുകയും ചെയ്തു. അബൂബക്കർ കുഞ്ഞുഖാസി പതിനേഴോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. നസ്വീഹത്തുൽ ഇഖ്വാൻ, മദാരിജുൽ തൻവീറുൽ ഫുആദ്, ശറഹ് വിത്.രിയ്യഃ എന്നിവയാണ് പ്രധാന കൃതികൾ. ഇതു കൂടാതെ, അഖീദഃ മാല, ശാദുലിമാല എന്നിവയും ഖാസി അബൂബക്കർ കുഞ്ഞിയുടേതാണ്. അറബിയിലും മലയാളത്തിലും ഒരുപോലെ പാണ്ഡിത്യമുണ്ടായിരുന്ന ഇദ്ദേഹം ഒരു നിമിഷകവിയായിരുന്നത്രേ.  ഖാസി റമ്മസ്സാനു ശാലിയാത്തിയുടെ ഉംദത്തുൽ അസ്ഹാബ്, ഖാസി മുഹമ്മദ് രണ്ടാമന്റെ ഫത്ഹുല്ലാഹിൽ ഖുദൂസ് എന്നിവയും ഖാസി പരമ്പരയിൽ നിന്നുണ്ടായ പ്രധാനകൃതികളാണ്. ഖാസി അബൂബക്കർ ശാലിയാത്തി ബനാത്ത് സുആദ്, ബുർദ എന്നിവക്ക് വ്യാഖ്യാനങ്ങളെഴുതിയിട്ടുണ്ട്. സയ്യിദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ ആദരണീയനായ അറബിപണ്ഡിതനായിരുന്നു. കൂടാതെ, ഖുർആന്റെ മലയാള പരിഭാഷയും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. ഇത്തരത്തിൽ കോഴിക്കോടിന്റെ സാമൂഹിക-സാംസ്ക്കാരിക മണ്ഡലത്തിൽ പ്രവർത്തിക്കുമ്പോൾ തന്നെ വിശ്വാസികളുടെ ആത്മീയവിശ്വാസത്തിനു ദിശാബോധം നൽകുന്ന സാഹിത്യങ്ങൾ സംഭാവന ചെയ്യുന്നതിലും കോഴിക്കോട്ടെ ഖാസിമാർ പരിശ്രമിച്ചു എന്നത് ഇതിൽ നിന്നും വ്യക്തമാണ്.

അറബിമലയാള ഭാഷയിലേക്കും അതുവഴി മലയാള സാഹിത്യത്തിനും വലിയ സംഭാവനകൾ കോഴിക്കോടു നിന്നുണ്ടായിട്ടുണ്ട്. നിലവിലെ അക്കാദമിക ഗവേഷണങ്ങൾ പ്രകാരം അറബിമലയാളത്തിൽ കാലഗണന പ്രകാരം കണ്ടുകിട്ടിയതിൽ വെച്ച് പഴക്കമുള്ള രണ്ടാമത്തെ കൃതി കുഞ്ഞായിൻ മുസ്ല്യാരുടെ നൂൽമദ്ഹായാണ് ഒ. ആബുസാഹിബിനെ പോലുള്ള ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. മുഹ്.യദ്ദീൻ മാലക്കും കുഞ്ഞായിൻ മുസ്ല്യാരുടെ കൃതിക്കും തമ്മിൽ ഏകദേശം 146 വർഷത്തെ ഇടവേളയുണ്ട്. അത്രയും കാലം അറബിമലയാളത്തിൽ സാഹിത്യങ്ങളൊന്നും ഉണ്ടായില്ലെന്ന് വിശ്വസിക്കാനാവില്ല. പകരം, അവ നശിപ്പിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്തു. ഖാസി മുഹമ്മദിന്റെ കോഴിക്കോടൻ ബന്ധം നേരത്തെ സൂചിപ്പിച്ചു. തലശ്ശേരി സ്വദേശിയും പൊന്നാനിയിൽ ശിക്ഷണം സ്വീകരിച്ച കുഞ്ഞായിൻ മുസ്ല്യാരെന്ന പണ്ഡിതന്റെ കർമ്മമണ്ഡലം  കോഴിക്കോടായിരുന്നു. സാമൂതിരിയുടെ കൊട്ടാരം വിദൂഷകനായിരുന്നു കുഞ്ഞായിൻ മുസ്ല്യാർ. ഇങ്ങനെ അനവധി സൂഫീ പണ്ഡിതരും സൂഫീകൃതികളും സംഭാവന ചെയ്ത ഭൂമികയാണ് കോഴിക്കോടിന്റേത്. അതിനു സഹായകമായത് ഇവിടുത്തെ സമൂഹവും സംസ്ക്കാരവും ഭരണാധികാരികളുമാണെന്നതിൽ സംശയമില്ല. ആത്മീയതയും സാഹിത്യവും വാണിജ്യവും നാഗരികതയുമെല്ലാം സമ്മേളിക്കുന്ന ഒരു അതിശയഭൂമികയായതിനാൽ തന്നെയാവണം യുനെസ്കോയുടെ സാഹിത്യനഗരി എന്ന പദവി കോഴിക്കോടിനെ തേടിയെത്തിയത്. കാരണം, ഏതെങ്കിലും ഒരു തരം സാഹിത്യമല്ല നമുക്കിവിടെ നിന്നും കണ്ടെടുക്കാനാവുക. ചരിത്രാതീതകാലം മുതൽ വന്നരും പോയവരും നിലനിന്നവരുടെയെല്ലാം ചരിത്രസാംസ്ക്കാരിക അവശേഷിപ്പുകളെ ഉൾച്ചേർന്നിരിക്കുന്നതാണ് ഇവിടുത്തെ സാഹിത്യം. ഇവിടുത്തെ സാഹിത്യങ്ങളൊന്നും സാഹിത്യത്തിനു വേണ്ടി മാത്രം ഉണ്ടായതല്ലെന്നും അതിനു ശക്തമായ ചരിത്ര-സാംസ്ക്കാരിക പശ്ചാത്തലങ്ങളുണ്ടായിരുന്നുവെന്നും ബോധ്യപ്പെടുത്തുന്നതാണ് കോഴിക്കോടിന്റെ സൂഫീപാരമ്പര്യവും അതിന്റ ഭാഗമായുണ്ടായ സാഹിത്യങ്ങളും.

 

ഡോ. മുനവ്വർ ഹാനിഹ്


 

 

 

 

 

 

 

 

 

 

.